Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്യാമ്പസിൽ സ്ഥിര താമസമാക്കിയ സുദർശൻ പത്മനാഭൻ; തലേ ദിവസം മെസിലിരുന്ന് കരഞ്ഞ ഫാത്തിമയെ ഉപദേശിച്ചത് നീലസാരിയുടുത്ത മൂക്കുത്തിയിട്ട സ്ത്രീയും; എല്ലാ ദിവസവും എട്ടരയോടെ മുറിയിലേക്ക് മടങ്ങിയ പതിനെട്ടുകാരിയുടെ കരച്ചലിന്റെ കാരണം കണ്ടെത്താൻ ക്യാന്റീനിലെ ഉപദേശകയെ പൊക്കിയാൽ മതി; ഒന്നും ചെയ്യാതെ ചെന്നൈ പൊലീസ്; അദ്ധ്യാപകൻ ഒളിവിൽ പോയത് തെളിവുകൾ എല്ലാം നശിപ്പിച്ചും; മൊബൈൽ ഫോണി ഒളിഞ്ഞിരിക്കുന്ന സത്യത്തെ മായ്ക്കാനും നീക്കങ്ങൾ; മദ്രാസ് ഐഐടിയിൽ ആത്മഹത്യ തുടർക്കഥ

ക്യാമ്പസിൽ സ്ഥിര താമസമാക്കിയ സുദർശൻ പത്മനാഭൻ; തലേ ദിവസം മെസിലിരുന്ന് കരഞ്ഞ ഫാത്തിമയെ ഉപദേശിച്ചത് നീലസാരിയുടുത്ത മൂക്കുത്തിയിട്ട സ്ത്രീയും; എല്ലാ ദിവസവും എട്ടരയോടെ മുറിയിലേക്ക് മടങ്ങിയ പതിനെട്ടുകാരിയുടെ കരച്ചലിന്റെ കാരണം കണ്ടെത്താൻ ക്യാന്റീനിലെ ഉപദേശകയെ പൊക്കിയാൽ മതി; ഒന്നും ചെയ്യാതെ ചെന്നൈ പൊലീസ്; അദ്ധ്യാപകൻ ഒളിവിൽ പോയത് തെളിവുകൾ എല്ലാം നശിപ്പിച്ചും; മൊബൈൽ ഫോണി ഒളിഞ്ഞിരിക്കുന്ന സത്യത്തെ മായ്ക്കാനും നീക്കങ്ങൾ; മദ്രാസ് ഐഐടിയിൽ ആത്മഹത്യ തുടർക്കഥ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ മലയാളി വിദ്യാർത്ഥിനി കിളികൊല്ലൂർ രണ്ടാംകുറ്റി കീലോന്തറയിൽ ഫാത്തിമ ലത്തീഫ് (18) ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ നീലസാരി ധരിച്ച സ്ത്രീയെ കുറിച്ചുള്ള സൂചനകൾ കിട്ടിയിട്ടും പൊലീസ് അന്വേഷണത്തിന് തയ്യാറാകുന്നില്ല. ഈ സ്ത്രീയ്ക്ക് ആത്മഹത്യയുടെ യഥാർത്ഥ കാരണം അറിയാം. ഐഐടിയിലെ മൂന്ന് അദ്ധ്യാപകർക്കെതിരെ ഫാത്തിമ കുറിപ്പിട്ടാണ് തൂങ്ങി മരിച്ചത്. അതുകൊണ്ട് തന്നെ ഈ സ്ത്രീയെ ചോദ്യം ചെയ്താൽ സത്യം പുറത്തുവരും. അതുകൊണ്ടാണ് പൊലീസ് നീല സാരിക്കാരിയെ വെറുതെ വിടുന്നതെന്നാണ് ഉയരുന്ന ആരോപണം.

അതിനിടെ തെളിവുകൾ നശിപ്പിക്കാനുള്ള സാദ്ധ്യതയുള്ളതിനാൽ തങ്ങളുടെ സാന്നിദ്ധ്യത്തിൽ മാത്രമേ ഫോൺ പരിശോധിക്കാവൂ എന്ന് ചൂണ്ടിക്കാട്ടി ഫാത്തിമയുടെ രക്ഷാകർത്താക്കൾ തമിഴ്‌നാട് ഡി.ജി.പിക്ക് കത്ത് നൽകി. മുഖ്യമന്ത്രി പളനി സ്വാമിയെ കാണുമ്പോഴും ഈ ആവശ്യം ഉന്നയിക്കും, ഐ.ടി വിദഗ്ദ്ധന്റെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്നും കത്തിലുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും രക്ഷാകർത്താക്കൾ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ചെന്നൈ ഐ.ഐ.ടിയിൽ നടന്ന വിദ്യാർത്ഥി ആത്മഹത്യകളിൽ വിശദ അന്വേഷണവും തമിഴ്‌നാട് സർക്കാരിനോട് ആവശ്യപ്പെടും.

ആത്മഹത്യ ചെയ്തതിന്റെ തലേദിവസം രാത്രി 9.30ന് മെസിലിരുന്ന് കരഞ്ഞ ഫാത്തിമയെ നീലസാരി ധരിച്ച മൂക്കുത്തിയിട്ട സ്ത്രീ ആശ്വസിപ്പിക്കുന്നത് കണ്ടതായി മെസിലെ ജീവനക്കാർ ബന്ധുക്കളോട് പറഞ്ഞിട്ടുണ്ട്. ഫാത്തിമ ഏറെനേരം അവരുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഈ സ്ത്രീയെ ചോദ്യം ചെയ്താൽ ആത്മഹത്യയുടെ കാരണം വ്യക്തമാകും. സാധാരണ എല്ലാ ദിവസവും രാത്രി എട്ടോടെ മെസിൽ നിന്ന് മടങ്ങുന്ന ഫാത്തിമ വെള്ളിയാഴ്ച അന്ന് പതിവ് തെറ്റിച്ചു. അസ്വാഭാവികമായി എന്തോ സംഭവിച്ചതുകൊണ്ടാകും മെസിൽ രാത്രി വൈകിയും ഇരുന്നതെന്നാണ് ബന്ധുക്കളുടെ സംശയം. എന്നാൽ നീല സാരിക്കാരിയെ പൊലീസ് ചോദ്യം ചെയ്യുകയോ കണ്ടെത്താൻ ശ്രമിക്കുകയോ ചെയ്യുന്നില്ല. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഫാത്തിമയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സ്ഥലത്തെത്തിയ ബന്ധുക്കൾ ഫാത്തിമയുടെ ഫോൺ പരിശോധിച്ചപ്പോൾ ആത്മഹത്യയുടെ കാരണത്തെക്കുറിച്ച് സൂചന നൽകുന്ന കുറിപ്പ് കണ്ടെത്തി. ഐ.ഐ.ടിയിലെ ഒരു അദ്ധ്യാപകന്റെ പേര് പരാമർശിക്കുന്ന ഈ കുറിപ്പ് ശനിയാഴ്ച പുലർച്ചെ 4.45നാണ് എഴുതിയിരുന്നത്. ഐ.ഐ.ടി വളപ്പിൽ തന്നെയുള്ള ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ഈ അദ്ധ്യാപകൻ ഇപ്പോൾ ഒളിവിലാണ്. വലിയ സ്വാധീനങ്ങൾ ഉള്ള വ്യക്തിയാണ് ഈ അദ്ധ്യാപകൻ. ഇയാൾ യൂറോപ്പിലേക്ക് കടന്നുവെന്നാണ് സംശയം. ഇയാളുമായി നീല സാരിക്കാരിക്ക് സൗഹൃദം ഉണ്ടെന്ന സംശയം സജീവമാണ്. ഇയാൾ പറഞ്ഞിട്ടാണോ ഫാത്തിമയുമായി ഈ നീലസാരിക്കാരി സംസാരിച്ചതെന്നും സംശയമുണ്ട്.

ആത്മഹത്യയുടെ കാരണം പുറംലോകം അറിയണമെന്ന് ഫാത്തിമ ആഗ്രഹിച്ചതിനാൽ ഫോണിലെ ലോക്ക് സംവിധാനം മാറ്റി ഫോൺ ഓണാക്കുമ്പോൾ തന്നെ കാണാൻ കഴിയുന്ന തരത്തിൽ അദ്ധ്യാപകന് നേരെ വിരൽ ചൂണ്ടുന്ന പരാമർശം സ്‌ക്രീൻ സേവറായി ഇട്ടിരിക്കുകയായിരുന്നു. ഇതാണ് കേസിൽ നിർണ്ണായകമായത്. ഇത്തരത്തിൽ കള്ളനെ കണ്ടെത്തണമെന്ന് ബോധപൂർവ്വം ഫാത്തിമ ആഗ്രഹിച്ചതു കൊണ്ട് തന്നെ എന്തോ അരുതാത്തത് നടന്നുവെന്നാണ് ഏവരും കരുതുന്നത്. ഐഐടിയിലെ സഹപാഠികൾ അദ്ധ്യാപകരെ പേടിച്ച് ഒന്നും പുറത്തു പറയുന്നുമില്ല. ഹ്യുമാനിറ്റീസ് ആൻഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്ന ഫാത്തിമ അഖിലേന്ത്യാ എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയാണ് ഐ.ഐ.ടിയിൽ പ്രവേശനം നേടിയത്.

അടുത്തിടെ ഇന്റേണൽ പരീക്ഷയിൽ ആരോപണ വിധേയനായ അദ്ധ്യാപകൻ മാർക്ക് ബോധപൂർവം കുറച്ചത് ഫാത്തിമ ഇമെയിലിലൂടെ ചോദ്യം ചെയ്തിരുന്നു. ഈ അദ്ധ്യാപകനെക്കുറിച്ച് ഫോൺ വിളിക്കുമ്പോൾ അമ്മയോട് പലതവണ പരാതിപ്പെട്ടിട്ടുണ്ട്. അതിനിടെ മുസ്ലിമായതു കൊണ്ടാണ് ഫാത്തിമയ്ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നത് എന്ന രീതിയിൽ ഒരു പ്രചാരണം നടക്കുന്നുണ്ടെന്നത് ഫാത്തിമയുടെ അച്ഛൻ നിഷേധിച്ചു. അങ്ങനെ ഞാൻ പറഞ്ഞിട്ടില്ല. ഒരുപാട് കാരണങ്ങളുണ്ട്.

അതിൽ ഇതും ഒരുപക്ഷേ കാരണമായേക്കാം എന്നാണ് പറഞ്ഞത്. പക്ഷേ ചിലർ ഇത് മാത്രം പ്രചരിപ്പിക്കുന്നു. അതിനൊന്നും ഞങ്ങൾ ഉത്തരവാദികളല്ല. ഞങ്ങൾ അങ്ങനത്തെ ആളുകളല്ല. ഞങ്ങളെപ്പറ്റി ഇവിടെ വന്ന് അന്വേഷിച്ചാലറിയാം. ആ പ്രചാരണങ്ങൾക്കൊന്നും ഞങ്ങൾ പൂർണ ഉത്തരവാദികളല്ല. അങ്ങനെ ഞാൻ പറയില്ല. സുദർശൻ പത്മനാഭൻ ആ രീതിയിലുള്ള ഒരധ്യാപകനാണ്. അതുകൊണ്ട് ഇതുൾപ്പെടെ എല്ലാ വിഷയവും അന്വേഷിക്കണം എന്ന അഭിപ്രായം എനിക്കുണ്ടെന്നാണ് ഇതു സംബന്ധിച്ച് അച്ഛന്റെ പ്രതികരണം.

അദ്ധ്യാപകരും സഹപാഠികളുമെല്ലാം കാരണക്കാരാണ്. സുദർശൻ പത്മനാഭൻ മാത്രമല്ല. മറ്റ് അദ്ധ്യാപകരുമുണ്ട്. കുറച്ച് സഹപാഠികളുമുണ്ട്. അവരുടെയെല്ലാം പേര് എന്റെ കയ്യിലുണ്ട്. അവള് ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചിട്ടുണ്ടാകും എന്നെനിക്കുറപ്പാണ്. അവരത് നശിപ്പിച്ചു കാണും. ഞാനുമായി എന്തെങ്കിലും പ്രശ്നമുണ്ടായാൽപ്പോലും അവൾ ചെറിയ കുറിപ്പുകൾ എഴുതിവെക്കാറുണ്ട്.

അപ്പോൾ മരിക്കുന്നതിന് മുൻപ് എന്തായാലും എഴുതിവെച്ചിട്ടുണ്ടാകും. എനിക്കുറപ്പാണ്. അവരത് നശിപ്പിച്ച് കാണും. ഫോണിലുള്ളത് അവർ കണ്ടു കാണില്ല. അതുകൊണ്ട് നശിപ്പിക്കാൻ കഴിഞ്ഞില്ല-ലത്തീഫ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP