Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നേട്ടം മുകേഷ് അംബാനിയുടെ ജിയോയ്ക്ക് മാത്രം; നഷ്ടക്കണക്കുൾക്കിടെ ഇടിത്തീയായി 28,309 കോടി രൂപ കുടിശിക സർക്കാരിന് മൂന്ന് മാസത്തിനകം നൽകണമെന്ന സുപ്രീംകോടതി വിധിയും; ജീവനും കൊണ്ട് രക്ഷപ്പെടാൻ ബ്രിട്ടീഷ് ടെലികോം കമ്പനിയും; സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ ഇന്ത്യയിൽ ഓപ്പറേഷൻസ് നിർത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് വോഡഫോൺ; ലൈൻസ്-റെഗുലേറ്ററീ ഫീസ് തർക്കങ്ങൾ തുടരുമ്പോൾ വോഡഫോൺ - ഐഡിയയും പ്രതിസന്ധിയിലേക്ക്

നേട്ടം മുകേഷ് അംബാനിയുടെ ജിയോയ്ക്ക് മാത്രം; നഷ്ടക്കണക്കുൾക്കിടെ ഇടിത്തീയായി 28,309 കോടി രൂപ കുടിശിക സർക്കാരിന് മൂന്ന് മാസത്തിനകം നൽകണമെന്ന സുപ്രീംകോടതി വിധിയും; ജീവനും കൊണ്ട് രക്ഷപ്പെടാൻ ബ്രിട്ടീഷ് ടെലികോം കമ്പനിയും; സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ ഇന്ത്യയിൽ ഓപ്പറേഷൻസ് നിർത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് വോഡഫോൺ; ലൈൻസ്-റെഗുലേറ്ററീ ഫീസ് തർക്കങ്ങൾ തുടരുമ്പോൾ വോഡഫോൺ - ഐഡിയയും പ്രതിസന്ധിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബ്രിട്ടീഷ് ടെലികോം കമ്പനിയായ വോഡഫോൺ ഇന്ത്യയിലെ സേവനങ്ങൾ നിർത്തിയേക്കും. സുപ്രീംകോടതി വിധിയെത്തുടർന്ന് ആയിരക്കണക്കിന് കോടി രൂപ നിയമപരമായ കുടിശ്ശിക നൽകാൻ നിർബന്ധിതരായാൽ ഇന്ത്യയിലെ കച്ചവടം വോഡഫോൺ അവസാനിപ്പിക്കും. 69.2 കോടി യൂറോയുടെ പ്രവർത്തന നഷ്ടമാണ് ഏപ്രിൽ-സെപ്റ്റംബർ മുതൽ കമ്പനിക്കുണ്ടായത്. രജ്യത്തെ ടെലികോം മേഖല വൻ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട് ഈയിടെ പുറത്തു വന്നിരുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ കാര്യമായ നേട്ടമുണ്ടാക്കിയിരിക്കുന്നത് മുകേഷ് അംബാനിയുടെ ജിയോ മാത്രമാണ്. രാജ്യത്തെ മുൻനിര ടെലികോം കമ്പനികളെ എല്ലാം കീഴടക്കി കഴിഞ്ഞ പാദത്തിലെ വരുമാനത്തിലും ജിയോ മുന്നിലെത്തി. രാജ്യത്തെ മൊത്തം ടെലികോം കമ്പനികൾ നേരിടുന്നത് ഏകദേശം എട്ട് ലക്ഷം കോടിയുടെ കടമാണ്. വൻ നഷ്ടം സഹിക്കാനാവാതെ ഐഡിയ കമ്പനിക്കൊപ്പം ചേർന്ന വോഡഫോൺ കമ്പനി ഈ സാഹചര്യത്തിലാണ് ഇന്ത്യ വിടാനൊരുങ്ങുന്നത്.

ഇന്ത്യൻ വിപണിയിൽ കനത്ത നഷ്ടം നേരിടുന്ന സാഹചര്യത്തിൽ രാജ്യത്ത് പ്രവർത്തനം അവസാനിപ്പിക്കാൻ വോഡഫോൺ പദ്ധതിയിടുന്നുവെന്ന വാർത്തകൾക്ക് അടിവരയിടുന്നതാണ് കമ്പനിയുടെ പുതിയ പ്രസ്താവനകൾ. ജിയോയുടെ വരവോടെയാണ് വോഡഫോൺ പ്രതിസന്ധിയിലാകുന്നത്. കമ്പനിയുടെ ഇന്ത്യയിലുള്ള സംയുക്ത സംരംഭമായ വോഡഫോൺ-ഐഡിയയ്ക്ക് ഇനി ഒരു ഭാവിയുണ്ടാകണമെങ്കിൽ കുടിശിക ബാധ്യത ലഘൂകരിക്കാൻ സർക്കാർ സഹായം ആവശ്യമാണ് എന്ന് വോഡഫോൺ ചീഫ് എക്സിക്യൂട്ടീവ് നിക്ക് റീഡ് പറഞ്ഞു. സുപ്രീംകോടതി വിധിക്കുമേൽ പിന്തുണയില്ലാത്ത നിയന്ത്രണങ്ങളും ഉയർന്ന നികുതികളുമായതോടെ വലിയ സാമ്പത്തിക ബാധ്യതയാണ് കമ്പനിക്കുണ്ടായിരിക്കുന്നത്. ഇതുവരെ ഉണ്ടായതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് കമ്പനിക്ക് ഇന്ത്യയിലുള്ളത്. ഇത് ഒരു ഗുരുതരാവസ്ഥയാണ് എന്നും നിക്ക് റീഡ് പറഞ്ഞു. ലൈസൻസും റഗുലേറ്ററി ഫീസുകളും സംബന്ധിച്ച തർക്കത്തിലെ കോടതി വിധിയാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. കമ്പനിക്ക് സഹായം ലഭിക്കാൻ സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വോഡഫോൺ പറയുന്നു.

ഇന്ത്യൻ വിപണിയിലേക്ക് റിലയൻസ് ജിയോ കടന്നുവന്നതോടെയാണ് മറ്റ് ടെലികോം കമ്പനികൾ നഷ്ടം നേരിടാൻ തുടങ്ങിയത്. ടെലികോം വ്യവസായത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും കർശനമായ നിയന്ത്രണങ്ങൾ കൂടി വന്നതോടെ വലിയ സാമ്പത്തിക നഷ്ടമാണ് കമ്പനികൾക്കുണ്ടായത്. നഷ്ടം പരിഹരിക്കാനായി വോഡഫോണും ഐഡിയയും ഒന്നിച്ചെങ്കിലും അതും ലക്ഷ്യം കണ്ടില്ല. ജിയോയെ തോൽപ്പിക്കാനായിരുന്നു ഈ ലയനവും. ഉയർന്ന നികുതി, വലിയ ലൈസൻസ് ഫീസ് തുടങ്ങിയവ ടെലികോം മേഖലയിലെ ലാഭകരമായ പ്രവർത്തനത്തിനു തടസമാണെന്നു ബ്രിട്ടനിലെ മാതൃകമ്പനി വിലയിരുത്തുന്നു. ഭീമമായ ബാധ്യത വരുത്തിയ സുപ്രീംകോടതി വിധി ഇതിനു പുറമെയാണ്. ഈ വിധിമൂലമുള്ള അധിക ബാധ്യത മാതൃകന്പനിക്ക് 190 കോടി യൂറോ (15,000 കോടി രൂപ)യുടെ അർധവാർഷിക നഷ്ടത്തിനു വഴിതെളിച്ചു. ഇന്ത്യയിൽ കുമാർ മംഗളം ബിർളയുമായി ചേർന്ന് വോഡഫോൺ ഐഡിയ എന്ന മൊബൈൽ ടെലികോം കമ്പനി നിലവിലുണ്ട്. മൊത്തം മൊബൈൽ വരിക്കാലിൽ 30 ശതമാനത്തോളം ഈ കമ്പനിക്കുണ്ട്.

സ്‌പെക്ട്രം ചാർജ് അടയ്ക്കൽ രണ്ടു വർഷം മോറട്ടോറിയം നൽകുക, ലൈസൻസ് ഫീസ് താഴ്‌ത്തുക, സുപ്രീംകോടതി വിധി പ്രകാരമുള്ള ബാധ്യതയിൽ പലിശയും പിഴയും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ വോഡഫോൺ ഐഡിയ ഗവൺമെന്റിനു സമർപ്പിച്ചിട്ടുണ്ട്. ലോകത്തിൽ രണ്ടാമത്തെ വലിയ മൊബൈൽ കമ്പനിയാണു വോഡഫോൺ. ഇന്ത്യയിൽ റിലയൻസ് ജിയോയിൽ നിന്നുള്ള മത്സരവും ഉയർന്ന സ്‌പെക്ട്രം ഫീസും ലൈസൻസ് ഫീസുമാണ് അവരെ തളർത്തുന്നത്. ജിയോ വന്നതിനു ശേഷം ചെറുതും വലുതുമായ കമ്പനികൾ പൂട്ടുകയോ മറ്റു കമ്പനികളുടെ ഭാഗമാകുകയോ ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോഴും പിടിച്ചുനിൽക്കുന്നത് എയർടെലും വോഡഫോൺ ഐഡിയ കമ്പനികൾ മാത്രമാണ്. ഇതിനിടെയാണ് ബ്രിട്ടിഷ് കമ്പനിയായ വോഡഫോൺ ഇന്ത്യ വിടുമെന്ന റിപ്പോർട്ട് വരുന്നത്. വോഡഫോൺ കമ്പനി എപ്പോൾ വേണമെങ്കിലും ഇന്ത്യയിലെ സേവനം മതിയാക്കി മടങ്ങുമെന്നാണ് അറിയുന്നത്. നിലവിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള കമ്പനിയാണ് വോഡഫോൺ ഐഡിയ. എന്നാൽ ഓരോ മാസവും ശരാശരി 40 ലക്ഷം വരിക്കാരെ വരെ നഷ്ടപ്പെടുന്നുണ്ട്. വരിക്കാരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ടവറുകളോ മറ്റു സേവനങ്ങളോ കുറയ്ക്കാൻ കമ്പനിക്ക് സാധിക്കുന്നില്ല. വരിക്കാരിൽ നിന്നുള്ള വരുമാനവും കുത്തനെ കുറഞ്ഞു. ഇതാണ് പ്രതിസന്ധിക്ക് കാരണം.

ഇതിനിടെയാണ് അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആർ) നൽകാൻ സുപ്രീം കോടതി ഉത്തരവ് വന്നത്. വിധി പ്രകാരം വോഡഫോൺ ഐഡിയ 28,309 കോടി രൂപ കുടിശിക സർക്കാരിന് നൽകണം. അടുത്ത മൂന്നു മാസത്തിനുള്ളിൽ ഈ തുക നൽകണമെന്നാണ് ഉത്തരവ്. കടം തിരിച്ചുപിടിക്കാനായി വോഡഫോൺ ഐഡിയ തങ്ങളുടെ കടക്കാരെ സമീപിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ കടം തിരിച്ചുപിടിക്കുന്നതിനായി വോഡഫോൺ ഐഡിയ അതിന്റെ വായ്പക്കാരെ സമീപിച്ചുവെന്ന് ആരോപിച്ച് ചില മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP