Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോഷ്ടിച്ച കാർ റെയിൽവേ പാർക്കിങ് ഗ്രൗണ്ടിൽ കൊണ്ടിട്ട് ആവശ്യക്കാരെ വിളിച്ചു വരുത്തി വില പേശി വിൽക്കും; വില ഒത്തു വന്നില്ലെങ്കിൽ ഉപേക്ഷിക്കും; മോഷ്ടിക്കാൻ കയറുന്ന വീടുകളിൽ അത്താഴ വിരുന്നൊരുക്കി കഴിച്ച ശേഷം കാർ മോഷ്ടിച്ച് കടക്കുന്ന ബിജു സെബാസ്റ്റ്യൻ കാലത്തിനൊപ്പം അപ്ഡേറ്റ് ചെയ്യപ്പെട്ട മോഷ്ടാവെന്ന് പൊലീസ്

മോഷ്ടിച്ച കാർ റെയിൽവേ പാർക്കിങ് ഗ്രൗണ്ടിൽ കൊണ്ടിട്ട് ആവശ്യക്കാരെ വിളിച്ചു വരുത്തി വില പേശി വിൽക്കും; വില ഒത്തു വന്നില്ലെങ്കിൽ ഉപേക്ഷിക്കും; മോഷ്ടിക്കാൻ കയറുന്ന വീടുകളിൽ അത്താഴ വിരുന്നൊരുക്കി കഴിച്ച ശേഷം കാർ മോഷ്ടിച്ച് കടക്കുന്ന ബിജു സെബാസ്റ്റ്യൻ കാലത്തിനൊപ്പം അപ്ഡേറ്റ് ചെയ്യപ്പെട്ട മോഷ്ടാവെന്ന് പൊലീസ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ജില്ലയിൽ രണ്ടിടത്തു നിന്നും കാർ മോഷ്ടിച്ച് കടന്ന കേസിൽ പിടിക്കപ്പെട്ട തിരുവനന്തപുരം പോത്തൻകോട് കാരൂർക്കോണം ജൂബിലി ഭവനിൽ ബിജു സെബാസ്റ്റ്യൻ(47) മോഷണകലയിൽ കാലാനുസൃതമായ മാറ്റം വരുത്തിയ കള്ളനാണെന്ന് പൊലീസ്. മോഷ്ടിക്കുന്നത് ഏതു വാഹനമായാലും അത് സുരക്ഷിതമായി ഒളിപ്പിക്കാൻ ഇയാൾ കണ്ടു പിടിച്ച സ്ഥലം റെയിൽവേ പാർക്കിങ് ഗ്രൗണ്ടാണ്. വാഹനം കൊണ്ടിട്ട ശേഷം ഒരാഴ്ചത്തേക്കുള്ള പാർക്കിങ് ഫീസ് അടയ്ക്കും.

ഇതു കാരണം വാഹനം എടുക്കാൻ ആളെത്തിയില്ലെങ്കിലും പാർക്കിങ് സ്ഥലത്തെ ജീവനക്കാർ ശ്രദ്ധിക്കുകയില്ല. മറ്റൊരു മോഷണക്കേസിൽ ജയിലിൽ ആയിരുന്ന ബിജു സെബാസ്റ്റ്യൻ കഴിഞ്ഞ ഏഴിനാണ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് മോചിതനായത്. അന്നു തന്നെ അടൂർ ഏഴംകുളം നെടുമൺ കാരിക്കൽ പൊയ്കയിൽ സാബു വർഗീസിന്റെ വീടിന്റെ മുൻവാതിൽ പൊളിച്ച് അകത്തു കടന്ന ബിജു പണം മോഷ്ടിച്ചു. താക്കോൽ കൈക്കലാക്കി പോർച്ചിൽ കിടന്നിരുന്ന മാരുതി എസ്റ്റിലോ കാറുമായി കടന്നു. കഴിഞ്ഞ 10 ന് ഇതേ രീതിയിൽ തിരുവല്ല തീപ്പനി പറമ്പിൽ പുത്തൻ പുരയിൽ സജീവ് മാത്യുവിന്റെ മാരുതി സ്വിഫ്റ്റ് കാറും മോഷ്ടിച്ചു.

ഇവിടെയും മുൻ വാതിൽ പൊളിച്ച് അകത്തു കയറിയ പ്രതികൾ മുട്ട ഓംലെറ്റുണ്ടാക്കി കഴിഞ്ഞ ശേഷം താക്കോൽ കൈക്കലാക്കിയാണ് പോർച്ചിൽ കിടന്ന കാറുമായി മുങ്ങിയത്. മോഷ്ടിച്ച രണ്ടു കാറും ചങ്ങനാശേരി റെയിൽവേ പാർക്കിങ് ഗ്രൗണ്ടിൽ കൊണ്ടിട്ടു. പാർക്കിങ് ഫീസും നൽകി. ഇതിനിടെ ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് സംഘം എസ്റ്റിലോ കാർ പാർക്കിങ് ഗ്രൗണ്ടിൽ ഉള്ളതായി കണ്ടെത്തി. വിവരം അറിഞ്ഞ ഡിവൈഎസ്‌പി ആർ ജോസ് കാർ കസ്റ്റഡിയിൽ എടുക്കുന്നതിന് പകരം നിരീക്ഷണം ഏർപ്പെടുത്തുകയാണ് ചെയ്തത്. അങ്ങനെ ഇരിക്കേ ബിജു സെബാസ്റ്റ്യൻ കാർ എടുക്കാനെത്തി. പൊലീസ് സംഘം വളഞ്ഞത് മനസിലാക്കി ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.

പൊലീസ് പിടിയിലാകുമെന്ന് വന്നപ്പോൾ വിറകു കമ്പ് എടുത്ത് പൊലീസുകാരെ ആക്രമിക്കാനും തുനിഞ്ഞു. ബലം പ്രയോഗിച്ച് ബിജുവിനെ കീഴടക്കി ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച രണ്ടാമത്തെ കാറും റെയിൽവേ പാർക്കിങ് ഗ്രൗണ്ടിൽ ഉണ്ടെന്ന് മനസിലാക്കിയത്. ജിഎസ് വിജയൻ സംവിധാനം ചെയ്ത ചെപ്പടി വിദ്യ എന്ന ചിത്രത്തിൽ ജഗതി അവതരിപ്പിച്ച അടുക്കള അച്ചു എന്ന കഥാപാത്രത്തിനോട് സാമ്യമുണ്ട് ബിജു സെബാസ്റ്റ്യന്റെ മോഷണ ജീവിതത്തിന്. മോഷ്ടിക്കാൻ കയറുന്ന വീട്ടിൽ നിന്ന് പാചകം ചെയ്ത് കഴിച്ച ശേഷമേ മോഷണം നടത്തുവെന്നതാണ് അടുക്കള അച്ചുവിന്റെ സ്വഭാവം. ഇതേ പോലെ തന്നെ അത്താഴമുണ്ടാക്കി കഴിഞ്ഞ ശേഷം മോഷ്ടിക്കുന്നയാളാണ് ബിജു സെബാസ്റ്റ്യൻ.

തിരുവല്ല തീപ്പനിയിലെ വീട്ടിൽ നിന്ന് ലഭിച്ച വിരലടയാളമാണ് പ്രതിയെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത്. 20 വർഷം കൊണ്ട് ഇരുന്നൂറിലേറെ മോഷണം ബിജു നടത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ അടൂരിലും പരിസരത്തുമായി പത്തോളം വീടുകളിൽ മോഷണം നടത്തി. ഏഴംകുളത്തിന് സമീപം ഇരുനില വീട്ടിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെ പൊലീസ് പിടിയിലാകുമെന്ന് വന്നപ്പോൾ രക്ഷപ്പെടാൻ രണ്ടാം നിലയിൽ നിന്ന് ഇയാൾ ചാടി. ഗുരുതരമായി പരുക്കേറ്റ ഇയാൾ കുറേ നാൾ ജനറൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഈ കേസിൽ ജയിൽ മോചിതനായി വന്ന ശേഷമാണ് കഴിഞ്ഞ ഏഴിനും 10 നും കാറുകൾ മോഷ്ടിച്ചത്. 2016 ൽ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ മോഷണം നടത്തിയ ഇയാളെ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സംഘം നിരീക്ഷിച്ചു വരികയായിരുന്നു.

ജയിൽ മോചിതനായ ബിജു ഒഴിഞ്ഞ സ്ഥലം കേന്ദ്രീകരിച്ച് വാടകയ്ക്ക് വീട് എടുക്കും. പിന്നെ ഉന്തു വണ്ടിയിൽ പച്ചക്കറി കച്ചവടം നടത്തുന്നുവെന്ന വ്യാജേനെ മോഷണത്തിനുള്ള വീടുകൾ കണ്ടുവയ്ക്കും. രാത്രി വാതിൽ പൊളിച്ച് അകത്തു കയറി ഭക്ഷണം തയാറാക്കിയ ശേഷം കൈയിൽ കരുതിയ മദ്യത്തിനൊപ്പം കഴിക്കും. എന്നിട്ട്, താക്കോൽ കൈക്കലാക്കി വീട്ടിലുള്ള വാഹനവുമായി കടന്നു കളയും. വിൽക്കാൻ കഴിയാത്ത വാഹനങ്ങൾ ഉപേക്ഷിക്കും. മോഷ്ടിച്ച ഇരുചക്രവാഹനത്തിൽ കറങ്ങി നടന്നാണ് മോഷണം നടത്തുന്നത്. കോന്നി, കോഴഞ്ചേരി, അടൂർ, പട്ടാഴിമുക്ക്, തിരുവല്ല എന്നിവിടങ്ങളിൽ വാടകയ്ക്ക് താമസിച്ച് മോഷണം നടത്തിയിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി 200 ലധികം കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP