Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയാൾ ഒരു രാക്ഷസനാണ്; അയാൾ ബകൻ ഭക്ഷണം കാത്തിരിക്കുന്നത് പോലെയാണ്; എല്ലാ ദിവസവും പിടിച്ചുവെക്കാൻ അയാൾക്ക് എന്തെങ്കിലും വേണം; എന്തിനാ ഇങ്ങനെയൊരു മനുഷ്യൻ; ചീഫ് എഞ്ചിനീയർ കൊടുക്കുന്ന റിപ്പോർട്ട് പരിശോധിക്കുന്നത് എക്സിക്യൂട്ടീവ് എഞ്ചിനീയറും; ലോകത്തിലെവിടെയെങ്കിലും ഇതുപോലെ ബാലിശമായ നിയമമുണ്ടോ? കിഫ്ബിയിലെ സുധാകരന്റെ പരിഹാസങ്ങൾ ചെന്നു കൊള്ളുന്നത് മന്ത്രി തോമസ് ഐസക്കിന്; അരൂരിലെ തോൽവി ആലപ്പുഴയിലെ സിപിഎമ്മിലെ ഭിന്നത അതി ശക്തമാക്കുമ്പോൾ

അയാൾ ഒരു രാക്ഷസനാണ്; അയാൾ ബകൻ ഭക്ഷണം കാത്തിരിക്കുന്നത് പോലെയാണ്; എല്ലാ ദിവസവും പിടിച്ചുവെക്കാൻ അയാൾക്ക് എന്തെങ്കിലും വേണം; എന്തിനാ ഇങ്ങനെയൊരു മനുഷ്യൻ; ചീഫ് എഞ്ചിനീയർ കൊടുക്കുന്ന റിപ്പോർട്ട് പരിശോധിക്കുന്നത് എക്സിക്യൂട്ടീവ് എഞ്ചിനീയറും; ലോകത്തിലെവിടെയെങ്കിലും ഇതുപോലെ ബാലിശമായ നിയമമുണ്ടോ? കിഫ്ബിയിലെ സുധാകരന്റെ പരിഹാസങ്ങൾ ചെന്നു കൊള്ളുന്നത് മന്ത്രി തോമസ് ഐസക്കിന്; അരൂരിലെ തോൽവി ആലപ്പുഴയിലെ സിപിഎമ്മിലെ ഭിന്നത അതി ശക്തമാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കിഫ്ബിക്കെതിരെ ആഞ്ഞടിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ രംഗത്ത വരുമ്പോൾ ചർച്ചയാകുന്നത് ആലപ്പുഴയിലെ സിപിഎം വിഭാഗിയത. ധനമന്ത്രി തോമസ് ഐസക്കിനെതിരെയുള്ള വിർശനമാണ് സുധാകരന്റേതെന്നാണ് വിലയിരുത്തൽ. സർക്കാരിന്റെ സ്വപ്‌ന പദ്ധതിയാണ് കിഫ്ബി. ഇതിനെതിരെയാണ് മന്ത്രിയുടെ വിമർശനം. ഭക്ഷണം വിഴുങ്ങാൻ ഇരിക്കുന്ന ബകനെ പോലെയാണ് കിഫ്ബിയിലെ ഉദ്യോഗസ്ഥരെന്ന് ജി സുധാകരൻ തുറന്നടിക്കുമ്പോൾ കൊള്ളുന്നത് ഐസക്കിന് തന്നെയാണ്. കിട്ടുന്ന അവസരത്തിൽ എല്ലാം ഐസക്കിന്റെ വകുപ്പിനെ കടന്നാക്രമിക്കുന്നത് സുധാകരന്റെ രീതിയാണ്. ഇതാണ് ഇവിടേയും പ്രതിഫലിക്കുന്നത്.

അരൂരിൽ സിപിഎമ്മിന്റെ തോൽവി ഏറെ ചർച്ചയായിരുന്നു. ഇതിന് കാരണം സുധാകരന്റെ പൂതന പ്രയോഗമാണെന്ന് ഐസക് വിഭാഗം ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ പ്രതിരോധിക്കാൻ സുധാകരന് ഭൂരിപക്ഷമുള്ള ആലപ്പുഴ സിപിഎം ജില്ലാ കമ്മറ്റിയും ന്യായീകരണങ്ങളുമായി എത്തി. ചില നേതാക്കളുടെ സ്ഥാനാർത്ഥി മോഹമാണ് എല്ലാത്തിനും കാരണമെന്നായിരുന്നു വിമർശനം. ഇതിന് പുതിയ തലം നൽകിയാണ് ഇപ്പോൾ ഐസക്കിനെതിരെ സുധാകരൻ കിഫ്ബിയിൽ ഒളിയെമ്പെയ്യുന്നത്. കിഫ്ബി പരായജമാണമെന്ന് പറഞ്ഞു വയ്ക്കുകയാണ് അദ്ദേഹം. പൊതു മരാമത്ത് വകുപ്പ് ചെയ്യേണ്ട കാര്യങ്ങൾക്ക് ഇങ്ങനൊരു സംവിധാനത്തിന്റെ ആവശ്യമുണ്ടോ എന്നതാണ് ഉയർത്തുന്ന ചോദ്യം.

വലിയ റോഡുകൾ നിർമ്മിക്കുന്ന കിഫ്ബി അതിന്റെ നടത്തിപ്പും ഏറ്റെടുക്കണമെന്നാണ് മന്ത്രി ജി സുധാകരന്റെ നിലപാട്. തകർന്ന റോഡുകളുടെ പഴി മുഴുവൻ പൊതുമരാമത്ത് വകുപ്പിനെന്ന് മന്ത്രി നേരത്തെയും ചൂണ്ടിക്കാട്ടിയിരുന്നു. ദേശീയ പാത വികസനത്തിൽ കേരളത്തോട് കേന്ദ്രം അവഗണന തുടരുകയാണെന്നും മന്ത്രി പറഞ്ഞു. ശബരിമലയിൽ റോഡ് നിർമ്മാണം നവംബർ പത്തിന് മുമ്പ് തീർക്കേണ്ടതായിരുന്നു. ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയാണ് പണി വൈകാൻ കാരണമെന്നും ചീഫ് എഞ്ചിനീയറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കാവുന്ന പ്രവർത്തികൾ മാത്രം ഏറ്റെടുത്താൽ മതിയെന്നും മറ്റ് നിർമ്മാണ പ്രവർത്തികൾ ഏറ്റെടുക്കുന്നത് വിമർശനങ്ങൾക്കും പേരുദോഷത്തിനും ഇട വരുത്തുമെന്നും മന്ത്രി പറഞ്ഞു. ഇതിനൊപ്പമാണ് കിഫ്ബിയ്‌ക്കെതിരേയും രൂക്ഷ വിമർശനം ഉയർത്തുന്നത്.

പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയർമാർ എന്ത് റിപ്പാർട്ട് കൊടുത്താലും കിഫ്ബി ഉദ്യോഗസ്ഥർ അത് വെട്ടും. അയാൾ രാക്ഷസനാണെന്നും ബകൻ ഭക്ഷണം കാത്തിരിക്കുന്നത് പോലെയാണെന്നും അദ്ദേഹം വിമർശിച്ചു. കിഫ്ബിയിലെ കാര്യങ്ങളിൽ ഇടപെടേണ്ട കാര്യം പൊതുമരാമത്ത് എഞ്ചിനീയർമാർക്കില്ല. പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്തുകൊടുത്താലും കിഫ്ബിയിലെ ചീഫ് ടെക്നിക്കൽ എക്സാമിനറായിരിക്കുന്ന ഉദ്യോഗസ്ഥൻ അത് വെട്ടും. അയാൾ ഒരു രാക്ഷസനാണ്. അയാൾ ബകൻ ഭക്ഷണം കാത്തിരിക്കുന്നത് പോലെയാണ്. എല്ലാ ദിവസവും പിടിച്ചുവെക്കാൻ അയാൾക്ക് എന്തെങ്കിലും വേണം. എന്തിനാ ഇങ്ങനെയൊരു മനുഷ്യൻ അവിടെയിരിക്കുന്നത്. മന്ത്രി വിമർശിച്ചു. ചീഫ് എഞ്ചിനീയർ കൊടുക്കുന്ന റിപ്പോർട്ട് പരിശോധിക്കുന്നത് എക്സിക്യൂട്ടീവ് എഞ്ചിനീയറായ സി.ടി.ഇ.ആണ്. ലോകത്തിലെവിടെയെങ്കിലും ഇതുപോലെ ബാലിശമായ നിയമമുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു. അവിടെ സി.ടി.ഇ. ആയി ഒരു ചീഫ് എഞ്ചിനീയറെ നിയമിക്കാൻ തയ്യാറാകണമെന്നും സുധാകരൻ പറയുന്നു. അതായത് മന്ത്രി തോമസ് ഐസക്കിന്റെ തീരുമാനങ്ങളാണ് എല്ലാത്തിനും കാരണമെന്ന് പറഞ്ഞു വയ്ക്കുകയാണ് സുധാകരൻ.

കഴിയാത്ത പണി ഏറ്റെടുക്കുന്നതിലൂടെ തീർക്കാൻ കഴിയാതെ പേരുദോഷവും പരാതിയും കേൾക്കേണ്ടി വരും. ബന്ധപ്പെട്ട വകുപ്പുകൾ എഴുതിയാൽ മാത്രം അത്തരം വകുപ്പുകൾ ഏറ്റെടുത്താൽ മതിയെന്നും മന്ത്രി പറഞ്ഞു. ഇതും കിഫ്ബിയ്‌ക്കെതിരായ വിമർശനമാണ്. പൊതുമരാമത്ത് വകുപ്പിനെ വെട്ടി പദ്ധതികൾ ഏറ്റെടുക്കുന്നതിലെ എതിർപ്പാണ് പറഞ്ഞു വയ്ക്കുന്നത്. നേരത്തെ കുട്ടനാട്ടിലെ പുനരധിവാസ പ്രവർത്തനത്തിൽ പരസ്പരം പഴിചാരി ആലപ്പുഴ ജില്ലയിലെ സിപിഎം മന്ത്രിമാർ ഏറെ ചർച്ചയായിരുന്നു. പാടശേഖരങ്ങളിലെ വെള്ളംവറ്റിക്കാത്ത വിഷയത്തിലാണ് മന്ത്രി ജി സുധാകരനും തോമസ് ഐസക്കും വ്യത്യസ്ഥ നിലപാടുകൾ എടുത്തത്. പ്രളയദുരിതാശ്വാസത്തിന് കൈത്താങ്ങാവാൻ ലോട്ടറിവകുപ്പിന്റെ നവകേരള ലോട്ടറി ടിക്കറ്റിന്റെ പ്രകാശന ചടങ്ങിന്റെ അദ്ധ്യക്ഷനായ മന്ത്രി ജി സുധാകരൻ തോമസ്ഐസക്കിന് വേദിയിലിരുത്തി വിമർശനത്തിന് തുടക്കമിട്ടു. ആലപ്പുഴ സിപിഎമ്മിലെ ഗ്രൂപ്പ് പോരായിരുന്നു ഇതിനെല്ലാം കാരണം. ഇതാണ് ഇപ്പോഴും തുടരുന്നത്. എംഎൽഎ പ്രതിഭാ ഹരിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തുടങ്ങിയ വിവാദങ്ങൾ ഇന്നും കെട്ടടങ്ങിയിട്ടില്ല.. ഇതിന് പുതിയ മാനം നൽകുന്നതാണ് സുധാകരന്റെ ഇപ്പോഴത്തെ പ്രസ്താവന.

പഞ്ചായത്ത്, കോർപറേഷൻ റോഡുകളുടെ ശോച്യാവസ്ഥയിൽ ധനവകുപ്പിനെ കുറ്റപ്പെടുത്തുകയാണ് നേരത്തെ പൊതുമരാമത്ത് മന്ത്രി ചെയ്തത്. ഒറ്റത്തവണ അറ്റകുറ്റപ്പണിക്കായി മൂന്നു വർഷമായി സർക്കാർ ഒരു പൈസപോലും അനുവദിച്ചിട്ടില്ല. ഹൈക്കോടതി കേസെടുത്താലും മഴ മാറാതെ റോഡ് നന്നാക്കാനാകില്ലെന്നും ജി.സുധാകരൻ പറഞ്ഞു. കൊച്ചിയിലെ റോഡുകൾ നന്നാക്കാത്ത സർക്കാരിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്ത സാഹചര്യത്തിലായിരുന്നു പൊതുമരാമത്ത് മന്ത്രിയുടെ വിശദീകരണം. കുറ്റമെല്ലാം ധനവകുപ്പിനും. പണം ഇല്ലാതെ എങ്ങനെ എല്ലാം ചെയ്യുമെന്ന ചോദ്യമാണ് സുധാകരൻ നേരത്തെ ഉയർത്തിയിരുന്നത്. പി.ഡബ്ലിയുഡി റോഡുകളേക്കാൾ കഷ്ടമാണ് പഞ്ചായത്ത്, കോർപറേഷൻ റോഡുകളുടെ അവസ്ഥ. അവരെക്കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സർക്കാർ ഫണ്ട് നൽകാതെ പഞ്ചായത്തുകൾ എന്ത് ചെയ്യാനാണെന്നും സുധാകരൻ ചോദിക്കുന്നു. അറ്റകുറ്റപ്പണിക്കായി 700 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. അടിയന്തരമായി നന്നാക്കേണ്ട റോഡുകളുടെ പട്ടിക എംഎൽഎമാർ ഒരാഴ്ചക്കുള്ളിൽ നൽകണം. അനുവദിക്കുന്ന പണം ദുർവിനിയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ജനപ്രതിനിധികൾക്ക് നൽകിയ കത്തിൽ മന്ത്രി ആവശ്യപ്പെട്ടിരുന്നു.

മന്ത്രി തോമസ് ഐസക്കിനെതിരേ പരോക്ഷ വിമർശനവുമായി വെള്ള കെട്ട് വിഷയത്തിലും മന്ത്രി ജി. സുധാകരൻ രംഗത്ത് എത്തിയിരുന്നു. മടവീഴ്ചയുണ്ടായ കൈനകരി കനകാശ്ശേരി പാടശേഖരത്തിൽ മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ നേരത്തേ മട കെട്ടിയിരുന്നു. ഇതു പരാമർശിച്ചായിരുന്നു സ്വകാര്യ ചടങ്ങിൽ ജി. സുധാകരന്റെ വിമർശനം. മട കെട്ടാൻ തോട്ടപ്പള്ളിയിൽ നിന്നുള്ള കടൽ മണ്ണാണ് ഉപയോഗിച്ചത്. എന്നാൽ അടുത്തിടെ ഈ ബണ്ട് ഒലിച്ചു പോയി. ''കുട്ടനാട് കൈനകരിയിൽ ബണ്ട് തകർന്നതിൽ ചിലർ സന്തോഷിക്കുന്നുണ്ടെന്നാണ് പറയുന്നത്. എനിക്ക് സന്തോഷം ഇല്ല. കടൽ മണ്ണു കൊണ്ട് കുട്ടനാട്ടിൽ ബണ്ട് കെട്ടിയാൽ നിൽക്കുമോ? എല്ലാം ഒലിച്ചു പോയില്ലേ. എത്രപണമാണ് സർക്കാരിന് നഷ്ടപ്പെട്ടത്. കടൽ മണ്ണ് ചെളിയുമായി കലർന്നാൽ കുട്ടനാട്ടിലെ കൃഷി നശിക്കും. പാടശേഖര സമിതിയെ സുഖിപ്പിക്കാൻ വേണ്ടിയാണ് ചെയ്തത്.''- സുധാകരൻ പറഞ്ഞിരുന്നു. 'പാടശേഖരകമ്മിറ്റിക്കാരാണ് ഒന്നാമത്തെ പ്രതികൾ. കൃഷിയിറക്കാതെ പാടശേഖരം വെറുതേയിടുകയാണിവർ. കുട്ടനാട്ടിൽ 62 ശതമാനം സ്ഥലത്തും കൃഷി നടത്തുന്നില്ല. കൃഷിചെയ്യാതിരിക്കുന്ന പാടശേഖരങ്ങളിൽ വെള്ളംനിറഞ്ഞ് ബണ്ടുപൊട്ടിയാലും സർക്കാർ പണംമുടക്കി ബണ്ട് കെട്ടിക്കൊടുക്കയാണിവിടെ' -സുധാകരൻ ഇങ്ങനേയും കളിയാക്കിയിരുന്നു.

മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസകും തമ്മിലുള്ള അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നതോടെ പല തവണ സംസ്ഥാന നേതൃത്വം വെട്ടിലായിരുന്നു. 'കയർ കേരള' രാജ്യാന്തരമേളയുടെ പോസ്റ്ററിൽ നിന്ന് മന്ത്രി സുധാകരനെ ഒഴിവാക്കിയതിനെച്ചൊല്ലിയുള്ള തർക്കവും ഏറെ ചർച്ചയായിരുന്നു. പൊതുമരാമത്തുവകുപ്പിന്റെ ആലപ്പുഴയിലെ റസ്റ്റ് ഹൗസിൽ മന്ത്രി തോമസ് ഐസക്കിന്റെ സ്ഥിരം മുറി ഒഴിപ്പിച്ചതിന്റെ പ്രതികാരമായാണ് കയർ കേരള നടത്തിപ്പിൽനിന്നു മന്ത്രി ജി.സുധാകരനെ ഒഴിവാക്കിയത്. മുൻ കയർ മന്ത്രിയും ജില്ലയുടെ ചുമതലക്കാരനുമായ തന്നെ ഒഴിവാക്കിയാണു കയർ കേരളയുടെ പ്രചാരണ ബോർഡുകൾ സ്ഥാപിച്ചതെന്നു ജി.സുധാകരൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ജില്ലയിലെ ചില സിപിഎം നേതാക്കൾക്കെതിരെയായിരുന്നു ആരോപണം.

സുധാകരന്റെ പരാതിയെത്തുടർന്ന് അദ്ദേഹത്തിന്റെകൂടി ചിത്രം ഉൾപ്പെടുത്തിയ പുതിയ ബോർഡുകൾ കയർ കേരള സംഘാടകസമിതി നഗരത്തിൽ സ്ഥാപിച്ചാണ് പ്രശ്നം ഒരുവിധത്തിൽ പരിഹരിച്ചത്. എന്നാൽ ഈ വിവാദം ഇങ്ങനെ തുടരുന്നത് സിപിഎം നേതൃത്വത്തിന് എന്നും തലവേദനയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP