Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗ്രൂപ്പുകളുമായി ആലോചിച്ച് തീരുമാനിച്ച ജംബോ പട്ടിക അംഗീകരിപ്പിക്കാൻ മുല്ലപ്പള്ളിയുടെ നീക്കം; എംപിമാരുമായും ആലോചിക്കാത്ത പട്ടിക അംഗീകരിക്കരുതെന്ന ആവശ്യവുമായി മുരളീധരനും ചാക്കോയും കെ.വി.തോമസ് അടക്കമുള്ള നേതാക്കളും; ആന്ധ്രാ കാര്യങ്ങൾ സംസാരിക്കാൻ സോണിയയെ കാണുന്ന ഉമ്മൻ ചാണ്ടിയുടെയും ലക്ഷ്യം കെപിസിസി ഭാരവാഹി പട്ടിക തന്നെ; നിർണ്ണായകമാവുക കേരളത്തിന്റ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കിന്റെ തീരുമാനങ്ങൾക്കും; കെപിസിസി ജംബോ പട്ടികയുടെ വിധി കാത്ത് ആകാംക്ഷയോടെ കോൺഗ്രസ് ഗ്രൂപ്പുകളും

ഗ്രൂപ്പുകളുമായി ആലോചിച്ച് തീരുമാനിച്ച ജംബോ പട്ടിക അംഗീകരിപ്പിക്കാൻ മുല്ലപ്പള്ളിയുടെ നീക്കം; എംപിമാരുമായും ആലോചിക്കാത്ത പട്ടിക അംഗീകരിക്കരുതെന്ന ആവശ്യവുമായി  മുരളീധരനും ചാക്കോയും കെ.വി.തോമസ് അടക്കമുള്ള നേതാക്കളും; ആന്ധ്രാ കാര്യങ്ങൾ സംസാരിക്കാൻ സോണിയയെ കാണുന്ന ഉമ്മൻ ചാണ്ടിയുടെയും ലക്ഷ്യം കെപിസിസി ഭാരവാഹി പട്ടിക തന്നെ; നിർണ്ണായകമാവുക കേരളത്തിന്റ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കിന്റെ തീരുമാനങ്ങൾക്കും; കെപിസിസി ജംബോ പട്ടികയുടെ വിധി കാത്ത് ആകാംക്ഷയോടെ കോൺഗ്രസ് ഗ്രൂപ്പുകളും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കെപിസിസി ഭാരവാഹികൾക്കായുള്ള ജംബോ പട്ടികയുടെ അന്തിമ അനുമതി വൈകിയേക്കും. ജംബോ പട്ടിക പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ പരിഗണനയിൽ ഇരിക്കെ ഡൽഹി കേന്ദ്രീകരിച്ചുള്ള തിരക്കിട്ട ചർച്ചകളാണ് ഈ കാര്യത്തിൽ നടക്കുന്നത്. ഇന്ന് ഡൽഹിയിൽ എത്തുന്ന ഉമ്മൻ ചാണ്ടി ഭാരവാഹി നിയമനവുമായി ബന്ധപ്പെട്ടു സോണിയയെ ഇന്ന് സന്ദർശിച്ചേക്കും. ആന്ധ്രാ കാര്യങ്ങൾ സംസാരിക്കാനാണ് ഉമ്മൻ ചാണ്ടി സോണിയയെ സന്ദർശിക്കുന്നതെങ്കിലും കേരള വിഷയവും ചർച്ച ചെയ്‌തേക്കും എന്നാണ് സൂചനകൾ. രാഷ്ട്രീയകാര്യ സമിതിയുമായും എംപിമാരുമായും ആലോചിക്കാതെ തീരുമാനിച്ച ജംബോ പട്ടികയ്ക്ക് അനുമതി നൽകരുതെന്ന് മുരളീധരൻ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു.

ഒരാൾക്ക് ഒരു പദവി നടപ്പാക്കണമെന്നും ജംബോ കമ്മിറ്റികൾ ഒഴിവാക്കണമെന്നുമുള്ള മുല്ലപ്പള്ളിയുടെ നിർദ്ദേശം പൂർണമായും തള്ളിയാണ് ഗ്രൂപ്പുകൾ ജംബോ പട്ടിക തന്നെ നൽകിയത്. നൽകിയ ഈ പട്ടിക തന്നെ അംഗീകരിപ്പിക്കാനാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ശ്രമം. ഇന്നലെ മുല്ലപ്പള്ളിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സോണിയയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിന്റ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കിന്റെ തീരുമാനവും ജംബോ പട്ടികയുടെ അനുമതിയിൽ നിർണ്ണായകമാകും. കെപിസിസി പുനഃസംഘടനയുടെ ഭാഗമായുള്ള ഭാരവാഹി പട്ടികകൾ ഗ്രൂപ്പ് നേതൃത്വങ്ങൾ മുല്ലപ്പള്ളിക്ക് നേരത്തെ കൈമാറിയിരുന്നു. ഒരാൾക്ക് ഒരു പദവിയെന്ന വാദം രമേശ് ചെന്നിത്തല തള്ളിയതോടെയാണ് ഐ ഗ്രൂപ്പ് എംപിമാരും എംഎ‍ൽഎമാരും പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ടത്.

ജനറൽ സെക്രട്ടറിമാരും സെക്രട്ടറിമാരും ഉൾപ്പടെ നാൽപതോളം പേരുടെ പട്ടിക ഓരോ ഗ്രൂപ്പും കൈമാറിയതിനാൽ വന്നിരിക്കുന്നത് ജംബോ പട്ടികതന്നെയാണ്. സെക്രട്ടറിമാരായി ഇരുപത് മുതൽ 25 പേരുടെ പേരുകൾ വീതമാണ് ഗ്രൂപ്പുകൾ തയാറാക്കിയിരുന്നത്. ഇതോടെയാണ് പട്ടിക ജംബോ പട്ടികയായത്. വർക്കിങ് പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും ഉൾപ്പടെ 15 പേരുടെ വീതം പേരുകളാണ് ഗ്രൂപ്പുകൾ കൈമാറിയത്. ഐ ഗ്രൂപ്പിൽ നിന്ന് കെ.സുധാകരൻ, വി.ഡി സതീശൻ,ഡോ.ശൂരനാട് രാജശേഖരൻ, പത്മജ വേണുഗോപാൽ എന്നിവർ പുതിയ പട്ടികയിലുമുണ്ട്. എംഎ‍ൽഎമാരായ വി എസ് ശിവകുമാർ, അടൂർ പ്രകാശ്, എ.പി അനിൽകുമാർ, എ.എ.ഷുക്കൂർ,വി.ജെ പൗലോസ്,കെ സുരേന്ദ്രൻ എന്നിവരും പട്ടികയിലുണ്ടാകുമെന്നാണ് സൂചന. എ ഗ്രൂപ്പിൽ നിലവിലുള്ള ജനറൽ സെക്രട്ടറിമാരിൽ പകുതിയോളം പേരെ നിലനിർത്തി. സെക്രട്ടറിമാരായി പ്രവർത്തിച്ച ചിലർക്ക് ജനറൽ സെക്രട്ടറിമാരായി സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്. വി എം സുധീരൻ,കെ.മുരളീധരൻ എന്നിവരുടെ പ്രതിനിധികളായി ടോമി കല്ലാനി, അഡ്വ പ്രവീൺകുമാർ എന്നിവരും പട്ടികയിൽ ഇടംപിടിച്ചേക്കും.

സംസ്ഥാന രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനത്തിനു വിരുദ്ധമാണു ജംബോ സമിതി വന്നത്. പുനഃസംഘടന സംബന്ധിച്ച് എംപിമാരുമായി കൂടിയാലോചന നടത്തിയിട്ടുമില്ല. ഇതാണ് സോണിയയുടെ ശ്രദ്ധയിൽ കെ.മുരളീധരൻ പെടുത്തിയത്. മുരളീധരനൊപ്പം എതിർപ്പുമായി പി.സി.ചാക്കോയും നിലയുറപ്പിച്ചിട്ടുണ്ട്. സോണിയാ ഗാന്ധിയെ നേരിട്ട് കണ്ടാണ് ജംബോ പട്ടികയെക്കുറിച്ച് ചാക്കോ എതിർപ്പ് രേഖപ്പെടുത്തിയത്. ഗ്രൂപ്പ് വീതംവയ്പാണു സംസ്ഥാനത്തു നടക്കുന്നതെന്നും ഭാരവാഹിത്വത്തിന് മാനദണ്ഡം പാലിച്ചിട്ടില്ലെന്നുമാണ് ചാക്കോ കുറ്റപ്പെടുത്തിയത്. ഒരാൾക്ക് ഒരു പദവി എന്ന നയം കർശനമായി പാലിക്കണമെന്നും ജംബോ പട്ടിക ഗുണം ചെയ്യില്ലെന്നും മുകൾ വാസ്‌നിക്കിനെ കണ്ടു കെ.വി. തോമസും വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP