Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുറത്തുനിന്ന് ഒരീച്ച പോലും കയറാത്ത തെളിവുകൾ സ്വീകരിക്കാൻ സമ്മതിക്കാത്ത കുപ്രസിദ്ധമായ പാക് സൈനിക കോടതികളിൽ നിന്ന് കളി മാറുന്നു; കുൽഭൂഷൺ ജാദവിന് സിവിൽ കോടതിയിൽ അപ്പീൽ നൽകാൻ പാക്കിസ്ഥാൻ പട്ടാള നിയമം ഭേദഗതി ചെയ്യുന്നു; പ്രത്യേക ഭേദഗതി കൊണ്ടുവരുന്നത് സൈനിക കോടതിയിൽ കുൽഭൂഷണ് നീതി കിട്ടിയില്ലെന്നും വിയന്ന ഉടമ്പടി ലംഘിച്ചെന്നും അന്താരാഷ്ട്ര നീതി ന്യായകോടതി വിധി എഴുതിയതോടെ; കേസിൽ ഇത് ഇന്ത്യയുടെ ഉജ്ജ്വല വിജയം

പുറത്തുനിന്ന് ഒരീച്ച പോലും കയറാത്ത തെളിവുകൾ സ്വീകരിക്കാൻ സമ്മതിക്കാത്ത കുപ്രസിദ്ധമായ പാക് സൈനിക കോടതികളിൽ നിന്ന് കളി മാറുന്നു; കുൽഭൂഷൺ ജാദവിന് സിവിൽ കോടതിയിൽ അപ്പീൽ നൽകാൻ പാക്കിസ്ഥാൻ പട്ടാള നിയമം ഭേദഗതി ചെയ്യുന്നു; പ്രത്യേക ഭേദഗതി കൊണ്ടുവരുന്നത് സൈനിക കോടതിയിൽ കുൽഭൂഷണ് നീതി കിട്ടിയില്ലെന്നും വിയന്ന ഉടമ്പടി ലംഘിച്ചെന്നും അന്താരാഷ്ട്ര നീതി ന്യായകോടതി വിധി എഴുതിയതോടെ; കേസിൽ ഇത് ഇന്ത്യയുടെ ഉജ്ജ്വല വിജയം

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: കുൽഭൂഷൺ ജാദവ് കേസിൽ ഇന്ത്യക്ക് സുപ്രധാന വിജയം. ജാദവിനെ സിവിൽ കോടതിയിൽ അപ്പീൽ നൽകുന്നതിന് അവകാശം നൽകാൻ പട്ടാള നിയമം ഭേദഗതി ചെയ്യാൻ പാക്കിസ്ഥാൻ സൈന്യം സമ്മതം മൂളി. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉപാധികൾ പാലിക്കാൻ വേണ്ടിയാണ് പട്ടാള നിയമം ഭേദഗതി ചെയ്യാൻ പാക്കിസ്ഥാൻ നിർബന്ധിതമായത്. കുൽഭൂഷണ് പട്ടാള കോടതിയിൽ നീതി കിട്ടിയില്ലെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി കണ്ടെത്തിയിരുന്നു.

ഇപ്പോൾ പാക്കിസ്ഥാനിൽ നിലവിലിരിക്കുന്ന നിയമപ്രകാരം കുൽഭൂഷൺ ജാദവിന് സിവിൽ കോടതിയിൽ അപ്പീൽ നൽകാനാവില്ല. നിയമം ഭേദഗതി ചെയ്താൽ, അപ്പീൽ പോകാനാവും. പട്ടാള നിയമം മാറ്റാൻ പ്രത്യേക ഭേദഗതിയാണ് പാക്കിസ്ഥാൻ കൊണ്ടുവരുന്നത്.

പാക്കിസ്ഥാൻ വിയന്ന കൺവൻഷൻ ലംഘിച്ചതായി ഈ വർഷം ജൂലൈയിൽ അന്താരാഷ്ട്ര നീതിന്യായകോടതി വിധി പ്രഖ്യാപിച്ചിരുന്നു. കുൽഭൂഷൺ ജാദവിന് കോൺസുലേറ്റിന്റെ സഹായം നിഷേധിച്ചുവെന്നാണ് കോടതി വിലിയരുത്തിയത്. ഇക്കാര്യത്തിൽ പുനഃ പരിശോധനയ്ക്കും കോടതി ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാൻ വിയന്ന ഉടമ്പടി ലംഘിച്ചുവെന്ന് ഐസിജെ ജസ്റ്റിസ് അബ്ദുൾ ലഖ്വി യൂസഫാണ് യുഎൻ പൊതുസഭയെ ധരിപ്പിച്ചത്. 1963 ലെ വിയന്ന ഉടമ്പടി പ്രകാരം തങ്ങളുടെ പൗരന് നയതന്ത്ര സഹായം നിഷേധിച്ചുവെന്നാണ് ഇന്ത്യ ആരോപിച്ചിരുന്നത്. ഇതാണ് ഐസിജെ ശരിവച്ചത്. 193 അംഗ പൊതുസഭയിൽ വച്ച റിപ്പോർട്ടിൽ പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനങ്ങളുണ്ട്. വിയന്ന ഉടമ്പടിയിലെ ആർട്ടിക്കിൾ 36 ലംഘിച്ചതിന് മതിയായ പരിഹാരം ആവശ്യമാണെന്നും യൂസഫ് പറയുന്നു.

കുൽഭൂഷൺ ജാദവിന് പാക് കോടതി വിധിച്ച വധശിക്ഷ പുനഃ പരിശോധിക്കണമെന്ന് ഐസിജെയുടെ ഉത്തരവിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു.ചാര പ്രവർത്തനം ആരോപിച്ചാണ് വിരമിച്ച നാവികസേന ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിനെ പാക് സൈനിക കോടതി 2017 ഏപ്രിലിൽ കുറ്റക്കാരനെന്ന് വിധിച്ചത്. ചാര പ്രവർത്തനത്തിൽ ഏർപ്പെട്ട ഒരു വ്യക്തിക്ക് വിയന്ന ഉടമ്പടിയുടെ ആനുകൂല്യം, ഇല്ലാതാകുമോ എന്ന കാര്യം അന്താരാഷ്ട്ര നീതി ന്യായ കോടതി പരിശോധിച്ചിരുന്നു. ചാരപ്രവർത്തനം ആരോപിക്കുന്ന കേസുകളിൽ ഈ ആനുകൂല്യം ഒഴിവാക്കണമെന്ന് നിർദ്ദേശിക്കുന്ന വകുപ്പുകളൊന്നും വിയന്ന ഉടമ്പടിയിൽ ഇല്ലെന്ന് കോടതി വിലയിരുത്തി. നയതന്ത്രസഹായം തേടാൻ അനുവദിക്കുന്ന ആർട്ടിക്കി്ൾ 36 ഏതെങ്കിലും വിഭാഗത്തിൽ പെട്ട വ്യക്തികളോട് വിവേചനം കാട്ടുന്നില്ല. അതുകൊണ്ട് തന്നെ വിയന്ന ഉടമ്പടിക്ക് ഈ കേസിൽ പൂർണപ്രാബല്യമുണ്ടെന്നാണ് കോടതി വിധിയെഴുതിയതെന്ന് ഐസിജെ ജസ്റ്റിസ് അബ്ദുൾ ലഖ്വി യൂസഫ് യുഎൻ പൊതുസഭയെ അറിയിച്ചു.

ഇതിനൊപ്പം കുൽഭൂഷൺ ജാദവ് കേസിലെ വിധി ഇന്ത്യ-പാക് സംഘർഷം ലഘൂകരിച്ചുവെന്നും ഐസിജെ അദ്ധ്യക്ഷൻ പറഞ്ഞു. ജൂലൈ 17 ലെ വിധി പൂർണമായി നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് പാക്കിസ്ഥാൻ ഓഗസ്റ്റ് 1 ന് തങ്ങളെ അറിയിച്ചിരുന്നുവെന്നും യൂസഫ് വ്യക്തമാക്കി. വിയന്ന ഉടമ്പടി പ്രകാരമുള്ള അവകാശങ്ങളെ കുറിച്ച് ജാദവിനെ ധരിപ്പിക്കുകയും, അദ്ദേഹത്തിന് ഇസ്ലാമബാദിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന്റെ സഹായം അനുവദിക്കുകയും ചെയ്തു

2016 മാർച്ച് മൂന്നിനാണ് കുൽഭൂഷൺ ജാദവ് ചാരവൃത്തി ആരോപിച്ച ്പാക്കിസ്ഥാന്റെ പിടിയിലാകുന്നത്. 2017 പാക് പട്ടാളക്കോടതി ജാദവ് കുറ്റക്കാരനെന്ന് കണ്ടെത്തി. വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. ഇതിനെതിരെ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചതിനെ തുടർന്ന് വധശിക്ഷ റദ്ദാക്കുകയും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് ജാദവിനെ കാണാൻ അവസരം നൽകുകയും ചെയ്തു.

വിയന്ന ഉടമ്പടിക്ക് വിരുദ്ധമായാണ് പാക്കിസ്ഥാൻ കുൽഭൂഷണിനെ തടവിൽ വച്ചതും അറസ്റ്റ് ചെയ്തതുമെന്നുമായിരുന്നു ഇന്ത്യയുടെ മുഖ്യആരോപണം. ഇതെ തുടർന്ന് വധശിക്ഷ നടപ്പാക്കുന്നത് നിർത്തി വെയ്ക്കണമെന്നും ചട്ടപ്രകാരം കുൽഭൂഷൺ ജാദവിനെ വീണ്ടും വിചാരണ ചെയ്യണമെന്നും അതിനായി കുൽഭൂഷണ് നയതന്ത്രസഹായം പാക്കിസ്ഥാൻ ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിടുകയായിരുന്നു. ബലൂചിസ്താനിൽ പതിറ്റാണ്ടുകളായി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്ന ഇന്ത്യൻ ചാരനാണ് എന്നാരോപിച്ചാണ് കുൽഭൂഷൺ ജാദവിനെ തൂക്കി കൊല്ലാൻ പാക് പട്ടാള കോടതി വിധിച്ചത്. ഇതുകൂടാതെ പ്രവിശ്യയിൽ വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

ഇറാനിലെ ചാംബഹാറിൽ കച്ചവടം നടത്തുന്ന കുൽഭൂഷൺ അവിടെനിന്ന് പാക്കിസ്ഥാനിലേക്ക് കടക്കാൻ ശ്രമിക്കവേ 2016 മാർച്ച് മൂന്നിന് അതിർത്തിയിൽ പിടിയിലായി എന്നായിരുന്നു പാക്കിസ്ഥാന്റെ അവകാശവാദം. ഇത് സമ്മതിക്കുന്ന കുൽഭൂഷണിന്റെ കുറ്റസമ്മതമെന്ന് വിശേഷിപ്പിച്ച സിഡിയും പുറത്തുവിട്ടിരുന്നു.അതേസമയം നാവിക സേനയിൽനിന്നും വിരമിച്ച ഇദ്ദേഹത്തിന് ബിസിനസ്സിൽ താൽപര്യമുണ്ടായിരുന്നുവെന്നും ഇതോടനുബന്ധിച്ചാണ് ഇറാനിലെത്തിയതെന്നും ഇന്ത്യ വാ?ദിച്ചു. വ്യാപാര ആവശ്യത്തിനായി ഇറാനിലെത്തിയ കുൽഭൂഷണെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നും ഇന്ത്യ വ്യക്തമാക്കി. കേസിൽ കഴിഞ്ഞ വർഷം മെയിലാണ് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. തുടർന്ന് ജാദവിന്റെ വധശിക്ഷ കോടതി നിർത്തി വയ്ക്കുകയായിരുന്നു.കേസിൽ 1963-ൽ ഇന്ത്യ-പാക്കിസ്ഥാൻ ഒപ്പിട്ട വിയന്ന ഉടമ്പടിയിലെ വ്യവസ്ഥകൾ പാക്കിസ്ഥാൻ ലംഘിച്ചതായി ഇന്ത്യ ചൂണ്ടിക്കാട്ടി. നീതി നിഷേധിക്കുക മാത്രമല്ല, അദ്ദേഹത്തിന് അഭിഭാഷകനെക്കൂടി പാക്കിസ്ഥാൻ നൽകിയിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP