Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശനം ഈ ഒരു ക്ഷേത്രത്തിന്റെ കാര്യത്തിൽ മാത്രമായി പരിമിതപ്പെടുത്താൻ കഴിയില്ല; മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇത് ഉൾപ്പെടുന്നതാണ്; ചീഫ് ജസ്റ്റീസ് വായിച്ചത് താനും ഖാൻവീൽക്കറും ഇന്ദുമൽഹോത്രയും ഒപ്പിട്ട വിധി; മതത്തിന് വലിയ പ്രാധാന്യമുണ്ടെന്ന നിരീക്ഷണവുമായി ഭൂരിപക്ഷ വിധി; മുമ്പ് പുറപ്പെടുവിച്ച വിധിയിൽ ഉറച്ച് നിന്ന് നരിമാനും ചന്ദ്രചൂഢും; പാഴ്‌സി യുവതികളുടെ വിവാഹവും ഇനി പരിഗണിക്കുക ശബരിമലയിലെ അതേ ബെഞ്ച്

ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശനം ഈ ഒരു ക്ഷേത്രത്തിന്റെ കാര്യത്തിൽ മാത്രമായി പരിമിതപ്പെടുത്താൻ കഴിയില്ല; മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇത് ഉൾപ്പെടുന്നതാണ്; ചീഫ് ജസ്റ്റീസ് വായിച്ചത് താനും ഖാൻവീൽക്കറും ഇന്ദുമൽഹോത്രയും ഒപ്പിട്ട വിധി; മതത്തിന് വലിയ പ്രാധാന്യമുണ്ടെന്ന നിരീക്ഷണവുമായി ഭൂരിപക്ഷ വിധി; മുമ്പ് പുറപ്പെടുവിച്ച വിധിയിൽ ഉറച്ച് നിന്ന് നരിമാനും ചന്ദ്രചൂഢും; പാഴ്‌സി യുവതികളുടെ വിവാഹവും ഇനി പരിഗണിക്കുക ശബരിമലയിലെ അതേ ബെഞ്ച്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമലയിലെ യുവതീപ്രവേശനം പുനഃപരിശോധിക്കാൻ സുപ്രീംകോടതി. മതപരമായ വിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്നും വിഷയത്തിൽ വിശാലമായ രീതിയിൽ ചർച്ചയും പരിശോധനയും ആവശ്യമാണെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പ്രഖ്യാപിച്ചു. നിലവിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ അഞ്ചംഗ സമിതിയാണ് കേസ് പരിഗണിച്ചത്. ഈ കേസാണ് ഇനി ഏഴംഗ ബെഞ്ചിന് വിടുന്നത്. മതത്തിന് വലിയ പ്രാധാന്യം ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു. ഒരേ മതത്തിലെ രണ്ട് വിഭാഗങ്ങൾക്കും തുല്യ അവകാശമെന്ന് ചീഫ് ജസ്റ്റിസ് വിശദീകരിച്ചിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ഖാൻവീൽക്കറും ഇന്ദുമൽഹോത്രയും ഒപ്പിട്ട വിധിയാണ് ചീഫ് ജസ്റ്റിസ് വായിച്ച് തുടങ്ങിയത്. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് മുമ്പ് പുറപ്പെടുവിച്ച വിധിയിൽ ഉറച്ചുനില്ക്കുന്നുവെന്ന് ജസ്റ്റിസുമാരായ റോഹിന്റൺ നരിമാനും ഡി വൈ ചന്ദ്രചൂഢും വ്യക്തമാക്കിയതോടെയാണ് ഇത്. ഈ സാഹചര്യത്തിലാണ് ഭൂരിപക്ഷ വിധി ചീഫ് ജസ്റ്റീസ് വായിച്ചത്.

ശബരിമല പുനപരിശോധന ഹർജികളിൽ ഏകകണ്ഠമായ തീരുമാനം അല്ല സുപ്രീം കോടതിയിൽ നിന്ന് ഉണ്ടായത്. അഞ്ചംഗ ബെഞ്ചിൽ മൂന്ന് പേർ വിശാല ബെഞ്ച് എന്ന ആവശ്യത്തിൽ ഉറച്ച് നിന്നു. ഭൂരിപക്ഷ വിധിയുടെ ഭാഗമായാണ് ഏഴംഗ വിശാല ബെഞ്ചിലേക്ക് വിടാൻ തീരുമാനിച്ചത്. അഞ്ചിൽ മൂന്ന് ജഡ്ജിമാർ വിശാല ബെഞ്ച് വേണമെന്ന നിലപാടെടുത്തപ്പോൾ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് , റോഹിന്റൻ നരിമാൻ എന്നിവർ വിയോജന വിധിയാണ് എഴുതിയത്. നേരത്തെയും ഇന്ദു മൽഹോത്ര യുവതി പ്രവേശനത്തെ എതിർത്തിരുന്നു. റോഹിന്റൺ നരിമാനും പുനപരിശോധനയാകാമെന്ന നിലപാടിലേക്ക് എത്തി. ചീഫ് ജസ്റ്റീസ് സ്ഥാനത്ത് നിന്ന് ദീപക് മിശ്ര മാറി രഞ്ജൻ ഗോഗോയ് എത്തിയതാണ് ഇതിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇനി രൂപീകരിക്കാൻ പോകുന്ന ഏഴംഗ ബഞ്ച് പാഴ്‌സി സമുദായത്തിലെ സ്ത്രീകളുടെ വിവാഹവുമായി ബന്ധപ്പെട്ടും കേസ് പരിഗണിക്കും. ഇതിനൊപ്പം മുസ്ലിം യുവതികളുടെ പള്ളി പ്രവേശനവും. ഇതോടെ ശബരിമല കേസ് പുതിയ തലത്തിലേക്ക് എത്തുകയാണ്.

കഴിഞ്ഞ ദിവസം മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച ഹർജി പരിഗണിക്കുമ്പോൾ അതിൽ വിശദമായ പരിശോധന ആവശ്യമാണെന്ന് നിയുക്ത ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെ വ്യക്തമാക്കിയിരുന്നു. സമാനസ്വഭാവമുള്ള നിരവധി കേസുകളെല്ലാം കോടതിയുടെ പരിഗണനയ്ക്കുള്ളതിനാൽ വിശാലമായ ബെഞ്ച് കേൾക്കണമെന്നാണ് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയും ജസ്റ്റീസുമാരായ ഇന്ദുമൽഹോത്രയും എ.എം ഖാൻവിൽക്കറും ഉൾപ്പെടുന്ന ഭൂരിപക്ഷ വിധിയിൽ പറയുന്നു. 'ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശനം ഈ ഒരു ക്ഷേത്രത്തിന്റെ കാര്യത്തിൽ മാത്രമായി പരിമിതപ്പെടുത്താൻ കഴിയില്ല. മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇത് ഉൾപ്പെടുന്നതാണ്' എന്നാണ് ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയത്. രോഹിങ്ടൺ നരിമാൻ, ഡി.വൈ ചന്ദ്രചൂഢും ന്യൂനപക്ഷവിധി പ്രസ്താവിച്ചു. സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം ഉയർത്തിപ്പിടിക്കണമെന്നും പഴയ വിധി നടപ്പാക്കാൻ അതിന് സർക്കാരിന് അധികാരമുണ്ടെന്നും ഇവരുടെ വിധി പ്രസ്താവത്തിൽ പറയുന്നു. പനഃപരിശോധന ഹർജികൾ എല്ലാം തള്ളിയതായും ഇവർ വ്യക്തമാക്കി.

രാജ്യത്തെ മോസ്‌ക്കുകളിലും ചില പാഴ്സി ക്ഷേത്രങ്ങളിലും സ്ത്രീകൾക്ക് വിലക്ക് നില നിൽക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ ഹർജികൾ മുന്നിലുണ്ടെന്നും കോടതി കണ്ടെത്തി. ആരാധനാലയങ്ങളിൽ സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ പരിശോധന വേണമെന്നും ഇതിനായി വിശാലമായ ബഞ്ച് പരിഗണിക്കേണ്ടതുണ്ടെന്നും കണ്ടെത്തുകയായിരുന്നു. സമാനമായ ഹർജികളെല്ലാം വിശാല ബഞ്ച് ഒരുമിച്ച് പരിഗണിക്കും. വിശാലബഞ്ച് നിലവിൽ വരും വരെ ശബരിമലയിൽ തൽസ്ഥിതി തുടരുമെന്നാണ് സൂചന. അതേസമയം പഴയ വിധി സ്റ്റേ ചെയ്യണമെന്നോ നിലവിലെ സ്ഥിതി തുടരണമെന്നോ വിധിയിൽ പരാമർശമില്ല. വിധി പുനഃപരിശോധിക്കണമെന്ന ആവശ്യപ്പെട്ട് 56 ഹർജികളാണ് സുപ്രീംകോടതിക്ക് മുന്നിൽ എത്തിയത്. 2018 സെപ്റ്റംബർ 28-നായിരുന്നു ശബരിമലയിൽ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കാമെന്ന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഭരണഘടന പ്രകാരം ആചാരങ്ങൾക്കുള്ള അവകാശം സ്ത്രീയ്ക്കും പുരുഷനും തുല്യമാണെന്നും ശാരീരികാവസ്ഥയുടെ പേരിലുള്ള വിവേചനം മൗലീക അവകാശങ്ങളുടെ ലംഘനമാണെന്നും ആയിരുന്നു സുപ്രീംകോടതി നേരത്തേ വിലയിരുത്തിയത്. എന്നാൽ പിന്നീട് സമർപ്പിക്കപ്പെട്ട പുനഃ പരിശോധനാ ഹർജിയിൽ 2019 ഫെബ്രുവരി 6 ന് ഒരു ദിവസം മുഴുവൻ വാദം കേട്ട് ഒമ്പതു മാസത്തിന് ശേഷമായിരുന്നു വിപുലമായ ബഞ്ചിന് വിടുന്നത്.

ലിംഗ സമത്വവും ആരാധാന സ്വാതന്ത്ര്യവും വിശ്വാസവും ആചാരങ്ങളും സംബന്ധിച്ച കാര്യങ്ങളെല്ലാം വിശാലമായ ബെഞ്ചിന്റെ വിശദമായ പരിഗണനയ്ക്ക് വരേണ്ടതാണെന്ന നിലപാടാണ് അഞ്ചംഗ ബെഞ്ചിലെ ഭൂരിപക്ഷ വിധിയിലൂടെ സുപ്രീം കോടതി സ്വീകരിച്ചിരിക്കുന്നത്. ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച് 2018 സെപ്റ്റംബർ 28നു നൽകിയ വിധി പുനഃപരിശോധിക്കാനാണു തീരുമാനം. പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട 56 ഹർജികളിലും അനുബന്ധ ഹർജികളിലും കഴിഞ്ഞ ഫെബ്രുവരി ആറിന് വാദം പൂർത്തിയായിരുന്നു. ഇതോടെ യുവതീപ്രവേശത്തിനായി ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷൻ 2006ൽ നൽകിയ ഹർജിയിൽ ആദ്യം മുതൽ വീണ്ടും വാദം കേൾക്കാൻ അവസരമൊരുങ്ങി. ദേവസ്വം കമ്മിഷണറായിരുന്ന എസ്.ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാനത്തു നടത്തിയതിന്റെ ചിത്രം 1990 ഓഗസ്റ്റ് 19ന് പത്രങ്ങളിൽ വന്നതോടെയാണു നിയമപോരാട്ടങ്ങളുടെ തുടക്കം.

ചങ്ങനാശേരി സ്വദേശി എസ്.മഹേന്ദ്രൻ ഈ ചിത്രം ഉൾപ്പെടുത്തി ഹൈക്കോടതിയിൽ 1990 സെപ്റ്റംബറിൽ പരാതി നൽകി. ഇതു റിട്ട് ഹർജിയായി പരിഗണിക്കാൻ ഹൈക്കോടതി തീരുമാനിച്ചു. 1991 ഏപ്രിൽ 5ന് ശബരിമലയിലെ യുവതീപ്രവേശം ഹൈക്കോടതി നിരോധിച്ചു. 2006 ലാണ് യങ് ലോയേഴ്‌സ് അസോസിയേഷൻ ശബരിമലയിൽ യുവതീപ്രവേശം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP