Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജെഎൻയു വിദ്യാർത്ഥികളുടെ വിപ്ലവ വീര്യത്തിന് മുന്നിൽ പുറത്തിറങ്ങാനാകാതെ കേന്ദ്രമന്ത്രി നിന്നത് ആറ് മണിക്കൂറിലേറെ; കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാലിനെ സർവകലാശാലയിൽ നിന്നും പുറത്തെത്തിച്ചത് കേന്ദ്ര സേനയെത്തി; ബാരിക്കേഡുകളും ജലപീരങ്കിയും വിദ്യാർത്ഥികളുടെ സമരവീര്യത്തെ തളർത്തുന്നില്ല; സർവകലാശാല വൈസ് ചാൻസിലറെ കാണാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടിൽ വിദ്യാർത്ഥികൾ ഉറച്ച് നിൽക്കുന്നതോടെ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി ജെഎൻയു മാറുന്നു

ജെഎൻയു വിദ്യാർത്ഥികളുടെ വിപ്ലവ വീര്യത്തിന് മുന്നിൽ പുറത്തിറങ്ങാനാകാതെ കേന്ദ്രമന്ത്രി നിന്നത് ആറ് മണിക്കൂറിലേറെ; കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാലിനെ സർവകലാശാലയിൽ നിന്നും പുറത്തെത്തിച്ചത് കേന്ദ്ര സേനയെത്തി; ബാരിക്കേഡുകളും ജലപീരങ്കിയും വിദ്യാർത്ഥികളുടെ സമരവീര്യത്തെ തളർത്തുന്നില്ല; സർവകലാശാല വൈസ് ചാൻസിലറെ കാണാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടിൽ വിദ്യാർത്ഥികൾ ഉറച്ച് നിൽക്കുന്നതോടെ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി ജെഎൻയു മാറുന്നു

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രാജ്യം കണ്ട ഉജ്ജ്വലമായ വിദ്യാർത്ഥി പ്രക്ഷോഭത്തിന് വീണ്ടും സാക്ഷ്യംവഹിച്ച് ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർവകലാശാലയുടെ പ്രധാന കവാടത്തിൽ ഒത്തുകൂടിയ വിദ്യാർത്ഥികൾ വൈസ് ചാൻസിലറെ കാണാതെ പിരിഞ്ഞ് പോകില്ലെന്ന നിലപാടെടുത്തതോടെ രാജ്യത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമായി ജെഎൻയു മാറുകയാണ്. നീണ്ട ആറ് മണിക്കൂറുകൾക്ക് ശേഷം കേന്ദ്ര സേന എത്തിയാണ് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാലിനെയും സർവകലാശാല വൈസ് ചാൻസിലറെയും പുറത്തെത്തിച്ചത്.

ജെഎൻയു വിദ്യാർത്ഥി യൂണിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സമരത്തിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിട്ടും വിദ്യാർത്ഥികളുടെ സമരവീര്യത്തെ കെടുത്താനോ വിപ്ലവ ജ്വാലകളെ അണയ്ക്കാനോ ആയില്ല. കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാലിനെയും സർവകലാശാലക്കുള്ളിൽ തടഞ്ഞ് വെച്ചിരിക്കുകയായിരുന്നു. മന്ത്രിയും വൈസ് ചാൻസിലറും പോയിട്ടും വിദ്യാർത്ഥികൾ സർവകലാശാലക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്.

സമരവുമായി പുറത്തേക്ക് ഇറങ്ങാൻ ശ്രമിച്ച വിദ്യാർത്ഥികളെ പൊലീസ് തടഞ്ഞത് പൊലീസും വിദ്യാർത്ഥികളും തമ്മിൽ സംഘർഷത്തിന് കാരണമായി. പ്രശ്‌നത്തെ തുടർന്ന് സർവകലാശാല അടച്ചു. ബാരിക്കേഡുകൾ ഉയർത്തി വിദ്യാർത്ഥികളെ തടയാൻ പൊലീസ് നടത്തിയ ശ്രമവും വിഫലമായി. ബാരിക്കേഡ് തകർത്ത് വിദ്യാർത്ഥികൾ പുറത്തേക്ക് ഇറങ്ങി.

വിസിയെ കാണാതെ പിരിഞ്ഞുപോകില്ലെന്ന് ജെഎൻയുവിൽ സമരം നടത്തുന്ന വിദ്യാർത്ഥികൾ. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുടെ നേർക്ക് പൊലീസ് ജല പീരങ്കി ഉപയോഗിച്ചു. ബാരിക്കേഡുമായി വന്ന വാഹനങ്ങൾ വിദ്യാർത്ഥികൾ തടഞ്ഞു. വിദ്യാർത്ഥികളെ പ്രകോപിപ്പിക്കില്ലെന്ന നിലപാടിലാണ് പൊലീസ്. സംഘർഷം ഒഴിവാക്കാനുള്ള നടപടികൾക്ക് മുൻഗണനയെന്ന് പൊലീസ് അറിയിച്ചു. സമര സ്ഥലത്ത് ഡൽഹി പൊലീസ് ജോയിന്റ് കമ്മീഷണർ ആനന്ദ് മോഹൻ എത്തിയിട്ടുണ്ട്. രാവിലെ ജെഎൻയുവിലെ ബിരുദദാന ചടങ്ങിൽ ഉപരാഷ്ട്രപതി പങ്കെടുക്കാനെത്തിയ സമയത്താണ് സമരം തുടങ്ങിയത്. മാനവശേഷിവികസന മന്ത്രിയും ക്യാംപസിലുണ്ട്. മന്ത്രിയെ പുറത്തുപോകാൻ അനുവദിക്കില്ല എന്നാണ് വിദ്യാർത്ഥികളുടെ നിലപാട്.

ഹോസ്റ്റൽ ഫീസ് വർധനവ്, രാത്രി 11 മണിക്കെങ്കിലും ഹോസ്റ്റലിൽ കയറണം, മെസിൽ ഭക്ഷണം കഴിക്കാൻ എത്തുമ്പോളത്തെ വസ്ത്രധാരണം തുടങ്ങിയ കാര്യങ്ങളിൽ വിദ്യാർത്ഥികളോട് ആലോചിക്കാതെ തീരുമാനങ്ങൾ എടുത്തതിനാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം. കഴിഞ്ഞ ഒരുമാസത്തിലേറെയായി ഫീസ് വർധനക്കെതിരെ ക്യാമ്പസിൽ സമരം നടക്കുന്നുണ്ട്. ഇവിടെ പഠിക്കുന്നവരിൽ അധികം പേരും പാവപ്പെട്ടവരാണ്. ഇങ്ങനെ ഫീസ് കുത്തനെ വർധിപ്പിച്ചാൽ എങ്ങനെ പഠിക്കാൻ കഴിയുമെന്നാണ് വിദ്യാർത്ഥികൾ ചോദിക്കുന്നത്. വിദ്യാർത്ഥികളുടെ സമരം അനാവശ്യമാണെന്നും സർവകലാശാലയുടെ സമാധാന അന്തരീക്ഷത്തെ തകർക്കുന്നതാണെന്നും അധികൃതർ പ്രതികരിച്ചു.

അതേസമയം പ്രധാന കവാടത്തിന് മുമ്പിൽ വിദ്യാർത്ഥികളും പൊലീസും തമ്മിലുള്ള സംഘർഷം തുടരുകയാണ്. വിദ്യാർത്ഥികളെ മാറ്റി പ്രധാന കവാടത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. മന്ത്രിയടക്കമുള്ളവരെ പുറത്തെത്തിക്കാനാണ് പൊലീസ് പ്രധാന കവാടത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുന്നത്. എന്നാൽ പൊലീസ് വച്ച് ബാരിക്കേഡുകൾ വിദ്യാർത്ഥികൾ എടുത്തുമാറ്റുന്നുണ്ട്. കേന്ദ്ര സേനയും സിആർപിഎഫും സമര സ്ഥലത്തെത്തിയിട്ടുണ്ട്.

ഇടതിന് കരുത്തായി വിദ്യാർത്ഥി പ്രതിരോധം

ദേശീയ തലത്തിൽ ഇടത് പ്രക്ഷോഭകരുടെ കേന്ദ്രമാണ് ജെഎൻയു. രാജ്യമെമ്പാടുമുള്ള ഇടത് ബുദ്ധിജീവികളും ഗവേഷകരും ഇവിടെ കാലങ്ങളായി പഠിക്കാനെത്തുന്നു. അതുകൊണ്ട് തന്നെ വർഷങ്ങളായി ജെഎൻയു വിദ്യാർത്ഥി യൂണിയൻ ഭരിക്കുന്നത് ഇടത് വിദ്യാർത്ഥി സംഘടനകളാണ്.

ക്രൂര മർദ്ദനത്തിലും പതറാതെ വിദ്യാർത്ഥികൾ

പൊലീസും കേന്ദ്ര സേനയും ക്രൂരമായ മർദ്ദനമാണ് വിദ്യാർത്ഥികൾക്ക് നേരെ നടത്തിയത്. ബലപ്രയോഗത്തിലൂടെ വിദ്യാർത്ഥികളെ പ്രധാന കവാടത്തിന്റെ മുന്നിൽ നിന്നും നീക്കിയ ശേഷമാണ് കേന്ദ്ര മന്ത്രിയും വൈസ് ചാൻസിലറും പുറത്തേക്ക് പോയത്. ചെറുത്ത് നിന്ന വിദ്യാർത്ഥികളെ വലിച്ചിഴച്ചാണ് പ്രധാന ഗേറ്റിന്റെ നിയന്ത്രണം സേന ഏറ്റെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP