Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ടെസ്റ്റിൽ സിദ്ധു ഒൻപതു സെഞ്ചുറികൾ നേടിയിട്ടുണ്ടെങ്കിലും അതിലൊന്നു പോലും പാക്കിസ്ഥാന് എതിരെയല്ല; അദ്ദേഹത്തിന് പാക്കിസ്ഥാനോട്, പ്രധാനമന്ത്രി ഇമ്രാൻ ഖാനോടുള്ള ഇഷ്ടത്തിന്റെ തെളിവാണിത്'; കർതാർപൂർ ഇടനാഴി കടന്ന് പാക്കിസ്ഥാനിലെത്തിയ സിദ്ധുവിന് ലഭിച്ച സ്വീകരത്തിൽ പാക്ക് സെനറ്റ് അംഗത്തിന്റെ വാക്കുകൾ ഇങ്ങനെ; 'അവർ തടഞ്ഞിരുന്നെങ്കിൽ അദ്ദേഹം ഒരു ഹീറോ ആയേനെ'; സിദ്ധുവിനെക്കുറിച്ച് ഇമ്രാൻ ഖാനും പാക് മന്ത്രിയും നടത്തിയ സംഭാഷണവും സോഷ്യൽ മീഡിയയിൽ വൈറൽ

'ടെസ്റ്റിൽ സിദ്ധു ഒൻപതു സെഞ്ചുറികൾ നേടിയിട്ടുണ്ടെങ്കിലും അതിലൊന്നു പോലും പാക്കിസ്ഥാന് എതിരെയല്ല; അദ്ദേഹത്തിന് പാക്കിസ്ഥാനോട്, പ്രധാനമന്ത്രി ഇമ്രാൻ ഖാനോടുള്ള ഇഷ്ടത്തിന്റെ തെളിവാണിത്'; കർതാർപൂർ ഇടനാഴി കടന്ന് പാക്കിസ്ഥാനിലെത്തിയ സിദ്ധുവിന് ലഭിച്ച സ്വീകരത്തിൽ പാക്ക് സെനറ്റ് അംഗത്തിന്റെ വാക്കുകൾ ഇങ്ങനെ; 'അവർ തടഞ്ഞിരുന്നെങ്കിൽ അദ്ദേഹം ഒരു ഹീറോ ആയേനെ'; സിദ്ധുവിനെക്കുറിച്ച് ഇമ്രാൻ ഖാനും പാക് മന്ത്രിയും നടത്തിയ സംഭാഷണവും സോഷ്യൽ മീഡിയയിൽ വൈറൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ധുവും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനും തമ്മിലുള്ള സൗഹൃദം അറിയാത്തവരായി അധികമാരും ഇല്ല. ഈ സുഹൃദ്ബന്ധത്തിന്റെ പേരിലാണ് ക്യാപ്ടർ അമരേന്ദർ സിങ് അടക്കമുള്ളവരുമായി സിദ്ധുവിന് പിണങ്ങേണ്ടി വന്നത്. എങ്കിലും ഇമ്രാനുമായി അടുത്ത ബന്ധം പുലർത്തുന്ന ഇന്ത്യൻ രാഷ്ട്രീയക്കാരിൽ പ്രധാനിയായി അദ്ദേഹം നിലകൊള്ളുന്നു. കർതാർപൂർ ഇടനാഴി കടന്ന് പാക്കിസ്ഥാനിൽ കഴിഞ്ഞ ദിവസം സിദ്ധു എത്തിയപ്പോഴും സ്‌നേഹം നിറഞ്ഞ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. പാക്കിസ്ഥാൻ നൽകിയ ഈ രസകരമായ സ്വീകരണം കൗതുകകരമായിരുന്നു.

കർതാർപൂർ ഇടനാഴി കടന്ന് പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ സംഘത്തെ സ്വീകരിക്കുന്നതിനിടെ സിന്ധുവിനെ വേദിയിലേക്കു ക്ഷണിച്ച പാക്ക് സെനറ്റ് അംഗം ഫൈസൽ ജാവേദ് ഖാന്റെ പരാമർശമാണ് കൈയടി നേടിക്കൊടുത്തത്. മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് ഉൾപ്പെടെയുള്ളവർക്കൊപ്പമാണ് ആദ്യ തീർത്ഥാടക സംഘത്തിൽ അംഗമായി സിദ്ധുവും പാക്കിസ്ഥാനിലെത്തിയത്.

'ടെസ്റ്റ് കരിയറിൽ സിദ്ധു ഒൻപതു സെഞ്ചുറികൾ നേടിയിട്ടുണ്ടെങ്കിലും അതിലൊന്നു പോലും പാക്കിസ്ഥാനെതിരെയല്ല. അദ്ദേഹത്തിന് പാക്കിസ്ഥാനോട്, പ്രത്യേകിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാനോടുള്ള ഇഷ്ടത്തിന്റെ തെളിവാണിത്' എന്നു ചൂണ്ടിക്കാട്ടിയാണ് ഫൈസൽ ജാവേദ് ഖാൻ താരത്തെ വേദിയിലേക്കു ക്ഷണിച്ചത്. ജനക്കൂട്ടം ആവേശത്തോടെയാണ് ഖാന്റെ നർമം കലർന്ന സ്വാഗതവാചകങ്ങളെ എതിരേറ്റത്. സിദ്ധുവിനെയാകട്ടെ വേദിയിലേക്കു സ്വീകരിച്ച ഇമ്രാൻ ഖാൻ വേദിയിൽവച്ച് അദ്ദേഹത്തെ ആലിംഗനം ചെയ്തപ്പോഴും ജനം ഇളകിമറിഞ്ഞു. 'ഒരു ആലിംഗനത്തിന് ഇത് ചെയ്യാൻ കഴിയുമെങ്കിൽ ഞങ്ങൾ കൂടുതൽ ആലിംഗനം ചെയ്യേണ്ടിയിരിക്കുന്നു' എന്നായിരുന്നു ഇതേക്കുറിച്ച് സിദ്ധുവിന്റെ പ്രതികരണം.

ഒന്നര ദശാബ്ദത്തിലധികം നീണ്ടുനിന്ന രാജ്യാന്തര കരിയറിൽ 51 ടെസ്റ്റുകളാണ് സിദ്ധു കളിച്ചിട്ടുള്ളത്. ഒൻപതു സെഞ്ചുറികളും 15 അർധസെഞ്ചുറികളും സഹിതം 42.13 റൺസ് ശരാശരിയിൽ 3202 റൺസ് നേടിയിട്ടുണ്ടെങ്കിലും പാക്കിസ്ഥാനെതിരെ സെഞ്ചുറി നേടാൻ സിദ്ധുവിന് സാധിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഖാന്റെ സ്വാഗത പ്രസംഗം. 198990 കാലഘട്ടത്തിൽ പാക്കിസ്ഥാനിൽ പര്യടനം നടത്തിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു സിദ്ധു. അന്ന് ഏഴ് ഇന്നിങ്‌സുകൾ കളിച്ചെങ്കിലും ഒരിക്കൽപ്പോലും സെഞ്ചുറി നേടാൻ സിദ്ധുവിന് കഴിഞ്ഞില്ല. നാലാം ടെസ്റ്റിൽ 97 റൺസെടുത്തെങ്കിലും അപ്പോഴും മൂന്നു റൺസിന് സെഞ്ചുറി നഷ്ടമായി. അതേസമയം, 136 ഏകദിനങ്ങളിൽനിന്ന് ആറു സെഞ്ചുറിയും 33 അർധസെഞ്ചുറിയും സഹിതം 4413 റൺസ് നേടിയിട്ടുള്ള സിദ്ധു, കന്നി സെഞ്ചുറി നേടിയത് പാക്കിസ്ഥാനെതിരെയാണ്.

ഇടനാഴിയുടെ ഇന്ത്യൻ ഭാഗത്തെ ഉദ്ഘാടനം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് അതുവഴി സിദ്ധു ഉൾപ്പെടെയുള്ള 500 പേരടങ്ങുന്ന സംഘം പാക്കിസ്ഥാനിലെത്തിയത്. സിദ്ധുവിനു പുറമെ മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ, കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ, ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി അംഗങ്ങൾ എന്നിവർക്കു പുറമെ പഞ്ചാബിലെ 117 എംഎൽഎമാരും ആദ്യ സംഘത്തിൽ ഉണ്ടായിരുന്നു. പഞ്ചാബിലെ ഗുർദാസ്പുരിൽ ദേര ബാബ നാനാക്കിൽനിന്ന് പാക്കിസ്ഥാനിലെ കർതാർപുരിലേക്കുള്ള ദർബാർ സാഹിബ് ഗുരുദ്വാരയിലേക്കാണ് നാലര കിലോമീറ്റർ വരുന്ന ഇടനാഴി.

അതേസമയം കർത്താർപുർ ഇടനാഴിയുടെ ഉദ്ഘാടനത്തിന് ഒരുദിവസത്തിനു ശേഷം പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വീഡിയോ വൈറലായിരുന്നു. കോൺഗ്രസ് നേതാവ് നവ്ജോത് സിങ് സിദ്ധുവിനെക്കുറിച്ച് ഇമ്രാനും പാക് വിവര സാങ്കേതിക മന്ത്രി ഫിർദോസ് ആഷിക് അവാനും സംസാരിക്കുന്നതിന്റെ വീഡിയോ ആണ് ഏറെ ചർച്ചായത്. ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് സിദ്ധുവിനെ കേന്ദ്രസർക്കാർ വിലക്കിയിരുന്നെങ്കിൽ അദ്ദേഹം ഇന്നൊരു ഹീറോ ആകുമായിരുന്നുവെന്നാണ് സംഭാഷണത്തിൽ ഫിർദോസ് പറയുന്നത്. ചടങ്ങിൽവെച്ചു തന്റെ ഒപ്പമുള്ളവരോട് ഇമ്രാൻ സംസാരിക്കുന്നതാണ് വീഡിയോ.

ആ സംഭാഷണം ഇങ്ങനെ:

ഇമ്രാൻ: എവിടെയാണ് സിദ്ധു? ഞാൻ ചോദിക്കുന്നത് എവിടെയാണു സിദ്ധുവെന്നാണ്.

ഫിർദോസ്: അദ്ദേഹം വന്നില്ലെങ്കിൽ അത് അവരെ (മോദി സർക്കാരിന്) ബാധിക്കും.

ഇമ്രാൻ: മന്മോഹൻ വന്നോ?

(തുടർന്ന് മന്മോഹൻ വന്ന കാര്യം സ്ഥിരീകരിച്ച ശേഷം ബാക്കി സംഭാഷണത്തിനായി ഫിർദോസ് എത്തുന്നു.)

ഫിർദോസ്: അവർ അദ്ദേഹത്തെ തടഞ്ഞിരുന്നെങ്കിൽ, അദ്ദേഹം ഒരു ഹീറോയായേനെ. എല്ലാ വാർത്താ ചാനലുകളും ആ വാർത്ത കൈകാര്യം ചെയ്തേനെ.

മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിന്റെ വിനയത്തെ പ്രശംസിച്ച് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി രംഗത്തെത്തിയതും ഉദ്ഘാടനച്ചടങ്ങിനിടെ ഏറെ ചർച്ചയായിരുന്നു. ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി മന്മോഹൻ സിങ്ങിനെ കണ്ടുമുട്ടിയപ്പോഴായിരുന്നു 1990 കളിൽ സിങ്ങുമായി നടത്തിയ കൂടിക്കാഴ്ച ഓർമ്മിച്ച് മന്ത്രി രംഗത്തെത്തിയത്. തന്റെ അരികിൽ ഇരുന്ന മന്മോഹൻ സിങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് മാധ്യമപ്രവർത്തകരോട് സംസാരിച്ച ഷാ മെഹ്മൂദ് ഖുറേഷി 90കളിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെ കണ്ട സന്ദർഭത്തെ കുറിച്ച് വാചാലനാവുകയായിരുന്നു. മന്മോഹൻ സിങ്ങിന്റെ വീട് സന്ദർശിച്ചപ്പോഴുള്ള അനുഭവമായിരുന്നു അദ്ദേഹം പങ്കുവെച്ചത്. അന്ന് സിങ്ങിന്റെ ഭാര്യ ഉണ്ടാക്കിയ ചായ താൻ കുടിച്ചെന്നും മന്മോഹൻ സിങ് തന്നെയായിരുന്നു അന്ന് തനിക്കായി ചായ കൊണ്ടുവന്ന് തന്നതെന്നും ഖുറേഷി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP