Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരള മുഖ്യമന്ത്രിയുടെ യു എ പി എ പ്രസ്താവന മലയാളത്തിൽ സാകൂതം വായിക്കുന്നത് ലണ്ടൻ സ്വദേശിയായ ടോം ; കേരളത്തിൽ ജോലി ആവശ്യത്തിന് എത്തിയ ടോം മലയാളത്തെ കുറിച്ച് പറഞ്ഞത് ആവേശം ജനിപ്പിക്കുന്ന കാര്യങ്ങളെന്ന് ടോമിന്റെ രഹസ്യം കണ്ടെത്തിയ എടത്വാക്കാരനായ ബസ് കണ്ടക്ടർ ഷഫീക് ഇബ്രാഹിം

കേരള മുഖ്യമന്ത്രിയുടെ യു എ പി എ പ്രസ്താവന മലയാളത്തിൽ സാകൂതം വായിക്കുന്നത് ലണ്ടൻ സ്വദേശിയായ ടോം ; കേരളത്തിൽ ജോലി ആവശ്യത്തിന് എത്തിയ ടോം മലയാളത്തെ കുറിച്ച് പറഞ്ഞത് ആവേശം ജനിപ്പിക്കുന്ന കാര്യങ്ങളെന്ന് ടോമിന്റെ രഹസ്യം കണ്ടെത്തിയ എടത്വാക്കാരനായ ബസ് കണ്ടക്ടർ ഷഫീക് ഇബ്രാഹിം

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ഇക്കഴിഞ്ഞ ചൊവാഴ്ച പതിവ് പോലെ എടത്വ കെ എസ ആർ ടി സി ഡിപ്പോയിലെ കണ്ടക്ടർ എറണാകുളത്തു നിന്നും കായംകുളത്തേക്കുള്ള യാത്രയിൽ യാത്രക്കാർക്ക് ടിക്കറ്റ് നൽകി ഏവരുടെയും എണ്ണവും വിറ്റ ടിക്കറ്റുകളും എണ്ണി നോക്കി.എല്ലാം കിറുകൃത്യം . പെട്ടെന്ന് കണ്ണുടക്കിയത് യാത്രക്കാരിലെ വിദേശിയിലേക്ക്.ഇഷ്ട്ടൻ നല്ല മൂഡിൽ പത്രം വായനയാണ്. പക്ഷെ ഒന്നുകൂടി നോക്കിയ ഷെഫീഖ് ഞെട്ടിപ്പോയി കയ്യിൽ ഉള്ള ടൈംസ് ഓഫ് ഇന്ത്യ മാറ്റിവച്ചു മലയാള പത്രമാണ് ടോം വായിക്കുന്നത്.

വെറുതെ ചിത്രങ്ങൾ നോക്കുക ആയിരിക്കും എന്ന് കരുതിയ ഷെഫീഖ് സൂക്ഷിച്ചു നോക്കിയപ്പോൾ പത്രത്തിലെ ഉൾപ്പേജിലെ യു എ പി എ സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയാണ് ഇന്ഗ്ലീഷുകാരൻ ടോം അതീവ ശ്രദ്ധയോടെ വായിക്കുന്നത്.പയ്യെ അടുത്തുകൂടിയ ഷെഫീഖിനോട് സായിപ്പു മണിമണി പോലെ മലയാളം പറഞ്ഞപ്പോൾ ഇതെന്തു അത്ഭുതം എന്നായി ഷെഫീഖ്.സംസാരിക്കാൻ മാത്രമല്ല തനിക്കു അത്യാവശ്യം വായിച്ചു മനസിലാക്കാൻ പറ്റുമെന്നും ടോം പറയുക മാത്രമല്ല,പത്രം വായിക്കുകയും ചെയ്തു. കൂടെ ഒരു ചോദ്യവും, ഉച്ചാരണം അത്ര ശരിയല്ല അല്ലെ ?

സായിപ്പു ആള് കൊള്ളാമല്ലോ എന്ന് കരുതി കൂടുതൽ വിവരം തിരക്കാൻ തയ്യാറായ ഷെഫീഖിനോട് വേല കയ്യിലിരിക്കട്ടെ എന്ന മട്ടിലായി സായിപ്പ്. വക്തിപരമായ ഒരു വിവരവും പങ്കുവച്ചില്ല . ഫേസ്‌ബുക് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഒക്കെ ചിരിയിൽ മറുപടി ഒതുക്കി . സ്വന്തം വക്തിവിവരങ്ങൾ പരമാവധി മറച്ചു വയ്ക്കുന്ന ഇന്ഗ്ലീഷ് രീതി കേരളത്തിൽ എത്തിയപ്പോഴും ടോം മറന്നില്ല . എന്നാൽ കേരളവും മലയാളവും സംബന്ധിച്ച് ഷെഫീഖ് ചോദിച്ച എല്ലാക്കാര്യത്തിനും ടോം മറുപടി നൽകി.

ഷെഫീഖ് ഇന്ഗ്ലീഷിൽ ചോദിച്ചപ്പോൾ ടോമിന്റെ മറുപടി മലയാളത്തിൽ ആയിരുന്നു എന്നുമാത്രം . ഇക്കഴിഞ്ഞ ജൂലൈ മുതൽ കേരളത്തിൽ ഉണ്ടായിരുന്ന ടോം രണ്ടു നാൾ ആയി ലണ്ടനിൽ മടങ്ങി എത്തിയിട്ടുണ്ട് . തന്റെ കേരള വിശേഷങ്ങൾ ഷെഫീക്കിലൂടെ ചോർന്നു ഇന്നലെ ബ്രിട്ടീഷ് മലയാളി അടക്കം വർത്തയാക്കിയ കാര്യവും ടോം വാട്‌സ്ആപ് മുഖേനെ അറിയുന്നുണ്ട് . എന്നാൽ വിളിക്കുമ്പോൾ മാത്രം ആശാന് മറുപടിയില്ല .

കംപ്യുട്ടർ പ്രോഗ്രാമിങ് സംബന്ധിച്ച ആവശ്യത്തിനായിട്ടാണ് ടോം മലപ്പുറത്ത് എത്തിയത് . ഈ നാളുകളിൽ ഒക്കെ കിട്ടിയ ഇടവേളകളിൽ ധാരാളം സഞ്ചരിക്കുകയും ചെയ്തു, എല്ലാം ബസ് യാത്രകൾ . അത്തരം ഒരു യാത്രക്കിടയിലാണ് ഷെഫീഖിന്റെ മുന്നിൽ പെട്ടതും . തിങ്കളാഴ്ച ബസ് ജീവനക്കാരുടെ പണിമുടക്ക് അറിഞ്ഞു അന്ന് യാത്ര ചെയ്തില്ലെന്ന് ടോം പറയുമ്പോൾ മലയാളി ജീവിത ശൈലി അദ്ദേഹം മാസങ്ങൾ കൊണ്ട് അപ്പാടെ പകർത്തുക ആയിരുന്നു എന്നും അനുമാനിക്കാം . ബസ് സൗകര്യം ഇല്ലാത്ത ദിവസം യാത്ര ചെയ്തു റോഡിൽ കുടുങ്ങണ്ട എന്ന ജീവിത പാഠവും ടോം കേരളത്തിൽ നിന്നും മനസിലാക്കിയിരിക്കണം . നല്ല ലളിതമായ വാക്കുകളും എളുപ്പം മനസിലാക്കാൻ പറ്റുന്ന ശൈലിയും കൊണ്ടാണ് താൻ മനോരമ പത്രം വായിച്ചതെന്നും ടോം പറയുമ്പോൾ അത് പത്രത്തിനും ഉള്ള അംഗീകാരമായി മാറുകയാണ് .

മലയാളത്തെ കുറിച്ചാണെങ്കിൽ ഏറെ വാചാലനകകുക ആയിരുന്നു ടോം . പഠിച്ചെടുക്കാൻ ഏറെ ബുദ്ധിമുട്ടിയെന്നു അദ്ദേഹം വക്തമാക്കുന്നു . എന്നാൽ പഠിച്ചു കഴിഞ്ഞപ്പോൾ ഏറ്റവും സുന്ദരമായ ഭാഷയെന്നു തോന്നിയതും മലയാളത്തെ കുറിച്ചാണ് . ഇന്ഗ്ലാണ്ടിൽ ജനിച്ച ഒരാൾ സ്‌കൂൾ പഠനം വഴി സ്വാഭാവികമായും ഫ്രഞ്ച് , സ്പാനിഷ് , ജർമ്മൻ ഭാഷകൾ ഒക്കെ കൈയ്കര്യം ചെയ്യാൻ പഠിച്ചിരിക്കും എന്ന സാധ്യതയിൽ ന്യായമായും ടോമിനും ഇന്ഗ്ലീഷിനു പുറമെ മറ്റു ഭാഷകളും കൈകാര്യം ചെയ്യാൻ അറിയുമായിരിക്കും.

മലയാളം പഠിക്കാൻ ബുദ്ധിമുട്ടു ആണെങ്കിലും ഇത് പഠിച്ചതോടെ ഏതു ഭാഷയും എളുപ്പം പഠിക്കാം എന്ന ആത്മവിശ്വാസവും ടോം ഷെഫീഖുമായി പങ്കുവയ്ക്കാൻ തയാറായി . മലയാളിക്ക് ഏതു ഭാഷയും പഠിക്കാൻ കഴിയുമെന്നും ടോം പറയുമ്പോൾ അതിൽ അനുഭവിച്ചറിഞ്ഞ സത്യമുണ്ട് .. ഭാഷയെ കുറിച്ച് മാത്രമല്ല മലയാളിയെ കുറിച്ചും കേരളത്തിലെ ജീവിതത്തെ കുറിച്ചും എല്ലാം ആലപ്പുഴയിൽ എത്തി യാത്ര തീരും വരെ ടോം വാചാലനായി .

ടോമിനെ മലയാളിക്ക് വേണ്ടി കണ്ടെത്തിയ ഷെഫീഖും ചില്ലറക്കാരനല്ല . കഴിഞ്ഞ പത്തു വർഷമായി കെ എസ ആർ ടി സി ജീവനക്കാരനായ ഷെഫീഖ് ജോലി കഴിഞ്ഞാൽ സാമൂഹ്യ സേവനമാണ് ഏറ്റെടുക്കുന്നത് . ജോലിക്കിടയിലും അത്യാവശ്യം സാമൂഹിക സേവനം ചെയ്യാൻ കഴിയുന്നതാണ് തന്റെ ജോലിയൊന്നും അദ്ദേഹം വിശദീകരിക്കുന്നു . ലഹരി മരുന്ന് വിരുദ്ധ പോരാട്ടത്തിന്റെ പ്രധാന കാവലാൾ കൂടിയാണ് ഷെഫീഖ് .അടുത്തിടെ സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ മികച്ച ലഹരി വിരുദ്ധ പ്രചാരനാകാനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു . ആലപ്പുഴ ജില്ലയിലെ കോളേജുകളിൽ ലഹരി വിരുദ്ധ പ്രചാരണ കാമ്പയിൻ നടത്താൻ ഷെഫീഖ് ഉൾപ്പെടെയുള്ള ടീം മുടങ്ങാതെ എത്തുന്നുണ്ട് . ഒരു സൗഹൃദ വാട്‌സ്ആപ് കൂട്ടായ്മയിലൂടെയാണ് അദ്ദേഹം ഇത്തരം സാമൂഹ്യ പ്രവർത്തനം ഏറ്റെടുക്കുന്നത് .

താൻ സ്ഥിരമായി ജോലി ചെയുന്ന ആലപ്പുഴ - അമ്പലപ്പുഴ - തിരുവല്ല റൂട്ടിലെ 44 കിലോമീറ്റർ യാത്രയിൽ 23 ബീവറേജ് ഔട്ട്‌ലെറ്റ് കടന്നാണ് ബസ് പോകുന്നത് . ഇവിടെ നിന്നൊക്കെയുള്ള മദ്യപർ ബസിൽ കയറും . മിക്കവാറും വൈകുനേരം ഉള്ള ട്രിപ്പിൽ അടിച്ചു ഫിറ്റായി നാലഞ്ച് പേർ യാത്രക്കാരായി ഉണ്ടാകും . അല്പം സൗഹൃദത്തോടെ ഇവരെ കാര്യം പറഞ്ഞു മനസിലാക്കും . ഒരാൾ എങ്കിലും കേട്ടാലായി എന്നതാണ് ഷെഫീഖിന്റെ പ്രതീക്ഷ . യാത്രക്കാർക്ക് ശല്യം ആകും എന്ന് തോന്നിയാൽ ഒരു കാരണവശാലും ബസിൽ കയറ്റുകയുമില്ല . ഇതിന്റെ പേരിൽ കുടിയന്മാർ പിന്നീട് വഴക്കിനൊന്നും വന്നിട്ടില്ലെന്നും ഷെഫീഖ് പറയുന്നു .

ഇത്തരം കാര്യങ്ങളുടെ ദുരനുഭവങ്ങൾ ഏറെയുണ്ട് എന്നാൽ അതിനെ നെഗറ്റീവ് ആയി കാണാനും ഈ ചെറുപ്പക്കാരൻ തയ്യാറല്ല . പക്ഷെ അടുത്തിടെ ഒരാൾ ആരോഗ്യം നശിച്ചു ഷെഫീക്കിനെ കാണാൻ എത്തി . പണ്ട് ഒരു യാത്രയിൽ ഷെഫീഖിന്റെ ഉപദേശം കേൾക്കേണ്ടി വന്ന മദ്യപൻ . പക്ഷെ അദ്ദേഹം തിരുത്താൻ തയാറാകാതെ ജീവിതം കൈവിട്ടു പോയ അവസ്ഥയിലാണ് ഷെഫീക്കിനെ കാണാൻ എത്തിയത് . തന്റെ യാത്രക്കാർ എല്ലാം സാധാരണക്കാരും പാവപ്പെട്ടവരുമാണ് . ഒരു പകലിന്റെ അധ്വാനമാണ് അവർ മദ്യത്തിന് വേണ്ടി കളയുന്നത് . ഒടുവിൽ ഒന്നോ രണ്ടോ രൂപയ്ക്കു ലഭിക്കുന്ന റേഷനരി കൊണ്ട് കുടുംബത്തിന്റെ വിശപ്പകറ്റും .

ഈ ദുരവസ്ഥ കേരളം തിരിച്ചറിയുന്നില്ല എന്നതാണ് ഷെഫീഖിന്റെ സങ്കടം . എന്നാലും അദ്ദേഹം ബസിൽ ഒരു മദ്യപൻ കയറിയാൽ മടുപ്പിക്കുന്ന വായ്‌നാറ്റം സഹിച്ചും സൗഹൃദം കൂടാനെത്തും, ഒരു കുടുംബം എങ്കിലും രക്ഷപ്പെടട്ടെ എന്ന ചിന്തയിൽ . ഷെഫീഖ് ലഹരിക്കെതിരെ മാത്രമല്ല പ്ലാസ്റ്റിക്കിനു എതിരെയും യുദ്ധത്തിലാണ്.കാടില്ലാത്ത സ്ഥലമായ ആലപ്പുഴയ്ക്ക് വേണ്ടി തന്നെക്കൊണ്ട് പറ്റും വിധം മരങ്ങൾ വച്ച് പിടിപ്പിക്കാനും അദ്ദേഹം റെഡി. പ്രത്യേക ദിവസങ്ങളാണ് അതിനു തയ്യാറെടുക്കുക.

തന്റെയും കുടുംബ അംഗങ്ങളുടെയും ഒക്കെ പിറന്നാളും സ്വതന്ത്ര ദിനവും ഒക്കെ അത്തരം ദിവസമായാണ് ഷെഫീഖ് ആഘോഷിക്കുക. ഇക്കഴിഞ്ഞ മെയിൽ 38 മാതു പിറന്നാൾ ആഘോഷിച്ച ഷെഫീഖ് 38 മരങ്ങൾ നട്ടാണ് പ്രകൃതിയോടുള്ള തന്റെ കടപ്പാട് തീർത്തത്.മരങ്ങൾ നടുക മാത്രമല്ല അവ നന്നായി വളരുന്നു എന്ന് ഉറപ്പിക്കലും ഈ ചെറുപ്പക്കാരന്റെ ജോലിയാണ്.

ആറു മാസമായ മരങ്ങൾ ഒന്ന് പോലും നശിച്ചു പോകാതെ ആരോഗ്യത്തോടെ വളരുന്നു എന്ന് ഷെഫീഖ് പറയുമ്പോൾ ആ മുഖത്ത് നിറപൗര്ണമിയുടെ തെളിച്ചം. ഇത്തരം തെളിച്ചമുള്ള കൂടുതൽ മുഖങ്ങൾ തങ്ങൾക്കു ചുറ്റും ഉണ്ടായെങ്കിൽ എന്ന് ഷെഫീക്കിനെ കാണുന്ന ഓരോ ആൾക്കും തോന്നിയേയ്ക്കാം,അത് തന്നെയാണ് ഷെഫീഖിന്റെ ഡബിൾ ബെല്ലും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP