Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളം ഒറ്റക്കെട്ടെന്ന് തിരിച്ചറിഞ്ഞ സുദർശൻ പത്മനാഭൻ യൂറോപ്പിലേക്ക് പറന്നതായി സൂചന; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാൻ വൈകിയത് വർഗ്ഗീയത വിളമ്പി മിടുമിടുക്കിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട അദ്ധ്യാപകനെ രക്ഷിക്കാനുള്ള ചെന്നൈ പൊലീസിന്റെ കുതന്ത്രം; പിണറായി നിലപാട് കടുപ്പിച്ചതോടെ കുടുംബത്തെ ചെന്നൈയിൽ ചർച്ചയ്ക്ക് ക്ഷണിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി; സിബിഐ ആവശ്യം ഉന്നയിക്കാൻ തീരുമാനിച്ച് ഫാത്തിമാ ലത്തീഫിന്റെ അച്ഛനും അമ്മയും; മദ്രാസ് ഐഐടിയിലെ ക്രൂരതയിൽ ട്വിസ്റ്റുണ്ടാകുമോ?

കേരളം ഒറ്റക്കെട്ടെന്ന് തിരിച്ചറിഞ്ഞ സുദർശൻ പത്മനാഭൻ യൂറോപ്പിലേക്ക് പറന്നതായി സൂചന; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാൻ വൈകിയത് വർഗ്ഗീയത വിളമ്പി മിടുമിടുക്കിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട അദ്ധ്യാപകനെ രക്ഷിക്കാനുള്ള ചെന്നൈ പൊലീസിന്റെ കുതന്ത്രം; പിണറായി നിലപാട് കടുപ്പിച്ചതോടെ കുടുംബത്തെ ചെന്നൈയിൽ ചർച്ചയ്ക്ക് ക്ഷണിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി; സിബിഐ ആവശ്യം ഉന്നയിക്കാൻ തീരുമാനിച്ച് ഫാത്തിമാ ലത്തീഫിന്റെ അച്ഛനും അമ്മയും; മദ്രാസ് ഐഐടിയിലെ ക്രൂരതയിൽ ട്വിസ്റ്റുണ്ടാകുമോ?

എം മനോജ് കുമാർ

കൊല്ലം: ചെന്നൈ ഐഐടിയിലെ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ തമിഴകത്ത് ചലനങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കെ ഫാത്തിമയുടെ മാതാപിതാക്കളെ തമിഴ്‌നാട് മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമി വിളിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് സെക്രട്ടറിയേറ്റിൽ വന്നു കാണാനാണ് തമിഴ്‌നാട് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെതുടർന്ന് മാതാപിതാക്കൾ ഇന്ന് രാവിലത്തെ ഫ്‌ളൈറ്റിൽ ചെന്നൈയ്ക്ക് തിരിച്ചു. ഉച്ചയ്ക്കാണ് കൂടിക്കാഴ്ച തീരുമാനിച്ച് സമയം നൽകിയിരിക്കുന്നത്. ഫാത്തിമയുടെ ബന്ധുമിത്രാദികളും രാഷ്ട്രീയ നേതാക്കളുമടങ്ങിയ സംഘമാണ് ഇന്ന് മുഖ്യമന്ത്രിയെ സന്ദർശിക്കുന്നത്. തമിഴ്‌നാട് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും മാതാപിതാക്കൾ ഇന്ന് കാണുന്നുണ്ട്. ഡിജിപി ഇന്ന് സന്ദർശന സമയം അനുവദിച്ചതായി മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. ഫാത്തിമയുടെ മരണത്തിൽ സത്വര അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടു കേരളം തമിഴ്‌നാടിനു കത്ത് നൽകിയിരുന്നു. ഈ കത്ത് ലഭിച്ചതോടെയാണ് മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനു ജീവൻ വെച്ചത്. മാർക്ക് കുറഞ്ഞതിന്റെ പേരിൽ ഫാത്തിമ ആത്മഹത്യ ചെയ്തു എന്ന നിഗമനത്തിൽ ക്ലോസ് ചെയ്യുമായിരുന്ന ഫയലാണ് കേരളത്തിന്റെ കത്തോടെ ജീവൻ വെച്ചത്. സിബിഐ അന്വേഷണമെന്ന ആവശ്യം തമിഴ്‌നാട് മുഖ്യമന്ത്രിക്ക് മുമ്പിൽ കുടുംബം അവതരിപ്പിക്കും.

അതിനിടെ കുരുക്ക് മുറുകിയതോടെ സുദർശൻ പത്മനാഭൻ രാജ്യം വിട്ടതായും സൂചനയുണ്ട്. എന്നാൽ മിസോറാമിൽ ഒളിവിലാണെന്നാണ് തമിഴ്‌നാട് പൊലീസ് ഇപ്പോഴും പറയുന്നത്. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാത്തത് സുദർശൻ പ്ത്മനാഭനെ രക്ഷിക്കാനാണെന്നും വാദമുണ്ട്. ഇതിനിടെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി ചർച്ചയ്ക്ക് കുടുംബത്തെ വിളിച്ചത്. ആത്മഹത്യയിൽ സംശയം ഉന്നയിച്ച ബന്ധുക്കൾ മരണത്തിനു പിന്നിൽ സുദർശനൻ പത്മനാഭൻ അടക്കമുള്ള അദ്ധ്യാപകർ ആണെന്ന് ആരോപിച്ചിരുന്നു. സുദർശൻ പത്മനാഭൻ അടക്കമുള്ള അദ്ധ്യാപകർക്കെതിരെയുള്ള ഒരു കത്ത് ഫാത്തിമ സുരക്ഷിതമായി എന്റെ കയ്യിൽ എത്തിച്ചിരുന്നുവെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫ് മറുനാടനോട് വെളിപ്പെടുത്തിയിരുന്നു. ഫാത്തിമയുടെ മരണത്തെ തുടർന്ന് പൊലീസിന്റെ നിർദ്ദേശപ്രകാരം സഹോദരി അയിഷ ഫോൺ ഓൺ ചെയ്തപ്പോൾ ഫോണിന്റെ വാൾപേപ്പറിൽ എന്റെ മരണത്തിന് ഉത്തരവാദി സുദർശൻ പത്മനാഭൻ ആണ്' എന്ന വാക്കുകൾ തെളിഞ്ഞു വന്നത്. കൂടുതൽ വിവരങ്ങൾക്ക് സാംസങ് നോട്ട് നോക്കാനും അതിലുണ്ടായിരുന്നു. നോട്ട് പരിശോധിച്ചപ്പോഴാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. വേറെയും ചില അദ്ധ്യാപകരെക്കുറിച്ചും വിദ്യാർത്ഥികളെക്കുറിച്ചും ഫാത്തിമ നോട്ടിൽ കുറിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഫോൺ ലഭിച്ചതോടെ മരണകാരണം കണ്ടെത്തണമെന്നും കുറ്റക്കാരനായ അദ്ധ്യാപകൻ സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു ബന്ധുക്കൾ രംഗത്ത് വരുകയായിരുന്നു. ഇതോടെ ചെന്നൈ ഐഐടിയിൽ വിദ്യാർത്ഥികളും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നു. കഴിഞ്ഞ ഒരു വർഷം അഞ്ച് ആത്മഹത്യകൾ നടന്ന ക്യാമ്പസ് കൂടിയാണ് ചെന്നൈ ഐഐടി. ഈ മരണങ്ങളുടെ പേരിലൊന്നും അന്വേഷണം വന്നിരുന്നില്ല. പക്ഷെ ഫാത്തിമയുടെ മരണത്തിൽ തമിഴകം ഇളകുകയായിരുന്നു.

അതേസമയം ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ചെന്നൈ പൊലീസ് സെൻട്രൽ ക്രൈം ബ്രാഞ്ചിന് വിട്ടു. സിറ്റി പൊലീസ് കമ്മീഷണർ എ.കെ.വിശ്വനാഥൻ ഐ.ഐ.ടിയിൽ നേരിട്ടെത്തി ഡയറക്ടർ അടക്കമുള്ളവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. അതിനു ശേഷമാണ് അന്വേഷണം സെൻട്രൽ ക്രൈംബ്രാഞ്ചിന് വിട്ടത്. അഡീഷണൽ കമ്മിഷണർ ഈശ്വരമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. അതേസമയം ഐ.ഐ.ടിക്കു മുന്നിൽ തുടർച്ചായ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. സുദർശനൻ പത്മനാഭനെതിരെ നടപടി ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ്, എസ്.എഫ്.ഐ പ്രവർത്തകർ ഐ.ഐ.ടി ഗേറ്റ് ഉപരോധിച്ചത്. ഐഐടിയിലെ ഒന്നാം വർഷ ഇന്റഗ്രേറ്റഡ് എംഎ വിദ്യാർത്ഥിനി കൊല്ലം കിളികൊല്ലൂർ സ്വദേശി ഫാത്തിമ ലത്തീഫ് (18) വെള്ളിയാഴ്ചയാണ് ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ടത്. അദ്ധ്യാപകരും സഹപാഠികളുമുൾപ്പെടെ ഇതുവരെ 24 പേരെ ചോദ്യം ചെയ്തിട്ടുണ്ട്. ഫാത്തിമ മരിച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കാത്തതിനെതിരെ ചെന്നൈയിലെ മലയാളി സംഘടനകളും രാഷ്ട്രീയ നേതൃത്വവും പ്രതിഷേധം ശക്തമാക്കിയിരുന്നു.

ഫാത്തിമയുടെ ആത്മഹത്യ ചെന്നൈ ഐഐടിയെയും ഉലയ്ക്കുകയാണ്. ഫാത്തിമയുടെ മരണത്തിൽ ചെന്നൈ ഐഐടിയിൽ അനുശോചന യോഗം ചേർന്നിരുന്നു. ചെന്നൈ ഐഐടിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ടു അനുശോചന യോഗം ചേർന്നത്. ഈ രീതിയിലുള്ള സമീപനമല്ല ഐഐടി ആദ്യം കൈക്കൊണ്ടത്. ഫാത്തിമ മരിച്ചപ്പോൾ മൃതദേഹത്തിനു അനുയാത്ര ചെയ്യാൻ ചെന്നൈ ഐഐടിയിലെ അദ്ധ്യാപകരോ വിദ്യാർത്ഥികളോ തയ്യാറായിരുന്നില്ല. ഫാത്തിമയുടെ ബന്ധുക്കളെ തേടി ചെന്നൈ ഐഐടിയിൽ നിന്ന് വിദ്യാർത്ഥികളോ അദ്ധ്യാപകരോ ഫോൺ വിളിച്ചിരുന്നുമില്ല. അതേ ഐഐടി തന്നെയാണ് ഫാത്തിമയുടെ മരണത്തിൽ അനുശോചന യോഗം ചേർന്നത്. എന്നാൽ അനുശോചന യോഗത്തിൽ ആരോപണ വിധേയനായ സുദർശൻ പത്മനാഭൻ പങ്കെടുത്തിരുന്നില്ല. ഫാത്തിമയുടെ മരണം വിവാദമായി മാറിയപ്പോൾ മുതൽ സുദർശൻ പത്മനാഭൻ അപ്രത്യക്ഷമായ നിലയിലാണ്.

ക്യാമ്പസിൽ സുദർശൻ പത്മനാഭൻ താമസിക്കുന്ന ക്വാർട്ടെഴ്‌സ് അടഞ്ഞു കിടന്ന നിലയിലാണ്. സുദർശൻ മിസോറാമിലേക്ക് മുങ്ങി എന്നാണ് ലഭിക്കുന്ന സൂചനകളും വിവരങ്ങളും. കേസ് സിബിഐക്ക് കൈമാറണമെന്ന് വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. പെൺകുട്ടിയുടെ കുടുംബം തമിഴ്‌നാട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും. കേസ് അട്ടിമറിക്കാനാണ് ചെന്നൈ പൊലീസിന്റെ ശ്രമം. കയർ ഫാനിൽ കെട്ടാതെ, ചുറ്റിവരിഞ്ഞ നിലയിൽ കാണപ്പെട്ടതും ചെന്നൈയിൽ എത്തിയ ബന്ധുക്കളോട് അദ്ധ്യാപകർ ആരും ബന്ധപ്പെടാതിരുന്നതും സംശയകരമാണെന്നു ബന്ധുക്കൾ പറയുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിട്ടും ഫാത്തിമയുടെ മൊബൈൽ ഫോൺ നൽകാൻ എസ്ഐ മടിച്ചതായും അവർ ചൂണ്ടിക്കാട്ടി. ഇതെല്ലാം അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന സംശയത്തിന് ബലമേകുന്നുമുണ്ട്.

സുദർശൻ പത്മനാഭൻ പഠിപ്പിക്കുന്ന ലോജിക്ക് പേപ്പറിന് 20ൽ 13മാർക്കാണ് ഫാത്തിമയ്ക്ക് ലഭിച്ചത്. അഞ്ച് മാർക്കിന് കൂടി അർഹതയുണ്ടെന്ന് ചൂണ്ടികാട്ടി ഫാത്തിമ വകുപ്പ് മേധാവിയെ സമീപിച്ചിരുന്നു. അന്ന് വൈകിട്ടോടെയാണ് ഫാത്തിമ ലത്തീഫിനെ സരയൂ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികൾ 3 അദ്ധ്യാപകരാണെന്നു കുറ്റപ്പെടുത്തുന്ന, മൊബൈൽ ഫോണിൽ രേഖപ്പെടുത്തിയ 2 കുറിപ്പുകൾ കുടുംബം പുറത്തുവിട്ടിരുന്നു. എന്നാൽ, ആത്മഹത്യക്കുറിപ്പ് ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ആരോപണ വിധേയരായ അദ്ധ്യാപകരിൽ ഒരാൾ അവധിയിലാണ്. ഇന്റേണൽ പരീക്ഷയിൽ ഒരു വിഷയത്തിൽ അർഹതപ്പെട്ട മാർക്ക് നിഷേധിച്ചതായി ഫാത്തിമ പരാതിപ്പെട്ടിരുന്നു. ഫാത്തിമ മികച്ച വിദ്യാർത്ഥിയായിരുന്നുവെന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും വകുപ്പ് മേധാവി ഉമാകാന്ത് ദാസ് പറയുന്നത്.

തന്റെ മരണത്തിന് ഉത്തരവാദി ഒരു അദ്ധ്യാപകനാണെന്നു പേരു സഹിതം ഫാത്തിമ മൊബൈൽ ഫോണിൽ കുറിച്ചിരുന്നു. ഓൺ ചെയ്താൽ ഉടൻ കാണത്തക്ക വിധത്തിൽ ഫോണിലെ വോൾപേപ്പർ ആയാണു രേഖപ്പെടുത്തിയിരുന്നത്. മരണത്തിന് പിന്നിൽ വർഗ്ഗീയതയാണെന്ന് പോലും വിവാദമെത്തി. ഇതിന് തെളിവായി ആത്മഹത്യാ കുറിപ്പ്. എന്നിട്ടും കുട്ടികളിൽ നിന്ന് മൊഴിയെടുത്ത് പ്രശ്നം ഇല്ലെന്ന് വരുത്താനാണ് പൊലീസിന്റെ ശ്രമം. ഇതിനെ ഫാത്തിമയുടെ കുടുംബം ചോദ്യം ചെയ്യുന്നു. 'മുടി കെട്ടാൻ പോലും അറിയാത്ത മോൾ തൂങ്ങിമരിച്ചെന്ന് ആരുപറഞ്ഞാലും ഞാൻ വിശ്വസിക്കില്ല. അവൾ ജീവനൊടുക്കില്ല; ജീവനെടുത്തതാണ്' മാതാവ് സജിത പറയുന്നു. സംഭവദിവസം വിഡിയോ കോൾ വഴി 5 തവണ ബന്ധപ്പെട്ടിരുന്നതായി സജിത പറഞ്ഞു. കടുത്ത മാനസിക വിഷമം അനുഭവിക്കുന്നതായി തോന്നിയെങ്കിലും കാരണം പറഞ്ഞില്ല.

അന്നു രാത്രി 9.30 വരെ മെസ് ഹാളിൽ ഇരുന്നു കരഞ്ഞ ഫാത്തിമയെ ജോലിക്കാരി ആശ്വസിപ്പിച്ചാണു ഹോസ്റ്റൽ മുറിയിലേക്ക് അയച്ചതെന്നു കന്റീൻ ജീവനക്കാരൻ അറിയിച്ചതായി സജിത പറയുന്നു. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ വിഷമമാണു കാരണം എന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. എന്നാൽ എല്ലാ പരീക്ഷകളിലും ഫാത്തിമയ്ക്കായിരുന്നു ഒന്നാം സ്ഥാനം. ലോജിക് വിഷയത്തിന്റെ ഇന്റേണൽ പരീക്ഷയിൽ 20 ൽ 13 മാർക്ക് ആണ് ആരോപണ വിധേയനായ അദ്ധ്യാപകൻ നൽകിയത്. മൂല്യനിർണയത്തിൽ പിശകുണ്ടെന്നു കാണിച്ച് അദ്ധ്യാപകന് ഇമെയിൽ അയച്ചപ്പോൾ 18 മാർക്ക് നൽകി. അതുകൊണ്ട് തന്നെ ഈ വാദം നിൽക്കില്ല. ഈ അദ്ധ്യാപകനെ കൂടാതെ രണ്ട് അസി. പ്രഫസർമാർക്കും ചില വിദ്യാർത്ഥികൾക്കും മരണത്തിൽ പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്നു പിതാവ് അബ്ദുൽ ലത്തീഫും ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP