Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാരാഷ്ട്രക്ക് പിന്നാലെ ഝാർഖണ്ഡിലും ദേശീയ ജനാധിപത്യസഖ്യം തകരുന്നു; തനിച്ച് മത്സരിക്കാൻ തീരുമാനിച്ച് എൻഡിഎ ഘടകകക്ഷികളായ എൽജെപിയും എ.ജെ.എസ്.യുവും; ബിജെപി നേതാവ് രഘുബർ ദാസ് ഭരണത്തുടർച്ച പ്രതീക്ഷിക്കുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യമായി അഞ്ചുവർഷം തികച്ച മുഖ്യമന്ത്രി എന്ന ആത്മവിശ്വാസവുമായി

മഹാരാഷ്ട്രക്ക് പിന്നാലെ ഝാർഖണ്ഡിലും ദേശീയ ജനാധിപത്യസഖ്യം തകരുന്നു; തനിച്ച് മത്സരിക്കാൻ തീരുമാനിച്ച് എൻഡിഎ ഘടകകക്ഷികളായ എൽജെപിയും എ.ജെ.എസ്.യുവും; ബിജെപി നേതാവ് രഘുബർ ദാസ് ഭരണത്തുടർച്ച പ്രതീക്ഷിക്കുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യമായി അഞ്ചുവർഷം തികച്ച മുഖ്യമന്ത്രി എന്ന ആത്മവിശ്വാസവുമായി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: മഹാരാഷ്ട്രയിൽ ശിവസേന മുന്നണി വിട്ടതിന് പിന്നാലെ ഝാർഖണ്ഡിലും ബിജെപി മുന്നണിയിൽ പ്രതിസന്ധി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാനൊരുങ്ങുകയാണ് എൻഡിഎ ഘടകകക്ഷിയായ എൽജെപി. 50 സീറ്റുകളിൽ പാർട്ടി സ്ഥാനാർത്ഥിയെനിർത്തും എന്നാണ് പാർട്ടി ദേശിയ അധ്യക്ഷൻ ചിരാഗ് പാസ്വാൻ വ്യക്തമാക്കിയിരിക്കുന്നത്. ജർമുണ്ടി, നള, ഹുസൈനാബാദ്, ബർക്കാഗാവ്, ലാത്തേഹാർ, പാംകി എന്നീ ആറ് സീറ്റുകളിൽ മത്സരിക്കാനായിരുന്നു എൽ.ജെ.പി ആദ്യം താൽപര്യം പ്രകടിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അമ്പത് സീറ്റുകളിൽ മത്സരിക്കാൻ പാർട്ടി തീരുമാനിച്ചിരിക്കുകയാണെന്ന് ചിരാഗ് പാസ്വാൻ വ്യക്തമാക്കി.

ദേശീയ ജനാധിപത്യ സഖ്യത്തിലെ മറ്റൊരു കക്ഷിയായ എ.ജെ.എസ്.യു(ഓൾ ഝാർഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയൻ)വും അഭിപ്രായഭിന്നത വ്യക്തമാക്കി കഴിഞ്ഞു. 2014ൽ, മത്സരിച്ച എട്ടു സീറ്റുകളിൽ അഞ്ച് സീറ്റുകളിലും എ.ജെ.എസ്.യു വിജയിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പിൽ 19 സീറ്റുകളിൽ മത്സരിക്കാനാണ് എ.ജെ.എസ്.യു. താൽപര്യപ്പെടുന്നത്. എന്നാൽ എ.ജെ.എസ്.യുവിന് ഒമ്പതു സീറ്റുകളിൽ കൂടുതൽ നൽകാൻ ബിജെപിക്ക് താൽപര്യമില്ലെന്നാണ് പാർട്ടിവൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന. 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ എ.ജെ.എസ്.യു ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ ലക്ഷ്മൺ ഗിലുവ മത്സരിക്കുന്ന ചക്രധർപുറിൽ എ.ജെ.എസ്.യു സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. ബിജെപി മത്സരിക്കുന്ന സിമാരിയ, സിന്ദ്രി, മണ്ഡു, ചക്രധർപുർ എന്നീ മണ്ഡലങ്ങളിലും എ.ജെ.എസ്.യു മത്സരിക്കുന്നുണ്ട്.

ഞായറാഴ്ച 52 സ്ഥാനാർത്ഥികളുടെ പേര് ബിജെപി. പ്രഖ്യാപിച്ചിരുന്നു. രണ്ടാമത്തെ സ്ഥാനാർത്ഥി പട്ടിക ഇനിയും പുറത്തുവിട്ടിട്ടില്ല. എ.ജെ.എസ്.യുവുമായി സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതിനാലാണ് ഇതെന്നാണ് സൂചന. ഝാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ് ജംഷഡ്പുറിൽനിന്നാണ് ജനവിധി തേടുന്നത്.

82 അംഗ ഝാർഖണ്ഡ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് അഞ്ചുഘട്ടമായാണ് നടക്കുന്നത്. ആദ്യഘട്ടം നവംബർ മുപ്പതിനാണ്. ഒരു സീറ്റ് നാമനിർദ്ദേശം ചെയ്യപ്പെടുന്ന അംഗത്തിനുള്ളതാണ്. 2014 തിരഞ്ഞെടുപ്പിൽ ബിജെപി. 72 സീറ്റുകളിൽ മത്സരിക്കുകയും 37 സീറ്റുകളിൽ വിജയിക്കുകയും ചെയ്തിരുന്നു. എ.ജെ.എസ്.യു. അഞ്ച് സീറ്റുകളിലും വിജയിച്ചിരുന്നു.

കോൺഗ്രസ് സംസ്ഥാനത്ത് 31 സീറ്റുകളിലാണ് മത്സരിക്കുന്നത്. സഖ്യകക്ഷിയായ ജെ.എം.എം(ജാർഖണ്ഡ് മുക്തി മോർച്ച) 43 സീറ്റുകളിലും മത്സരിക്കും. ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡി ഏഴുസീറ്റിലും മത്സരിക്കും. മുന്മുഖ്യമന്ത്രിയും ജെ.എം.എം.നേതാവുമായ ഷിബു സോറനാണ് കോൺഗ്രസ്-ജെ.എം.എം സഖ്യത്തിന്റെ പ്രചാരണത്തിന് നേതൃത്വം നൽകുക.

അഞ്ച് വർഷം തികച്ച് ഭരിക്കുന്ന ആദ്യ മുഖ്യമന്ത്രിയായി രഘുബർ ദാസ് മാറിയിരിക്കുകയാണ്. ഇതുവരെ സംസ്ഥാന ചരിത്രത്തിൽ ഇങ്ങനൊരു സംഭവം ഉണ്ടായിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിലെ മികച്ച നേട്ടവും ബിജെപി വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ബിജെപി നരേന്ദ്ര മോദിയുടെ ജനപ്രീതിയാണ് ഝാർഖണ്ഡിൽ ലക്ഷ്യമിടുന്നത്. 65 പ്ലസ് സീറ്റ് എന്ന ക്യാമ്പയിനും തുടങ്ങി കഴിഞ്ഞു. 81 സീറ്റുള്ള നിയമസഭയിൽ 65 സീറ്റ് നേടിയാൽ സംസ്ഥാനത്ത് വീണ്ടും ആധിപത്യം തുടരാനും ബിജെപിക്ക് സാധിക്കും. അതേസമയം ഈ ക്യാമ്പയിൻ സൂക്ഷിച്ച് ഉപയോഗിക്കാനാണ് തീരുമാനം. നേരത്തെ മഹാരാഷ്ട്രയിൽ 200 പ്ലസും ഹരിയാനയിൽ മിഷൻ 75 സീറ്റും തകർന്നടിഞ്ഞ സാഹചര്യത്തിലാണ് സൂക്ഷമതയോടെ രഘുബർ ദാസ് ഇതിനെ നേരിടുന്നത്.

സംസ്ഥാനത്ത് ഏറ്റവുമധികമുള്ള വിഭാഗവും ആദിവാസി വോട്ടുകളാണ്. ജനസംഖ്യയുടെ 26 ശതമാനവും ആദിവാസികളാണ്. എന്നാൽ, ഝാർഖണ്ഡിന്റെ ചരിത്രത്തിലെ ആദ്യത്തെ ആദിവാസി വിഭാഗത്തിൽ ഉൾപ്പെടാത്ത മുഖ്യമന്ത്രിയാണ് രഘുബർ ദാസ്. അതേസമയം നേരത്തെ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് നേട്ടമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ആദിവാസി വിഭാഗങ്ങൾക്കിടയിൽ മികച്ച പ്രവർത്തനം നടത്തിയെന്നാണ് രഘുബർ ദാസ് അവകാശപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP