Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെറുപ്പത്തിലെ ഭർത്താവ് മരിച്ചതോടെ മക്കളെ വളർത്തി വലുതാക്കിയത് ഏറെ പ്രയാസപ്പെട്ട്; മുതിർന്നപ്പോൾ അമ്മയെ അനാഥാലയത്തിലാക്കി മക്കൾ മുങ്ങി; മരുന്നിന്റെ പണം പോലും നൽകാറില്ലെങ്കിലും മക്കളെ കോടതി കയറ്റാൻ ആഗ്രഹിക്കുന്നില്ലെന്ന് അമ്മ; ഇത്രയും സ്നേഹിക്കുന്ന ഒരമ്മയെയാണല്ലോ നിങ്ങൾ ഉപേക്ഷിച്ചതെന്ന് അഡ്വ എം എസ് താര; കോഴിക്കോട് നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ കരളലിയിപ്പിക്കുന്ന കാഴ്ചകൾ

ചെറുപ്പത്തിലെ ഭർത്താവ് മരിച്ചതോടെ മക്കളെ വളർത്തി വലുതാക്കിയത് ഏറെ പ്രയാസപ്പെട്ട്; മുതിർന്നപ്പോൾ അമ്മയെ അനാഥാലയത്തിലാക്കി മക്കൾ മുങ്ങി; മരുന്നിന്റെ പണം പോലും നൽകാറില്ലെങ്കിലും മക്കളെ കോടതി കയറ്റാൻ ആഗ്രഹിക്കുന്നില്ലെന്ന് അമ്മ; ഇത്രയും സ്നേഹിക്കുന്ന ഒരമ്മയെയാണല്ലോ നിങ്ങൾ ഉപേക്ഷിച്ചതെന്ന് അഡ്വ എം എസ് താര; കോഴിക്കോട് നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ കരളലിയിപ്പിക്കുന്ന കാഴ്ചകൾ

കെ വി നിരഞ്ജൻ

കോഴിക്കോട്: ടൗൺഹാളിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ കരളലയിപ്പിക്കുന്ന കാഴ്ചകൾ. സ്ത്രീകളോട് മലയാളി സമൂഹം എത്ര മോശമായാണ് പ്രതികരിക്കുന്നതെതിന്റെ നേർക്കാഴ്ചയായിരുന്നു സെമിനാർ. നാലു മക്കൾ ഉപേക്ഷിച്ച വൃദ്ധയായ ഒരു മാതാവും കമ്മീഷന് മുമ്പിലെത്തിയത് ഏവരുടെ കണ്ണു നിറയിപ്പിക്കുന്നതായിരുന്നു. ഇവരുടെ ചെറുപ്പത്തിലേ ഭർത്താവ് മരിച്ചു. തുടർന്ന് വളരെ പ്രയാസപ്പെട്ടാണ് നാലു മക്കളെയും വളർത്തി വലുതാക്കിയത്. എന്നാൽ ക്രൂരമായാണ് മക്കൾ ഇവരെ ഉപദ്രവിച്ചിരുന്നത്. അനാഥാലയത്തിൽ കഴിയുന്ന ഇവർക്ക് മരുന്നിന്റെ പണം പോലും നൽകാൻ മക്കൾ തയ്യാറായില്ല.

ഒരു മകൻ നേരത്തെ മരിച്ചു. അദ്ദേഹത്തിന്റെ കുടുംബം വിദേശത്താണ്. മറ്റു മക്കളാവട്ടെ അമ്മയെ പൂർണ്ണമായി ഉപേക്ഷിച്ച നിലയിലാണ്. കമ്മീഷൻ നിർദ്ദേശപ്രകാരം ഒരു മകൻ അദാലത്തിൽ ഹാജരായി. എന്നാൽ നടപടികളിലേക്ക് പോവാൻ അമ്മയ്ക്ക് താത്പര്യമില്ലെന്ന് അഡ്വ എം എസ് താര പറഞ്ഞു. മക്കളെ കേസിൽ പെടുത്താനും കോടതി കയറ്റാനും അമ്മ ആഗ്രഹിക്കുന്നില്ല. ഇത്രയും സ്നേഹിക്കുന്ന ഒരമ്മയെയാണല്ലോ നിങ്ങൾ ഉപേക്ഷിച്ചതെന്ന് കമ്മീഷൻ മകനോട് ചോദിച്ചപ്പോൾ അയാൾ നിശബ്ദനായിരിക്കുകയായിരുന്നു. വീട്ടിലെ ആദായം പൊലീസ് സഹായത്തോടെ അമ്മയ്ക്ക് എടുക്കാനുള്ള നടപടി ക്രമങ്ങൾ താത്ക്കാലികമായി സ്വീകരിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി.

പ്രേമാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച യുവാവിനെ നാൽപ്പത്തെട്ട് മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യാൻ പൊലീസിന് വനിതാ കമ്മീഷന്റെ നിർദ്ദേശം. തന്നെ ഉപദ്രവിച്ച ബസ് ജീവനക്കാരനായ യുവാവിനെ പൊലീസ് പിടികൂടുന്നില്ലെന്ന പരാതിയുമായി കഴിഞ്ഞ ദിവസമാണ് അത്തോളി സ്വദേശിനിയായ പെൺകുട്ടി വനിതാ കമ്മീഷന് മുന്നിലെത്തിയത്. കമ്മീഷൻ അത്തോളി എസ് ഐ യെ ഫോണിൽ വിളിച്ചപ്പോൾ യുവാവിനെ കാണാനില്ലെന്നായിരുന്നു മറുപടി. പെൺകുട്ടിയുടെ ജീവന് സംരക്ഷണം ഉറപ്പാക്കണമെന്നും യുവാവിനെതിരെ എത്രയും പെട്ടന്ന് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട കമ്മീഷന് കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് സഹിതം ഹാജരാകാൻ അത്തോളി എസ് ഐയ്ക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ഇതനുസരിച്ച് ഇന്നലെ കോഴിക്കോട് ടൗൺഹാളിൽ നടന്ന അദാലത്തിലെത്തിയ എസ് ഐ യുവാവ് ഒളിവിലാണെന്ന മറുപടിയാണ് നൽകിയത്. എന്നാൽ യുവാവ് പല നമ്പറുകളിൽ നിന്ന് വിളിച്ച് തന്നെ ഭീഷണിപ്പെടുത്തുന്ന കാര്യം പെൺകുട്ടി വ്യക്തമാക്കി. ഇതോടെയാണ് നാൽപ്പത്തെട്ട് മണിക്കൂറിനുള്ളിൽ യുവാവിനെ അറസ്റ്റ് ചെയ്യാൻ കമ്മീഷൻ എസ് ഐയ്ക്ക് നിർദ്ദേശം നൽകിയത്.

ജനിച്ച നാലു മക്കളും പെൺകുട്ടികളായതിന്റെ പേരിൽ ഭർത്തൃവീട്ടിൽ നിന്നനുഭവിക്കുന്ന പീഡനങ്ങൾ തുറന്നു പറഞ്ഞ് മുപ്പത്താറുകാരിയും കമ്മീഷന് മുമ്പിലെത്തി. നാലാമത്തെ കുഞ്ഞ് വെറും രണ്ടു മാസം മാത്രം പ്രായമായ കൈക്കുഞ്ഞാണ്. എല്ലാം പെൺകുട്ടികളായതിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ട യുവതി ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. പതിനെട്ടാം വയസ്സിൽ വിവാഹം കഴിഞ്ഞു. ഭർത്താവിന്റെയും ഭർത്തൃ സഹോദരങ്ങളുടെയെുമെല്ലാം പീഡനം കാരണം ഇവർക്ക് വീട് വിട്ടിറങ്ങേണ്ടിവന്നു.

പിന്നീട് കോടതി ഉത്തരവ് പ്രകാരം വീട്ടിൽ താമസിക്കാൻ ചെന്നെ യുവതിയെ സമ്മർദ്ദത്തിലാക്കി പരാതി പിൻവലിപ്പിക്കുകയായിരുന്നു. പൊലീസിൽ കൊടുത്ത പരാതിയും ഇത്തരത്തിൽ ഭർത്തൃവീട്ടുകാർ പിൻവലിപ്പിച്ചു. യുവതിയെ മാനസിക രോഗിയായി ചിത്രീകരിച്ച് വിവാഹ മോചനം നേടാനുള്ള ശ്രമമാണ് ഭർത്താവ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഭർത്താവ് കഴിഞ്ഞ മാസം വിദേശത്തേക്ക് തിരിച്ചുപോയി. ഇപ്പോൾ സ്വന്തം മാതാപിതാക്കളുടെ സംരക്ഷണയിലാണ് യുവതിയും മക്കളും. കേസിൽ ഭർത്തൃവീട്ടുകാരെ വിളിച്ചുവരുത്തി വിശദീകരണം തേടാൻ വനിതാ കമ്മീഷൻ തീരുമാനിച്ചു. ഇത്തരം കാര്യങ്ങളിൽ പുരുഷന്മാരുടെ സമീപനത്തിൽ മാറ്റം ഉണ്ടായാൽ മാത്രമെ പ്രശ്നങ്ങൾക്ക് പൂർണ്ണ പരിഹാരം കാണാൻ കഴിയുകയുള്ളുവെന്ന് വനിതാ കമ്മീഷൻ അംഗം അഡ്വ. എം എസ് താര പറഞ്ഞു. കോഴിക്കോട് നാദാപുരത്ത് അടുത്തിടെ ഉണ്ടായ മുത്തലാഖ് വിഷയത്തിൽ ഉണ്ടായ നടപടി പോലും മാന്യമായ ഒരു ഒത്തുതീർപ്പ് ആയിരുന്നില്ലെന്നും അവർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP