Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഞങ്ങളുടെ അയൽവാസികൾ ഇനിമേൽ അയൽവാസികളല്ല; അവരിപ്പോൾ ഹിന്ദുക്കളാണ്; തൊട്ടടുത്ത മാസം ആയിരക്കണക്കിന് മുസ്ലിം കുടുംബങ്ങളെപ്പോലെ എന്റെ കുടുംബവും മുസ്ലിങ്ങൾ അധിവസിക്കുന്ന ഒരു ചേരിപ്രദേശത്തേക്ക് താമസം മാറി; രാജ്യത്തിന്റെ കണ്ണിൽ ഞങ്ങൾ ആദ്യം മുസ്ലിങ്ങളും പിന്നീട് മാത്രം ഇന്ത്യക്കാരുമായി'; ഒരു വിശ്വാസി സമൂഹം വേട്ടയാടപ്പെട്ടതിന്റെയും പാർശ്വവത്ക്കരിക്കപ്പെട്ടതിന്റെയും നേർസാക്ഷ്യമായി മാധ്യമപ്രവർത്തക റാണ ആയൂബിന്റെ ലേഖനം

'ഞങ്ങളുടെ അയൽവാസികൾ ഇനിമേൽ അയൽവാസികളല്ല; അവരിപ്പോൾ ഹിന്ദുക്കളാണ്; തൊട്ടടുത്ത മാസം ആയിരക്കണക്കിന് മുസ്ലിം കുടുംബങ്ങളെപ്പോലെ എന്റെ കുടുംബവും മുസ്ലിങ്ങൾ അധിവസിക്കുന്ന ഒരു ചേരിപ്രദേശത്തേക്ക് താമസം മാറി; രാജ്യത്തിന്റെ കണ്ണിൽ ഞങ്ങൾ ആദ്യം മുസ്ലിങ്ങളും പിന്നീട് മാത്രം ഇന്ത്യക്കാരുമായി'; ഒരു വിശ്വാസി സമൂഹം വേട്ടയാടപ്പെട്ടതിന്റെയും പാർശ്വവത്ക്കരിക്കപ്പെട്ടതിന്റെയും നേർസാക്ഷ്യമായി മാധ്യമപ്രവർത്തക റാണ ആയൂബിന്റെ ലേഖനം

മറുനാടൻ ഡെസ്‌ക്‌

ഏതൊരു ഇന്ത്യക്കാരനെയും പോലെ ശനിയാഴ്‌ച്ച ഞാനും ശനിയാഴ്‌ച്ച ടെലിവിഷന്
മുന്നിലിരുന്നത് തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടിൽ ഹിന്ദുത്വവാദികൾ തകർത്തെറിഞ്ഞ ബാബറി മസ്ജിദ് നിലനിന്നിരുത്ത സ്ഥലത്തെ സംബന്ധിച്ച തർക്കത്തിന്റെ അന്തിമ വിധി കേൾക്കാനായിരുന്നു. 1993ൽ ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ മുസ്ലിം കുടുംബത്തിന്റെ വാഷിങ്ടണിലെ വീട്ടിലിരുന്ന് ഞാൻ ആ വിധി കേട്ടു. മുസ്ലിം വാദങ്ങളെ തള്ളി ഭൂമി ഹിന്ദു അന്യായക്കാരന് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദേശീയ പാർട്ടിക്കുവേണ്ടി സുപ്രീംകോടതി വിധിയെഴുതി.

രാമന്റെ വിജയമെന്ന് വാർത്താ അവതാരകൻ ഉറക്കെപറഞ്ഞയുടൻ എന്റെ ആതിഥേയർ ടിവി ഓഫ് ചെയ്ത ശേഷം അദ്ദേഹത്തിന്റെ 80 വയസായ അമ്മയോട് പറഞ്ഞത് 'നമ്മളവിടെനിന്നും വിട്ടുപോന്നതിൽ ഞാൻ സന്തോഷിക്കുന്നു' എന്നായിരുന്നു. വിധിക്ക് മുമ്പും ശേഷവും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വിധിയെ മാനിക്കണമെന്നും സർക്കാർ ആവർത്തിക്കുമ്പോഴും ഒരു വിഭാഗത്തിന്റെ ആഘോഷങ്ങളെ അതൊന്നും ബാധിച്ചതേയില്ല. അഭിഭാഷകർ സുപ്രീംകോടതി വളപ്പിനുള്ളിൽ തന്നെ 'ജയ് ശ്രീറാം' മുഴക്കി. വിധി വായിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അന്ന് രാത്രി അദ്ദേഹത്തിന്റെ സഹപ്രവർത്തകകരെയും കൂട്ടി ഡൽഹിയിലെ താജ് മാൻസിങിൽ അത്താഴവിരുന്നിന് പോയി.

രാജ്യത്തെയൊട്ടാകെ പ്രതിസന്ധിയിലാക്കിയ ഒരു പ്രശ്‌നത്തിന് ലഭിച്ച സമാധാനപരമായ പരിസമാപ്തിയെന്ന് മാധ്യമപ്രവർത്തകരും എഴുത്തുകാരും വാഴ്‌ത്തിയപ്പോൾ വലതുപക്ഷ ദേശീയവാദികൾ സോഷ്യൽമീഡിയയിൽ വിധി ആഘോഷിച്ചു. രാജ്യത്ത് മുസ്ലിം വിരുദ്ധത പടച്ചുവിടാൻ കോപ്പുകൂട്ടിയ, ബാബ്‌റി മസ്ജിദ് തകർക്കാൻ ആഹ്വാനം ചെയ്ത ബിജെപിയുടെ മുതിർന്ന നേതാവ് എൽ.കെ അദ്വാനി ടെലിവിഷനിലൂടെ വിജയപ്രഖ്യാപനം നടത്തി. 'ഇപ്പോഴാണ് എനിക്ക് പൂർണത കൈവന്നത്. കാരണം, ഒരു വലിയ മൂവ്‌മെന്റിന് മികച്ച സംഭാവന നൽകാൻ ദൈവമെനിക്ക് ഒരു അവസരം നൽകി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ മൂവ്‌മെന്റായിരുന്നു അത്. അതിന്റെ പ്രതിഫലം സുപ്രീകോടതി വിധിയുടെ രൂപത്തിൽ കൈവന്നിരിക്കുകയാണ്', അദ്വാനി പറഞ്ഞു.

രാജ്യത്തെ മുസ്ലിങ്ങൾ ഒരു മുനമ്പിന്റെ വക്കിലാണ്. സുപ്രീംകോടതി വിധിയിൽ നിരാശപ്രകടിപ്പിച്ച് ട്വിറ്ററിലും ഫേസ്‌ബുക്കിലും ഞാൻ എഴുതിയ പോസ്റ്റ് കണ്ടിട്ട് എന്നെ ഒരു ബന്ധു വിളിച്ചു. 'നിനക്കൊന്ന് മിണ്ടാതിരിക്കാമോ', ഫോണിന്റെ മറുതലയിൽ അദ്ദേഹം നിലവിളിക്കുകയായിരുന്നു. 'ഞങ്ങൾക്കിവിടെ ജീവിക്കണം, നിന്റെ കുടുംബത്തിനും എന്റെ കുടുംബത്തിനും. ഞങ്ങൾക്ക് ബുദ്ധമുട്ടുണ്ടാക്കരുത്. ഞങ്ങൾക്ക് ഞങ്ങളുടെ വീടിനുള്ളിൽ മറ്റൊരു ആൾക്കൂട്ട ആക്രമണംകൂടി കാണാൻ സാധിക്കില്ല'.

ഇന്ത്യയിലെ അനേകം മുസ്ലിങ്ങളെ പോലെ ഇതുപോലൊരു 'നീതി' ആഘോഷിക്കപ്പെടുന്നത് മനസിലാക്കാൻ എനിക്കും വളരെ ബുദ്ധിമുട്ടായിരുന്നു. പരിസമാപ്തിയെക്കുറിച്ചും ആശ്വാസത്തെക്കുറിച്ചുമായിരുന്നു അവയെല്ലാം. ആർക്കുള്ള പരിസമാപ്തി? ബാബ്‌റി മസ്ജിദ് തകർത്തതിന് പിന്നാലെയുണ്ടായ മുസ്ലിം വിരുദ്ധ കലാപത്തിന് സാക്ഷിയായ ഒരു കുട്ടിയെന്ന നിലക്ക്, എപ്പോഴാണോ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ മതേതരത്വം വർഗീയതയിലേക്ക് വഴിമാറിയത്, മുറിവേറ്റ ആ ദശാബ്ദത്തിലേക്ക് ഞാൻ വീണ്ടുമൊരു തിരിച്ചുപോക്ക് നടത്തി.

മുംബൈയിലെ അയൽവാസികൾക്കിടയിൽ ബഹുമാന്യരായി ജീവിച്ചിരുന്ന മുസ്ലിം വീടായിരുന്നു എന്റേതെന്ന് 90 കളിൽ വളർന്ന ഞാൻ ഓർമ്മിക്കുന്നു. മതത്തിന്റെ പേരിലായിരുന്നില്ല ഞങ്ങൾ അറിയപ്പെട്ടിരുന്നത്, മറിച്ച് സാമൂഹ്യ ജീവിതത്തിന്റെ പേരിലായിരുന്നു.
എന്റെ അച്ഛൻ സ്‌കൂൾ അദ്ധ്യാപകനും പ്രോഗ്രസീവ് റൈറ്റേഴ്‌സ് മൂവ്‌മെന്റിലെ വളണ്ടിയറുമായിരുന്നു. അദ്ധ്യാപകർക്കായുള്ള ഗുരു പൂർണിമാ ദിനങ്ങൾ അച്ഛന്റെ കയ്യിൽ ആളുകൾ ചരടുകൾ കെട്ടും.

1992 ഡിസംബർ ആറിന് എല്ലാം മാറിമറിഞ്ഞു. ഭാരതീയ ജതനാ പാർട്ടിയും വിശ്വഹിന്ദു പരിഷത് പോലെയുള്ള മറ്റ് വലതുപക്ഷ ഹിന്ദു സംഘടനകളും സംഘടിച്ച്, ആയിരക്കണക്കിന് കർസേവകർ ചേർന്ന് ബാബ്‌റി മസ്ജിദിലേക്ക് ഇരച്ച് കയറി മസ്ജിദ് തകർത്തു. അദ്വാനിയും ഉമാഭാരതിയടക്കമുള്ള ബിജെപി നേതാക്കളും വിദ്വേഷ പ്രസംഗം നടത്തി ബാബ്‌റി മസ്ജിദിന്റെ ഗ്രൗണ്ടിലേക്ക് ആളുകളെ എത്തിച്ചു. 16ാം നൂറ്റാണ്ടിൽ സ്ഥാപിതമായ ആ ചരിത്ര നിർമ്മിതിയെ അന്ന് രാവിലെ അവർ തകർത്തു. ആ ദൃശ്യങ്ങൾ ഒറ്റമുറി വീട്ടിലെ ടി.വിയിലൂടെ ഒരു ഭയപ്പാടോടെ ഞങ്ങൾ കണ്ടു.

ആ നിമിഷം മുതലാണ് കാര്യങ്ങൾ വഷളായത്. ഞങ്ങളുടെ അയൽക്കാരനായ സിഖുകാരൻ പരിഭ്രമത്തോടെ വാതിലിൽ മുട്ടി. അദ്ദേഹം ഞങ്ങളുടെ വീട്ടിലേക്ക് കയറി. അദ്ദേഹത്തിന്റെ നെറ്റിയിലൂടെ വിയർപ്പുതുള്ളികൾ ഇറ്റുവീഴുന്നുണ്ടായിരുന്നു. എന്നെയും എന്റെ സഹോദരിയെയും പിടിച്ചുകൊണ്ടുപോകാനായി കലാപകാരികൾ ഞങ്ങളുടെ വീടിന് നേർക്ക് വരുന്നുണ്ടെന്ന് അദ്ദേഹം അച്ഛനോട് പറഞ്ഞു. എനിക്കന്ന് ഒമ്പത് വയസായിരുന്നു. ചേച്ചിക്ക് 14-ഉം.

മുസ്ലിം വിരുദ്ധ കലാപത്തിന്റെ ഭാഗമായി നൂറുകണക്കിന് മുസ്ലിം സ്ത്രീകൾ ബലാത്സംഗത്തിനിരയായി. നിമിഷങ്ങൾക്കകം ഞങ്ങൾ തല മറച്ചുപിടിച്ച് വീടിന്റെ പിൻവാതിലിലൂടെ പുറത്തിറങ്ങി, ഒരു അയൽക്കാരന്റെ മോട്ടോർ സൈക്കിളിൽ കയറി. സിഖുകാർ താമസിച്ചിരുന്ന സ്ഥലത്തെ ഒരു വീട്ടിലേക്കാണ് ഞങ്ങളെ കൊണ്ടുപോയത്. അവിടെ ഒരു വീട്ടിൽ ഞാനും ചേച്ചിയും രണ്ടുമാസം അഭയാർത്ഥികളായി കഴിഞ്ഞു. ഞങ്ങളുടെ കുടുംബവുമായി ഞങ്ങൾക്ക് യാതൊരു തരത്തിലുള്ള ബന്ധവും ഉണ്ടായിരുന്നില്ല.

അച്ഛനെയും അമ്മയെയും കുറിച്ചും വീട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ചും ഞാൻ ചേച്ചിയോട് ചോദിക്കുകയും പൊട്ടിക്കരയുകയും ചെയ്തു. അന്ന് മുതൽ ഞങ്ങൾ മുസ്ലിങ്ങളായി... സമൂഹത്തിൽനിന്നും ഭ്രഷ്ടരായി... അക്രമികളായി.... ഞങ്ങൾ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ ഒന്നും പഴയതുപോലെയായിരുന്നില്ല. ഞങ്ങളുടെ അയൽവാസികൾ ഇനിമേൽ അയൽവാസികളല്ല അവരിപ്പോൾ ഹിന്ദുക്കളാണ്. തൊട്ടടുത്ത മാസം ആയിരക്കണക്കിന് മുസ്ലിം കുടുംബങ്ങളെപ്പോലെ എന്റെ കുടുംബവും മുസ്ലിങ്ങൾ അധിവസിക്കുന്ന ഒരു ചേരിപ്രദേശത്തേക്ക് താമസം മാറി.

രാജ്യത്തിന്റെ കണ്ണിൽ ഞങ്ങൾ ആദ്യം മുസ്ലിങ്ങളും പിന്നീട് മാത്രം ഇന്ത്യക്കാരുമായി. എന്നെ മുംബൈയുടെ പ്രാന്ത പ്രദേശമായ ദേവ്‌നറിലെ ഒരു സ്‌കൂളിൽ ചേർത്തു. അവിടെ വെച്ച് ഞാൻ ആദ്യമായി, എന്റെ സഹപാഠികളാൽ 'ലാന്ത്യ' എന്ന് വിളിക്കപ്പെട്ടു. മുംബൈയിലെ വലതുപക്ഷ മാധ്യമങ്ങളുടെ എഡിറ്റർമാരാൽ പ്രസിദ്ധിയാർജിച്ച വാക്കാണ് അത്. (മുസ്ലിം വ്യക്തികളെ അധിക്ഷേപിക്കാൻ ഉപയോഗിക്കുന്ന മറാത്തി വാക്ക്)

ശനിയാഴ്ച, ബാബ്‌റി മസ്ജിദ് തകർത്തത് നിയമലംഘനം തന്നെയാണെന്ന് പറഞ്ഞ സുപ്രീംകോടതി, മസ്ജിദ് തകർത്ത അതേ ആളുകൾക്ക് അയോധ്യയിലെ തർക്കഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാനുള്ള അനുമതി നൽകി. മുസ്ലിങ്ങൾക്ക് മറ്റൊരിടത്ത് ഭൂമി നൽകാമെന്ന് പറയുകയും ചെയ്തത് അവരുടെ വിധിയുടെ ഉദാഹരണമാണ്. എന്റെ രാജ്യം എന്നെയും ലക്ഷക്കണക്കിന് മുസ്ലിങ്ങളെയും 'മറ്റുള്ളവരായി' ചിത്രീകരിച്ച് വലതുപക്ഷ ദേശീയവാദികൾക്ക് അവരുടെ സ്വപ്നമായ ഹിന്ദു രാഷ്ട്രം പടുത്തുയർത്താനുള്ള വഴിയൊരുക്കിയിരിക്കുകയാണ്.

1992ൽ ആയിരത്തോളം മുസ്ലിം ജീവിതങ്ങളെ ഇല്ലാതാക്കിയ കലാപത്തിനും മസ്ജിദ് തകർത്തതിനും കുറ്റക്കാരായവർ പ്രായശ്ചിത്തത്തിനല്ല മറിച്ച്, ആഹ്ലാദപ്രകടനത്തിനാണ് ക്ഷണിക്കപ്പെട്ടത്. മുസ്ലിങ്ങളെ രണ്ടാംകിട പൗരന്മാരായി സങ്കൽപിക്കുന്ന വലതുപക്ഷ മേൽക്കോയ്മയുടെ ഇന്ത്യൻ പുനർനിർമ്മാണം രാജ്യത്തെ മുസ്ലിങ്ങളെ മുഴുവൻ പേടിയിലാഴ്‌ത്തുകയാണ്. രാജ്യത്തെ 20 കോടി മുസ്ലിങ്ങളുടെ ഇടയിലേക്ക്, അവർ ഏതുതരത്തിലുള്ള അപമാനവും അനീതിയും സഹിക്കേണ്ടവരാണെന്നും അതെല്ലാം നിശബ്ദം ഏറ്റുവാങ്ങേണ്ടവരാണെന്നുമുള്ള സന്ദേശമാണ് ആഴ്ന്നിറങ്ങിക്കൊണ്ടിരിക്കുന്നത്.

ഞങ്ങളുടേതായിരുന്ന, ഞങ്ങൾ പരിലാളിച്ച, ഞങ്ങൾ സ്‌നേഹിച്ച ഭൂമിയിൽ ഞാനും ലക്ഷക്കണക്കിന് എന്റെ സഹ വിശ്വാസികളും വീണ്ടും അനാഥരായി. ബ്രിട്ടീഷ് അധിനിവേശത്തിൽനിന്നും സ്വാതന്ത്ര്യം നേടിയെടുക്കാൻ പോരാടിയ വിപ്ലവകാരികളിലും സ്വാതന്ത്ര്യ സമര പോരാളികളിലും ഞങ്ങളുടെ പൂർവ്വികരുമുണ്ടായിരുന്നു. എന്റെ പാരമ്പര്യത്തെയും നിലനിൽപിനെയും ഇല്ലാതാക്കിക്കൊണ്ടുള്ള പുതിയ ഇന്ത്യയിലെ സ്വാതന്ത്ര്യത്തെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് അത്ഭുതം തോന്നുന്നു.

മാധ്യമപ്രവർത്തകയായ റാണ അയൂബ് വാഷിങ്ടൺ പോസ്റ്റിലെഴുതിയ ലേഖനത്തിന്റെ പരിഭാഷ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP