Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ക്ഷേത്രതാഴികക്കുടം മോഷണക്കേസിലെ പ്രതിയെ ആദ്യം പഞ്ചായത്ത് ജനറൽ സെക്രട്ടറിയാക്കി; ഇപ്പോൾ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയും; ചെങ്ങന്നൂരിലെ ബിജെപിയിൽ വിവാദം പുകയുന്നു

ക്ഷേത്രതാഴികക്കുടം മോഷണക്കേസിലെ പ്രതിയെ ആദ്യം പഞ്ചായത്ത് ജനറൽ സെക്രട്ടറിയാക്കി; ഇപ്പോൾ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയും; ചെങ്ങന്നൂരിലെ ബിജെപിയിൽ വിവാദം പുകയുന്നു

ആർ കനകൻ

ചെങ്ങന്നൂർ: ഇറിഡിയം ലഭിക്കുമെന്ന് കരുതി ക്ഷേത്രതാഴികക്കുടം മോഷ്ടിച്ച കേസിലെ പ്രതിയെ പഞ്ചായത്ത് ജനറൽ സെക്രട്ടറിയാക്കിയ ബിജെപി ഇപ്പോൾ അദ്ദേഹത്തെ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയത് വിവാദത്തിൽ. യോഗ്യരായ നിരവധി പ്രവർത്തകരുണ്ടായിരിക്കേ കളങ്കിത വ്യക്തിത്വങ്ങൾക്ക് സീറ്റ് നൽകിയതിനെ ചൊല്ലിയാണ് ചെങ്ങന്നൂരിലെ ബിജെപിയിൽ കലാപം ഉടലെടുത്തിരിക്കുന്നത്.

പാണ്ടനാട് മുതവഴി ശ്രീകുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ട് പഴക്കമുള്ള താഴികക്കുടം മോഷ്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതി തിരുവൻവണ്ടൂർ കല്ലിശേരി അഴകിയകാവിൽ വീട്ടിൽ പിടി ലിജുവിനെയാണ് ആദ്യം ബിജെപി തിരുവൻവണ്ടൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറിയാക്കിയത്. പിന്നീട്, ഉമയാറ്റുകര സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ജനകീയ മുന്നണി സ്ഥാനാർത്ഥിയുമാക്കി. ജനറൽ വിഭാഗത്തിൽ ക്രമനമ്പർ അഞ്ചായിട്ടാണ് ലിജു മത്സരിക്കുന്നത്. 2011 ലാണ് കുമാരമംഗലം ക്ഷേത്രത്തിലെ താഴികക്കുടം ലിജു അടങ്ങുന്ന സംഘം മോഷ്ടിച്ചത്. ക്ഷേത്രതാഴികക്കുടത്തിൽ ഇറിഡിയം ഉണ്ടെന്ന പ്രചാരണത്തിനൊടുവിലാണ് നൂറ്റാണ്ട് പഴക്കമുള്ള താഴികക്കുടം പ്രതികൾ തകർത്തത്.

ഈ കേസിൽ വിചാരണ നടന്നു വരികയാണ്. യോഗ്യതയും പ്രവർത്തന പാരമ്പര്യവുമുള്ള നിരവധി പ്രവർത്തകർ ഉണ്ടായിരിക്കേ മോഷണക്കേസ് പ്രതിയെ സ്ഥാനാർത്ഥിയാക്കിയതാണ് ബിജെപിയിൽ എതിർപ്പിന് കാരണമായിരിക്കുന്നത്. ജനകീയ മുന്നണിയുടെ പാനലിന് മുഴുവൻ കളങ്കമാണ് ലിജുവിന്റെ സ്ഥാനാർത്ഥിത്വം എന്നാണ് ആരോപണം.

സിപിഎം മുന്നണി ബിജെപിക്ക് എതിരേ ഉപയോഗിക്കുന്ന പ്രധാന ആരോപണവും ലിജുവിന്റെ സ്ഥാനാർത്ഥിത്വം തന്നെയാണ്. നേതാക്കളിൽ ചിലരോടുള്ള അടുപ്പമാണ് ലിജുവിന്റെ സ്ഥാനാർത്ഥിത്വത്തിന് കാരണമായി പറയുന്നത്. എന്തായാലും ലിജുവിനെ തള്ളിപ്പറയാൻ ബിജെപി നിലവിൽ തയാറല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP