Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റഫാൽ യുദ്ധവിമാന ഇടപാടിൽ പുനപ്പരിശോധന ഉണ്ടാകുമോ? റഫാൽ ഇടപാട് ശരിവെച്ച വിധിയെ ചോദ്യം ചെയ്ത പുനഃപരിശോധന ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കമ്പോൾ മോദി സർക്കാറിനും നിർണായകം; ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര സർക്കാറിനെതിരെ കോൺഗ്രസ് പ്രചരണ ആയുധമാക്കിയ കേസിലെ വിധി പ്രതിപക്ഷ നിരയെ സംബന്ധിച്ചും അതിനിർണായകം

റഫാൽ യുദ്ധവിമാന ഇടപാടിൽ പുനപ്പരിശോധന ഉണ്ടാകുമോ? റഫാൽ ഇടപാട് ശരിവെച്ച വിധിയെ ചോദ്യം ചെയ്ത പുനഃപരിശോധന ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കമ്പോൾ മോദി സർക്കാറിനും നിർണായകം; ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര സർക്കാറിനെതിരെ കോൺഗ്രസ് പ്രചരണ ആയുധമാക്കിയ കേസിലെ വിധി പ്രതിപക്ഷ നിരയെ സംബന്ധിച്ചും അതിനിർണായകം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: റഫാൽ വിമാന ഇടപാടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി തള്ളിയ വിധിക്ക് എതിരായ പുനപ്പരിശോധനാ ഹർജികളിൽ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ്, ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള കേസിൽ വിധി പറയുന്നത്.റഫാൽ ഇടപാടിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് അന്വേഷണം ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജികൾ കഴിഞ്ഞ ഡിസംബർ 14നാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയത്. ഫ്രഞ്ച് കമ്പനിയായ ദസ്സോയിൽനിന്ന് 36 വിമാനങ്ങൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നായിരുന്നു ഹർജിയിലെ ആക്ഷേപം. കേസിൽ വിശദമായ വാദം കേട്ട കോടതി ഹർജി തള്ളുകയായിരുന്നു.

ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെഎം ജോസഫ് എന്നിവരാണ് റഫാൽ കേസിൽ വിധി പറയുന്നത്. ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച വിധിക്കെതിരായ പുനപ്പരിശോധന ഹർജികളിൽ വിധി പറഞ്ഞതിനു ശേഷമാവും റഫാൽ കേസിലെ വിധി. റഫാൽ ഇടപാട് ശരിവെച്ച സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്താണ് പുനഃപരിശോധന ഹർജികൾ സമർപ്പിച്ചിരുന്നത്. ഈ ഹർജികളിൽ മെയ് പത്തിന് വാദം കേൾക്കൽ പൂർത്തിയാക്കിയ സുപ്രീംകോടതി വിധി പറയാനായി മാറ്റിവെയ്ക്കുകയായിരുന്നു. റഫാൽ യുദ്ധവിമാന ഇടപാട് ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ യശ്വന്ത് സിൻഹ, അരുൺ ഷൂരി, പ്രശാന്ത് ഭൂഷൺ തുടങ്ങിയവരാണ് സുപ്രീംകോടതിയിൽ പുനഃപരിശോധന ഹർജികൾ സമർപ്പിച്ചത്.

റഫാൽ യുദ്ധവിമാന ഇടപാടിൽ അഴിമതിയുണ്ടെന്നും കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീകോടതിയിൽ ഹർജികൾ സമർപ്പിച്ചത്. നടപടിക്രമങ്ങൾ മുഴുവൻ അട്ടിമറിച്ചാണ് ഫ്രഞ്ച് കമ്പനിയായ ദസ്സോയുമായി ഇടപാട് നടന്നതെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം. അഭിഭാഷകരായ മനോഹർ ലാൽ ശർമ, വിനീത് ധന്ദ എന്നിവരാണ് റഫാൽ ഇടപാടിൽ കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് ആദ്യം കോടതിയെ സമീപിച്ചത്. തുടർന്ന് ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്ങും ഇതേ ആവശ്യവുമായി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. മുൻകേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷൂരി, അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ എന്നിവരും ഹർജിയുമായി കോടതിയിലെത്തി. ഇതോടൊപ്പം കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും വിഷയം ആളിക്കത്തിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് റഫാൽ ഇടപാട് വിവാദവിഷയവുമായി.

അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലാണ് കേന്ദ്രത്തിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്. റഫാൽ ഇടപാടിൽ ദസ്സോയ്ക്കു വേണ്ടി തദ്ദേശ പങ്കാളിയെ തിരഞ്ഞെടുത്തതിൽ സർക്കാരിന് പങ്കില്ലെന്ന് കെ.കെ. വേണുഗോപാൽ പറഞ്ഞിരുന്നു. തദ്ദേശ പങ്കാളിയായി റിലയൻസ് ഡിഫൻസിനെ തിരഞ്ഞെടുത്തത് ദസ്സോ തന്നെയാണെന്നും അദ്ദേഹം കോടതി മുമ്പാകെ വ്യക്തമാക്കി. റഫാൽ ഇടപാട് നിയമപരമായി വിശകലനം ചെയ്യാനുള്ള കോടതിയുടെ നടപടിയെ പ്രതിരോധിക്കുന്ന നിലപാടായിരുന്നു കേന്ദ്രം സ്വീകരിച്ചത്. ഇടപാടിനെ നിയമപരമായി വിശകലനം ചെയ്യാൻ കോടതിക്ക് സാധിക്കുമോയെന്ന് വാദത്തിനിടെ എ ജി ആരാഞ്ഞു. ഇക്കാര്യങ്ങൾ വിദഗ്ധരാണ് തീരുമാനമെടുക്കേണ്ടതെന്നും അല്ലാതെ കോടതിയല്ലെന്നും എ ജി സുപ്രീംകോടതിയെ അറിയിച്ചു.

വിവരാവകാശ നിയമപ്രകാരം പോലും വിലവിവരങ്ങൾ പരസ്യപ്പെടുത്താനാവില്ലെന്നും റഫാൽ യുദ്ധവിമാനങ്ങളുടെ വില വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് എതിരാളികൾക്ക് ഗുണം ചെയ്‌തേക്കുമെന്ന് വ്യോമസേന കരുതുന്നതായും അദ്ദേഹം കോടതിയിൽ പറഞ്ഞിരുന്നു. യുദ്ധവിമാനത്തിന്റെ വില പരസ്യമാക്കുന്നത് ദേശീയ സുരക്ഷയെ എങ്ങനെ ബാധിക്കുമെന്ന് ഹർജിക്കാരനും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ ആരാഞ്ഞു. വിശദമായ വാദങ്ങൾക്ക് ശേഷം 2018 നവംബർ 14-നാണ് കേസ് വിധി പറയാൻ മാറ്റിവെച്ചത്. തുടർന്ന് ഡിസംബർ 14-ന് ഈ കേസിൽ വിധി പ്രസ്താവം നടത്തി.

റഫാൽ കേസിൽ അന്വേഷണം വേണ്ടെന്നായിരുന്നു 2018 ഡിസംബർ 14-ന് സുപ്രീംകോടതിയുടെ വിധി. അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച എല്ലാ ഹർജികളും കോടതി തള്ളി. ഇതിനെതിരെയാണ് പ്രശാന്ത് ഭൂഷൺ അടക്കമുള്ളവർ പുനഃപരിശോധന ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP