Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കു ശേഷം ശബരിമല വരുമാനത്തിൽ വൻ ഇടിവ്; കഴിഞ്ഞ തീർത്ഥാടന കാലത്ത് മുൻവർഷത്തെക്കാൾ കുറവുണ്ടായത് 98 കോടി രൂപ; വരുമാനം ഇടിച്ചത് സംഘർഷ സാഹചര്യത്തെ തുടർന്ന് ഇതര സംസ്ഥാനത്തെ ഭക്തർ മലചവിട്ടാൻ എത്താതിരുന്നത്; തിരുവിതാംകൂർ ദേവസ്വം ബോർഡ് നീങ്ങുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ബോർഡ് ദൈനംദിന കാര്യങ്ങൾ കഴിച്ചു കൂട്ടുന്നത് സർക്കാർ നൽകിയ 30 കോടി കൊണ്ട്; ഇത്തവണയും കനത്ത സുരക്ഷ ഒരുക്കുന്നത് വരുമാനത്തെ ബാധിക്കും

യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കു ശേഷം ശബരിമല വരുമാനത്തിൽ വൻ ഇടിവ്; കഴിഞ്ഞ തീർത്ഥാടന കാലത്ത് മുൻവർഷത്തെക്കാൾ കുറവുണ്ടായത് 98 കോടി രൂപ; വരുമാനം ഇടിച്ചത് സംഘർഷ സാഹചര്യത്തെ തുടർന്ന് ഇതര സംസ്ഥാനത്തെ ഭക്തർ മലചവിട്ടാൻ എത്താതിരുന്നത്; തിരുവിതാംകൂർ ദേവസ്വം ബോർഡ് നീങ്ങുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ബോർഡ് ദൈനംദിന കാര്യങ്ങൾ കഴിച്ചു കൂട്ടുന്നത് സർക്കാർ നൽകിയ 30 കോടി കൊണ്ട്; ഇത്തവണയും കനത്ത സുരക്ഷ ഒരുക്കുന്നത് വരുമാനത്തെ ബാധിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമലയിലെ വരുമാനത്തിൽ വൻ ഇടിവുണ്ടായത് സംഘർഷഭരിതമായ മണ്ഡലകാലത്തെ തുടർന്നായിരുന്നു. ശബരിമല സന്ദർശിക്കാൻ എത്തുന്ന ഭക്തർ ആക്രമിക്കപ്പെടുന്നതു കേസിൽ പെടുന്നതുമായ സാഹചര്യം ഉണ്ടായി. രാഷ്ട്രീയ വിഷയമായി ബിജെപിയും ഈ വിഷയം ഏറ്റെടുത്തതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വരുമാനമാണ് ചോർന്നത്. ശബരിമലയിലെ സംഭവ വികാസങ്ങൾ കാരണം ബോർഡിന്റെ വരുമാനത്തിൽ വൻ ഇടിവുണ്ടായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കഴിഞ്ഞ തീർത്ഥാടനകാലത്ത് തൊട്ടുമുൻവർഷത്തെക്കാൾ 98 കോടിയിലധികം രൂപയുടെ കുറവുണ്ടായി. ഇതോടെ, തിരുവിതാംകൂർ ദേവസ്വം ബോർഡ് കടുത്ത സാമ്പത്തികപ്രതിസന്ധിയിലായി. ഇതോടെ സർക്കാറിന്റെ സഹായം തേടുകയാണ് ബോർഡ് ചെയ്തത്. എല്ലാപ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ ദർശനം നടത്താമെന്ന് സുപ്രീംകോടതി വിധിച്ചത് 2018 സെപ്റ്റംബർ 28 -നാണ്. തീർത്ഥാടനകാലത്ത് സംഘർഷവും പൊലീസ് ഇടപെടലുമുണ്ടായതോടെ ഭക്തരുടെ വരവു കുറഞ്ഞു. നടവരവിനെയും മറ്റു വരുമാനങ്ങളെയും ബാധിച്ചു.

ഇതിന് മുമ്പ് സംഘർഷഭരിതമായ സാഹചര്യങ്ങൾ ഉണ്ടായപ്പോൾ പോലും വരുമാനത്തിൽ ഇടിവുണ്ടായിരുന്നില്ല. മുമ്പ് മുല്ലപ്പെരിയാർ തർക്കമുണ്ടായപ്പോൾ തമിഴ്‌നാട്ടിൽ നിന്നുള്ള തീർത്ഥാടകരുടെ വരവ് കുറഞ്ഞെങ്കിലും വരുമാനത്തെ ബാധിച്ചിരുന്നില്ല. അതേസമയം, കഴിഞ്ഞ തീർത്ഥാടനക്കാലത്ത് മറ്റുസംസ്ഥാനക്കാരുടെ എണ്ണം കുറഞ്ഞത് വരുമാനത്തെ കാര്യമായി ബാധിച്ചു. ദേശീയ തലത്തിൽ ശബരിമല വിഷയം വർത്തകളിൽ നിറഞ്ഞതും തിരിച്ചടി ഉണ്ടാക്കുന്ന കാര്യമായി മാറിയിരുന്നു.

യുവതീപ്രവേശ വിധിയെത്തുടർന്നുണ്ടായ പ്രശ്‌നങ്ങൾക്കു പുറമേ പ്രളയവും വടക്കൻ ജില്ലകളിലുണ്ടായ നിപ ബാധയുമൊക്കെ ബാധിച്ചെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. 2018 ജനുവരിയിൽ അവസാനിച്ച തീർത്ഥാടനത്തിലൂടെ 277,42,02,803 രൂപയും ഇക്കഴിഞ്ഞ തീർത്ഥാടനക്കാലത്ത് 178,75,54,333 രൂപയുമാണ് ലഭിച്ചത്. ശബരിമലയിലെ മാത്രമല്ല, സംസ്ഥാനത്തെ ദേവസ്വംബോർഡുകൾക്ക് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും വരുമാനത്തിൽ കുറവുണ്ടായി. തിരുവിതാംകൂർ ദേവസ്വംബോർഡിന് ആശ്വാസമായി സർക്കാർ പ്രഖ്യാപിച്ച 100 കോടി രൂപയിൽ 30 കോടി അടുത്തിടെയാണ് കൈമാറിയത്. ഈ പണം കൊണ്ടാണ് ബോർഡ് ഇപ്പോൾ പിടിച്ചു നിൽക്കുന്നത്.

നിലയ്ക്കലിൽനിന്ന് പമ്പയിലേയ്ക്ക് സ്വകാര്യവാഹനങ്ങൾ വിടാതിരുന്നതും വരുമാനത്തെ ബാധിച്ചെന്ന് കണക്കുകൾ സൂചിപ്പിക്കുന്നത്. കന്നിമാസ പൂജവരെ പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി. ബസ് മാത്രമേ അനുവദിച്ചിരുന്നുള്ളു. കോടതിയുടെ നിർദേശപ്രകാരം തുലാമാസപൂജയ്ക്ക് സ്വകാര്യവാഹനങ്ങൾ അയച്ചുതുടങ്ങിയതോടെ തീർത്ഥാടകവരവ് മാത്രമല്ല വരുമാനവും വർധിച്ചു. കന്നിമാസപൂജയ്ക്ക് ആകെ വരവ് 3,23,21,749 രൂപയായിരുന്നു. തുലാമാസത്തിൽ ഇത് 8,92,52,198 രൂപയായി ഉയർന്നു. 2,88,26,926 രൂപയാണ് കാണിക്കയായി കിട്ടിയത്. തീർത്ഥാടകവാഹനങ്ങൾ പമ്പയിലേക്ക് അയച്ചതാണ് ഈ അന്തരത്തിനു കാരണമെന്നു ബോർഡും അനൗദ്യോഗികമായി സമ്മതിക്കുന്നു. എന്നാൽ, മണ്ഡല, മകരവിളക്ക് തീർത്ഥാടനത്തിന് പമ്പയിലേക്ക് സ്വകാര്യവാഹനങ്ങൾ അയക്കേണ്ടെന്നാണ് സർക്കാരിന്റെ തീരുമാനം.

സുരക്ഷിതയാത്രയ്ക്കായി 'സേഫ് സോൺ'

ശബരിമല മണ്ഡലക്കാലത്തിന് മുന്നോടിയായി പമ്പയിലും അനുബന്ധപ്രദേശങ്ങളിലും തീർത്ഥാടകരുടെ സുരക്ഷിതയാത്ര ലക്ഷ്യമാക്കിയുള്ള സേഫ് സോൺ പദ്ധതിക്ക് ചൊവ്വാഴ്ച തുടക്കമാകും. വൈകീട്ട് നാലിന് ഇലവുങ്കൽ സേഫ് സോൺ മെയിൻ കൺട്രോളിങ് ഓഫീസിൽ മന്ത്രി എ.കെ.ശശീന്ദ്രൻ പദ്ധതി ഉദ്ഘാടനംചെയ്യും. മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലപാതകളിൽ 24 മണിക്കൂറും പട്രോളിങ് നടത്തി അപകടരഹിതമായ തീർത്ഥാടനകാലം ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം. എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിലായി രണ്ട് സബ്ഡിവിഷനും പ്രവർത്തിക്കും.

24 മണിക്കൂറും പ്രവർത്തിക്കുന്ന സേഫ് സോൺ പദ്ധതിപ്രകാരം ഇലവുങ്കൽ, കുട്ടിക്കാനം, എരുമേലി എന്നിവിടങ്ങളിലായി 24 സ്‌ക്വാഡ് പ്രവർത്തിക്കും. 18 പട്രോളിങ് വാഹനവും മറ്റാവശ്യങ്ങൾക്കായി 21 വാഹനവും ഈ പദ്ധതിയുടെ ഭാഗമാകും എന്ന പ്രത്യേകതയുമുണ്ട്. അപകടമുണ്ടായാൽ അടിയന്തരമായി രക്ഷാപ്രവർത്തനം നടത്തി, അപകടത്തിൽപ്പെട്ടവരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആശുപത്രികളിലെത്തിക്കാൻ ആരോഗ്യവകുപ്പ്, പൊലീസ് എന്നിവയുടെ ആംബുലൻസ് സർവീസുകൾ ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. 40 ടൺ ഭാരംവരെയുള്ള വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കായി ഇലവുങ്കൽ കേന്ദ്രീകരിച്ച് ടയർ പഞ്ചർ/ റിപ്പയർ മൊബൈൽ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.35 വാഹനനിർമ്മാതാക്കളുടെ 90 മെക്കാനിക്കൽ ടീമും പ്രവർത്തനസജ്ജമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP