Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഫീസ് വർധനവിനെതിരെ ജെഎൻയുവിൽ പ്രതിഷേധം ശക്തമാകുമ്പോൾ ഭരിക്കുന്ന പാർട്ടിയുടെ കൊടിയുടെ നിറം നോക്കാതെ സമരത്തിനിറങ്ങാൻ എബിവിപി; സംഘടന നാളെ മാർച്ച് നടത്തുക യുജിസി ആസ്ഥാനത്തേക്ക്; സമരം ഫീസ് വർധനവിനെതിരെ എന്നും ഇടത് സംഘടനകൾ പ്രശ്‌നം രാഷ്ട്രീയവത്ക്കരിക്കുകയാണെന്നും എബിവിപിയുടെ വിശദീകരണം

ഫീസ് വർധനവിനെതിരെ ജെഎൻയുവിൽ പ്രതിഷേധം ശക്തമാകുമ്പോൾ ഭരിക്കുന്ന പാർട്ടിയുടെ കൊടിയുടെ നിറം നോക്കാതെ സമരത്തിനിറങ്ങാൻ എബിവിപി; സംഘടന നാളെ മാർച്ച് നടത്തുക യുജിസി ആസ്ഥാനത്തേക്ക്; സമരം ഫീസ് വർധനവിനെതിരെ എന്നും ഇടത് സംഘടനകൾ പ്രശ്‌നം രാഷ്ട്രീയവത്ക്കരിക്കുകയാണെന്നും എബിവിപിയുടെ വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഫീസ് വർധനവിനെ ജെഎൻയുവിൽ സമരത്തിനൊരുങ്ങി എബിവിപിയും. രാജ്യം ശ്രദ്ധിക്കുന്ന തരത്തിൽ മറ്റ് വിദ്യാർത്ഥി സംഘടനകൾ സമരം സംഘടിപ്പിക്കുകയും കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാലിനെ സർവകലാശാലയിൽ മണിക്കൂറുകളോളം തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 17 ദിവസങ്ങളായി മറ്റ് വിദ്യാർത്ഥി സംഘടനകൾ സമരമുഖത്താണ്. ഇതോടെയാണ് എബിവിപിയും ഫീസ് വർധനവിനെതിരെ സമരത്തിന് എത്തുന്നത്.

എബിവിപി സർവ്വകലാശാല യൂണിറ്റ് നാളെ യുജിസി ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. ഫീസ് വർധനവിനെതിരെയാണ് സമരമെന്നും ഇടതുവിദ്യാർത്ഥി സംഘടനകൾ സമരത്തെ രാഷ്ട്രീയ വത്കരിച്ചെന്നും എബിവിപി നേതൃത്വം ആരോപിച്ചു.സമരത്തിൽ തങ്ങൾ തുടക്കം മുതലുണ്ടായിരുന്നുവെന്നും എബിവിപി നേതൃത്വം പറഞ്ഞു. ജെഎൻയുവിൽ പതിനേഴ് ദിവസമായി തുടരുന്ന വിദ്യാർത്ഥി സമരം ഇന്ന് മുതൽ ക്യാമ്പസിലെ അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്നിലേക്കായി. അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ച് കൊണ്ട് വിദ്യാർത്ഥികൾ സമരം ചെയ്തു. അവധി ദിവസമായതിനാൽ ഇന്ന് ക്യാമ്പസ് പ്രവർത്തിക്കുന്നില്ല.

ഫീസ് വർധനവ്, ഹോസ്റ്റൽ നിയന്ത്രണം തുടങ്ങിയ കാര്യങ്ങളിൽ വിദ്യാർത്ഥി യൂണിയനുമായി ആലോചിക്കാതെ പുതിയ തീരുമാനങ്ങൾ നടപ്പാക്കുന്നതിനെതിരെയാണ് സമരം. വിഷയത്തിൽ ചർച്ചയ്ക്ക് പോലും തയ്യാറാകാത്ത വിസിയെ പുറത്താക്കണമെന്ന് വിദ്യാർത്ഥി യൂണിയൻ ആവശ്യപ്പെട്ടു. ജെഎൻയു അദ്ധ്യാപക അസോസിയേഷനും സമരത്തിന് പിന്തുണ നൽകിയിട്ടുണ്ട്. സർവകലാശാലാ ഹോസ്റ്റലിലെ നിബന്ധനകൾ പരിഷ്‌കരിച്ചതാണു സമരത്തിനു കാരണം. ഹോസ്റ്റൽ ഫീസ് 300 ഇരട്ടിയായി വർധിപ്പിച്ചെന്നും ഹോസ്റ്റലിൽ എത്തേണ്ട സമയവും ഡ്രസ് കോഡും കർശനമാക്കിയെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.

എന്നാൽ, സമയം, ഡ്രസ് കോഡ് എന്നിവയിൽ മാറ്റം വരുത്തിയിട്ടില്ലെന്നാണു സർവകലാശാലയുടെ വിശദീകരണം. ഒരാൾക്കു താമസിക്കാവുന്ന ഹോസ്റ്റൽ മുറിക്ക് പ്രതിമാസം 20 രൂപയായിരുന്നത് 600 രൂപയാക്കി ഉയർത്തിയതാണ് വിദ്യാർത്ഥികളുടെ എതിർപ്പ് ക്ഷണിച്ചു വരുത്തിയത്. രണ്ടു പേരുടെ മുറിക്കു 10 രൂപയിൽ നിന്ന് 300 രൂപയും. കൂടാതെ 1700 രൂപ മാസം സർവീസ് ചാർജ്. മുൻപു മെസ് ഫീസ് ഉൾപ്പെടെ ആകെ ചെലവ് 1000-1500 രൂപയേ വരുമായിരുന്നുള്ളൂ. ഹോസ്റ്റലിൽ മെസിലെ നിക്ഷേപം 5500 രൂപയിൽ നിന്നു 12,000 രൂപയാക്കി. ഇത് കൂടാതെ ഹോസ്റ്റലിൽ എത്തിച്ചേരേണ്ട സമയം രാത്രി 12.30 ആക്കി നിശ്ചയിച്ചതും വിദ്യാർത്ഥി രോഷം ഇരട്ടിക്കാൻ ഇടയാക്കി. ഡൈനിങ് ഹാളിൽ മാന്യമായി വസ്ത്രം ധരിച്ചെത്തണമെന്ന നിർദ്ദേശവും കൂടിയായപ്പോൾ അത് അംഗീകരിക്കാൻ തയ്യാറല്ലെന്ന നിലപാടിലേക്ക് വിദ്യാർത്ഥികൾ എത്തുകയായിരുന്നു.

നേരത്തെ പ്രതിമാസം 2500 രൂപയാണ് അടച്ചിരുന്നത്. ഇപ്പോൾ 7000 രൂപ അടയ്ക്കണം. 300 ശതമാനത്തോളമാണു വർധന. ഞങ്ങളുടെ പ്രശ്നം കേൾക്കാനുള്ള സന്നദ്ധത കാണിക്കാത്തതിനാലാണു സമരം തുടങ്ങിയത് എന്ന് വിദ്യാർത്ഥികൾ പറയുന്നു. ഡ്രസ് കോഡ്, സമയ നിയന്ത്രണം, ഹോസ്റ്റലിലെ പുതിയ നിയമങ്ങൾ തുടങ്ങിയവയിലും അസംതൃപ്തിയുണ്ടെന്നു സമരക്കാർ കൂട്ടിച്ചേർത്തു. ഹോസ്റ്റലിൽ ഒറ്റമുറിയുടെ വാടക ഇരുപതിൽ നിന്ന് അറുന്നൂറിലേക്കും രണ്ട് പേർക്ക് താമസിക്കാവുന്ന മുറിയുടെ വാടക പത്തിൽ നിന്ന് മുന്നൂറിലേക്കും മെസ്സിലെ സെക്യൂരിറ്റി ഡെപോസിറ്റ്(ഇത് പിന്നീട് മടക്കി നൽകും) പന്ത്രണ്ടായിരവുമാക്കിയാണ് വർധിപ്പിച്ചത്. മുപ്പത് വർഷത്തിനിടെ ഇതാദ്യമായാണ് ഫീസ് വർദ്ധിപ്പിച്ചതെന്നും മെസ് ഫീസ് അടയ്ക്കാതെ കുടിശ്ശിക വരുത്തുന്ന വിദ്യാർത്ഥികളുടെയെണ്ണം കൂടിവരുന്നതുമാണ് സംഭവത്തിൽ അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ കേന്ദ്രസേനയെ അടക്കം ഉപയോഗിച്ച് സമരം അടിച്ചമർത്താനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.

ഹോസ്റ്റൽ ഫീസ് കുത്തനെ കൂട്ടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ജെഎൻയുവിലെ വിദ്യാർത്ഥികൾ നടത്തുന്ന സമരം ഇന്നലെ സംഘർഷത്തിലാണ് കലാശിച്ചത്. ജെഎൻയു ക്യാമ്പസിനോട് ചേർന്ന ഓഡിറ്റോറിയത്തിൽ ബിരുദദാനച്ചടങ്ങിനെത്തിയ കേന്ദ്രമന്ത്രിയെയും വൈസ് ചാൻസലറെയും മണിക്കൂറുകളോളം വിദ്യാർത്ഥികൾ തടഞ്ഞുവെച്ചു. വിദ്യാർത്ഥികളെ മർദ്ദിച്ചും വലിച്ചിഴച്ചും ഇവിടെ നിന്ന് നീക്കിയ ശേഷമാണ് കേന്ദ്രമന്ത്രിയെ പുറത്തേക്ക് കൊണ്ടുപോയത്. നിരവധി വിദ്യാർത്ഥികൾക്ക് പൊലീസ് മർദനത്തിൽ പരിക്കേറ്റിരുന്നു.

പ്രതിഷേധക്കാരെ തടയാൻ കിലോമീറ്ററുകൾ മുൻപു ബാരിക്കേഡും തീർത്തെങ്കിലും ഇതു മറികടന്നു പതിനൊന്നരയോടെ വിദ്യാർത്ഥികൾ എഐസിടിഇ കവാടത്തിലെത്തി. ഇതിനകം ചടങ്ങു കഴിഞ്ഞ് ഉപരാഷ്ട്രപതി മടങ്ങി. എന്നാൽ മന്ത്രി അകത്തു കുടുങ്ങി. ഗേറ്റിനു മുന്നിൽനിന്നു വിദ്യാർത്ഥികളെ നീക്കം ചെയ്യാനുള്ള ശ്രമം കയ്യാങ്കളിയിലെത്തി. ലാത്തിവീശിയ പൊലീസ് ജലപീരങ്കിയും ഉപയോഗിച്ചു. വനിതാ പൊലീസുകാർ ഇല്ലാതെ പെൺകുട്ടികളെ ഉൾപ്പെടെ ഒഴിപ്പിക്കാനുള്ള പൊലീസിന്റെ ശ്രമം കൂടുതൽ പ്രതിഷേധമുയർത്തി. വിദ്യാർത്ഥി യൂണിയൻ നേതാക്കളുമായി ചർച്ച നടത്തിയ കേന്ദ്രമന്ത്രി ആവശ്യങ്ങൾ പരിഗണിക്കുമെന്ന് അറിയിച്ചു. എന്നാൽ, വൈസ് ചാൻസലർ ഡോ. എം. ജഗദീഷ് കുമാർ ചർച്ചയ്ക്കു തയാറായില്ല.

അവശ വിഭാഗക്കാരായ വിദ്യാർത്ഥികൾക്കു പഠിക്കാനുള്ള അവകാശം നിഷേധിക്കലാണു ഫലത്തിൽ ഫീസ് വർധനയെന്നും വിദ്യാർത്ഥി പ്രതിനിധികളോടു ചർച്ച ചെയ്യാതെയാണു തീരുമാനം എടുത്തതെന്നും ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളുടെ ആശങ്ക ചർച്ച ചെയ്യാമെന്ന്, ബിരുദദാന ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിന് ഉറപ്പുനൽകി. ഒരാഴ്ചയിലേറെയായി ക്യാംപസിൽ പ്രതിഷേധമുണ്ട്. വിദ്യാർത്ഥികൾ വ്യാജ പ്രചാരണം നടത്തുകയാണെന്നും മറ്റു വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്നെന്നും സർവകലാശാല അധികൃതർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP