Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോസ് യാത്രകളുടേയും സൗഹൃദങ്ങളുടേയും കുടുംബ കൂട്ടിന്റെയും നടുവിലായിരുന്നു എപ്പോഴും; എത്തുന്നിടത്തൊക്കെയും ദീപ്തമായ സാന്നിധ്യമകാൻ കഴിയുന്ന ജോസ്; താല്കാലിക പ്രഭകൾ ഒട്ടും സ്വാധീനിക്കാതെ അവയിൽ നിന്നൊക്കെ മാറി നടന്ന് ജോസ് എന്നും ഒരു അത്ഭുതം; വിടപറഞ്ഞ മാധ്യമപ്രവർത്തകൻ ജോസ് തോമസിന്റെ ഓർമ്മകളിൽ എഴുത്തുകാരൻ സി അനൂപ്

ജോസ് യാത്രകളുടേയും സൗഹൃദങ്ങളുടേയും കുടുംബ കൂട്ടിന്റെയും നടുവിലായിരുന്നു എപ്പോഴും; എത്തുന്നിടത്തൊക്കെയും ദീപ്തമായ സാന്നിധ്യമകാൻ കഴിയുന്ന ജോസ്; താല്കാലിക പ്രഭകൾ ഒട്ടും സ്വാധീനിക്കാതെ അവയിൽ നിന്നൊക്കെ മാറി നടന്ന് ജോസ് എന്നും ഒരു അത്ഭുതം; വിടപറഞ്ഞ മാധ്യമപ്രവർത്തകൻ ജോസ് തോമസിന്റെ ഓർമ്മകളിൽ എഴുത്തുകാരൻ സി അനൂപ്

മറുനാടൻ ഡെസ്‌ക്‌

ജോസ് യാത്രകളുടേയും സൗഹൃദങ്ങളുടേയും കുടുംബ കൂട്ടിന്റെയും നടുവിലായിരുന്നു എപ്പോഴും. കുടമാളൂരും കോട്ടയത്തും ആലപ്പുഴയിലും തിരുവനന്തപുരത്തും മാത്രമല്ല എത്തിന്നിടത്തൊക്കെയും ഏറ്റവും ദീപ്തമായ സാന്നിധ്യമകാൻ ജോസിന് കഴിഞ്ഞു. ഒരു സ്വാദു നോട്ടക്കാരന്റെ മട്ടിൽ ഗൗരവത്തിൽ നില്ക്കുമ്പോഴും മറ്റുള്ളവരുടെ രുചിയിലായിരുന്നു ആളിന്റെ ശ്രദ്ധ. വേഷത്തിനായിരുന്നില്ല മാർക്ക് നല്കണ്ടത് ഒരാളുടെ മൗലികതയ്ക്കും നന്മയ്ക്കുമാണെന്ന ഉറച്ച വിശ്വാസമായിരുന്നു ജോസിന്റെ ദർശനം. മനുഷ്യർക്കു മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും തുല്യ അവകാശമുള്ള ഭൂമിയിൽ ഒരു ഉറുമ്പിനെപ്പോലും നോവിക്കാൻ ജോസ് ശ്രമിച്ചില്ല. സ്വന്തം തോൾസഞ്ചിയിലെ മധുരം പകർന്നും വീട്ടിലെ ഭരണിയിൽ നിന്നും തേനിലിട്ട നെല്ലിക്ക നല്കിയും ഞങ്ങളുടെ ജോസേട്ടൻ പലർക്കു അനുകരിക്കാനാകാത്ത പച്ചമനുഷ്യനായി ജീവിച്ചു .വല്യ മനുഷ്യർ അവർക്ക് വിധിച്ചിരിക്കുന്ന ഹീനമായ ജീവിതത്തിലേക്ക് ധൃതിപ്പെട്ടു പോകുന്നതു കാണുമ്പോൾ പതിഞ്ഞൊരു ചിരി മാത്രം ചിരിച്ചു.

ജോസിന്റെ ഇരുപതിലേറെ വർഷത്തെ മാധ്യമ ജീവിതത്തിന്റെ അവസാനത്തെ ആറു വർഷം ഞങ്ങൾ അടുത്തടുത്തിരുന്ന് ജോലി ചെയ്തു. ആരോടും മാത്സര്യമില്ലാതെ പച്ചമനുഷ്യന്റെ പച്ച ജീവിതം ജീവിക്കാനായിരുന്നു ജോസിന് ഇഷ്ടം. താല്കാലിക പ്രഭകൾ ഒട്ടും സ്വാധീനിക്കാതെ അവയിൽ നിന്നൊക്കെ മാറി നടക്കാൻ ജോസ് എപ്പോഴും ശ്രമിക്കുകയും ചെയ്തു.

വി .ആർ. ഗോപിനാഥിന്റെ ഉണ്ണിക്കുട്ടന് ജോലി കിട്ടി എന്ന സിനിമയിൽ നായകനായി അഭിനയിച്ച ജോസ് ക്യാമറയ്ക്കു പിന്നിലെ പണികളിലാണ് പിന്നീടുള്ള വർഷങ്ങളിൽ മുഴുകിയത്. അമിതമായ അവകാശവാദമൊന്നും സ്വയം നടത്താതെ ടെലിവിഷനിൽ നല്ല സാംസ്കാരിക മുദ്ര കളുള്ള പരിപാടികൾ വരണമെന്ന ആഗ്രഹം സൂക്ഷിച്ചു.അതിനു വേണ്ടി പ്രവൃത്തിച്ചു. നല്ല പുസ്തകങ്ങൾ ,സിനിമ ,ചിത്രകല ,സംഗീതം - ഇതൊക്കെയായിരുന്നു ജോസിന്റെ പ്രിയങ്ങൾ .കരുതൽ ധനവും അവ മാത്രം.

പട്ടത്തെ ജോസിന്റെ ഫ്‌ളാറ്റ് പ്രിയ സുഹൃത്തുക്കാർക്കു വേണ്ടി എപ്പോഴും തുറന്നിട്ടിരുന്നു. അവിടെ നല്ല സ്വാദുള്ള ഭക്ഷണമൊരുക്കുന്നത് താൻ തന്നെ ആയിരിക്കണമെന്ന് ജോസേട്ടന് നിർബ്ബന്ധമായിരുന്നു. ഭാര്യ സെലിന്റെ നാടായ വയനാട്ടിൽ നിന്നും കോട്ടയത്തെ സ്വന്തം വീട്ടിൽ നിന്നുമൊക്കെ കൊണ്ടുവരുന്ന ഇഞ്ചിയും മഞ്ഞളുമൊക്കെ മടക്കയാത്രയിൽ ജോസ് പൊതിഞ്ഞു നല്കും. സ്‌നേഹം, അതു മാത്രമേ ഭൂമിയിൽ നാം മനുഷ്യർക്ക് അവശേഷിപ്പിക്കാനുള്ളു എന്ന് മൗനം നിറഞ്ഞ നോട്ടത്തിലൂടെയും ചിരിയിലൂടെയും ജോസേട്ടൻ ബോദ്ധ്യപ്പെടുത്തിക്കൊണ്ടിരിക്കും.മറ്റുള്ളവരെ കേൾക്കാനുള്ള കാതാണ് താനെന്ന് ജോസ് വിശ്വസിച്ചു. വേർതിരിവില്ലാതെ ആരുടേയും വേദനകൾ കേൾക്കാനും തന്നെ സാന്നിധ്യം കൊണ്ടത് പരിഹരിക്കാനും ജോസേട്ടൻ ശ്രമിച്ചു. ഇടഞ്ഞുനില്ക്കുന്നവർ ആ ചിരിക്കും ചേർന്നു നില്പിനും മുന്നിൽ ശാന്തരായി.

ഏതാണ്ട് പത്ത് വർഷം മുമ്പ് മറ്റൊരു വലിയ വാഹനാപകടത്തെ അതിജീവിച്ചതാണ്. അന്ന് നാലു മാസത്തോളം വിശ്രമം വേണ്ടിവന്നു. തുടർന്നുള്ള വർഷങ്ങളിലും അതിന്റെ വേദനകൾ അനുഭവപ്പെട്ടിരുന്നു.എന്നാൽ അതൊക്കെ മറന്ന് കാലം നല്കുന്ന ഏത് ക്ഷതങ്ങളെയും സ്വാഭാവികമായി മറികടക്കാനാണ് ജോസ് ശ്രമിച്ചത്. ഒടുവിൽ മറ്റൊരു കറപകടം ജോസേട്ടന്റെ ജീവിതം തിരിച്ചെടുത്തു. കാമറാമാൻ വേണുവിന്റെ പിതാവിന്റെ മരണാനന്തര ചടങ്ങുകൾക്കു ശേഷം കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിൽ.കോട്ടയത്തു വെച്ചു കണ്ട പഴയ സഹപ്രർത്തനായ പ്രദീപ് എം നായരോടും മറ്റും യാത്ര പറഞ്ഞ് പുറപ്പെട്ടതാണ് .

ജോസേട്ടന്റെ മക്കൾ - ക്രിസ്റ്റിയുടേയും ദയയുടേയും പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു ജോസേട്ടൻ .അവർക്ക് കുട്ടിക്കാലത്തും മുതിർന്നപ്പോഴുമൊക്കെ അച്ഛൻ എന്ന നിലയിൽ ജോസ് നല്കിയത് നല്ല മനുഷ്യരായ് ജീവിക്കുന്നതിനുള്ള പാീങ്ങളാണ്.വ്യക്തിപരമായി ജോസേട്ടനെ അടുത്തറിയുന്നവർ മാത്രമല്ല ഒരിക്കൽ പരിചയപ്പെട്ടിട്ടുള്ളവർ പോലും ആ അരികിൽ നില്പ് മറക്കില്ല. ആഴമുള്ള മനുഷ്യർക്കു മാത്രം കഴിയുന്ന ജീവിതം ജീവിച്ചു എന്ന് ജോസേട്ടന്റെ ചിരി നമ്മെ ഓരോ നവംബറിലും ഓർമ്മ പ്പെടുത്തിക്കൊണ്ടിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP