Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മീനച്ചിലാറിന്റെ തീരത്ത് 2012-ൽ തുടങ്ങിയ ബെൽറോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സാമ്പത്തിക കുരുക്കിലായപ്പോൾ രക്ഷകനായി എത്തിയത് ഇഎം നജീബ്; പിന്നീട് പ്രവാസി മലയാളിയെ അറിയിക്കാതെ എടുത്തത് 38 കോടി രൂപയുടെ ലോൺ; അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എത്തുമ്പോൾ സ്വതന്ത്ര ഡയറക്ടർ പദവി രാജിവെച്ച് തടിയൂരി പൊലീസ് ഉപദേശകനും; രമൺ ശ്രീവാസ്തവ ഒഴിയുന്നത് പുലിവാൽ പിടിക്കാതിരിക്കാൻ; ജൂബിയുടെ ആരോപണങ്ങൾ നിഷേധിച്ച് നജീബും; കോട്ടയം കിംസ് കോടതി കയറുമ്പോൾ

മീനച്ചിലാറിന്റെ തീരത്ത് 2012-ൽ തുടങ്ങിയ ബെൽറോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സാമ്പത്തിക കുരുക്കിലായപ്പോൾ രക്ഷകനായി എത്തിയത് ഇഎം നജീബ്; പിന്നീട് പ്രവാസി മലയാളിയെ അറിയിക്കാതെ എടുത്തത് 38 കോടി രൂപയുടെ ലോൺ; അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എത്തുമ്പോൾ സ്വതന്ത്ര ഡയറക്ടർ പദവി രാജിവെച്ച് തടിയൂരി പൊലീസ് ഉപദേശകനും; രമൺ ശ്രീവാസ്തവ ഒഴിയുന്നത് പുലിവാൽ പിടിക്കാതിരിക്കാൻ; ജൂബിയുടെ ആരോപണങ്ങൾ നിഷേധിച്ച് നജീബും; കോട്ടയം കിംസ് കോടതി കയറുമ്പോൾ

എം മനോജ് കുമാർ

കോട്ടയം: മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവ കോട്ടയം കിംസിലെ സ്വതന്ത്ര ഡയരക്ടർ പദവി കഴിഞ്ഞ ദിവസം രാജിവെച്ചത് കേസുകൾ ഭയന്നതിനാൽ. സിവിൽ-ക്രിമിനൽ കേസുകൾ നിലനിൽക്കുന്ന കോട്ടയം കിംസിൽ തനിക്കെതിരായി നിലനിൽക്കുന്ന കേസുകൾക്കും നീക്കങ്ങൾക്ക് തടയിടാൻ വേണ്ടിയാണ് കിംസ് ഡയരക്ടറായ ഇ.എം.നജീബ് സ്വതന്ത്ര ഡയരക്ടർ പദവിയിൽ ശ്രീവാസ്തവയെ നിയമിച്ചത്. കോട്ടയം കിംസുമായി ബന്ധപ്പെട്ടു നിൽക്കുന്ന സിവിൽ ക്രിമിനൽ കേസുകളിൽ താൻ കൂടി പ്രതിയാകും എന്ന അവസ്ഥ മുൻകൂട്ടി കണ്ടാണ് പൊലീസ് ഉപദേഷ്ടാവിന്റെ ഈ പടിയിറക്കം. ഡയറക്ടർ പദവിയിൽ സെപ്റ്റംബർ അഞ്ചിന് നടന്ന ഈ നിയമനം രണ്ടു മാസം പിന്നിടുമ്പോൾ തന്നെയാണ് രാജിക്കത്ത് നൽകി രമൺ ശ്രീവാസ്തവ രായ്ക്കുരാമാനം പടിയിറങ്ങുന്നത്. വലിയ ഒരു തട്ടിപ്പിന് കൂട്ട് നിൽക്കാൻ തനിക്ക് കഴിയില്ലെന്ന സൂചനകൾ കൂടി രമൺ ശ്രീവാസ്തവയുടെ രാജിക്ക് പിന്നിലുണ്ട്. കോട്ടയം കിംസുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ടു നീക്കാൻ ക്രൈംബ്രാഞ്ചിനു മുന്നിലുള്ള വലിയ തടസമായിരുന്നു കോട്ടയം കിംസിലെ സ്വതന്ത്ര ഡയരക്ടർ ആയ രമൺ ശ്രീവാസ്തവയുടെ സാന്നിധ്യം. കോട്ടയം കിംസുമായി ബന്ധപ്പെട്ടു നടത്തുന്ന അന്വേഷണം മുന്നോട്ടു നീക്കാൻ ക്രൈംബ്രാഞ്ചിനു കഴിയുന്ന ഒരവസ്ഥകൂടിയാണ് ശ്രീവാസ്തവയുടെ രാജി വഴി സൃഷ്ടിക്കപ്പെട്ടിരിക്കുന്നതും.

കഴിഞ്ഞ ജൂലൈ ഏഴിനാണ് കോട്ടയം കിംസിൽ നടത്തിയ തട്ടിപ്പിനും വഞ്ചനയുടെയും പേരിൽ കിംസിന്റെ ഡയരക്ടർമാരായ ഇ.എം.നജീബും, ഡോക്ടർ എം.ഐ.സഹദുള്ള, പ്രമുഖ കാർഡിയോളജിസ്റ്റ് ജി.വിജയരാഘവൻ, സുഹറ പടിയത്ത്, മുഹമ്മദ് സലിം കുഞ്ഞ്, ജോസ് തോമസ്, സലിം ഗംഗാധരൻ, വി.ജ.മാത്യു എന്നിവരെ ഒന്നുമുതൽ എട്ടുവരെ പ്രതികളാക്കി കോട്ടയം ക്രൈംബ്രാഞ്ച് എഫ്‌ഐആർ ഫയൽ ചെയ്തത്. കോട്ടയം കിംസ് എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന കോട്ടയം കിംസ് ബെൽറോസ് ആശുപത്രിയുടെ സംരംഭകനായ അമേരിക്കൻ പ്രവാസി വ്യവസായി ജൂബി.എം.ദേവസ്യ നൽകിയ പരാതിയെ തുടർന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം ഫയൽ ചെയ്തത്. കിംസ് ബെൽറോസിന്റെ പേരിൽ 38 കോടി രൂപ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും ലോൺ എടുത്ത് ഈ തുക അതേപടി കിംസ് സ്ഥാപനങ്ങളിലേക്ക് വക മാറ്റിയതിനെ തുടർന്ന് ജൂബി ദേവസ്യ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഹൈക്കോടതിയിലുമായി നല്കിയ ക്രിമിനൽ-സിവിൽ കേസുകളുടെ ബാക്കിപത്രമായാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം വന്നത്. ക്രിമിനൽ കേസ് ചാർജ് ചെയ്യാൻ കോട്ടയം എസ്‌പിക്ക് ജൂബി പരാതി നൽകിയിരുന്നു. കോട്ടയം എസ്‌പി പരാതി അന്വേഷിച്ചു. റിപ്പോർട്ട് നൽകി. പ്രാഥമിക അന്വേഷണത്തിൽ നാല് കോടി രൂപയുടെ തിരിമറിയാണ് എസ്‌പിക്ക് ബോധ്യപ്പെട്ടത്. കോട്ടയം കിംസ് കേന്ദ്രമാക്കി നജീബും കൂട്ടരും നടത്തിയ വൻ ചതിയിൽ ഉലഞ്ഞാണ് ജൂബി ദേവസ്യ നജീബിനും ഉന്നതരായ നജീബിന്റെ പങ്കാളികൾക്കെതിരെയും ക്രിമിനൽ-സിവിൽ കേസുകളുമായി നീങ്ങിയത്.

38 കോടി രൂപ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും കോട്ടയം കിംസിനുവേണ്ടി എടുത്ത ശേഷം ഈ തുക അതേപടി നജീബും കൂട്ടരും സ്വന്തം സ്ഥാപനങ്ങളിലേക്ക് വകമാറ്റുകയായിരുന്നു. അമേരിക്കയിൽ ജീവിച്ച് സുഖസൗകര്യങ്ങൾ മനസിലാക്കി സ്വന്തം നാടായ കോട്ടയത്ത് അമേരിക്കൻ രീതിയിൽ നല്ലൊരു ആശുപത്രി പണിയാൻ വേണ്ടിയാണ് ജൂബി ദേവസ്യ മീനച്ചിലാറിന്റെ തീരത്ത് അഞ്ചര കോടി രൂപ മുതൽ മുടക്കിൽ ബെൽറോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആരംഭിച്ചത്. രണ്ടര ഏക്കർ സ്ഥലത്ത് 50000 സ്‌ക്വയർ ഫീറ്റ് കെട്ടിടമാണ് ആശുപത്രിക്ക് വേണ്ടി ജൂബി പണി തീർത്തത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത ആശുപത്രിയാണിത്. ആശുപത്രി വികസിപ്പിക്കാൻ സഹായം തേടിയാണ് ജൂബി കിംസിന്റെ ഇ.എം.നജീബിനെയും കൂട്ടരെയും സമീപിക്കുന്നത്. 2013-ൽ നജീബും കൂട്ടരും ബെൽറോസ് ആശുപത്രി വന്നു കണ്ടു. തിരുവനന്തപുരത്തെ കിംസ് ആശുപത്രി വന്നു കണ്ടു നോക്കൂ. അതുപോലെ ഒരാശുപത്രിയായി നമുക്ക് ബെൽറോസ് ആശുപത്രിയെ മാറ്റം. കിംസ് പോലെ ബെൽറോസ് ആശുപത്രിയെയും നമുക്ക് മാറ്റാം എന്നാണ് നജീബ് അന്ന് പറഞ്ഞത്. നജീബിന്റെ വാക്ക് വിശ്വസിച്ച് ബെൽറോസ് കോട്ടയം കിംസ് ആക്കി മാറ്റിയാണ് ഇവർ പദ്ധതി മുന്നോട്ടു നീക്കിയത്.

കോട്ടയം കിംസിന്റെ 55 ശതമാനം ഷെയറുകൾ നജീബിനും 45 ശതമാനം ഷെയറുകൾ ജൂബിക്കും എന്ന രീതിയിലാണ് ധാരണ വന്നത്. ഈ പങ്കാളിത്തത്തിന്റെ പുറത്ത് ആശുപത്രി വികസിപ്പിക്കാൻ 38 കോടി രൂപ ടേം ലോൺ ആയും മൂന്നു കോടി രൂപ വർക്കിങ് കാപ്പിറ്റലുമായാണ് സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും നജീബും പങ്കാളികളും ലോൺ എടുത്തത്. എന്നാൽ ഈ ലോൺ എടുത്ത കാര്യം 2017 വരെ ആശുപത്രിയുടെ 45 ശതമാനം ഷെയറുകൾ കൈവശം വയ്ക്കുന്ന ജൂബിയും ഭാര്യയും അറിഞ്ഞതേയില്ല. ആശുപത്രി ഡയരക്ടർ ബോർഡിലും ഇത് ചർച്ചയ്ക്ക് വന്നില്ല. പക്ഷെ ലോൺ എടുക്കുകയും ചെയ്തു. നജീബും സൗത്ത് ഇന്ത്യൻ ബാങ്കും നടത്തിയ ഒത്തുകളിയുടെയും ചതിയുടെ കഥ ജൂബിയുടെ പരാതിക്ക് പിന്നിലുണ്ട്. 2014 മുതൽ 2016 വരെ കിംസ് ലോൺ അടക്കുമ്പോൾ സൗത്ത് ഇന്ത്യൻ ബാങ്ക് ഒരു അന്വേഷണവും നടത്തിയില്ല. സൈറ്റ് ഇൻസ്‌പെക്ഷന്റെ ഫീസ് മാത്രം ഈടാക്കി. കെട്ടിടം പണി നടക്കുന്നുണ്ടോ എന്ന് അന്വേഷിച്ചില്ല. സ്ഥലത്ത് വന്നു നോക്കിയതുമില്ല. കെട്ടിടം പണിഞ്ഞോ എന്ന് ഇവർ അന്വേഷിച്ചതേയില്ല.

അതുകൊണ്ട് തന്നെയാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ സലിം ഗംഗാധരൻ കൂടി ഈ കേസിൽ പ്രതിയായി മാറിയത്. കെട്ടിടം പണിക്ക് ലോൺ എടുത്ത് കെട്ടിടം പണിയാതെ തന്നെ ലോൺ അനുവദിച്ചതിനാണ് ബാങ്ക് ചെയർമാൻ കൂടി പ്രതിയായി മാറിയത്. 130 ബെഡുള്ള ആശുപത്രി പണിയാൻ എന്ന് പറഞ്ഞ് 38 കോടി രൂപ ലോൺ എടുത്ത നജീബ് പക്ഷെ 50 സ്‌ക്വയർഫീറ്റ് ബിൽഡിങ് പോലും പണിതില്ല. ഫണ്ട് കിംസ് സ്ഥാപനങ്ങളിലേക്കും വിദേശങ്ങളിലുള്ള സ്ഥാപനങ്ങളിലേക്ക് വരെ വക മാറ്റി എന്നാണ് ജൂബി ദേവസ്യ നൽകിയ ക്രിമിനൽ സിവിൽ കേസുകളുടെ ആധാരം. പ്രധാനമന്ത്രിക്ക് വരെ നീളുന്ന പരാതിയും അതുവഴിയുള്ള അന്വേഷണങ്ങളുമൊക്കെയാണ് ഇപ്പോൾ ഈ കേസിൽ നടക്കുന്നതും. കേസുകളിൽ നിന്നും പ്രശ്‌നങ്ങളിൽ നിന്നും തത്ക്കാലത്തേക്ക് രക്ഷപ്പെടാനാണ് നജീബ് ശ്രീവാസ്തവയെ സ്വതന്ത്ര ചുമതലയുള്ള ഡയരക്ടർ ആക്കിയത്. പക്ഷെ പ്രശ്‌നങ്ങൾ മനസിലാക്കിയാണ് ശ്രീവാസ്തവ ഇപ്പോൾ രാജിവെച്ചിരിക്കുന്നതും.

നജീബ് നടത്തിയ വഞ്ചനയെക്കുറിച്ച് ജൂബി.എം.ദേവസ്യയുടെ പ്രതികരണം:

മൂന്നു പതിറ്റാണ്ടായി ഞങ്ങൾ, ഞാനും ഭാര്യയും അമേരിക്കയിലാണ്. 2010-ലാണ് ആശുപത്രിക്കായി കമ്പനി രൂപീകരിച്ചത്. 2012-ലാണ് ആശുപത്രിയുടെ ഉദ്ഘാടനം. ബെൽറോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്ന പേരിൽ കോട്ടയത്ത് മീനച്ചിലാറിന്റെ തീരത്ത് അഞ്ച് കോടി ചെലവിലാണ് ആശുപത്രി പണിതത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. പ്രവാസി സംരംഭം എന്ന നിലയിലാണ് മുഖ്യമന്ത്രി ഉദ്ഘാടനത്തിനു എത്തിയത്-പ്രശ്‌നങ്ങളെക്കുറിച്ച് മറുനാടനോട് ജൂബി പറയുന്നു. നല്ല സൗകര്യങ്ങളുള്ള ആശുപത്രി കോട്ടയത്ത് പണിയുക എന്നതായിരുന്നു എന്റെ ലക്ഷ്യം. കഷ്ടപ്പെട്ട് വാങ്ങിയ സ്ഥലമാണിത്. തറവാട് സ്വത്തോ കുടുംബസ്വത്തോ കൊണ്ട് വാങ്ങിയ സ്ഥലമല്ല അത്. പുറംരാജ്യങ്ങളിൽ വിയർപ്പോഴുക്കുകയാണ് ഞങ്ങൾ ചെയ്തത്. അവിടുത്തെ സ്ഥാപനങ്ങളും സൗകര്യങ്ങളും കാണുമ്പോൾ അത് പോലെ ഒന്ന് കേരളത്തിലും ഇതായിരുന്നു ആശുപത്രി തുടങ്ങുമ്പോൾ ഞങ്ങളുടെ മനസിലുണ്ടായിരുന്നത്. ഇതുപോലുള്ള ആശുപത്രി നടത്തിക്കൊണ്ട് പോകുമ്പോൾ വന്ന സാമ്പത്തിക പ്രശ്‌നങ്ങളാണ് കിംസുമായി ബന്ധപ്പെടാൻ പ്രേരണയായത്.

2013-ൽ കിംസ് ചെയർമാനും സിഇഒയും അടക്കമുള്ള കിംസിന്റെ പ്രതിനിധികൾ വന്നു കണ്ടു. ബിസിനസ് താത്പര്യങ്ങളോ ലാഭമോ അല്ലായിരുന്നു ഇതിന്റെ ലക്ഷ്യം. . കോട്ടയത്ത് മീനച്ചിലാറിന്റെ തീരത്ത് രണ്ടര ഏക്കർ സ്ഥലത്താണ് ആശുപത്രി പണിതത്. 50000 സ്‌ക്വയർ ഫീറ്റ് കെട്ടിടമാണ് അത്. കോട്ടയം കിംസ് എന്ന് പുറത്ത് അറിയപ്പെടുമ്പോൾ കിംസ് ബെൽറോസ് എന്നാണ് പുറത്ത് അറിയപ്പെടുന്നത്. ആശുപത്രി തുടങ്ങി അത് ഫങ്ങ്ഷൻ ചെയ്ത് തുടങ്ങിയപ്പോഴാണ് കിംസുമായി ബന്ധപ്പെടുന്നത്. തിരുവനന്തപുരം കിംസ് എന്ന രീതിയിൽ നല്ല രീതിയിൽ കൊണ്ടുപോകാം എന്ന് നജീബ് പറഞ്ഞു. എട്ടേകാൽ കോടി രൂപയ്ക്ക് അവർക്ക് 55 ശതമാനം ഷെയർ ഞങ്ങൾ പ്ലാൻ ചെയ്തു. 2013-ൽ ഡീൽ തീരുമാനിച്ചു. 45 ശതമാനം ഷെയറിൽ ഞാനും ഭാര്യയും ഡയറക്ടർമാരായി. അതിനു ശേഷം അവർ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് 38 കോടി രൂപ ടേം ലോൺ, മൂന്നു കോടി രൂപ വർക്കിങ് കാപ്പിറ്റലുമായി ലോൺ എടുത്തു. ഞങ്ങൾ അറിയാതെയാണ് ലോൺ എടുത്തത്. 130 ബെഡുള്ള ആശുപത്രി പണിയാൻ എന്ന് പറഞ്ഞാണ് ലോൺ എടുത്തത്.

സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നാണ് ലോൺ എടുത്തത്. 2014 മാർച്ചിനും 2016 ജൂണിനുമിടെ യൂട്ടിലൈസഷൻ സർട്ടിഫിക്കറ്റ് സമർപ്പിച്ച് വായ്പത്തുക പൂർണമായും വാങ്ങി. എന്നാൽ കെട്ടിടത്തിനു തറക്കല്ലു പോലുമിട്ടില്ല. പാർക്കിങ് ഗ്രൗണ്ടിനു ഭൂമി വാങ്ങിയതുമില്ല. തുച്ഛമായ തുക പോലും കോട്ടയം കിംസ് ബെൽറോസ് ആശുപത്രിക്കു വേണ്ടി ചെലവഴിച്ചില്ല. വായ്പ അനുവദിക്കുമ്പോൾ നിശ്ചയിച്ചിരുന്ന നിബന്ധനകളൊന്നും പാലിച്ചിട്ടില്ലെന്നതിനു നേരേ കണ്ണടച്ചാണ് സൗത്ത് ഇന്ത്യൻ ബാങ്ക് വായ്പത്തുക കൈമാറിയത്. 2012 ജൂണിൽ ബെൽറോസ് ആശുപത്രി പ്രവർത്തനം തുടങ്ങിയപ്പോഴുണ്ടായ കെട്ടിടത്തിനു പുറമേ ഒരു ചതുരശ്ര അടി പോലും പുതുതായി നിർമ്മിച്ചില്ല. അയ്മനം പഞ്ചായത്തിൽ രേഖകളിൽ ഇതു വ്യക്തമാണ്. വായ്പത്തുകയുടെ ക്രമക്കേടിനു കുട്ടുനിന്നെന്ന പരാതിയിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ സലിം ഗംഗാധരനും മാനേജിങ് ഡയറക്ടർ വി.ജെ. മാത്യു എന്നിവർക്കെതിരേ കോട്ടയം മജിസ്‌ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ. സമർപ്പിച്ചിരുന്നു. ഇതു റദ്ദാക്കണമെന്ന ആവശ്യവുമായി ഇവർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണം തുടരാനാണ് കോടതിയുടെ നിർദ്ദേശം.

40 സെന്റ് സ്ഥലം പാർക്കിംഗിന് നൽകണംഎന്നൊക്കെ ലോണിൽ കണ്ടിഷൻസുണ്ട്. പക്ഷെ നിയമങ്ങൾ കാറ്റിൽ പറത്തിയാണ് ലോൺ നൽകിയത്. ഒരു കെട്ടിടവും അവർ പണിതില്ല. കോട്ടയത്ത് പ്രോജക്റ്റിനായാണ് ലോൺ എടുത്തത്. 2017ലാണ് ഡയരക്ടർമാർ എന്ന നിലയിൽ ഞാൻ കാര്യങ്ങൾ അറിയുന്നത്. ഇത് ഡയരക്ടർ ബോർഡിൽ ഞാൻ ചോദ്യം ചെയ്തു. ചെന്നൈയിലുള്ള കമ്പനി ലോ ബോർഡിൽ പരാതി നൽകി. ഡയരക്ടർ എന്ന നിലയിൽ ഞാൻ അറിയാതെ ഫണ്ട് ട്രാൻസ്ഫർ നടന്നു എന്ന് പറഞ്ഞാണ് പരാതി നൽകിയത്. സ്വാധീനം ചെലുത്തി എന്തൊക്കെയോ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി. ആർബിട്രേഷൻ എന്ന് പറഞ്ഞു അവർ പരാതി തള്ളി. എനിക്ക് ഷെയറിനെകുറിച്ച് അല്ലായിരുന്നു പരാതി. ഫണ്ട് ട്രാൻസ്ഫറിനെക്കുറിച്ച് ആയിരുന്നു പരാതി. കോട്ടയം കിംസിന്റെ വികസനത്തിനായി എടുത്ത ലോൺ തുക വിദേശ രാജ്യങ്ങളിലേക്ക് കടത്തി എന്നതാണ് എന്റെ പരാതി. ഡയരക്ടർ എന്ന നിലയിൽ എന്റെ അനുമതിയില്ലാതെ ലോൺ എടുത്ത് ഫണ്ട് വിദേശ രാജ്യങ്ങളിലേക്ക് കടത്തി. ഇതായിരുന്നു എന്റെ പരാതി. ചെന്നൈ കമ്പനി ലോ ബോർഡ് തള്ളിയതോടെ ഞാൻ ഡൽഹിയിൽ അപ്പീൽ നൽകി. കേസുമായി സുപ്രീംകോടതിയിൽ പോകാനാണ് കമ്പനി ലോ ബോർഡിന്റെ അപ്പീൽ അഥോറിറ്റി പറഞ്ഞത്. ആർബിട്രേഷൻ വിധിക്കെതിരെയാണ് ഞാൻ അപ്പീൽ നൽകിയത്. ആർബിട്രേഷൻ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇതോടെ ഈ പ്രശ്‌നത്തിൽ ക്രിമിനൽ കേസ് ചാർജ് ചെയ്യാൻ കോട്ടയം എസ്‌പിക്ക് പരാതി നൽകി. കോട്ടയം എസ്‌പി പരാതി അന്വേഷിച്ചു. റിപ്പോർട്ട് നൽകി. പ്രാഥമിക അന്വേഷണത്തിൽ നാല് കോടി രൂപയുടെ തിരിമറിയാണ് എസ്‌പിക്ക് ബോധ്യപ്പെട്ടത്. സ്റ്റേറ്റ് ക്രൈംബ്രാഞ്ച് അല്ലെങ്കിൽ അതുപോലുള്ള അന്വേഷണ ഏജൻസി അന്വേഷിക്കുകയാവും ഉചിതം എന്നും എസ്‌പി കുറിപ്പ് എഴുതി.

കോട്ടയം കിംസുമായി ബന്ധപ്പെട്ട പരാതിയിൽ മൂന്നു മാസം കഴിഞ്ഞിട്ടും ഡിജിപി കേസ് ചാർജ് ചെയ്തില്ല. കേസ് പിൻവലിക്കാനാണ് ഡിജിപി ലോക്‌നാഥ് ബഹ്‌റ എന്നോടു ആവശ്യപ്പെട്ടത്. അല്ലെങ്കിൽ അമേരിക്കൻ യാത്ര വരെ തടസപ്പെടും എന്നും എന്നോടും ഭാര്യയോടും പറഞ്ഞു. പക്ഷെ ഞങ്ങൾ നേരെ ഹൈക്കോടതിയിൽ റിട്ട് നൽകി. സാമ്പത്തിക തിരിമറിയെക്കുറിച്ച് അന്വേഷിക്കണമെന്നും ഫണ്ട് പുറംരാജ്യങ്ങളിലേക്ക് പോയിട്ടുണ്ടെങ്കിൽ അതിനെതിരെ നടപടി സ്വീകരിക്കണം എന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടത്. ബിൽഡിങ് പണിയാതെ എങ്ങിനെ ലോൺ എടുക്കും. അതിനാൽ സൗത്ത് ഇന്ത്യൻ ബാങ്കിനെക്കൂടി ക്രിമിനൽ കേസിൽ പ്രതി ചേർത്തിരുന്നു. പൊലീസ് പക്ഷെ ക്രിമിനൽ കേസ് സിവിൽ കേസ് ആക്കി കേസ് തേച്ച്മാച്ച് കളയാനാണ് ശ്രമം നടത്തുന്നത്. സിവിൽ കേസും ക്രിമിനൽ കേസും നടക്കുന്ന സ്ഥാപനത്തിലാണ് സ്വതന്ത്ര ചുമതലയുള്ള ഡയരക്ടർ ആയി രമൺ ശ്രീവാസ്തവ എത്തുന്നത്. കഴിഞ്ഞ സെപ്റ്റംബർ അഞ്ചിനാണ് ശ്രീവാസ്തവയെ നിയമിച്ചത്.

ശ്രീവാസ്തവ സ്വതന്ത്ര ചുമതലയുള്ള ഡയരക്ടർ ആയതോടെ പൊലീസ് അന്വേഷണം സാവകാശമാക്കി. കേരള സർക്കാരിന്റെ പൊലീസ് ഉപദേശകൻ സ്വതന്ത്ര ചുമതലയുള്ള ഡയരക്ടർ ആകുമ്പോൾ പൊലീസ് എങ്ങിനെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകും. തെളിവുകൾ എല്ലാം നശിപ്പിക്കപ്പെടുകയാണ്. പണിയാത്ത ബിൽഡിംഗിനാണ് 38 കോടി രൂപ ടേം ലോൺ എടുത്തത്. ലോൺ അക്കൗണ്ട് അവർ കറന്റ് അക്കൗണ്ട് ആക്കി. കിംസിന്റെ സ്ഥാപനങ്ങൾ, നജീബിന്റെ സ്ഥാപനങ്ങൾ എന്നിവയിലേക്ക് പണം ട്രാൻസ്ഫർ ചെയ്തു. ഒരിക്കലും ലോൺ തുക ഫിക്‌സഡ് ഡിപ്പോസിറ്റ് ആക്കാൻ കഴിയില്ല. 2014 ൽ ലോൺ തുകയിൽ നിന്ന് അഞ്ചു കോടി എടുത്ത് ഫിക്‌സഡ് ഡിപ്പോസിറ്റ് ആക്കി മാറ്റി. 38 കോടി രൂപ ടേം ലോൺ എടുത്തപ്പോൾ പതിനഞ്ചു കോടി രൂപ കിംസ് മുടക്കി എന്നതിന് പേപ്പർ വർക്ക് ഉണ്ടാക്കി. 55 കോടി രൂപയുടെ ബിൽഡിങ് പണിതു എന്ന് പറഞ്ഞു. 50 സ്‌ക്വയർഫീറ്റ് ബിൽഡിങ് പോലും അവർ അവിടെ പണിതിട്ടില്ല. 2014 മുതൽ 2016 വരെ ഇവർ ലോൺ അടക്കുമ്പോൾ സൗത്ത് ഇന്ത്യൻ ബാങ്ക് ഒരു അന്വേഷണവും നടത്തിയില്ല. സൈറ്റ് ഇൻസ്‌പെക്ഷന്റെ ഫീസ് മാത്രം ഈടാക്കി. അവർ സ്ഥലത്ത് വന്നു നോക്കിയതുപോലുമില്ല. കെട്ടിടം പണിഞ്ഞോ എന്ന് ഇവർ അന്വേഷിച്ചതേയില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റീജിയണൽ ഡയരക്ടർ ആയിരുന്ന വ്യക്തിയാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെയർമാൻ. അദ്ദേഹത്തിനുള്ള സ്വാധീനവും രമൺ ശ്രീവാസ്തവയുടെ സ്വാധീനവുമാണ് ഉപയോഗിക്കപ്പെടുന്നത്. എന്നെ ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. കോട്ടയം കിംസ് ബെൽറോസിലെത്തി ബഹളം വച്ചെന്ന പേരിൽ എനിക്കും ഭാര്യക്കുമെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്റെ വീടിനു നേരെ ആക്രമണം നടന്നപ്പോൾ പൊലീസിൽ പരാതി നൽകിയപ്പോൾ ഒരു നടപടിയും വന്നില്ല-ജൂബി ദേവസ്യ പറയുന്നു.

ജൂബിയുടേത് പച്ചക്കള്ളങ്ങൾ; നടത്തുന്നത് 25 കോടി ലഭിക്കാനുള്ള ബ്ലാക്ക് മെയിലിങ്; ലേലത്തിൽ രക്ഷകരായി മാറി ആശുപത്രി രക്ഷപ്പെടുത്തിയതും ഞങ്ങൾ: ഇ.എം.നജീബ്

ശുദ്ധമായ പച്ചക്കള്ളമാണ് ജൂബി ദേവസ്യ പറയുന്നത്. സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യമാണ് പറയുന്നത്. ബാങ്കിന്റെ ലോൺ വാങ്ങിയതിനും ആ ലോൺ തുക അവിടെ ചെലവാക്കിയതിനും കൃത്യമായ കണക്കുണ്ട്. എല്ലാ ബോർഡ് മീറ്റിംഗുകളിലും പങ്കെടുത്തവരാണ് ജൂബിയും ഭാര്യയും. എല്ലാ തീരുമാനങ്ങളിലും ഭാഗഭാക്കുമാണ്-കിംസ് ഡയരക്ടർ ഇ.എം.നജീബ് മറുനാടനോട് പറഞ്ഞു. ബോർഡ് മീറ്റിംഗുകളിൽ സിറ്റിങ് ഫീസ് വാങ്ങി എല്ലാം ജൂബി ഒപ്പിട്ടു നൽകിയിട്ടുണ്ട്. എല്ലാ ബോർഡ് മീറ്റിംഗിന്റെയും വിവരങ്ങൾ ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുണ്ട്. അവസാനത്തെ രണ്ടു ബോർഡ് മീറ്റിംഗുകളിൽ ജൂബി വന്നില്ല. പക്ഷെ മൂന്നാമത് ബോർഡ് മീറ്റിംഗിന് വന്നു. ഞങ്ങളുടെ ഇൻവെസ്റ്റ്മെന്റ് എന്ന് പറഞ്ഞാൽ ലോൺ ഉൾപ്പെടെ 80 കോടി രൂപയാണ്.

ജൂബിയുടെ ഇൻവെസ്റ്റ്‌മെന്റ് ആറരക്കോടി രൂപയും. ഷെയർ വാല്യു അനുസരിച്ച് മൂന്നു കോടി രൂപയുടെ വാല്യു മാത്രമേയുള്ളൂ. ജൂബിയുടെ ആവശ്യം 25 കോടി രൂപയാണ്. 25 കോടി രൂപ കൊടുക്കാൻ കഴിയില്ല. അതോടെ ജൂബി ഇടഞ്ഞു. പ്രധാനമന്ത്രി, എൻഫോഴ്‌സ്‌മെന്റ്, ഇൻകം ടാക്‌സ്, ഹോം മിനിസ്റ്റർ, ഹോം സെക്രട്ടറി തുടങ്ങി എല്ലാവർക്കും ജൂബി പരാതി നൽകി. അതും കഴിഞ്ഞു കമ്പനി ലോ ബോർഡിന്റെ ചെന്നൈ ട്രിബ്യൂണലിനെ സമീപിച്ചു. ഇന്ത്യയിലെ ഏറ്റവും നല്ല അഭിഭാഷകനെ വെച്ചു വാദിച്ചു. കമ്പനി ലോ ബോർഡ് എല്ലാം പരിശോധിച്ചു. അതിനു ശേഷം പരാതി പൂർണമായും തള്ളി. അതിനു ശേഷം ജൂബി ഡൽഹിയിലെ അപ്പലൈറ്റ് ട്രിബ്യൂണലിൽ കേസ് കൊടുത്തു. അപ്പലൈറ്റ് ട്രിബ്യൂണലും ജൂബിയുടെ പരാതി നൽകി. അതും ഫലം കണ്ടില്ല.

അതിനു ശേഷം ജൂബി സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി സ്റ്റാറ്റസ് കോ മേയിന്റെയിൻ ചെയ്യാൻ പറഞ്ഞു. അതിനു ശേഷം വാദം കേട്ടശേഷം സുപ്രീംകോടതി സ്റ്റാറ്റസ്‌കോയും തള്ളി. ആർബിട്രേഷൻ പരിഗണിക്കണം എന്നാണ് സുപ്രീംകോടതി പറഞ്ഞത്. സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസിന്റെ പേരിൽ ജൂബി ക്രൈംബ്രാഞ്ചിനു പരാതി നൽകി. നാല് കോടി രൂപ ഞങ്ങൾ തിരിമറി നടത്തി എന്നാണ് പരാതിയിൽ പറഞ്ഞത്. അഞ്ചു കോടി രൂപ അങ്ങോട്ട് നൽകിയതിനു രേഖയുണ്ട്. അത് ലോൺ ആയി കോട്ടയം കിംസിന് നൽകിയതാണ്. കിംസിന് ലോൺ ലഭിച്ചപ്പോൾ അങ്ങോട്ട് നൽകിയ പണം തിരികെ എടുത്തു. എല്ലാം അക്കൗണ്ടിൽ വന്നതാണ്. സിവിൽ ആയ കേസ് ക്രിമിനൽ ആയി മാറ്റി കിംസിനെ അവഹേളിക്കുകയാണ് ജൂബി ചെയ്യുന്നത്. ലോൺ എടുത്ത് ബിൽഡിങ് പണിതിട്ടില്ല എന്നാണെങ്കിൽ ജൂബി ആദ്യ വർഷം പറയേണ്ടേ? എന്തുകൊണ്ട് പറഞ്ഞില്ല. ആറുവർഷം കഴിഞ്ഞിട്ടാണോ ബിൽഡിങ് പണിതില്ല എന്ന് പറയുന്നത്. 38 കോടി രൂപയുടെ ലോൺ അനുമതിയായപ്പോൾ 44 തവണയായാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ലോൺ നൽകിയത്. അതിൽ തന്നെ ഓരോ സ്റ്റേജും പരിശോധിച്ച് തൃപ്തിപ്പെട്ടാണ് ഈ ഓരോ തവണയും ലോൺ പാസാക്കിയത്.

നാല് നിലയുണ്ടായിരുന്ന കെട്ടിടം ജൂബി പഞ്ചായത്തിനെ കബളിപ്പിച്ച് അഞ്ചു നില എന്നാണ് പറഞ്ഞത്. ടിസിയും കാണിച്ചു. ഞങ്ങൾ ആശുപത്രി കാണുമ്പോൾ വെറും നാല് നില മാത്രമേയുള്ളൂ. അകത്ത് മുഴുവൻ ഇടിച്ചു കളഞ്ഞാണ് ഞങ്ങൾ ആശുപത്രിയുടെ പണി തുടങ്ങിയത്. അപ്പോഴാണ് മനസിലായത് ബിൽഡിംഗിന് ഫൗണ്ടേഷൻ ആയില്ല എന്നത്. അപ്പോൾ ഫൗണ്ടേഷൻ ശക്തിപ്പെടുത്തേണ്ടി വന്നു. ഫൗണ്ടേഷൻ ഇല്ലെങ്കിൽ അഞ്ചു നില കെട്ടാൻ കഴിയില്ലാ എന്നാണ് എഞ്ചിനീയർമാർ പറഞ്ഞത്. അതിനാൽ ഫൗണ്ടേഷൻ കെട്ടി അത് അഞ്ചു നിലയാക്കി. എല്ലാം ഇന്റെണൽ ഓഡിറ്റർമാരും ചാർട്ടേഡ് അക്കൗണ്ടനറുമാരും വെരിഫൈ ചെയ്തതാണ്. 20 വർഷമായി ആശുപത്രി നടത്തുന്നവരാണ് ഞങ്ങൾ. ഞങ്ങൾക്ക് ഇങ്ങിനെ കള്ളത്തരം കാണിക്കാൻ കഴിയുമോ? ഒരു പാട് ഷെയർ ഹോൾഡേഴ്‌സും ഒരുപാട് ഡയരക്ടർമാരുമുള്ള കമ്പനിയാണിത്. മൂന്നു വർഷം മുൻപ് ഇൻകംടാക്‌സുമാർ മുഴുവനായി റെയ്ഡ് ചെയ്തു. ഒരു രൂപയുടെ കള്ളത്തരം പോലും കണ്ടുപിടിക്കാൻ ഇൻകംടാക്‌സിനു കഴിഞ്ഞില്ല.

അവിടെ കേസും വഴക്കും ഉള്ളതുകാരണം ഞങ്ങൾ തന്നെയാണ് സ്വതന്ത്ര ഡയരക്ടർ ആയ രമൺ ശ്രീവാസ്തവയോട് അവിടെ തുടരേണ്ടതില്ല എന്ന് പറഞ്ഞത്. കേസുകൾ അദ്ദേഹത്തെക്കൂടി എഫ്കറ്റ് ചെയ്യും എന്നുള്ളതുകൊണ്ടാണ് അദ്ദേഹത്തെ അവിടെനിന്നും മാറ്റി നിർത്തിയത്. കോട്ടയം കിംസിലെ എല്ലാ നടപടികളും റെക്കോർഡ് പ്രകാരമാണ് ഞങ്ങൾ നടത്തിയത്. ഒരു രൂപയുടെ കള്ളത്തരമോ അനാവശ്യമോ കാണിച്ചിട്ടില്ല. എല്ലാ തീരുമാനങ്ങൾക്കും ജൂബിക്ക് ഉത്തരവാദിത്തമുണ്ട്. ആശുപത്രിക്ക് നേരെ അപ്പുറത്താണ് ജൂബി താമസിക്കുന്നത്. എല്ലാ ദിവസവും ജൂബിയും ഭാര്യയും ആശുപത്രിയിൽ വരും. ദിവസവും അവിടെ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ചീത്ത പറയാൻ കഴിയുന്ന ഒരു കാര്യവും ഒഴിവാക്കില്ല. എപ്പോഴും ആശുപത്രിയിൽ കയറി ബുദ്ധിമുട്ടിക്കൽ നടത്തും.

പഞ്ചായത്ത്, കെഎസ്ഇബി തുടങ്ങിയ ഇടങ്ങളിൽ എല്ലാം പരാതി നൽകിയിട്ടുണ്ട്. ആശുപത്രിയിൽ വയലേഷൻ നടക്കുന്നു എന്നാണ് പരാതികളിൽ പറയുന്നത്. നിരന്തര പീഡിപ്പിക്കൽ ആണ് ജൂബി കോട്ടയം കിംസിൽ നടത്തിക്കൊണ്ടിരിക്കുന്നത്. സൗത്ത് ഇന്ത്യൻ ബാങ്ക് ലേലത്തിൽ വെച്ച പ്രോപ്പർട്ടിയാണ് ജൂബിയുടെ ഈ ആശുപത്രി ആദ്യം. അവസാന നിമിഷം ആ ലേലത്തിൽ രക്ഷകരായി മാറിയത് ഞങ്ങളാണ്. ആശുപത്രി ബാങ്ക് ലേലത്തിൽ വയ്ക്കും എന്ന ഘട്ടത്തിൽ ഞങ്ങളാണ് ജൂബിയെ രക്ഷപ്പെടുത്തിയത്. എന്നിട്ടാണ് ജൂബി ഇങ്ങിനെ നിരന്തര ദ്രോഹങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഞങ്ങൾ ബ്ലാക്ക് മെയിൽ ചെയ്ത് 25 കോടി രൂപ നേടുകയാണ് ജൂബിയുടെ ലക്ഷ്യം. അതുകൊടുക്കാൻ ഞങ്ങൾക്ക് ഒരിക്കലും കഴിയില്ല. സാധാരണ ഗതിയിൽ നൽകാൻ കഴിയുന്ന തുക നൽകാം. 25 കോടി രൂപ നൽകാൻ കഴിയില്ല-നജീബ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP