Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ച വിധി നിലനിൽക്കുന്നു; പുനപരിശോധന ഹർജി സംബന്ധിച്ച് സുപ്രീംകോടതി വിധികളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്; ഇതിനായി വിദഗ്ധ നിയമോപദേശം തേടും; കോടതി വിധി എന്തായാലും അംഗീകരിക്കും; പ്രതിഷേധങ്ങളും പ്രകോപനങ്ങളും എല്ലാം അതിന്റെ വഴിക്ക് നടക്കും; വിധിയുടെ കാര്യത്തിൽ ഒരു തിടുക്കവും ഇല്ല; സുപ്രീംകോടതി തീരുമാനത്തോട് മുഖ്യമന്ത്രി പിണറായിയുടെ പ്രതികരണ ഇങ്ങനെ; സർക്കാർ യുവതികളെ മലകയറ്റില്ലെന്ന് മന്ത്രി എ കെ ബാലനും

ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ച വിധി നിലനിൽക്കുന്നു; പുനപരിശോധന ഹർജി സംബന്ധിച്ച് സുപ്രീംകോടതി വിധികളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്; ഇതിനായി വിദഗ്ധ നിയമോപദേശം തേടും; കോടതി വിധി എന്തായാലും അംഗീകരിക്കും; പ്രതിഷേധങ്ങളും പ്രകോപനങ്ങളും എല്ലാം അതിന്റെ വഴിക്ക് നടക്കും; വിധിയുടെ കാര്യത്തിൽ ഒരു തിടുക്കവും ഇല്ല; സുപ്രീംകോടതി തീരുമാനത്തോട് മുഖ്യമന്ത്രി പിണറായിയുടെ പ്രതികരണ ഇങ്ങനെ; സർക്കാർ യുവതികളെ മലകയറ്റില്ലെന്ന് മന്ത്രി എ കെ ബാലനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിൽ സുപ്രീംകോടതി വിധി എന്തു തന്നെ ആയാലും അത് സർക്കാർ നടപ്പിലാക്കുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുനപരിശോധന ഹർജി സംബന്ധിച്ച് സുപ്രീംകോടതിയിൽ നിന്ന് ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. അത് വന്ന ശേഷം കൂടുതൽ പ്രതികരണങ്ങളാകാമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കോടതി വിധി വന്നാൽ അത് അതേ പടി അംഗീകരിക്കും. പുനപരിശോധനാ വിധികളിൽ തീർപ്പാണോ അതോ ലിംഗ സമത്വം അടക്കം വിശാലമായ കാര്യങ്ങളാണോ ഏഴംഗ ബെഞ്ച് പരിഗണിക്കുക എന്നതിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെന്നാണ് മനസിലാക്കുന്നത്. മണ്ഡലകാലം വരാനിരിക്കെ ഇക്കാര്യങ്ങളിലെല്ലാം കൂടുതൽ വ്യക്തത വരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായി നിയമ വിദഗ്ധരുടെ സഹായം തേടും

പ്രതിഷേധങ്ങളും പ്രകോപനങ്ങളും എല്ലാം അതിന്റെ വഴിക്ക് നടക്കും. വിധിയുടെ കാര്യത്തിൽ ഒരു തിടുക്കവും ഇല്ല. പുനപരിശോധന ഹർജി പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ രണ്ട് പേർ പുനപരിശോധനക്കെതിരെ ശക്തമായ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. അവരിൽ ഒരാളുകൂടി കൂടിയിരുന്നെങ്കിൽ എന്ന് പറഞ്ഞ് ചിരിച്ച് നിർത്തിയാണ് പിണറായി വിജയൻ വാർത്താ സമ്മേളനം അവസാനിപ്പിച്ചത്. വിധിയിൽ വ്യക്തത വന്നതിന് ശേഷം മാധ്യമങ്ങളെ കാണാമെന്നും പിണറായി വ്യക്തമാക്കി. അതേസമയം സുപ്രീംകോടതി വിധിയിൽ വ്യക്തത വരും വരെ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്നാണ് സർക്കാർ ധാരണയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ശബരിമലയിലേക്ക് യുവതികൾ വന്നാൽ പുതിയ സാഹചര്യം അനുസരിച്ച് തീരുമാനം എടുക്കുമെന്നും യുവതികൾക്ക് സംരക്ഷണം നൽകില്ലെന്നും നിയമമന്ത്രി എ കെ ബാലൻ വ്യക്തമാക്കി.

യുവതീ പ്രവേശം അനുവദിക്കുമോയെന്ന ചോദ്യത്തോട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചില്ല. വിശ്വാസികൾക്കൊപ്പമായിരിക്കും ദേവസ്വംബോർഡെന്ന് നിയുക്ത പ്രസിഡന്റ് എൻ. വാസു പറഞ്ഞു. യുവതികൾ വന്നാൽ സംരക്ഷണം ഒരുക്കേണ്ടിവരുമെന്നായിരുന്നു മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ പ്രതികരണം. സുപ്രീംകോടതി വിധി എന്താണോ അത് നടപ്പിലാക്കുമെന്നായിരുന്നു ഇത് വരെയുള്ള സർക്കാർ നിലപാട്. യുവതിപ്രവേശം അനുവദിച്ച വിധിക്ക് സ്റ്റേയില്ലാത്തതിനാൽ ഇനി യുവതികളെത്തിയാൽ സർക്കാർ തടയുമോ സംരക്ഷണം ഒരുക്കുമോയെന്നതാണ് ശനിയാഴ്ച തുടങ്ങുന്ന ഈ മണ്ഡലകാലത്തെ പ്രധാന ചോദ്യം. വിശാലബെഞ്ചിന് വിട്ടസ്ഥിതിക്ക് യുവതികൾക്ക് സംരക്ഷണം ഒരുക്കിയാൽ രാഷ്ട്രീയമായി വലിയ തിരിച്ചടിയായേക്കും. തടഞ്ഞാൽ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന നിലപാടിൽ നിന്ന് പ്രത്യക്ഷമായുള്ള മലക്കംമറിച്ചിലുമാവും. ഇതോടെ കഴിഞ്ഞ വർഷത്തേക്കാൾ പ്രതിസന്ധിയിലാണ് സർക്കാരെന്ന് ആദ്യപ്രതികരണങ്ങളിൽ വ്യക്തം.

ശബരിമല നിലപാട് തെറ്റായിപ്പോയെന്ന് ലോക്‌സഭ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം വിലയിരുത്തിയ സിപിഎം ഇപ്പോഴും യുവതികൾ വരട്ടെ അപ്പോൾ നോക്കാമെന്നാണ് പ്രതികരിക്കുന്നത്. പുനപരിശോധാഹർജിയിൽ വാദം കേട്ടശേഷം, ഒമ്പത് തവണ മാസപൂജയ്ക്കായി നട തുറന്നപ്പോൾ യുവതികളെ എത്തുകയോ അതിനുള്ള സുരക്ഷ ഒരുക്കുകയോ സർക്കാർ ചെയ്തിരുന്നില്ല. അതിന് മുൻപും പലതവണ പ്രതിഷേധം ചൂണ്ടിക്കാട്ടി യുവതികളെ തിരിച്ചയച്ചിരുന്നു. ഈ മണ്ഡലകാലം പ്രശ്‌നമില്ലാതെ പോകണമെങ്കിൽ ആ നിലപാട് സ്വീകരിക്കുകയാണ് സർക്കാരിന് മുന്നിലെ ഏകവഴി. സർക്കാർ തീരുമാനം അറിഞ്ഞ ശേഷം സുരക്ഷാപദ്ധതി പുനർനിശ്ചയിക്കാനാണ് പൊലീസിന്റെ ആലോചന.

അതേസമയം സുപ്രീംകോടതിയുടെ വിശാല ബഞ്ചിന്റെ തീർപ്പിന് ശേഷമായിരിക്കും യുവതിപ്രവേശനം സംബന്ധിച്ച അന്തിമ വിധി ഉണ്ടാകുക. യുവതി പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി ഇതോടെ വൈകുമെന്ന് ഉറപ്പാണ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്. പുനഃപരിശോധനാ ഹർജികൾ കേട്ട കോടതി അതിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് ഏഴ് വിഷയങ്ങളിൽ തീർപ്പ് കണ്ടെത്താൻ വിശാല ബഞ്ചിന് വിടുകയായിരുന്നു.

ഇതിനെതിരെ 56 പുനഃപരിശോധനാ ഹർജികളാണ് കോടതിക്ക് മുമ്പിലെത്തിയത്. പുതിയ ബെഞ്ച് ചീഫ് ജസ്റ്റിസായിരിക്കും രൂപീകരിക്കുക. ഇപ്പോൾ വിധിപറഞ്ഞ ജഡ്ജിമാരിൽ മൂന്ന് പേർ ഏഴംഗ ബെഞ്ചിലേക്ക് പോകും. മതത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് വിധിപ്രസ്താവത്തിൽ കോടതി പറഞ്ഞു. ശബരിമല വിധിക്ക് മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായും പാർസി സ്ത്രീകളുടെ ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനവുമായും ബന്ധമുണ്ട്. ഇത് ഉയർന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്നും ആചാരങ്ങൾ പുലർത്താൻ അവകാശമുണ്ടെന്നും വിധിയിൽ പറയുന്നു.

ശിരൂർ മഠം കേസാണ് ഇതിന് ആധാരമായി പരിഗണിക്കുന്നത്. ശിരൂർ മഠക്കേസിൽ മതത്തിലെ ആചാരങ്ങൾ സംബന്ധിച്ച കാര്യങ്ങൾ അതാത് മതത്തിലെ ആചാര്യന്മാരാണ് തീരുമാനിക്കേണ്ടതെന്ന് സുപ്രീംകോടതി വിധിയുണ്ട്. ശബരിമല കേസിൽ അത് ഉണ്ടായിട്ടില്ല. അക്കാര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഏഴംഗ ബെഞ്ച് പരിശോധിക്കണമെന്നാണ് ഭൂരിപക്ഷ വിധി. മൂന്ന് പേർ ഏഴംഗ ബെഞ്ചിലേക്ക് വിടാനും രണ്ടു പേർ വിയോജിച്ചും വിധി എഴുതി. ചിഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് ഇന്ദുമൽഹോത്ര, ജസ്റ്റിസ് ഖാൻവിൽക്കർ എന്നിവരാണ് ഏഴംഗ ബെഞ്ചിലേക്ക് വിടാൻ ഉത്തരവിട്ടത്. ജസ്റ്റിസ് റോഹിങ്ടൺ നരിമാൻ, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവർ പുനഃപരിശോധന ഹർജികൾ തള്ളണമെന്ന നിലപാടും സ്വീകരിച്ചു. ഭൂരിപക്ഷ വിധിയോട് കടുത്ത വിയോജിപ്പാണ് ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ചന്ദ്രചൂഡും രേഖപ്പെടുത്തിയത്. ഭരണഘടന വിശുദ്ധ ഗ്രന്ഥമാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

സംഘപരിവാറിന്റെ നേതൃത്വത്തിൽ നടന്ന അക്രമ സമരങ്ങൾക്കെതിരെ ജസ്റ്റിസ് നരിമാൻ രൂക്ഷമായ വിമർശനമാണ് ഭിന്നവിധിയിൽ നടത്തിയത്. സമരം ഭരണഘടനാ വിരുദ്ധമാണെന്നാണ് നരിമാന്റെ വിധിയിൽ പറയുന്നു. ശബരിമലയിലെ യുവതി പ്രവേശനവും മറ്റു സമുദായങ്ങളിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നും ജസ്റ്റിസ് നരിമാന്റെ ഭിന്നവിധിയിൽ പറയുന്നു. ശബരിമല പുനഃപരിശോധന ഹർജികളുടെ ഭാവി തീരുമാനിക്കുന്നത് അടുത്ത ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ രൂപീകരിക്കുന്ന ബെഞ്ചിന്റെ സ്വഭാവമായിരിക്കും. ഇതിൽ അദ്ദേഹം ഉൾപ്പെടുത്തുന്ന ജഡ്ജിമാരുടെ നിലപാടുകളായിരിക്കും കേസിൽ നിർണായകമാകുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP