Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഉടൻ ശബരിമലയ്ക്ക് പുറപ്പെടുമെന്ന് സാമൂഹിക പ്രവർത്തക തൃപ്തി ദേശായി; പ്രതിഷേധങ്ങളിൽ താൻ ഭയക്കുന്നില്ല; പുനഃപരിശോധനാ ഹർജികൾ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടെങ്കിലും യുവതീ പ്രവേശനത്തിന് സുപ്രീംകോടതി സ്റ്റേ നൽകിട്ടില്ലെന്ന് തൃപ്തി; വീണ്ടും ശബരിമലയിലേക്ക് പോവുമെന്ന് പറഞ്ഞ് കനകദുർഗ്ഗയും; സർക്കാർ ഇനി യുവതീ പ്രവേശനത്തിന് അനുകൂല നിലപാട് എടുക്കില്ലെന്നും സൂചന; മണ്ഡലകാലം വീണ്ടും കലുഷിതമാവുമെന്ന് ആശങ്ക

ഉടൻ ശബരിമലയ്ക്ക് പുറപ്പെടുമെന്ന് സാമൂഹിക പ്രവർത്തക തൃപ്തി ദേശായി; പ്രതിഷേധങ്ങളിൽ താൻ ഭയക്കുന്നില്ല; പുനഃപരിശോധനാ ഹർജികൾ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടെങ്കിലും യുവതീ പ്രവേശനത്തിന് സുപ്രീംകോടതി സ്റ്റേ നൽകിട്ടില്ലെന്ന് തൃപ്തി; വീണ്ടും ശബരിമലയിലേക്ക് പോവുമെന്ന് പറഞ്ഞ് കനകദുർഗ്ഗയും; സർക്കാർ ഇനി യുവതീ പ്രവേശനത്തിന് അനുകൂല നിലപാട് എടുക്കില്ലെന്നും സൂചന; മണ്ഡലകാലം വീണ്ടും കലുഷിതമാവുമെന്ന് ആശങ്ക

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മണ്ഡലകാലത്തിന് വെറും രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ ശബരിമല കയറാനായി വീണ്ടും സ്ത്രീകൾ എത്തുമെന്ന് ഉറപ്പായി. കനകദുർഗക്ക് പിന്നാലെ ഇപ്പോൾ സാമൂഹിക പ്രവർത്തക തൃപ്തിദേശായിയും ശബരിമലയിലേക്ക് വരുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ്. യുവതീ പ്രവേശനത്തിന് സുപ്രീംകോടതി സ്റ്റേ നൽകാത്ത പശ്ചാത്തലത്തിൽ ഉടൻ ശബരിമലയ്ക്ക് പുറപ്പെടുമെന്ന് തൃപ്തി ദേശായി മുംബൈയിൽ ദേശീയ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. പ്രതിഷേധങ്ങളെ താൻ ഭയക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. ഇതോടെ ഇത്തവണയും മണ്ഡലകാലം കലുഷിതമാവുമെന്ന് ഉറപ്പായി. വിധി സ്റ്റേ ചെയ്തിട്ടില്ലെങ്കിലും ഏഴംഗ ബഞ്ചിന് വിട്ടതിന്റെ പശ്ചാത്തലത്തിൽ ഇനി സർക്കാർ യുവതീ പ്രവേശനത്തിന് അനുകൂല നിലപാട് എടുക്കില്ലെന്നാണ് സൂചന. ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിക്ക് പിന്നാലെ തൃപ്തി ദേശായി ശബരിമല ദർശനത്തിന് പുറപ്പെട്ടിരുന്നു. പ്രതിഷേധത്തെ തുടർന്ന് ദർശനം നടത്താൻ സാധിക്കാതെ വന്നതോടെ തൃപ്തിക്ക് മടങ്ങേണ്ടി വന്നിരുന്നു. അന്ന് ്പ്രതിഷേധം മൂലം അവർക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങാൻ പോലും സാധിച്ചിരുന്നില്ല.

പുണൈ ആസ്ഥാനമായി ഭൂമാതാ ബ്രിഗേഡ് എന്നപേരിൽ 2010 ൽ ഒരു സംഘടനയുണ്ടാക്കിയതോടെയാണ് തൃപ്തി ദേശായി എന്ന പേര് ദേശീയതലത്തിൽ ശ്രദ്ധേയമാകുന്നത്. ക്ഷേത്രങ്ങളിലെ ആരാധനകളിൽ പങ്കെടുക്കുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കുന്നതിനെതിരായാണ് ഇവരുടെ പ്രധാന പോരാട്ടം. മഹാരാഷ്ട്രയിലെ ശനി ശിഖ്നാപൂർ ക്ഷേത്രത്തിലും ഹാജി അലി ദർഗയിലും സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനായി സമരം ചെയ്തതോടെ ഇത്തരം പോരാട്ടങ്ങളുടെ മുഖമായി തൃപ്തിയുടെ ഭൂമാതാ ബ്രിഗേഡ് മാറി.

ശനി ക്ഷേത്രത്തിൽ വനിതകളെ കയറ്റില്ലെന്ന 400 വർഷം പഴക്കമുള്ള ആചാരമാണ് ഭൂമാതാ ബ്രിഗേഡ് തിരുത്തിയത്. നാനൂറോളം സ്ത്രീകളുമായി ക്ഷേത്രത്തിൽ പ്രവേശനത്തിനെത്തിയ തൃപ്തിയെ നാട്ടുകാർ തടഞ്ഞു. ഹർജിയുമായി തൃപ്തി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ക്ഷേത്രപ്രവേശനത്തിന് ലിംഗവിവേചനം പാടില്ലെന്ന് തൃപ്തിയെ ശരിവച്ച് കോടതി ഉത്തരവ് വന്നതോടെ തൃപ്തിയുടെ സമരം ഫലം കണ്ടു. കോടതി ഉത്തരവോടെ ഹാജി അലി ദർഗയിലും സ്ത്രീകൾക്ക് പ്രവേശനം ലഭിച്ചു. കോലാപ്പൂരിലെ മഹാലക്ഷ്മി ക്ഷേത്രത്തിൽ തൃപ്തിയുടെ പ്രവേശനം രോഷാകുലരായ പുരോഹിതരുടെ ആക്രമണം വകവയ്ക്കാതെയായിരുന്നു.

ഈറനോടെയെത്തുന്ന പുരുഷന്മാർക്കുമാത്രം പ്രവേശനമുണ്ടായിരുന്ന നാസിക്കിലെ ത്രയംബകേശ്വർ ക്ഷേത്രത്തിൽ ഈറനുടുത്ത് പൊലീസ് പിന്തുണയോടെ തൃപ്തി ചരിത്രം തിരുത്തി. പ്രവർത്തനമേഖല പുണെ ആണെങ്കിലും കർണാടകക്കാരിയാണ് തൃപ്തി. സന്ന്യാസം സ്വീകരിച്ച പിതാവ് തൃപ്തിയുടെ ചെറുപ്പത്തിൽ തന്നെ കുടുംബം ഉപേക്ഷിച്ചുപോയതോടെ ബാല്യവും കൗമാരവും ഏറെ ബുദ്ധിമുട്ടിലായിരുന്നു. ഹോംസയൻസ് പഠിക്കാൻ ചേർന്നെങ്കിലും സാമ്പത്തികബുദ്ധിമുട്ടുകൊണ്ട് പൂർത്തിയാക്കാനായില്ല. 2003ൽ പൊതുപ്രവർത്തനത്തിലേക്ക് കടന്നു. അണ്ണാഹസാരെയുടെ നേതൃത്വത്തിൽ നടന്ന അഴിമതി വിരുദ്ധസമരത്തിലും പങ്കാളിയായി. 2010ൽ രൂപീകരിക്കുമ്പോൾ 400 അംഗങ്ങളുണ്ടായിരുന്ന തൃപ്തിയുടെ ഭൂമാതാ ബ്രിഗേഡിൽ ഇപ്പോൾ അയ്യായിരത്തിലധികം അംഗങ്ങളുണ്ട്.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലവിൽ പ്രഖ്യാപിച്ച വിധിക്ക് സ്റ്റേ ഇല്ലാത്ത സാഹചര്യത്തിൽ വീണ്ടും ശബരിമലയിൽ പോകുമെന്ന് നേരത്തെ ശബരിമല കയറിയ വിവാദത്തിൽപെട്ട കനകദുർഗയും പ്രതികരിച്ചിരുന്നു. 'വിധി പുനഃപരിശോധിക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനം നിരാശപ്പെടുത്തുന്നില്ല. വിശാല ബെഞ്ച് കാര്യങ്ങളിൽ തീരുമാനം എടുക്കട്ടെ. യുക്തിപൂർവമായ വിധിയാണ് കോടതി പുറപ്പെടുവിച്ചത്. വിധിയിൽ മാറ്റം വരുത്തിയതിൽ രാഷ്ട്രീയ സ്വാധീനം ഉണ്ട്'- കനക ദുർഗ മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല പുനഃപരിശോധനാ ഹർജികൾ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. മതത്തിന്റെ കാര്യത്തിൽ ഇടപെടില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. വിശദമായ വാദം കേട്ട ശേഷമാണ് നടപടിയെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി. വിഷയം ശബരിമലയിൽ മാത്രം ഒതുങ്ങുന്നില്ലെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.മൂന്ന് ജഡ്ജിമാർ വിശാല ബെഞ്ചിന് വിടുന്നതിനെ അനുകൂലിച്ചപ്പോൾ രണ്ട് പേർ എതിർത്തു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, എ.എം. ഖാൻവിൽക്കർ, ഇന്ദു മൽഹോത്ര എന്നിവരാണ് ഏഴംഗ ബെഞ്ചിന് വിടുന്ന നടപടിയെ അനുകൂലിച്ചത്. ആർ.എഫ്. നരിമാനും ഡി.വൈ. ചന്ദ്രചൂഡും നടപടിയെ ശക്തമായി എതിർത്തു. അൻപത്തിയാറ് പുനഃപരിശോധനാ ഹർജികൾ അടക്കം അറുപത് ഹർജികളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP