Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെൺമണിയിൽ ചർച്ചയാകുന്നതും ഇതരസംസ്ഥാന തൊഴിലാളികളുടെ മുഖം മൂടിയുമായി ബംഗ്ലാദേശികൾ എത്തുന്നുവെന്ന സത്യം; കുഞ്ഞു മോന്റേയും ലില്ലിയുടേയും ഘാതകരെ വിശാഖപട്ടണത്തിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ പിടിച്ചത് കേരളാ പൊലീസിന്റെ തന്ത്രപരമായ അതിവേഗ നീക്കങ്ങൾ; വിദേശത്തെ ജോലി വിട്ട് ശിഷ്ടകാലം സ്വന്തം നാട്ടിൽ കഴിയാനെത്തിയ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയത് സ്വർണം കവരാനെന്ന് സൂചന; അറസ്റ്റിലായവരിൽ നിന്ന് കണ്ടെത്തിയത് 40 പവൻ

വെൺമണിയിൽ ചർച്ചയാകുന്നതും ഇതരസംസ്ഥാന തൊഴിലാളികളുടെ മുഖം മൂടിയുമായി ബംഗ്ലാദേശികൾ എത്തുന്നുവെന്ന സത്യം; കുഞ്ഞു മോന്റേയും ലില്ലിയുടേയും ഘാതകരെ വിശാഖപട്ടണത്തിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ പിടിച്ചത് കേരളാ പൊലീസിന്റെ തന്ത്രപരമായ അതിവേഗ നീക്കങ്ങൾ; വിദേശത്തെ ജോലി വിട്ട് ശിഷ്ടകാലം സ്വന്തം നാട്ടിൽ കഴിയാനെത്തിയ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയത് സ്വർണം കവരാനെന്ന് സൂചന; അറസ്റ്റിലായവരിൽ നിന്ന് കണ്ടെത്തിയത് 40 പവൻ

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ ദമ്പതികളുടെ കൊലപാതകത്തിൽ നിറയുന്നത് ഇതരസംസ്ഥാന തൊഴിലാളികളുടെ വേഷത്തിലെത്തിയ ബംഗ്ലാദേശുകാരുടെ ക്രൂരത. വേണ്ടെന്നു പറഞ്ഞിട്ടും ഞായറാഴ്ച അവർ പണിക്കെത്തി. ആവശ്യപ്പെടാതെ തന്നെ തെങ്ങിൽ കയറി തേങ്ങയിട്ടു. വെൺമണിയിൽ വൃദ്ധദമ്പതികളെ തലയ്ക്കടിച്ചു കൊന്നകേസിലെ പ്രതികൾ വിശാഖപട്ടണത്ത് അറസ്റ്റിലാകുമ്പോൾ നിറയുന്നത് വ്യക്തമായ പ്ലാനിങ്ങോടെ നടത്തിയ കൊലപാതകത്തിലെ ഗൂഢാലോചനയാണ്. ബംഗ്ലാദേശികളായ ലബലു, ജുബൽ എന്നിവരെയാണ് പ്രത്യേക അന്വേഷകസംഘം ട്രെയിനിൽ പിന്തുടർന്ന് പിടികൂടിയത്. പ്രതികൾ കൊൽക്കത്തയ്ക്കു കടക്കാനുള്ള ശ്രമത്തിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ചെന്നൈ റെയിൽവേ സ്റ്റേഷനിലെത്തിയ ഇവർ കോറമണ്ഡൽ എക്സ്പ്രസിൽ കൊൽക്കത്തയ്ക്ക് തിരിച്ചത് സിസിടിവി ചിത്രങ്ങളിലൂടെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. റെയിൽവേ സുരക്ഷാസേന ഇവർ കയറിയ കംപാർട്ട്‌മെന്റ് ഉൾപ്പെടെയുള്ള വിവരം പൊലീസിന് കൈമാറി. ട്രെയിൻ വിശാഖപട്ടണം സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ സുരക്ഷാസേന ഇവരെ പിടികൂടി.

കോടുകുളഞ്ഞികരോട് ആഞ്ഞിലിമൂട്ടിൽ എ പി ചെറിയാൻ (കുഞ്ഞുമോൻ- 75) ഭാര്യ ലില്ലി ചെറിയാൻ (70) എന്നിവരെ ചൊവ്വാഴ്ച രാവിലെ എട്ടിനാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. തിങ്കളാഴ്ച രാത്രി ഒമ്പതിന് തങ്ങൾ ചെന്നൈയിലേക്ക് പോകുകയാണെന്ന് പ്രതികൾ സുഹൃത്തുക്കളായ ഇതര സംസ്ഥാന തൊഴിലാളികളെ അറിയിച്ചിരുന്നു. പ്രതികളുടെ ഫോൺ നമ്പരിലൂടെ ഇവരെ കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ വിളിച്ചത്. സംഭവദിവസം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച പൊലീസ് പ്രതികൾ അന്ന് ദിവസം വൈകിട്ട് 5.20നുള്ള ചെന്നൈ മെയിലിൽ കയറിയതായി കണ്ടെത്തി. കൊൽക്കത്തയ്ക്ക് പോകാൻ സാധ്യതയുള്ള പ്രതികൾ അവിടെനിന്ന് എളുപ്പം ബംഗ്ലാദേശിലേക്ക് കടക്കുമെന്നതിനാൽ അന്വേഷകസംഘം അതിവേഗത്തിലാണ് നീക്കം നടത്തിയത്. കൊൽക്കത്തയിൽ പ്രതികൾ എത്തിയാൽ പിടികൂടാൻ ഒരുസംഘം പൊലീസ് ഉദ്യോഗസ്ഥരെ വിമാനമാർഗം അവിടെ എത്തിച്ചിരുന്നു.

അറസ്റ്റിലായവരെ ഇന്ന് വെൺമണിയിൽ കൊണ്ടു വരും. വിമാനത്തിൽ നെടുമ്പാശേരിയിലെത്തിച്ച ശേഷം റോഡ് മാർഗമാണു കൊണ്ടുവരുന്നത്. ഇവരിൽനിന്നു 45 പവനോളം സ്വർണം കണ്ടെടുത്തിട്ടുണ്ട്. കൊലപാതകം നടന്നയുടൻ, സംശയിക്കപ്പെടുന്ന ലബലുവിന്റെയും ജുവലിന്റെയും ചിത്രങ്ങൾ സഹിതം പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ റെയിൽവേ സുരക്ഷാ സേനയ്ക്കും വിവരങ്ങൾ കൈമാറി. ഇതാണ് പ്രതികളെ പിടികൂടുന്നതിൽ നിർണ്ണായകമായത്. തിങ്കളാഴ്ച വൈകിട്ടു മൂന്നോടെയാണു കൊലപാതകങ്ങൾ നടത്തിയതെന്നു പ്രതികൾ വെളിപ്പെടുത്തി. കൊലപാതകവിവരമറിഞ്ഞ് 24 മണിക്കൂറിനകം പ്രതികളെ പിടിക്കാനായത് പൊലീസിന് നേട്ടമായി.

നാട്ടിൽ എല്ലാവർക്കും പ്രിയങ്കരരായിരുന്നു വൃദ്ധദമ്പതിമാരായ കുഞ്ഞുമോൻ എന്ന് അറിയപ്പെടുന്ന എ.പി.ചെറിയാനും ഭാര്യ ലില്ലിയും. ജീവിതത്തിന്റെ നല്ലൊരു പങ്കും കേരളത്തിനുപുറത്തും വിദേശത്തുമാണ് ഇവർ ജോലി ചെയ്തിരുന്നത്. ശിഷ്ടകാലം സന്തോഷത്തോടെ ജീവിച്ചുതീർക്കുമ്പോഴാണ് ഇരുവരും കൊല്ലപ്പെടുന്നത്. നാട്ടിലെ പൊതുകാര്യങ്ങൾക്കെല്ലാം സജീവമായി ഇടപെട്ടിരുന്ന ഇരുവരും കോടുകുളഞ്ഞി ക്രൈസ്റ്റ് ചർച്ചിലെ പ്രാർത്ഥനാ കൂട്ടായ്മയുടെ സംഘാടകരും ആയിരുന്നു. ചൊവ്വാഴ്ച രാവിലെ 6.30-ന് സുഹൃത്തുക്കളും ബന്ധുവും ചേർന്ന് നടത്തിയ പരിശോധനയിലാണ് കൊലപാതകം വെളിവാകുന്നത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ചെറിയാൻ സുഹൃത്തിനെ ഫോണിൽ വിളിച്ചിരുന്നു. വീടിനുചുറ്റും ബന്ധുക്കളും സുഹൃത്തുക്കളുമാണ് താമസിച്ചിരുന്നതെങ്കിലും പെരുമഴയിൽ നടന്ന ദാരുണ കൊലപാതകം പുറംലോകം അറിയാൻ വൈകി.

ഉച്ചയ്ക്ക് 2.30 വരെ വാട്സ്ആപ്പിലും അദ്ദേഹം ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചേ ചെറിയാനും സുഹൃത്തുക്കളും ബന്ധുക്കളും അടങ്ങുന്ന 15 അംഗ സംഘം ആലപ്പുഴ കായലിൽ ബോട്ടിങ്ങിനുപോകാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ വിവരങ്ങൾ അറിയുന്നതിനായി വൈകീട്ട് നാലുമുതൽ രാത്രി 9.30വരെ സുഹൃത്തുക്കൾ ഇദ്ദേഹത്തെ ലാൻഡ് ഫോണിലും മൊബൈലിലും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. ചൊവ്വാഴ്ച നടക്കുന്ന യാത്രയെപ്പറ്റി എല്ലാവരോടും സംസാരിച്ചിരുന്നതായും അതിനുവേണ്ട വാഹനമുൾപ്പെടെയുള്ള ക്രമീകരണങ്ങൾ നടത്തിയത് എ.പി.ചെറിയാനാണെന്നും സുഹൃത്തായ കൊച്ചുബേബി പറഞ്ഞു. ഇങ്ങനെ യാത്രയ്‌ക്കൊരുങ്ങിയ ദമ്പതികളെയാണ് അതിദാരുണമായി കൊലപ്പെടുത്തിയത്.

പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതിനാൽ ഇവരെ കണ്ടെത്താൻ ഏറെ പ്രയാസപ്പെടുമായിരുന്നു. പ്രതികളിലൊരാൾ നേരത്തേ ബംഗ്ലാദേശിൽ നിന്നു കേരളത്തിലെ സുഹൃത്തിനെ വിളിച്ചതൊഴിച്ചാൽ പിന്നീട് ഫോൺ ഉപയോഗിച്ചിട്ടില്ലത്രേ. ട്രെയിൻ യാത്രയിൽ സഹയാത്രികരുടെയും വെൺമണിയിൽ ഉണ്ടായിരുന്നപ്പോൾ സുഹൃത്തുക്കളുടെയും ഫോണുകളിൽ നിന്നാകും ഇവർ സുഹൃത്തുക്കളെ വിളിച്ചിരുന്നത് എന്നാണു പൊലീസ് നിഗമനം. എങ്കിലും പ്രതികളിൽ നിന്നു 3 മൊബൈൽ ഫോണുകൾ കണ്ടെടുത്തുവെന്നാണ് സൂചന. ഇത് മരിച്ച ചെറിയാന്റേതു തന്നെയാണോ ഈ ഫോണുകൾ എന്നു ബന്ധുക്കൾ സ്ഥിരീകരിച്ചിട്ടില്ല. ഡിവൈഎസ്‌പി അനീഷ് വി.കോരയുടെ മൊബൈൽ ഫോണിൽ ഇവയുടെ ഫോട്ടോ കാണിച്ചപ്പോൾ ഇതല്ല ഫോൺ എന്നായിരുന്നു പേരക്കുട്ടി സ്‌നേഹയുടെ മറുപടി. അതുകൊണ്ട് തന്നെ മൊബൈൽ ഉപയോഗിക്കാത്തവർ എന്തിന് മൂന്ന് ഫോൺ കൈയിൽ കരുതിയെന്നതും ദുരൂഹമാണ്.

എ പി ചെറിയാന്റെയും ഭാര്യ ലില്ലിയുടെ സംസ്‌കാരം വ്യാഴാഴ്ച പകൽ 11.30ന് കോടുകുളഞ്ഞി സിഎസ്‌ഐ പള്ളി സെമിത്തേരിയിൽ നടക്കും. ദുബായിലുള്ള ഇവരുടെ മക്കളും മരുമക്കളും ബുധനാഴ്ച നാട്ടിലെത്തി. അച്ഛന്റേയും അമ്മയുടേയും വേർപാട് ഉൾക്കൊള്ളാനാകാതെ പൊട്ടിക്കരയുകയായിരുന്നു മക്കൾ. 'മോഷണം നടത്താനാണെങ്കിൽ അവരെ പൂട്ടിയിട്ടാൽ പോരായിരുന്നോ, വയ്യാത്തവരല്ലേ, എന്തിനാ കൊന്നുകളഞ്ഞത് ?' കൊല്ലപ്പെട്ട ദമ്പതികളുടെ മകൾ ബിന്ദു തേങ്ങലോടെ ചോദിക്കുന്നു. ഷാർജയിൽനിന്ന് എന്നും പപ്പയെയും മമ്മിയെയും വിഡിയോ കോൾ ചെയ്യുമായിരുന്നെന്നു ബിന്ദു പറയുന്നു. ഞായറാഴ്ചയും ചെയ്തു. പണിക്കാരുള്ള വിവരം പറഞ്ഞിരുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്തിട്ടെന്ന വണ്ണമാണു പ്രതികൾ വീട്ടിലെത്തിയതെന്നു ബിന്ദു കരുതുന്നു. വേണ്ടെന്നു പറഞ്ഞിട്ടും ഞായറാഴ്ച അവർ പണിക്കെത്തി. ആവശ്യപ്പെടാതെ തന്നെ തെങ്ങിൽ കയറി തേങ്ങയിട്ടു. ഞായറാഴ്ച പള്ളിയിൽ പോകാനൊരുങ്ങിയ ലില്ലിയുടെ ആഭരണങ്ങൾ ഇവർ കണ്ടിട്ടുണ്ടാകാം എന്നും ബിന്ദു പറയുന്നു.

ബിന്ദുവും ഭർത്താവ് രെജു കുരുവിളയും ഷാർജയിൽനിന്നു വീട്ടിലെത്തിയിട്ടുണ്ട്. സഹോദരൻ ബിബു ചെറിയാനും ഭാര്യ ഷൈനിയും മകൻ ജോസഫും ദുബായിൽനിന്ന് എത്തി. ഇന്നലെ വൈകിട്ട് ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി, എഎസ്‌പി ബി.കൃഷ്ണകുമാർ, ഡിവൈഎസ്‌പി അനീഷ് വി.കോര എന്നിവർ സ്ഥലത്തെത്തി ദമ്പതികളുടെ മക്കളുടെ മൊഴിയെടുത്തിരന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP