Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പശ്ചിമഘട്ടത്തിന്റെ ജൈവ പ്രാധാന്യം ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചവരിൽ പ്രധാനി; കേരളത്തിലെ എണ്ണം പറഞ്ഞ സസ്യ ശാസ്ത്രജ്ഞരിൽ ഒരാൾ; അതിരപ്പിള്ളിയും പെരിങ്ങമല മാലിന്യ പ്ലാന്റും അടക്കമുള്ള പരിസ്ഥിതി സമരത്തിലെ സജീവ സാന്നിധ്യം; ലളിതമായ പരിസ്ഥിതി ക്ലാസുകളിലുടെ കുട്ടികളുടെ പ്രിയങ്കരനായ അദ്ധ്യാപകൻ; ഡോ. എം കമറുദീൻ കുഞ്ഞ് വിടവാങ്ങുമ്പോൾ കേരളത്തിലെ പരിസ്ഥിതി സ്നേഹികൾക്ക് ഹരിതാഭമായ ഓർമ്മകൾ ബാക്കി

പശ്ചിമഘട്ടത്തിന്റെ ജൈവ പ്രാധാന്യം ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചവരിൽ പ്രധാനി; കേരളത്തിലെ എണ്ണം പറഞ്ഞ സസ്യ ശാസ്ത്രജ്ഞരിൽ ഒരാൾ; അതിരപ്പിള്ളിയും പെരിങ്ങമല മാലിന്യ പ്ലാന്റും അടക്കമുള്ള പരിസ്ഥിതി സമരത്തിലെ സജീവ സാന്നിധ്യം; ലളിതമായ പരിസ്ഥിതി ക്ലാസുകളിലുടെ കുട്ടികളുടെ പ്രിയങ്കരനായ അദ്ധ്യാപകൻ; ഡോ. എം കമറുദീൻ കുഞ്ഞ്  വിടവാങ്ങുമ്പോൾ കേരളത്തിലെ പരിസ്ഥിതി സ്നേഹികൾക്ക് ഹരിതാഭമായ ഓർമ്മകൾ ബാക്കി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരു പച്ച മനുഷ്യൻ! അന്തരിച്ച കേരള യൂണിവേഴ്സിറ്റി ബോട്ടണി റീഡറും പരിസ്ഥിതി പ്രവർത്തകനും പ്രഭാഷകനുമായ ഡോ.എം കമറുദീൻ കുഞ്ഞിനെ ( 48) അങ്ങനെ വിശേഷിപ്പിക്കാം. പരിസ്ഥിതി പ്രവർത്തനത്തിനായി ഉഴിഞ്ഞുവെച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കേരളത്തിലെ പ്രധാനപ്പെട്ട സസ്യ ശാസ്ത്രജ്ഞനായ ഇദ്ദേഹം പശ്ചിമഘട്ടത്തിന്റെ ജൈവ പ്രാധാന്യം ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചവരിൽ പ്രധാനിയായിരുന്നു. പാലോട് ടി.ബി. ജി.ആർ.ഐയിൽ ശാസ്ത്രജ്ഞനായും പെരിങ്ങമ്മല ഇക്‌ബാൽ കോളേജിൽ പ്രൊഫസറായും പ്രവർത്തിക്കുമ്പോഴും അദ്ദേഹം പുറത്ത് അറിയപ്പെട്ടിരുന്നത് ഒരു പരിസ്ഥിതി പ്രവർത്തകനും പ്രഭാഷകനും എന്ന നിലയിലാണ്.

കേരളത്തിൽ അങ്ങോളമിങ്ങോളം ഓടി നടന്ന്,പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ തീർത്തും അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ലളിതമായ പരിസ്ഥിതി ക്ലാസുകളിലുടെ കുട്ടികളുടെ പ്രിയങ്കരനായ അദ്ധ്യാപകനായിരുന്നു നാട്ടുകാരുടെ കമറുക്ക. പൊടുന്നനെയുണ്ടായ ഹൃദയാഘാതത്തിൽ അദ്ദേഹം ഈ ലോകത്തുനിന്ന് കടന്നുപോയി എന്ന വാർത്ത വിശ്വസിക്കാൻ കഴിയാതെ തരിച്ച് നിൽക്കയാണ് കേരളത്തിലെ പ്രകൃതി സ്നേഹികൾ. കേരളത്തിലെ സസ്യ സംരക്ഷണത്തിന് നിരവധി പരിസ്ഥിതി അവാർഡുകളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

പശ്ചിമഘട്ടത്തിന്റെ ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം ലോകത്തിന് മനസ്സിലാക്കികൊടുത്ത രണ്ടു പഠനങ്ങളിൽ ഡോ വിജയന്റെതിന് സമാനമായ ഏണ്ണം പറഞ്ഞ പഠനങ്ങളിൽ ഒന്നായിരുന്നു ഡോ കമറുദ്ദീന്റെത്. മാധവഗാഡ്ഗിൽ പോലും ഈ പഠനം റഫറൻസായി ഉപയോഗിച്ചിട്ടുണ്ട്. മാധവഗാഡ്ഗിൽ റിപ്പോർട്ട് കേരളം ചവറ്റുകുട്ടയിൽ ഇട്ടപ്പോൾ, ജനങ്ങളെ ബോധവത്ക്കരിക്കാനുമായി അദ്ദേഹം നിരവധി ക്ലാസുകൾ നടത്തിയിരുന്നു. ഒരു അക്കാഡമീഷൻ എന്ന നിലയിൽ സമൂഹത്തിൽനിന്ന് അകലം പാലിച്ച് ജീവിക്കുന്ന വ്യക്തിയായിരുന്നില്ല, ഡോ കമറുദ്ദീൻ. കേരളത്തിലെ എല്ലാ പരിസ്ഥിതി പോരാട്ടങ്ങളിലും ഈ ആക്റ്റീവിസ്റ്റിന്റെ സജീവ സാധിധ്യം ഉണ്ടായിരുന്നു. അതിരപ്പിള്ളി സമരം ആയിരുന്നു ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. അതുപോലെ തന്നെ തന്റെ സ്വന്തം നാടായ പെരിങ്ങമലയിൽ അശാസ്ത്രീയമായി സ്ഥാപിക്കാനൊരുങ്ങിയ മാലിന്യപ്ലാന്റിനെതിരായ സമരത്തിലും ഇദ്ദേഹം മുൻ നിരയിൽ ഉണ്ടായിരുന്നു. ഈ മാലിന്യപ്ലാന്റിന്റെ അശാസ്ത്രീയതയെക്കുറിച്ച് സ്വന്തമായി പഠനം നടത്താനും ജില്ലാ കലക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താനും അദ്ദേഹത്തിനായി. അതിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി ഉപേക്ഷിച്ചതെന്ന് നാട്ടുകാർ സ്മരിക്കുന്നു.പെരിങ്ങമ്മലക്കാർക്ക് ഇത്രത്തോളം കടപ്പാടുള്ള ഒരാൾ വേറെ ഇല്ലെന്നാണ് നാട്ടുകാരിൽ പലരും ഫേസ്‌ബുക്കിലെ അനുശോചന സന്ദേശങ്ങളിൽ പറയുന്നത്. മാലന്യപ്ലാന്റ് പ്രശനം പരിഹരിച്ച്, ഇന്ന് ഇന്നാട്ടുകാർ സമാധാനത്തോടെ ജീവിക്കുന്നതിന് കാരണക്കാരനാണ് പ്രിയ കമറിക്കയെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുട്ടത്ത് ജനിച്ചു വളർന്ന കമറുദ്ദീൻ 1987 മുതൽ ഇക്‌ബാൽ കോളേജിലെ വിദ്യാർത്ഥിയായാണ് പെരിങ്ങമ്മലയിൽ എത്തുന്നത്. അദ്ദേഹത്തിന്റെ നിരവധി ബന്ധുമിത്രാദികൾ അന്നേ ഇന്നാട്ടിലുണ്ടായിരുന്നു. 'ഇക്‌ബാൽ കോളേജിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിദ്യാർത്ഥിയായ ഇദ്ദേഹം. തുടർന്ന് പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡനിൽ സേവനമനുഷ്ടിക്കുകയും പിച്ച്ഡി നേടുകയും, പഠിച്ച കോളേജിൽ തന്നെ അദ്ധ്യാപകനാവുകയും ചെയ്തു. ട്രസ്റ്റിലും ബോർഡ് മെമ്പർ ആയിരുന്നു. കോളേജിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിദ്യാർത്ഥി മാത്രമായി ഡോ. കമറുദ്ദീൻ അവസാനിപ്പിച്ചില്ല. കോളേജിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച അദ്ധ്യാപകനും മറ്റാരുമല്ലെന്ന് തെളിയിച്ചു. ആ കഴിവിന് കിട്ടിയ അംഗീകാരങ്ങൾ ഏറെയാണ്. അതിലൊന്നാണ് യൂണിവേഴ്സിറ്റി ബോട്ടണി വിഭാഗത്തിലെ റീഡറായി സ്ഥാനമാറ്റം ലഭിച്ചത്. ഇക്‌ബാൽ കോളേജിനെ വിട്ടുപോകാൻ തയ്യാറായിരുന്നില്ല. അതായിരുന്നു ആ മനസ്സ്. അതിനും ശേഷം നാക് അക്രെഡിറ്റേഷനും മറ്റും കമറിക്ക നൽകിയ സംഭാവന നിസ്തുലമാണ്.'- പെരിങ്ങമല നിവവാസികളിൽ ഒരാൾ ഫേസ്‌ബുക്കിൽ ഇങ്ങനെ കുറിക്കുന്നു. '

ഇക്‌ബാൽ ഹയർസെക്കണ്ടറി സ്‌കൂളിലെ ടീച്ചർ ആസീലയാണ് ഭാര്യ. മക്കൾ: ആലിം. ഹാഫിസ് അമാൻ. ആമിന. ഖബറടക്കം നാളെ ( വ്യാഴാഴ്ച) രാവിലെ 11 മണിക്ക് പെരിങ്ങമല പുത്തൻ പള്ളി ഖബർസ്ഥാനിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP