Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മതിയായ ഹാജരില്ലാതിരുന്നതിനാൽ പരീക്ഷയെഴുതാനാകില്ലെന്ന ഭയം പാലക്കാട്ടുകാരന്റെ ആത്മഹത്യക്ക് കാരണമായി; സ്വയം ജീവനൊടുക്കലുകൾ തുടർക്കഥയായിട്ടും നടപടി എടുക്കാതെ പൊലീസും; ഫാത്തിമാ ലത്തീഫിന്റെ ആത്മഹത്യ ചർച്ചയാക്കുന്നതും വർഗ്ഗീയത തന്നെ; കഴിഞ്ഞ വർഷം ജീവനൊടുക്കിയത് അദ്ധ്യാപികയടക്കം അഞ്ച് പേർ; ദലിതരെയും പിന്നാക്കക്കാരെയും ന്യൂനപക്ഷങ്ങളെയും പുകച്ചു പുറത്തു ചാടിക്കുന്ന അയ്യങ്കാർ കോട്ടയോ മദ്രാസ് ഐഐടിയോ?

മതിയായ ഹാജരില്ലാതിരുന്നതിനാൽ പരീക്ഷയെഴുതാനാകില്ലെന്ന ഭയം പാലക്കാട്ടുകാരന്റെ ആത്മഹത്യക്ക് കാരണമായി; സ്വയം ജീവനൊടുക്കലുകൾ തുടർക്കഥയായിട്ടും നടപടി എടുക്കാതെ പൊലീസും; ഫാത്തിമാ ലത്തീഫിന്റെ ആത്മഹത്യ ചർച്ചയാക്കുന്നതും വർഗ്ഗീയത തന്നെ; കഴിഞ്ഞ വർഷം ജീവനൊടുക്കിയത് അദ്ധ്യാപികയടക്കം അഞ്ച് പേർ; ദലിതരെയും പിന്നാക്കക്കാരെയും ന്യൂനപക്ഷങ്ങളെയും പുകച്ചു പുറത്തു ചാടിക്കുന്ന അയ്യങ്കാർ കോട്ടയോ മദ്രാസ് ഐഐടിയോ?

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ദലിതരെയും പിന്നാക്കക്കാരെയും ന്യൂനപക്ഷങ്ങളെയും പുകച്ചുപുറത്തുചാടിക്കുന്ന അയ്യങ്കാർ കോട്ടയാണ് മദ്രാസ് ഐ.ഐ.ടി. കാമ്പസ്? ആത്മഹത്യകൾക്ക് കുപ്രസിദ്ധമായ കാമ്പസിനെതിരെ ഉയരുന്നത് വലിയ ആരോപണങ്ങലാണ്. കഴിഞ്ഞവർഷം അദ്ധ്യാപികയടക്കം അഞ്ചുപേരാണ് കാമ്പസിൽ ജീവനൊടുക്കിയത്. കഴിഞ്ഞദിവസം ജീവനൊടുക്കിയ കൊല്ലം സ്വദേശിയായ ഒന്നാംവർഷ ഇന്റഗ്രേറ്റഡ് എം.എ. വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫടക്കം രണ്ടു മലയാളികളും ഇതിൽ ഉൾപ്പെടുന്നു. ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യാ കുറിപ്പോടെ മദ്രാസ് ഐഐടിയിലെ മത ഭീകരതയും ചർച്ചയാകുകയാണ്.

പാലക്കാട് സ്വദേശിയായ ഓഷ്യൻ എൻജിനിയറിങ് അവസാനവർഷ വിദ്യാർത്ഥി എസ്. ഷഹൽ കോർമത് 2018 സെപ്റ്റംബറിലാണ് ആത്മഹത്യചെയ്തത്. മതിയായ ഹാജരില്ലാതിരുന്നതിനാൽ പരീക്ഷയെഴുതാനാകില്ലെന്ന ഭയമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസ് ഭാഷ്യം. 2018 ഡിസംബറിൽ ഫിസിക്‌സ് വകുപ്പിലെ അദ്ധ്യാപികയായ അതിഥി സിംഹ (48) ക്വാർട്ടേഴ്‌സിലെ മുറിയിൽ ആത്മഹത്യചെയ്തു. കുടുംബപ്രശ്‌നങ്ങളെത്തുടർന്നാണ് ആത്മഹത്യയെന്ന് പൊലീസ് പറയുന്നു.

ജനുവരിയിൽ ഗവേഷണവിദ്യാർത്ഥിയായ ജാർഖണ്ഡ് സ്വദേശി രഞ്ജനകുമാരി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി. ജനുവരിയിൽത്തന്നെ ഉത്തർപ്രദേശ് സ്വദേശിയായ എം.ടെക്. ഒന്നാംവർഷ വിദ്യാർത്ഥി ഗോപാൽ ബാബു ഹോസ്റ്റലിൽ ആത്മഹത്യചെയ്തു. എല്ലാ സംഭവങ്ങളിലും കോട്ടൂർപുരം പൊലീസ് കേസ് രജിസ്റ്റർചെയ്തിട്ടുണ്ട്. ഈവർഷമാദ്യം തുടർച്ചയായി രണ്ട് ആത്മഹത്യകൾ നടന്നതോടെ, വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് നടപടിയെടുക്കണമെന്നുകാണിച്ച് ഉന്നത പൊലീസുദ്യോഗസ്ഥർ ഐ.ഐ.ടി. അധികൃതർക്ക് കത്തയച്ചിരുന്നു. എന്നാലും ഗൗരവത്തോടെ ഒന്നും നടന്നില്ല. ഇതാണ് ചെന്നൈയിലെ മദ്രാസ് ഐഐടിയെ വിവാദത്തിലാകുന്നത്.

അംബേദ്കർ പെരിയാർ സ്റ്റഡി സർക്കിൾ മദ്രാസ് ഐഐടിയിൽ രൂപമെടുക്കുമ്പോൾ അവർ ആ സ്ഥാപനത്തെ വിശേഷിപ്പിച്ചിരുന്നത് അയ്യർ, അയ്യങ്കാർ, ടെക്നോളജി എന്നാണ്. ചെയ്ഞ്ച് ഇന്ത്യ ഡയറക്ടറുടെ അഭിപ്രായത്തിൽ ഐഐടി മദ്രാസ് ഒരു അഗ്രഹാരമാണ്. അവിടത്തെ വിദ്യാർത്ഥികൾ മാത്രമല്ല, അദ്ധ്യാപകരും സവർണ പക്ഷപാതികളും എന്ന വിമർശനവും സജീവമാണ്. 2008 ലെ ഒരു കണക്കനുസരിച്ച് ഒബിസി വിദ്യാർത്ഥികൾക്ക് സംവരണം ഏർപ്പെടുന്ന കാലത്തുതന്നെ മദ്രാസ് ഐഐടിയിൽ പൊതുവിഭാഗത്തിൽ 77.5ശതമാനവും തമിഴ് ബ്രാഹ്മണരായിരുന്നു. തമിഴ്‌നാട്ടിലെ ജനസംഖ്യയിൽ 3 ശതമാനം മാത്രമാണ് തമിഴ് ബ്രാഹ്മണർ. 85 ശതമാനം അദ്ധ്യാപകരും ഉയർന്ന ജാതിയിൽ നിന്നായിരുന്നു. അദ്ധ്യാപകരിൽ പത്ത് ശതമാനം മാത്രമാണ് ഒബിസി, പിന്നെ കുറച്ച് ദലിതരും.

സംവരണത്തിനെതിരേ ഏറ്റവും കടുത്ത ആക്രമണം ഉയർന്നുവന്ന വിദ്യാലയമാണ് മദ്രാസ് ഐഐടി. 1983 ൽ ഐഐടിയിലെ 20 ാം ബിരുദദാനച്ചടങ്ങിനെത്തിയ രാഷ്ട്രപതി ഗ്യാനി സെയിൽസിങ്ങ് ഉള്ള വേദിയിൽ വച്ച് അന്നത്തെ സവർണനായ ഡയറക്ടർ പി വി ഇന്ദിരേശൻ സംവരണത്തെ ഇകഴ്‌ത്തിക്കൊണ്ട് സംസാരിച്ചു. സംവരണം ഐഐടിയുടെ നിലവാരം താഴ്‌ത്തുന്നുവെന്നാണ് അദ്ദേഹം പരാതിപ്പെട്ടത്. ഐഐടിയുടെ പവിത്രത ഇല്ലാതാവുന്നു, സംവരണം ഐഐടിയെ രാഷ്ട്രീയക്കാരുടെ കൈകളിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐഐടിയിൽ ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രാലയം അത് പഠിക്കാനും നിർദ്ദേശങ്ങൾ നൽകാനുമായി 1984ൽ ഒരു 17 അംഗ പാർലമെന്ററി കമ്മിറ്റിയെ നിയമിച്ചു. എസ്.എസി /എസ്.ടി വിദ്യാർത്ഥികൾക്കു വേണ്ടി പ്രത്യേക പ്രവേശന പരീക്ഷ നടത്താൻ ഈ കമ്മിറ്റി ശുപാർശ ചെയ്തു. ഈ സാഹചര്യത്തിൽ കൂടിയാണ് ഇന്ദിരേശൻ വിമർശനവുമായി എത്തിയത്.

അംബേദ്കർ പെരിയാർ സ്റ്റഡി സർക്കിൾ രൂപീകരിച്ച് ചിലർ ചെന്നൈയിൽ എതിർപ്പുയർന്നു. അംബേദ്കർ പെരിയാർ സ്റ്റഡി സർക്കിൾ ബീഫ് ഫെസ്റ്റിവലുമായി രംഗത്തുവന്നു. 2012 ൽ ഐഐടിയിലെ ഹോസ്റ്റലിൽ മാത്രം ഒതുങ്ങിനിന്ന ബീഫ് ഫെസ്റ്റിവൽ പിന്നീട് പുറത്തേക്കെത്തിയെന്നു മാത്രമല്ല, രാജ്യത്താകമാനം പടർന്നുപിടിക്കുകയും ചെയ്തു. കന്നുകാലി കച്ചവടത്തിനെതിരേ കേന്ദ്രസർക്കാരിന്റെ പുതിയ നിയമമായിരുന്നു ബീഫ്ഫെസ്റ്റിവലിലേക്ക് നയിച്ച അടിയന്തിര പ്രകോപനം. ഇത് അക്രമമായി. എയറോസ്പേസ് വിഭാഗത്തിലെ പിഎച്ച്ഡി വിദ്യാർത്ഥി ആർ സൂരജിന്റെ കണ്ണിന് പരിക്കേറ്റു. മറ്റൊരാൾക്ക് കൈയ്ക്കും പരിക്കേറ്റു. ബീഫ് ഞങ്ങൾക്ക് പശുമൂത്രം നിങ്ങൾക്ക്. അതായിരുന്നു അംബേദ്കർ പെരിയാർ സ്റ്റഡി സർക്കിൾ ഉയർത്തിയ മുദ്രാവാക്യം.

ഈ സാഹചര്യത്തിൽ വേണം ഫാത്തിമ ലതീഫിന്റെ ആത്മഹത്യയെ മനസ്സിലാക്കാൻ. ഒരു സവർണസ്ഥാപനത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന മുസ്ലിം വിദ്യർത്ഥിയോട് ക്ഷമിക്കാൻ കഴിയുന്നവരല്ല ഇന്നും അവിടെയുള്ള അദ്ധ്യാപകർ. ഒരു അയ്യങ്കാർ കോട്ടയിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കാനും വയ്യ. ഈ വർഷം തന്നെ അഞ്ചു പേരോളം അവിടെ ആത്മഹത്യ ചെയ്തിട്ടുണ്ട്. അതിൽ ഒരാൾ അവിടത്തെ അദ്ധ്യാപികയുമാണ്. ദലിതരെയും പിന്നാക്കക്കാരെയും ന്യൂനപക്ഷങ്ങളെയും പുകച്ചുപുറത്തുചാടിക്കുകയാണ് ഈ കോട്ടയിലെ സവർണ അന്തേവാസികളുടെ ലക്ഷ്യം. അതുതന്നെയാണ് അവിടെ നടന്നതും. അതിന്റെ അവസാന ഇരയാണ് ഫാത്തിമ ലത്തീഫ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP