Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്ത്യത്താഴം കൊടുത്ത് സിലിയെ കൊന്ന് സ്വർണം കൈക്കലാക്കിയത് ജോളി തന്നെ; 40 പവനും പുല്ലൂരാംപാറ ധ്യാന കേന്ദ്രത്തിലെ കാണിക്കവഞ്ചിയിൽ ഇട്ടെന്നത് കള്ളക്കഥ; താമരശ്ശേരിയിലെ കടയിൽ നിന്ന് മാറ്റി വാങ്ങിയ സ്വർണം പണയം വച്ചത് ബി എസ് എൻ എൽ സുഹൃത്ത് ജോൺസണും; രണ്ടാം ഭർത്താവിന് എതിരെ ജോളി പറഞ്ഞതെല്ലാം കളവെന്ന വിലയിരുത്തിലിന് സാധ്യതയൊരുക്കി ആഭരണക്കഥ; കൂടത്തായിയിൽ ഷാജു പ്രതിയാകില്ല; മാപ്പുസാക്ഷിയാക്കാനും സാധ്യതയില്ല; ജോളിയുടെ ഭർത്താവ് മുഖ്യസാക്ഷിയാക്കും

അന്ത്യത്താഴം കൊടുത്ത് സിലിയെ കൊന്ന് സ്വർണം കൈക്കലാക്കിയത് ജോളി തന്നെ; 40 പവനും പുല്ലൂരാംപാറ ധ്യാന കേന്ദ്രത്തിലെ കാണിക്കവഞ്ചിയിൽ ഇട്ടെന്നത് കള്ളക്കഥ; താമരശ്ശേരിയിലെ കടയിൽ നിന്ന് മാറ്റി വാങ്ങിയ സ്വർണം പണയം വച്ചത് ബി എസ് എൻ എൽ സുഹൃത്ത് ജോൺസണും; രണ്ടാം ഭർത്താവിന് എതിരെ ജോളി പറഞ്ഞതെല്ലാം കളവെന്ന വിലയിരുത്തിലിന് സാധ്യതയൊരുക്കി ആഭരണക്കഥ; കൂടത്തായിയിൽ ഷാജു പ്രതിയാകില്ല; മാപ്പുസാക്ഷിയാക്കാനും സാധ്യതയില്ല; ജോളിയുടെ ഭർത്താവ് മുഖ്യസാക്ഷിയാക്കും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായിയിൽ കൊല്ലപ്പെട്ട സിലിയുടെ സ്വർണാഭരണങ്ങൾ ജോളി തട്ടിയെടുത്തെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ രക്ഷപ്പെട്ടത് രണ്ടാം ഭർത്താവ് ഷാജു. ഷാജുവാണ് ആഭരണങ്ങൾ കൊണ്ടു പോയതെന്നായിരുന്നു ജോളിയുടെ മൊഴി. എന്നാൽ ഈ ആഭരണങ്ങൾ വിറ്റ് താമരശേരിയിലെ ജൂവലറിയിൽനിന്ന് പുതിയത് വാങ്ങിയതായും പരിശോധനയിൽ വ്യക്തമായി. ഇതിൽ ഭർതൃമാതാവ് അന്നമ്മയുടെ സ്വർണാഭരണങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഷാജുവിനെ കുടുക്കാൻ ജോളി മൊഴി നൽകിയെന്നാണ് വിലയിരുത്തലും. അതുകൊണ്ട് തന്നെ ഷാജു കേസുകളിൽ ഒന്നിലും പ്രതിയാകില്ല. കുറ്റം ചെയ്തവരുടെ പട്ടികയിൽ ഇല്ലാത്തതിനാൽ മാപ്പുസാക്ഷിയാക്കാനും കഴിയില്ല. ഈ സാഹചര്യത്തിൽ ഷാജു കേസിലെ മുഖ്യ സാക്ഷികളിൽ ഒരാളാകും.

സിലിയുടെ ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. സ്വർണം ഷാജുവിന്റെ കൈയിലാണെന്നായിരുന്നു ജോളി ആദ്യം പറഞ്ഞത്. പിന്നീട് സ്വർണം പണയംവച്ചതായി ജോളി കുറ്റസമ്മതം നടത്തിയിരുന്നു. ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസൻ മുഖേനെ പണയംവച്ചതാണെന്നും ജോളി പറഞ്ഞിരുന്നു. തുടർന്ന് ജോൺസനെ ചോദ്യംചെയ്തു. ജോൺസൻ 66 ഗ്രാം സ്വർണം ഹാജരാക്കി. എന്നാൽ, ഇത് സിലിയുടേതല്ലെന്ന് സഹോദരൻ സിജോയും സഹോദരി സ്മിതയും സ്ഥിരീകരിച്ചു. ഇതോടെയാണ് സ്വർണാഭരണങ്ങൾ മാറ്റിവാങ്ങിയെന്ന നിഗമനത്തിൽ എത്തിയത്. രണ്ടാം പ്രതി എം എസ് മാത്യുവിനെ ചോദ്യംചെയ്തപ്പോഴാണ് പഴയ സ്വർണാഭരണം വിറ്റ് പുതിയത് വാങ്ങാൻ സഹായിച്ചെന്ന് വ്യക്തമായത്. മാത്യു ജോലിചെയ്ത താമരശേരിയിലെ കടയിലാണ് സ്വർണം മാറ്റി വാങ്ങിയത്. കടയിൽനിന്ന് ജോളിയുടെ പേരിലുള്ള ബില്ലുകൾ കണ്ടെടുത്തു. സ്വന്തം ആഭരണങ്ങളാണെന്നാണ് ജോളി മാത്യുവിനോട് പറഞ്ഞതെന്നാണ് മൊഴി. ജോളി നേരിട്ട് കടയിൽ എത്തിയാണ് പുതിയ സ്വർണാഭരണം വാങ്ങിയതെന്ന് ജീവനക്കാരും മൊഴി നൽകി.

സ്വർണാഭരണങ്ങൾ സിലി ആരാധനാലയത്തിന് നൽകിയെന്നാണ് രണ്ടാം ഭർത്താവ് ഷാജു പറഞ്ഞത്. ഈ മൊഴി നൽകാനുള്ള സാഹചര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. എങ്കിലും ഷാജുവാണ് ആഭരണം കൊണ്ടു പോയതെന്ന ജോളിയുടെ മൊഴി തെറ്റാണെന്ന് വന്നതോടെ ഷാജുവിനെതിരെ നൽകിയ മറ്റ് മൊഴികളും സംശയ നിഴലിലായി. കൂടത്തായി കൊലപാതക പരമ്പരയിൽ ആൽഫെയ്ൻ വധവുമായി ബന്ധപ്പെട്ട് രണ്ടാം പ്രതി എം എസ് മാത്യുവിനെ അന്വേഷണ സംഘം തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും. കൊയിലാണ്ടി സിഐ കെ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം ജയിലിലെത്തി മാത്യുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ആൽഫെയ്നെ കൊലപ്പെടുത്താൻ ഉപയോഗിച്ച സയനൈഡ് എത്തിച്ചുനൽകിയത് മാത്യുവാണെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യംചെയ്യലിനും തെളിവെടുപ്പിനും മാത്യുവിന്റെ കസ്റ്റഡി അനിവാര്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ഈ ചോദ്യം ചെയ്യലിൽ കൂടുതൽ വിവരം കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ജോളിയെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വാങ്ങുന്നതിനെക്കുറിച്ച് അന്വേഷണ സംഘം ഇതുവരെയും തീരുമാനത്തിലെത്തിയിട്ടില്ല.

ജോളിക്കെതിരെ സിലിയുടെ മകൻ ചില നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ട്. സിലി അവസാനമായി ഭക്ഷണം കഴിച്ചത് ജോളിയുടെ വീട്ടിൽ നിന്നാണെന്ന് ഷാജു - സിലി ദമ്പതികളുടെ മകൻ പൊലീസിനോട് പറഞ്ഞിരുന്നു. വിവാഹ സത്ക്കാരത്തിനിടെ സിലിക്ക് ഭക്ഷണത്തിൽ സയനൈഡ് ചേർത്ത് നൽകിയെന്നാണ് ജോളി നേരത്തെ മൊഴി നൽകിയിരുന്നത്. ഇത് കളവാണെന്നും ഹാളിൽ നിന്നല്ല ജോളിയുടെ വീട്ടിൽ നിന്ന് തന്നെയാണ് ഏറ്റവും ഒടുവിൽ സിലി ഭക്ഷണം കഴിച്ചതെന്നും മകൻ മൊഴി നൽകി. സിലിയെ കൊല്ലാനായി മണിക്കൂറുകൾക്കുള്ളിൽ ജോളി മൂന്ന് തവണ സയനൈഡ് നൽകിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണത്തിലും വെള്ളത്തിലും ഗുളികയിലുമാണ് സയനൈഡ് കലർത്തിയതെന്നാണ് പൊലീസിന് കിട്ടിയ വിവരം.

സിലി കൊല്ലപ്പെട്ട ശേഷം ഷാജുവിന് മൊബൈൽ സന്ദേശം അയച്ചുവെന്ന് ജോളി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മരണം ഉറപ്പാക്കാൻ കിലോമീറ്ററുകൾ ചുറ്റിയാണ് സിലിയെ കാറിൽ ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ് മോർട്ടം വേണ്ടെന്നു പറഞ്ഞത് ഷാജുവാണെന്നും ജോളിയുടെ മൊഴിയിലുണ്ട്. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ 40 പവൻ കാണാനില്ലെന്നത് ഏറെ ദുരൂഹമായിരുന്നു. പള്ളിയിൽ 40 പവൻ നേർച്ചയിട്ടുവെന്നാണ് ഷാജു ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ ഇത് ജോളി ജോസഫ് തട്ടിയെടുത്തുവെന്നായിരുന്നു ആരോപണം. ജോളി ഭർത്താവിന്റെ അമ്മയായ അന്നമ്മ തോമസിനെ കൊലപ്പെടുത്തിയ ശേഷം അവരുടെ സ്വർണാഭരണങ്ങളും കൈക്കലാക്കിയെന്നും സംശയമുണ്ടായിരുന്നു. ഇതു രണ്ടും ജോളി തന്നെ സമ്മതിക്കുകയായിരുന്നു. അന്നമ്മയുടെ മരണത്തിന് ശേഷം പണത്തിന്റെയും സ്വർണത്തിന്റെയും കണക്കുകൾ എഴുതിവച്ചിരുന്ന അന്നമ്മയുടെ ഡയറിയും മരണത്തിനു ശേഷം കാണാതായി.പൊന്നാമറ്റം വീട്ടിലെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് അന്നമ്മയായിരുന്നു.

ഭർത്താവിന്റെയും തന്റെയും പെൻഷൻ തുകയും ഇവരാണു കൈകാര്യം ചെയ്തിരുന്നത്. അന്നമ്മ മരിച്ചാൽ കുടുംബത്തിന്റെ നിയന്ത്രണം തന്റെ കയ്യിലെത്തുമെന്നു കരുതിയാണു ജോളി അവരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് വിലയിരുത്തുന്നു. സിലിയുടെ മരണശേഷം ഓമശേരി ശാന്തി ആശുപത്രിയിൽനിന്ന് സ്വർണാഭരണങ്ങൾ ഏറ്റുവാങ്ങിയത് ജോളിയായിരുന്നു. വിവാഹ സമയത്ത് സിലിക്ക് 40 പവനോളം സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നു. കൂടാതെ കുട്ടികളുണ്ടായപ്പോഴും സ്വർണം നൽകിയിരുന്നു. സിലി മരിച്ചതോടെ ഈ ആഭരണങ്ങൾ കാണാതായെന്നാണ് വീട്ടുകാരുടെ പരാതി. ആഭരണങ്ങൾ പുല്ലൂരാംപാറ ധ്യാനകേന്ദ്രത്തിലെ കാണിക്കവഞ്ചിയിൽ ഇട്ടെന്നാണ് സിലിയുടെ വീട്ടുകാരോട് ജോളിയും ഷാജുവും പറഞ്ഞത്.

2016 ജനുവരി 11ന് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ആശുപത്രിയിലാണ് സിലി മരിക്കുന്നത്. വിവാഹ ചടങ്ങായതിനാൽ സിലി കുറേ ആഭരണങ്ങൾ ധരിച്ചിരുന്നു. ദന്താശുപത്രിയിൽ വച്ച് ഗുളികയിൽ സയനൈഡ് ചേർത്ത് നൽകി സിലിയെ കൊന്നുവെന്ന് ജോളി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇതിനൊപ്പമാണ് സിലിയുടെ മകന്റെ വെളിപ്പെടുത്തലും. അത് അനുസരിച്ചാണെങ്കിൽ സിലിക്കും ജോളി അന്ത്യത്താഴം നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP