Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തോമസ് ചാണ്ടിയുടെ കൈയേറ്റങ്ങൾ ചർച്ചയാക്കിയ പോരാളി; കൈനകരിയിലെ ചുവപ്പ് കോട്ടയിളക്കി സ്വതന്ത്രനായി ജയിച്ച ജനകീയൻ; വെള്ളപ്പൊക്കക്കാലത്ത് പാലത്തിനിന് അടിയിലൂടെ വള്ളം ചവിട്ടി താഴ്‌ത്തി കൊണ്ടു പോകുന്നതിലെ അപകടം തിരിച്ചറിഞ്ഞ് 25 കൊല്ലം മുമ്പത്തെ നടപ്പാലം പൊളിച്ച് പണിതതും ജനകീയ പിന്തുണയോടെ; രാത്രിയുടെ മറവിൽ പഞ്ചായത്തിന്റെ ആസ്തി പൊളിച്ചെന്ന ആരോപണത്തിൽ അറസ്റ്റിലായത് സിപിഎമ്മിന്റെ വലിയ ശത്രു; ബികെ വിനോദിന്റെ ജയിൽ മോചനത്തിന് കൈനകരി കൈകോർക്കുമ്പോൾ

തോമസ് ചാണ്ടിയുടെ കൈയേറ്റങ്ങൾ ചർച്ചയാക്കിയ പോരാളി; കൈനകരിയിലെ ചുവപ്പ് കോട്ടയിളക്കി സ്വതന്ത്രനായി ജയിച്ച ജനകീയൻ; വെള്ളപ്പൊക്കക്കാലത്ത് പാലത്തിനിന് അടിയിലൂടെ വള്ളം ചവിട്ടി താഴ്‌ത്തി കൊണ്ടു പോകുന്നതിലെ അപകടം തിരിച്ചറിഞ്ഞ് 25 കൊല്ലം മുമ്പത്തെ നടപ്പാലം പൊളിച്ച് പണിതതും ജനകീയ പിന്തുണയോടെ; രാത്രിയുടെ മറവിൽ പഞ്ചായത്തിന്റെ ആസ്തി പൊളിച്ചെന്ന ആരോപണത്തിൽ അറസ്റ്റിലായത് സിപിഎമ്മിന്റെ വലിയ ശത്രു; ബികെ വിനോദിന്റെ ജയിൽ മോചനത്തിന് കൈനകരി കൈകോർക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൈനകരി: ആലപ്പുഴയിലെ പല കൈയേറ്റങ്ങളും നിയമ വിധേയമാക്കുന്ന സർക്കാരുകളാണ് എന്നും കേരളം ഭരിച്ചത്. മന്ത്രിയായിരിക്കെ തോമസ് ചാണ്ടിയുടെ പേരിലുയർന്ന കൈയേറ്റങ്ങളും ഏറെ വിവാദങ്ങളുണ്ടാക്കി. എന്നാൽ ഇതിൽ നിന്നെല്ലാം വിചിത്രമായ കഥയാണ് ബികെ വിനോദ് എന്ന പഞ്ചായത്ത് അംഗത്തിന് പറയാനുള്ളത്. കുട്ടനാട് കൈനകരിയിൽ പാലുകാരൻതോടിനു കുറുകെയുണ്ടായിരുന്ന ചാക്കോക്കളം നടപ്പാലം പൊളിച്ചതാണ് വിനോദിനെ അഴിക്കുള്ളിലാക്കുന്നത്.

25 വർഷത്തിലേറെ പഴക്കമുണ്ടായിരുന്ന പാലം നാട്ടുകാരുടെ ആവശ്യപ്രകാരം പൊളിച്ചുപണിത പഞ്ചായത്തംഗത്തെ പൊലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചതിനെതിരെ പ്രതിഷേഘം ആളികത്തുകയാണ്. വിനോദിന്റെയും നാട്ടുകാരൻ രതീഷിന്റെയും മോചനത്തിന് നാട് ഒന്നിച്ചിരിക്കുകയാണ്. കൈനകരിയിലെ കുട്ടമംഗലത്ത് പത്തടി വീതിയുള്ള ഇടത്തോടിനു മുകളിൽ നടപ്പാലം നിർമ്മിച്ചത് 25 വർഷംമുമ്പാണ്. ജലനിരപ്പിൽനിന്ന് കഷ്ടിച്ച് രണ്ടടിമാത്രം ഉയരമുള്ള പാലം തോട്ടിലൂടെ വള്ളം പോകുന്നതിനു തടസ്സമായിരുന്നു. വള്ളം ചവിട്ടിത്താഴ്‌ത്തിയാണ് വെള്ളപ്പൊക്കക്കാലത്ത് പാലത്തിനടിയിലൂടെ യാത്രക്കാരെ കൊണ്ടുപോയിരുന്നത്.

നാട്ടുകാരുടെ ആവശ്യപ്രകാരം, സെപ്റ്റംബറിൽ രണ്ടാം വാർഡ് അംഗം കൂടിയായ വിനോദിന്റെ നേതൃത്വത്തിൽ പാലം പൊളിച്ചു. അന്നുതന്നെ ഏഴടി ഉയരത്തിൽ ഭിത്തികെട്ടി ഉയർത്തി ഇരുമ്പു നടപ്പാലമുണ്ടാക്കി. നാട്ടുകാരുടെ സംഭാവന ഉപയോഗിച്ചായിരുന്നു നിർമ്മാണം. ഖജനാവിന് നഷ്ടമൊന്നും വന്നില്ല. എന്നാൽ, പാലം പൊളിച്ചത് പൊതുമുതൽ നശിപ്പിക്കലാണെന്ന് സിപിഎം. നിയന്ത്രണത്തിലുള്ള കൈനകരി പഞ്ചായത്ത് ഭരണസമിതി പൊലീസിൽ പരാതിപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നാലു പ്രതികളിൽ രണ്ടുപേരെയാണ് അറസ്റ്റുചെയ്തത്. ഇതാണ് വിവാദങ്ങൾക്ക് കാരണമായത്.

വിനോദ് കൈനകരി വികസനസമിതിയുടെ പേരിൽ സ്വതന്ത്രനായി മത്സരിച്ചാണ് വിജയിച്ചത്. സിപിഎമ്മിന് എതിരില്ലാതിരുന്ന പഞ്ചായത്തിൽ കഴിഞ്ഞതവണ വികസനസമിതിയുടെ പേരിൽ മത്സരിച്ച മൂന്നുപേർ വിജയിച്ചിരുന്നു. ഇതിലെ വൈരാഗ്യമാണ് കേസിലേക്ക് കാര്യങ്ങളെത്തിയത്. വിനോദിനേയും കൂട്ടുകാരേയും ജാമ്യത്തിലിറക്കാൻ നാട്ടുകാർ ഒന്നിച്ചിട്ടുണ്ട്. ജാമ്യത്തുക കെട്ടിവെക്കേണ്ടിവന്നാൽ അതിനും തയ്യാറാണെന്ന് നാട്ടുകാർ പറയുന്നു. സംഭവമറിഞ്ഞ് കൊടിക്കുന്നിൽ സുരേഷ് എംപി. ബുധനാഴ്ച പാലം സന്ദർശിക്കുകയും വിനോദിന് പിന്തുണ അറിയിക്കുകയും ചെയ്തു. തുടർന്ന് കുട്ടമംഗലത്തെത്തി ബന്ധുക്കളെയും നാട്ടുകാരെയും കണ്ടു.

പഞ്ചായത്തിന്റെ ആസ്തിയിൽവരുന്ന പാലമാണ് രാത്രിയുടെ മറവിൽ പൊളിച്ചതെന്നാണ് കൈനകരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സജീവ് പറയുന്നത്. ഭരണസമിതിയിൽ ചർച്ചചെയ്ത് ഭൂരിപക്ഷ തീരുമാനപ്രകാരമാണ് സെക്രട്ടറി പരാതിനൽകിയത്. പരാതിയിൽ ആരുടെയും പേര് പരാമർശിച്ചിരുന്നില്ലെന്നും അവർ പറയുന്നു. എന്നാൽ കൈനകരി പഞ്ചായത്തംഗം വിനോദിന്റെ അറസ്റ്റിനുപിന്നിൽ ചില വമ്പന്മാരുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയും ആരോപിക്കുന്നു. ഒരു എംഎ‍ൽഎ.യുടെ കൈയേറ്റവുമായി ബന്ധപ്പെട്ട് വിനോദ് നേരത്തേ പരാതികൾ നൽകിയിരുന്നു. പഞ്ചായത്ത് തന്നെ മുൻകൈയെടുത്ത് പൊളിക്കേണ്ട പാലമാണ് നാട്ടുകാരും പഞ്ചായത്തംഗവും ചേർന്നു പൊളിച്ചതെന്നും കൊടിക്കുന്നിൽ സുരേഷ് എംപി. വിശദീകരിക്കുന്നു.

പിണറായി വിജയൻ സർക്കാറിന്റെ മന്ത്രി സഭയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ശേഷവും താമസ് ചാണ്ടി മാർത്താണ്ഡം കായലിൽ സർക്കാർ ഭൂമി കയ്യേറിയെന്ന് വില്ലേജ് ഓഫീസർ പ്രാഥമിക അന്വേഷണം നടത്തി കയ്യേറ്റം റിപ്പോർട്ട് ചെയ്തിട്ടും അധികൃതർ നടപടിയെടുക്കാൻ തയ്യാറായിരുന്നില്ല. ബികെ വിനോദ് നൽകിയ പരാതിയിലാണ് വില്ലേജ് ഓഫീസർ അന്വേഷണം നടത്തിയത്. 2017 മെയ്24നാണ് ബികെ വിനോദ് പരാതി നൽകിയത്. വില്ലേജ് ഓഫീസറുടെ അന്വേഷണത്തിൽ മാർത്താണ്ഡം കായലിലെ ഒന്നരമീറ്റർ വഴിയും സർക്കാർ തണ്ട പേരിലുള്ള മിച്ചഭൂമിയും നികത്തുന്നതായി തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസർ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് സ്റ്റോപ്പ് മെമോ നൽകി.

സംഭവം ആലപ്പുഴ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. അന്ന് പരാതിക്കാരനായ ബികെ വിനോദിന്റെ പേരിൽ മന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു എന്ന രീതിയിൽ പരാതി നൽകി വിഷയം മറച്ചു വെക്കാൻ ശ്രമം നടന്നിരുന്നു. അങ്ങനെ തോമസ് ചാണ്ടിയുടെ കൈയേറ്റത്തിനെതിരെ പ്രതികരിച്ച വ്യക്തിയാണ് വികെ വിനോദ്. ഇതിന്റെ പ്രതികാരം തീർക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. അതുകൊണ്ടാണ് അവർ ഒരുമിക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP