Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മോദി ബ്രസീലിലേക്ക് പറക്കും മുമ്പ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് ശിവസേനയെ കുടുക്കിലാക്കാൻ; തീവ്ര ഹിന്ദുത്വം ഉയർത്തുന്ന താക്കറെ പാർട്ടിയുമായി അടുത്താൽ മതേതരത്വം പിന്നെ പറയാനാകില്ലെന്ന ഭയത്തിൽ സോണിയ; പൊതു മിനിമം പരിപാടിയിൽ ചർച്ച തുടരുമ്പോഴും ബിജെപി വിരുദ്ധ മുന്നണിയെന്ന ആശയത്തിന് പ്രതിസന്ധികൾ ഏറെ; എല്ലാത്തിനും കാരണം താക്കറെയുടെ അധികാര രാഷ്ട്രീയത്തിനോടുള്ള കൊതിയെന്ന് വരുത്താൻ ബിജെപിയും; മഹാരാഷ്ട്രയിൽ സുപ്രീംകോടതി ഇടപെടൽ നിർണ്ണായകം

മോദി ബ്രസീലിലേക്ക് പറക്കും മുമ്പ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് ശിവസേനയെ കുടുക്കിലാക്കാൻ; തീവ്ര ഹിന്ദുത്വം ഉയർത്തുന്ന താക്കറെ പാർട്ടിയുമായി അടുത്താൽ മതേതരത്വം പിന്നെ പറയാനാകില്ലെന്ന ഭയത്തിൽ സോണിയ; പൊതു മിനിമം പരിപാടിയിൽ ചർച്ച തുടരുമ്പോഴും ബിജെപി വിരുദ്ധ മുന്നണിയെന്ന ആശയത്തിന് പ്രതിസന്ധികൾ ഏറെ; എല്ലാത്തിനും കാരണം താക്കറെയുടെ അധികാര രാഷ്ട്രീയത്തിനോടുള്ള കൊതിയെന്ന് വരുത്താൻ ബിജെപിയും; മഹാരാഷ്ട്രയിൽ സുപ്രീംകോടതി ഇടപെടൽ നിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിൽ ഇനി നിയമപോരാട്ടം. ശിവസേനയുമായി അടുക്കാൻ ഇനിയും കോൺഗ്രസ് തയ്യാറായിട്ടില്ല. തീവ്ര ഹിന്ദുത്വ നിലപാടുള്ള ശിവസേനയെ അടുപ്പിക്കുന്നത് കേരളത്തിലും മറ്റും കോൺഗ്രസിന് ദോഷമായി മാറും. ഈ സാഹചര്യത്തിലാണ് എൻസിപി നേതാവ് ശരത് പവാർ ബിജെപി വിരുദ്ധ സഖ്യമെന്ന ആശയവുമായി ശിവസേനയെ പിന്തുണയ്ക്കാൻ മുന്നിട്ടിറങ്ങിയിട്ടും നടക്കാതെ പോകുന്നത്. ഏതായാലും ഗവർണ്ണറുടെ രാഷ്ട്രപതി ഭരണത്തിനെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് ശിവസേന. മറാത്ത വാദവുമായി ബാൽ താക്കറെ ഉണ്ടാക്കിയതാണ് ശിവസേന. താക്കറയും കുടുബാംഗങ്ങളും അധികാര രാഷ്ട്രീയത്തിൽ നിന്ന് മാറി നിന്ന് പാർട്ടിയെ നയിക്കുന്ന സംവിധാനം. പിഴവുകളില്ലാതെ തീരുമാനം എടുക്കുകയും തീവ്ര ഹിന്ദുത്വം ആളക്കത്തിക്കയും ചെയ്തു ശിവസേന. എന്നാൽ മകൻ ഉദ്ദവ് താക്കറെ പാർട്ടി അധ്യക്ഷനായതോടെ എല്ലാം മാറി മറിഞ്ഞു. ഉദ്ദവിന്റെ മകൻ ആദിത്യ താക്കറെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ കുടുംബാഗംമായി. ആദിത്യയെ മുഖ്യമന്ത്രിയാക്കാനുള്ള ഉദ്ദവിന്റെ മോഹങ്ങൾ ശിവസേനയെ വലിയ പ്രതിസന്ധിയിലുമാക്കി.

ഇതിനിടെ ശിവസേനയുമായി ചേർന്ന് സർക്കാരുണ്ടാക്കുന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വം ധാരണയിലെത്തിയതായും റിപ്പോർട്ടുണ്ട്. എതിർപ്പുകൾ ചർച്ചകളിലൂടെ പരിഹരിക്കാമെന്നാണ് നേതൃത്വം കരുതുന്നത്. സർക്കാരിൽ തുല്യവിഹിതം വേണമെന്ന് എൻസിപിയുമായുള്ള യോഗത്തിൽ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മന്ത്രിസഭയിൽ 14പ്ലസ് വൺ4പ്ലസ് വൺ4 എന്ന ഫോർമുലയാണ് കോൺഗ്രസ് മുന്നോട്ട് വെക്കുന്നത്. സ്പീക്കർ പദവിയും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഗവർണ്ണറുടെ രാഷ്ട്രപതി ഭരണത്തിനെതിരെ ശിവസേന സുപ്രീംകോടതിയെ സമീപിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. സർക്കാരുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ വലിയ പ്രതിസന്ധിയാകുമെന്ന് ശിവസേനയ്ക്ക് അറിയാം. ബിജെപി-ശിവസേന സഖ്യമായാണ് മത്സരിച്ചത്. ഭരിക്കാനുള്ള പിന്തുണയും കിട്ടി. എന്നാൽ മുഖ്യമന്ത്രി പദം തങ്ങൾക്കും വേണമെന്ന വാദവുമായി ബിജെപിയിൽ നിന്ന് അകന്നു. കേന്ദ്രമന്ത്രിയെ രാജിവയ്‌പ്പിച്ചു. എന്നാൽ കോൺഗ്രസ് പിന്തുണച്ചതുമില്ലെന്ന വന്നാൽ വലിയ പ്രതിസന്ധിയിലേക്ക് ശിവസേന മാറും.

സുപ്രീംകോടതിയിലേക്ക് ശിവസേന പോകുന്നുണ്ട്. ഇത് നിർണ്ണായകമാണ്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ വിഷയത്തിൽ അടിയന്തര വാദമാണ് ശിവസേന പ്രതീക്ഷിക്കുന്നത്. സുപ്രീംകോടതി വിധി അനുകൂലമായാൽ സർക്കാരുണ്ടാക്കാൻ തന്നെയാണ് തീരുമാനം. അതുകൊണ്ട് തന്നെ കോൺഗ്രസുമായി എങ്ങനേയും അടുക്കാനാണ് ശിവസേനയുടെ ശ്രമം. കടുത്ത ഹിന്ദുത്വ നിലപാടും പ്രാദേശികവാദവും ഡിഎൻഎയിലുള്ള ശിവസേനയെ കോൺഗ്രസും സോണിയയും പെട്ടെന്ന് എല്ലാ മറന്ന് കൈകൊടുത്തില്ല. അതോടെയാണ് കളി പിഴച്ചത്. അവകാശവാദം ഉന്നയിക്കാൻ രാജ്ഭവനിലേക്ക് പോയ ആദിത്യ താക്കറെ വെറുംകൈയോടെ മടങ്ങി. ക്ഷണക്കത്ത് കൈമാറി കൈമാറി മൂന്നാമത്തെ ടീമായ എൻസിപിയിലെത്തി. അപ്പോഴും ശിവസേനയുമായി സഹകരിക്കാൻ കോൺഗ്രസിന് താൽപ്പര്യ കുറവ്. ഇതാണ് സഖ്യ തീരുമാനം വൈകിപ്പിക്കുന്നത്. അങ്ങനെ ത്രിശങ്കുവിൽ പെട്ടിരിക്കുകയാണ് ശിവസേന. എൻസിപിയുടെ പ്രേരണയിലാണ് കേന്ദ്രമന്ത്രി് സാവന്തിനെ രാജിവെപ്പിച്ചത്. കോൺഗ്രസിനെ എൻസിപി വശത്താക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇതെല്ലാം. ഒന്നും നടന്നില്ല. എൻസിപിയുടെ നേതൃത്വത്തിൽ ശിവസേന സർക്കാരിന്റെ ഭാഗമായാൽ കോൺഗ്രസ് പിന്തുണക്കുമോ എന്ന ചോദ്യം അപ്പോഴും അവശേഷിക്കുന്നു. ശിവസേന പുറത്ത് നിന്ന് പിന്തുണച്ചാൽ സർക്കാർ ഉറപ്പ്. അങ്ങനെയൊരു നഷ്ടക്കച്ചവടത്തിന് ശിവസേന തയ്യാറല്ല. മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരിക്കാൻ എൻ.സി.പി-കോൺഗ്രസ് സഖ്യത്തിനൊപ്പം പ്രവർത്തിക്കുമെന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ ഇപ്പോഴും പറയുന്നു. കഴിഞ്ഞദിവസം എൻസിപിയുമായും കോൺഗ്രസുമായും ഔദ്യോഗികമായി സംസാരിച്ചെന്നും സർക്കാർ രൂപവത്കരിക്കാൻ പിന്തുണ തേടിയെന്നും അദ്ദേഹം പറഞ്ഞു.

എൻസിപി-കോൺഗ്രസ് സഖ്യവുമായി ചേർന്ന് സർക്കാർ രൂപവത്കരിക്കുകയാണെങ്കിൽ പൊതുമിനിമം പരിപാടിയെക്കുറിച്ച് വ്യക്തത വേണം. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത് മുതൽ എൻസിപി-കോൺഗ്രസ് സഖ്യവുമായി താൻ ബന്ധപ്പെട്ടിരുന്നുവെന്ന ബിജെപി ആരോപണം ശരിയല്ല. കഴിഞ്ഞദിവസമാണ് ഇക്കാര്യത്തിൽ ചർച്ച നടത്തിയതെന്നും ബിജെപിയുടെ ആരോപണം തെറ്റാണെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. ഇതോടെ മന്ത്രിസഭാ രൂപീകരണത്തിനുള്ള ചർച്ചകൾ പുരോഗമിക്കുന്നുവെന്നും വ്യക്തമാണ്. ഇതിനിടെയാണ് രാഷ്ട്രപതി ഭരണം മഹാരാഷ്ട്രയിൽ ഏർപ്പെടുത്തിയത്. ബിജെപിക്കെതിരെ ശക്തമായ ഭാഷയിലാണ് ഉദ്ധവ് താക്കറെ വാർത്താസമ്മേളനത്തിൽ സംസാരിച്ചത്. രാമക്ഷേത്രമാണ് തങ്ങളെ ഒരുമിപ്പിച്ചതെങ്കിലും ശ്രീരാമൻ എക്കാലത്തും വാക്കുപാലിച്ചിരുന്നു. തങ്ങളുടെ പ്രത്യയശാസ്ത്രത്തിനെതിരെ ബിജെപി ആരോപണമുന്നയിച്ചിരുന്നു. എന്നാൽ വ്യത്യസ്ത പ്രത്യയശാസ്ത്രമുള്ള പാർട്ടികളുമായി ബിജെപി എങ്ങനെയാണ് സഖ്യമുണ്ടാക്കിയത്. കശ്മീരിൽ പിഡിപിയുമായും ബിഹാറിൽ നിതീഷ്‌കുമാറുമായും രാംവിലാസ് പാസ്വാനുമായും ആന്ധ്രയിൽ ടിഡിപിയുമായും ബിജെപി എങ്ങനെയാണ് സഖ്യമുണ്ടാക്കിയത് എന്നതിനെക്കുറിച്ച് വിവരങ്ങൾ തേടിയിരുന്നു. ഞങ്ങൾ വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങൾ പിന്തുടരുന്നവരാകും. എന്നാൽ ബിജെപി പലയിടത്തും ചെയ്തത് പോലെ ഞങ്ങൾക്കും ഒരുമിക്കാനാവും- അദ്ദേഹം വിശദീകരിച്ചു.

ബിജെപി-ശിവസേന സഖ്യം തകർന്നെങ്കിൽ ബിജെപിയാണ് അത് തകർത്തതെന്നും താനല്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. അവർ കള്ളംപറയുകയാണ്. എന്നെ ഒരു നുണയനാക്കാണ് അവർ ശ്രമിക്കുന്നത്. മുഖ്യമന്ത്രി പദം പങ്കിടാമെന്നത് നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ തീരുമാനിച്ചതാണ്. പക്ഷേ, ബിജെപി വാക്ക് പാലിച്ചില്ല. വാക്ക് പാലിക്കാത്തത് ഹിന്ദുത്വമല്ലെന്നും സർക്കാർ രൂപവത്കരിക്കാൻ ഗവർണർ മതിയായ സമയം നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു. 48 മണിക്കൂർ സമയം ചോദിച്ച തങ്ങൾക്ക് ഗവർണർ ഇപ്പോൾ ആറ് മാസം തന്നിരിക്കുകയാണെന്നും ഗവർണറുടെ നടപടിയെ പരിഹസിച്ച് ഉദ്ധവ് പറഞ്ഞു.

തിടുക്കത്തിനില്ലെന്ന് കോൺഗ്രസ്

മഹാരാഷ്ട്രയിൽ ശിവസേനയുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ തിടുക്കം കാണിക്കാനില്ലെന്ന് എൻ.സി.പിയും കോൺഗ്രസും. ഇക്കാര്യത്തിൽ വിശദമായ ചർച്ചകൾ നടത്തേണ്ടതുണ്ടെന്ന് ഇരുപാർട്ടി നേതാക്കളും അറിയിച്ചു. ശരദ് പവാർ, അഹ്മദ് പട്ടേൽ, മല്ലികാർജ്ജുന ഖാർഗെ, കെ.സി വേണുഗോപാൽ, പ്രഫുൽ പട്ടേൽ തുടങ്ങിയ ഇരുപാർട്ടികളിലേയും മുതിർന്ന നേതാക്കൾ മുംബൈയിൽ യോഗം ചേർന്നതിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

ചർച്ചകൾ നടത്തുന്നതിൽ കാലതാമസമുണ്ടാവില്ലെന്ന് കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ പറഞ്ഞു. തിങ്കളാഴ്ചയാണ് ശിവസേന ഞങ്ങളെ സമീപിച്ചിട്ടുള്ളത്. അതിന് മുമ്പ് അവർ ബന്ധപ്പെട്ടിട്ടില്ലെന്നും പട്ടേൽ പറഞ്ഞു. തങ്ങൾക്ക് തിടുക്കമില്ലെന്നും ശിവസേനയുമായി സഖ്യത്തിലേർപ്പെടുന്ന കാര്യത്തിൽ കോൺഗ്രസുമായി കൂടുതൽ ചർച്ച നടത്തിയ ശേഷം ഒരു തീരുമാനമെടുക്കുമെന്നും ശരദ് പവാറും അറിയിച്ചു. 'എൻസിപിക്കും കോൺഗ്രസിനും ഒരു പൊതു പ്രകടന പത്രികയുണ്ട്. അതുകൊണ്ട് ഞങ്ങൾ തമ്മിൽ പ്രശ്‌നമില്ല. എന്നാൽ മൂന്നാമതൊരു കക്ഷിയുമായി സഖ്യത്തിലേർപ്പെടുമ്പോൾ കൂടുതൽ ചർച്ച ചെയ്യേണ്ടതുണ്ട്'-പവാർ പറഞ്ഞു.

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ നടപടിയെ ഇരുപാർട്ടി നേതാക്കളും വിമർശിച്ചു. ഇത് ജനാധിപത്യത്തേയും ഭരണഘടനയേയും പരിഹസിക്കുന്ന നടപടിയാണെന്ന് കോൺഗ്രസ് വിമർശിച്ചു. ബിജെപി, ശിവസേന എൻസിപി എന്നീ കക്ഷികളെ സർക്കാർ രൂപവത്രരണത്തിന് ക്ഷണിച്ച ഗവർണർ കോൺഗ്രസിനെ ക്ഷണിക്കാത്തതിനേയും അഹമ്മദ് പട്ടേൽ വിമർശിച്ചു.

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതോടെ ഗവർണറുടെ ഓഫിസ് വീണ്ടും വിവാദത്തിലായി. 2016-അരുണാചൽ, ഉത്തരാഖണ്ഡ്, 2017 - മണിപ്പുർ, ഗോവ, കഴിഞ്ഞ വർഷം കർണാടക, ഇപ്പോൾ മഹാരാഷ്ട്ര - കേന്ദ്രം ഭരിക്കുന്ന ബിജെപി താൽപര്യപ്പെടുന്ന രീതിയിൽ വിവാദ തീരുമാനങ്ങളെടുക്കുന്ന ഗവർണർമാരുടെ പട്ടിക നീളുന്നു

ഗവർണ്ണർ വിവാദത്തിൽ

മഹാരാഷ്ട്രയിൽ ഫലം വന്നത് കഴിഞ്ഞ 24ന്. ഗവർണർ ഭഗത് സിങ് കോഷിയാരി ആദ്യം വിളിക്കേണ്ടിയിരുന്നതു ഭൂരിപക്ഷമുള്ള സഖ്യത്തെയാണ്. എന്നാൽ, ബിജെപി - ശിവസേനാ സഖ്യത്തെ അദ്ദേഹം ക്ഷണിച്ചില്ല. ക്ഷണിച്ചാൽ, നിശ്ചിത സമയപരിധിക്കുള്ളിൽ അവർ ഭൂരിപക്ഷം തെളിയിക്കണം. അതു ബിജെപിയെ പ്രതിസന്ധിയിലാക്കുമായിരുന്നു. അതിനാൽ, തർക്കങ്ങൾക്കൊടുവിൽ സഖ്യം പിളരുന്നതുവരെ കാത്തശേഷം 16-ാം ദിവസം ബിജെപിയെ ക്ഷണിച്ചു. രണ്ടു ദിവസത്തെ സമയവും നൽകി. ഇതോടെ ബിജെപിക്കു ലഭിച്ചതു 18 ദിവസം.

ഗവർണർ ശിവസേനയ്ക്കും എൻസിപിക്കും നൽകിയത് 24 മണിക്കൂർ. കൂടുതൽ സമയം വേണമെന്ന ഇരു പാർട്ടികളുടെയും ആവശ്യം നിരസിച്ചെന്നു മാത്രമല്ല, എൻസിപിക്ക് അനുവദിച്ച സമയപരിധി പാലിച്ചതുമില്ല. അതിന് മുമ്പ് രാഷ്ട്രപതി ഭരണമെത്തി. ഭൂരിപക്ഷം തെളിയിക്കേണ്ടതു സഭയിലാണെങ്കിലും പിന്തുണക്കത്തുകൾ ചോദിക്കാൻ ഗവർണർക്ക് അവകാശമുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള വിവേചനാധികാരം പ്രയോഗിക്കുന്നതിന്റെ ഭാഗമായുള്ള നടപടിയെന്ന് അതിനെ വ്യാഖ്യാനിക്കാം. ചില രാഷ്ട്രപതിമാർ തന്നെ ഈ രീതി സ്വീകരിച്ചിട്ടുണ്ട്. പക്ഷേ, കക്ഷികൾ ചോദിച്ച പരിമിതമായ സമയം അനുവദിക്കാതെ, സർക്കാരുണ്ടാക്കാൻ സാധിക്കില്ലെന്നു ബിജെപി വ്യക്തമാക്കിയശേഷം ഗവർണർ കാട്ടിയ തിടുക്കം വ്യാഖ്യാനങ്ങൾക്ക് ഇടനൽകുന്നു.

ഭരണഘടനയുടെ 175-ാം വകുപ്പനുസരിച്ചു നിയമസഭയിലേക്കു സന്ദേശം നൽകി, നേതാവിനെ തിരഞ്ഞെടുക്കാൻ സഭയോട് ആവശ്യപ്പെടുകയെന്ന രീതി സ്വീകരിക്കാനും ഗവർണർക്കു സാധിക്കുമായിരുന്നു. എൻസിപിക്ക് ഇന്നലെ രാത്രി 8.30 വരെ സമയം അനുവദിച്ചിരിക്കെ, ഉച്ചയ്ക്കു മുൻപു തന്നെ ഗവർണറോടു കൂടുതൽ സമയം ചോദിച്ചതെന്തിന് എന്നതാണ് ഉയരുന്ന ചോദ്യം. ശിവസേനയെപ്പോലെ അവസാനനിമിഷം വരെ കാത്തുനിന്നിരുന്നെങ്കിൽ കേന്ദ്ര സർക്കാരിനുള്ള ഗവർണറുടെ റിപ്പോർട്ട് അതിനനുസരിച്ചു വൈകുമായിരുന്നു. അപ്പോഴേക്കും കേന്ദ്ര മന്ത്രിസഭാ യോഗം കഴിഞ്ഞു പ്രധാനമന്ത്രി ബ്രസീലിലേക്കു പുറപ്പെട്ടിട്ടുണ്ടാകുമായിരുന്നു. ഇതാണ് വിവാദത്തിന് കാരണം.

ബിജെപിക്ക് താൽപ്പര്യം തെരഞ്ഞെടുപ്പ്

എൻഡിഎയിൽ ശിവസേനയെ എത്തിക്കാൻ ബിജെപി വീണ്ടും ശ്രമിക്കുന്നുണ്ട്. സഖ്യപാളയത്തിലേക്കു സേന മടങ്ങിവരുന്നില്ലെങ്കിൽ മഹാരാഷ്ട്രയിൽ വീണ്ടും തിരഞ്ഞെടുപ്പിനാണു ബിജെപി താൽപര്യപ്പെടുന്നത്. ബിഹാറിൽ 2005 ഫെബ്രുവരിയിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയാണ് ഇക്കാര്യത്തിൽ മാതൃക. അന്ന്, 29 സീറ്റ് ലഭിച്ച റാംവിലാസ് പാസ്വാന്റെ പാർട്ടി, മുസ്ലിമിനെ മുഖ്യമന്ത്രിയാക്കണമെന്നു നിലപാടെടുത്തു. മറ്റു കക്ഷികൾ എതിർത്തു. ഭരണപ്രതിസന്ധിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി.

പാസ്വാന്റെ പാർട്ടിയെ ജെഡിയു പിളർത്തുന്ന സ്ഥിതിയിൽ, നിയമസഭ പിരിച്ചുവിടുകയെന്ന വിവാദ തീരുമാനം ഗവർണർ ഭൂട്ടാ സിങ് പ്രഖ്യാപിച്ചു. 2005 ഒക്ടോബറിലെ തിരഞ്ഞെടുപ്പിൽ പാസ്വാനും ആർജെഡിക്കും കോൺഗ്രസിനും മറ്റും നഷ്ടവും ജെഡിയുവിനും ബിജെപിക്കും നേട്ടവുമുണ്ടായി. മഹാരാഷ്ട്രയിൽ വീണ്ടും തിരഞ്ഞെടുപ്പു നടന്നാൽ നേട്ടമുണ്ടാകുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. രാഷ്ട്രപതി ഭരണത്തിന് പാർലമെന്റിന്റെ അംഗീകാരം നേടാൻ ബിജെപിക്ക് കഠിനാധ്വാനം ആവശ്യമാണ്. രാജ്യസഭയിൽ ഇതിനു ചില പ്രാദേശിക കക്ഷികളുടെയെങ്കിലും പിന്തുണ വേണ്ടിവരും.

്അതിനിടെ കേന്ദ്ര മന്ത്രിസഭയിലെ ശിവസേന പ്രതിനിധി അരവിന്ദ് സാവന്തിന്റെ രാജി രാഷ്ട്രപതി റാം നാഥ് കോവിന്ദ് സ്വീകരിച്ചു. സാവന്ത് വഹിച്ചിരുന്ന ഘനവ്യവസായ, പൊതുസംരംഭം എന്നീ വകുപ്പുകളുടെ ചുമതല മന്ത്രി പ്രകാശ് ജാവഡേക്കർക്കു നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP