Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്ത് വ്യാഴാഴ്‌ച്ച സിനിമ ബന്ദ്; സിനിമ ടിക്കറ്റുകൾക്ക് വിനോദ നികുതി ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിക്കുന്നത് ഷൂട്ടിങ് ഉൾപ്പെടെ നിർത്തിവെച്ച്

സംസ്ഥാനത്ത് വ്യാഴാഴ്‌ച്ച സിനിമ ബന്ദ്; സിനിമ ടിക്കറ്റുകൾക്ക് വിനോദ നികുതി ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിക്കുന്നത് ഷൂട്ടിങ് ഉൾപ്പെടെ നിർത്തിവെച്ച്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിനിമ ടിക്കറ്റുകൾക്ക് അധിക വിനോദ നികുതി ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മറ്റന്നാൾ സിനിമാ ബന്ദിന് ആഹ്വാനം. ഷൂട്ടിങ് അടക്കം നിർത്തി വെച്ച് സമരം നടത്തുന്നതോടെ സിനിമാ മേഖല പൂർണമായും സ്തംഭിക്കും. സിനിമാ ടിക്കറ്റുകൾക്ക് വിനോദ നികുതി ഈടാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കേരള ഫിലിം ചേമ്പർ ഓഫ് കൊമേഴ്‌സ് നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ജിഎസ്ടിക്കു പുറമേ വിനോദ നികുതി കൂടി ഈടാക്കുന്നത് സിനിമ മേഖലയെ തകർക്കുമെന്നാണ് അവർ പറഞ്ഞത്.

സിനിമ ടിക്കറ്റിനുണ്ടായിരുന്ന ജിഎസ്ടി നിരക്കുകൾ കുറച്ചതോടെ തദ്ദേശസ്ഥാപനങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന വിനോദ നികുതി സർക്കാർ പുനഃസ്ഥാപിച്ചിരുന്നു. സെപ്റ്റംബർ ഒന്നു മുതൽ വിനോദ നികുതി ഈടാക്കാനാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ നിർദ്ദേശം. എന്നാൽ ജിഎസ്ടിക്കും പ്രളയ സെസ്സിനും പുറമേ വിനോദ നികുതി കൂടി അധികമായി ഈടാക്കുന്നത് സിനിമ മേഖലയെ പ്രതിസന്ധിയിലാക്കുമെന്നാണ് കേരള ഫിലിം ചേമ്പർ ഓഫ് കൊമേഴ്‌സിന്റെ നിലപാട്.

ടിക്കറ്റുകൾക്ക് വിനോദ നികുതി ഏർപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്‌തെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും സർക്കാർ ഇത് നിഷേധിച്ചിരുന്നു. ചിറ്റൂരും ചേർത്തലയിലുമുള്ള സർക്കാർ തിയറ്ററുകളിൽ ഇതിനകം നികുതി ഈടാക്കിത്തുടങ്ങിയിട്ടുണ്ട്. നൂറ് രൂപ വരെയുള്ള ടിക്കറ്റിന് അഞ്ച് ശതമാനവും നൂറിന് മുകളിലുള്ള ടിക്കറ്റിന് 8.5 ശതമാനവുമാണ് വിനോദ നികുതി. വിനോദ നികുതി കൂടി ഈടാക്കുന്നതോടെ ടിക്കറ്റ് നിരക്കിൽ പത്ത് രൂപയോളം വർദ്ധനവുണ്ടാകും.

സാമ്പത്തിക പ്രതിസന്ധിക്കിടയിൽ നികുതിയിളവ് നൽകാനാവില്ലെന്നാണ് മന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞത്. അഞ്ച് ശതമാനം നികുതിക്കുമേൽ ജി എസ് ടി ഏർപ്പെടുത്താനുള്ള തീരുമാനം ജിഎസ്ടി കൗൺസിൽ അംഗീകരിച്ചിരുന്നുവെന്നും ആകെ നികുതി 18 ശതമാനത്തിനു മുകളിൽ പോകില്ലെന്നും മന്ത്രി വ്യക്തമാക്കി. പാലാ എംഎൽഎ മാണി സി കാപ്പൻ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP