Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അയോധ്യയിലാണ് രാമൻ ജനിച്ചതെന്ന ഹിന്ദു വിശ്വാസം തള്ളാനാകില്ല; ബാബറി മസ്ജിദ് തുറസായ സ്ഥലത്തല്ലെന്ന് കണ്ടെത്തിയത് നിർണ്ണായകമായി; മറ്റൊരു നിർമ്മിതിക്ക് മുകളിലായിരുന്നു പള്ളിയെന്ന് വിധിപ്രസ്താവം; തർക്കഭൂമിയിൽ ക്ഷേത്രം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ മൂന്ന് മാസത്തിനകം ട്രസ്റ്റ് രൂപീകരിക്കണം; അവർക്ക് ഭൂമി കൈമാറണം; അവിടെ രാമക്ഷേത്രം നിർമ്മിക്കണം; മസ്ജിദ് നിർമ്മിക്കാൻ തർക്ക ഭൂമിക്ക് പുറത്ത് അഞ്ച് ഏക്കർ ഭൂമിയും നൽകണം: അയോധ്യയിൽ സുപ്രീംകോടതി ഉയർത്തി പിടിച്ചത് മതേതര മൂല്യങ്ങൾ

അയോധ്യയിലാണ് രാമൻ ജനിച്ചതെന്ന ഹിന്ദു വിശ്വാസം തള്ളാനാകില്ല; ബാബറി മസ്ജിദ് തുറസായ സ്ഥലത്തല്ലെന്ന് കണ്ടെത്തിയത് നിർണ്ണായകമായി; മറ്റൊരു നിർമ്മിതിക്ക് മുകളിലായിരുന്നു പള്ളിയെന്ന് വിധിപ്രസ്താവം; തർക്കഭൂമിയിൽ ക്ഷേത്രം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ മൂന്ന് മാസത്തിനകം ട്രസ്റ്റ് രൂപീകരിക്കണം; അവർക്ക് ഭൂമി കൈമാറണം; അവിടെ രാമക്ഷേത്രം നിർമ്മിക്കണം; മസ്ജിദ് നിർമ്മിക്കാൻ തർക്ക ഭൂമിക്ക് പുറത്ത് അഞ്ച് ഏക്കർ ഭൂമിയും നൽകണം: അയോധ്യയിൽ സുപ്രീംകോടതി ഉയർത്തി പിടിച്ചത് മതേതര മൂല്യങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അയോധ്യാ കേസിൽ സുപ്രീംകോടതി വിധി പറഞ്ഞത് തിങ്ങി നിറഞ്ഞ കോടതിയെ സാക്ഷിനിർത്തി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് രാവിലെ പത്തരയോടെയാണ് വിധി പറയാൻ തുടങ്ങിയത്. സംഭവബഹുലവും നാടകീയവുമായ 40 ദിവസത്തെ വാദപ്രതിവാദത്തിനൊടുവിലാണ് വിധി വന്നത്. ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്.എ. നസീർ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവം നടത്തിയത്. എല്ലാവർക്കും ഒരേ മനസ്സായിരുന്നു. അതുകൊണ്ട് തന്നെ ഒറ്റ വിധിയിൽ എല്ലാം ഒതുങ്ങി. മതേതര മൂല്യങ്ങൾ ഉയർത്തി പിടിച്ചാണ് കോടതിയുടെ വിധി പ്രസ്താവം.

ക്ഷേത്രം നിർമ്മിക്കാനായി രൂപീകരിക്കുന്ന ട്രസ്റ്റിൽ കേസിലെ കക്ഷിയായ നിർമോഹി അഖാഡയ്ക്ക് പ്രാതിനിധ്യം നൽകണമെന്നും വിധി പറയുന്നു. തർക്കഭൂമിയിൽ അവകാശം ഉന്നയിച്ച മൂന്ന് കക്ഷിക്കൾക്കും ഉടമസ്ഥാവകാശം നൽകാതെ സുപ്രീം കോടതി വിധി. പകരം കേന്ദ്ര സർക്കാർ പ്രത്യേക ട്രസ്റ്റ് രൂപീകരിച്ച് രാമക്ഷേത്രം നിർമ്മിക്കണം. ക്ഷേത്രം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ മൂന്ന് മാസത്തിനകം ട്രസ്റ്റ് രൂപീകരിക്കണം. അവർക്ക് ഭൂമി കൈമാറണം. അവിടെ രാമക്ഷേത്രം നിർമ്മിക്കണം. മസ്ജിദ് നിർമ്മിക്കാൻ തർക്ക ഭൂമിക്ക് പുറത്ത് അഞ്ച് ഏക്കർ ഭൂമി നൽകണം. അയോധ്യ തർക്കഭൂമി ഹിന്ദുക്കൾക്ക് വിട്ടുനൽകണം. പകരം മസ്ജിദ് നിർമ്മിക്കാൻ മുസ്ലികൾക്ക് മറ്റൊരു സ്ഥലം നൽകണമെന്നതാണ് വിധിയുടെ കാതൽ. ബാബ്‌റി മസ്ജിദ് തകർത്തത് നിയമവിരുദ്ധമെന്നും സുപ്രീം കോടതി വിശദീകരിച്ചു. ഭൂമിയുടെ അവകാശത്തിൽ ഹിന്ദു കക്ഷികളുടെ വാദത്തിന് കൂടുതൽ കരുത്തുണ്ടെന്നും വിധിയിൽ പറയുന്നു. പൂർണ അവകാശം സുന്നി വഖഫ് ബോർഡിനില്ലെന്ന് സുപ്രീം കോടതി. രാം ലല്ലയ്ക്കും രേഖകളിലൂടെ ഉമസ്ഥാവകാശം തെളിയിക്കാനായില്ല.

നടുമുറ്റത്ത് മുസ്ലിംകൾ നമസ്‌കാരം നടത്തിയിരുന്നു. ഹിന്ദുക്കളും ഇവിടെ ആരാധന നടത്തിയിരുന്നുവെന്നും സുപ്രീം കോടതി വിധിയിൽ ഉണ്ട്. നിർമോഹി അഖാഡയുടെ ഹർജി സമയപരിധി നിയമപ്രകാരം നില്ക്കില്ല. സുന്നി വഖഫ് ബോർഡ് ഹർജിക്ക് ഈ നിയമപ്രകാരം അപാകതയില്ലെന്നും സുപ്രീം കോടതി. അയോധ്യയിലാണ് രാമൻ ജനിച്ചതെന്ന ഹിന്ദു വിശ്വാസം തള്ളാനാകില്ല . രാമജന്മഭൂമിക്ക് നിയമപരമായ അസ്തിത്വമില്ലെന്ന് കോടതി . അതേസമയം ദൈവസങ്കൽപത്തിന് നിയമപരമായ അസ്തിത്വമുണ്ട് . ഭൂമിയുടെ ഉടമസ്ഥാവകാശം തീരുമാനിക്കുക നിയമവഴിയിലൂടെ എന്നാണ് സുപ്രീംകോടതി ആദ്യം പറഞ്ഞത്. ബാബറി മസ്ജിദ് തുറസായ സ്ഥലത്തല്ലെന്ന് സുപ്രീം കോടതി. മറ്റൊരു നിർമ്മിതിക്ക് മുകളിലായിരുന്നു അത്. താഴെയുണ്ടായിരുന്നത് ഇസ്ലാമികമായ ഒരു നിർമ്മിതി ആയിരുന്നില്ലെന്നും കോടതി കണ്ടെത്തി. പുരാവസ്തു വകുപ്പിന്റെ രേഖകൾ തള്ളിക്കളയാനാകില്ലെന്നും ബാബ്‌റി മസ്ജിദ് നിർമ്മിച്ചത് മറ്റൊരു നിർമ്മിതിക്ക് മുകളിലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഇതെല്ലാം വിധിയെ സ്വാധീനിച്ചു.

ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് ചീഫ് ജസ്റ്റീസ് വിധി പ്രഖ്യാപനത്തിലെ നിർണ്ണായക ഘട്ടത്തിലേക്ക് കടന്നത്. തുല്യതയും മതേതരത്വവും ഉയർത്തി പിടിക്കുമെന്ന് പറഞ്ഞ ചീഫ് ജസ്റ്റീസ് നിർമോഹി അഖാഡയുടെ ഹർജി തള്ളുകയും ചെയ്തു. ഷിഷാ വഖഫ് ബോർഡിന്റെ വാദങ്ങളും അംഗീകരിച്ചില്ല. രാമജന്മഭൂമിക്ക് നിയമ വിക്തിത്വം ഇല്ല. ശ്രീരാമദേവന് നിയമ വ്യക്തിത്വം ഉണ്ടെന്നും കോടതി വിശദീകരിച്ചു. ശൂന്യ സ്ഥലത്താണ് പള്ളി പണിതത് എന്ന വാദവും തള്ളി കളഞ്ഞു. പള്ളിക്ക് ക്ഷേത്രവുമായി സാമ്യമുണ്ടെന്ന സൂചനകളും കോടതിയിൽ നിന്ന് പുറത്തു വരുന്നു. സാക്ഷിമൊഴികൾ ഹിന്ദു വിശ്വാസത്തെ അനുകൂലിക്കുന്നതാണെന്നും കോടതി പറയുന്നു. അതിന് ശേഷമാണ് നിർണ്ണായക ഭാഗത്തേക്ക് കോടതി കടന്നത്.

അയോധ്യയിൽ സുപ്രീംകോടതിയുടേയത് ഏകകണ്ഠമായ വിധിയാണെന്നതും ശ്രദ്ധേയമായി. എല്ലാ ജഡ്ജിമാരും ഒരേ അഭിപ്രായക്കാർ എന്നതാണ് ശ്രദ്ധേയം. ഷിയാ വിഭാഗത്തിന്റെ പ്രത്യേകാനുമതി ഹർജി തള്ളി നടപടിക്രമങ്ങൾക്ക് തുടക്കമായത്. സുന്നികൾക്ക് അവകാശമില്ലെന്ന വാദമാണ് തള്ളി കളഞ്ഞത്. കനത്ത സുരക്ഷയിലാണ് ജഡ്ജിമാർ സുപ്രീംകോടതിയിൽ എത്തിയത്. ജഡ്ജിമാർ വിധിയിൽ ഒപ്പിട്ടത് കൃത്യം പത്തരയ്ക്കാണ്. അതിന് ശേഷമാണ് ചീഫ് ജസ്റ്റീസ് വിധി പ്രസ്താവത്തിലേക്ക് കടന്നത്. ഭരണ ഘടനാ ബഞ്ചിന്റെ വാക്കുകൾ കേൾക്കാൻ കോടതി മുറിയിലുണ്ടായിരുന്നത് അഭിഭാഷകരുൾപ്പെടെ ആയിരത്തോളം പേരായിരുന്നു.

ബാബറി മസ്ജിദ് നിലനിന്നിരുന്ന അയോധ്യയിലെ 2.77 ഏക്കർ ഭൂമി നിർമോഹി അഖാഡ, രാം ലല്ല, സുന്നി വഖഫ് ബോർഡ് എന്നിവയ്ക്ക് തുല്യമായി വീതിച്ചുനൽകിയ അലഹാബാദ് ഹൈക്കോടതിയുടെ 2010-ലെ വിധിക്കെതിരായ 14 അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിച്ചത്. ഈ കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. വിരമിച്ച ജസ്റ്റിസ് എഫ്.എം.ഐ. ഖലീഫുള്ളയുടെ അധ്യക്ഷതയിൽ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗസമിതി ഫൈസാബാദിൽ നടത്തിയ മധ്യസ്ഥചർച്ചകൾ ഫലം കാണാഞ്ഞതിനെത്തുടർന്നാണ് ഓഗസ്റ്റ് ആറു മുതൽ ഭരണഘടനാ ബെഞ്ചിനു മുമ്പാകെ പ്രതിദിനാടിസ്ഥാനത്തിൽ വാദം തുടങ്ങിയത്. ഈ വാദങ്ങൾ പരിഗണിച്ചാണ് അന്തിമ വിധി വന്നത്.

സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും സുദീർഘമായ രണ്ടാമത്തെ വാദമാണ് അയോധ്യ തർക്ക ഭൂമി കേസിൽ നടന്നത്. 40 ദിവസവും കോടതി ഇടവേളകളില്ലാതെ വാദം കേട്ടു.സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം വാദം നടന്നത് കേശവാനന്ദ ഭാരതി കേസിലായിരുന്നു. 68 ദിവസമാണ് വാദം കേട്ടത്. ആധാർ കേസിൽ 38 ദിവസവും കോടതി വാദം കേട്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് ആരംഭിച്ച അയോധ്യ തർക്കത്തിലാണ് സുപ്രീം കോടതി ഇന്ന് അന്തിമ തീർപ്പ് കൽപ്പിച്ചത്.

വെള്ളിയാഴ്ച രാത്രിയാണ് വിധിപ്രഖ്യാപനം ശനിയാഴ്ചയുണ്ടാവുമെന്ന് അറിയിപ്പുവന്നത്. അയോധ്യയിലെ ക്രമസമാധാനനില നേരിട്ടു വിലയിരുത്തിയശേഷമാണ് അവധി ദിവസമായ ശനിയാഴ്ച വിധിപറയാൻ കോടതി നിശ്ചയിച്ചത്. ഉച്ചയ്ക്ക് ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയെയും ചീഫ്ജസ്റ്റിസ് ചേംബറിൽ വിളിച്ചുവരുത്തിയിരുന്നു. യു.പി. ചീഫ് സെക്രട്ടറി രാജേന്ദ്രകുമാർ തിവാരി, ഡി.ജി.പി. ഓം പ്രകാശ് സിങ് എന്നിവർ സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച് അദ്ദേഹത്തോടു വിശദീകരിച്ചു. വിധിക്കുമുന്നോടിയായി എന്തെല്ലാം സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ബോധിപ്പിച്ചു. ഇതോടെയാണ് വിധി പറയാൻ തീരുമാനിച്ചത്. സാമുദായിക-രാഷ്ട്രീയ പ്രധാന്യമുള്ള കേസിൽ വിധി പ്രശ്നമായി മാറാതിരിക്കാൻ രാജ്യമാകെ സുരക്ഷാസന്നാഹം ശക്തമാക്കിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളോടും ജാഗ്രത പുലർത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചിരുന്നു. അയോധ്യയിലും കനത്ത സുരക്ഷയാണ്.

4000 കേന്ദ്ര പൊലീസ് സേനാംഗങ്ങൾകൂടി വെള്ളിയാഴ്ച അയോധ്യയിൽ നിയോഗിച്ചിരുന്നു. ഇവരടക്കം തൊണ്ണൂറിലേറെ കമ്പനി സുരക്ഷാസൈനികരെയാണ് ഇതുവരെ നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. ഇവരെ പാർപ്പിക്കാനായി ഇരുനൂറോളം സ്‌കൂളുകൾ ഒഴിപ്പിച്ചിരുന്നു. അയോധ്യയിലും സമീപ ജില്ലയായ അംബേദ്കർ നഗറിലുമായി 20 താത്കാലിക ജയിലും തുറന്നു. 18 കോളേജുകളും രണ്ട് സർക്കാർ കെട്ടിടങ്ങളുമാണ് ജയിലാക്കി മാറ്റിയിരിക്കുന്നത്. ലഖ്നൗവിലും അയോധ്യയിലും സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി രണ്ട് ഹെലികോപ്റ്ററുകൾ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു.

അത്യാഹിതഘട്ടങ്ങളിൽ ഉപയോഗപ്പെടുത്തുന്നതിനാണിത്. ലഖ്നൗവിൽ ഒരു വിമാനവും തയ്യാറാക്കി നിർത്തും. അടിയന്തരഘട്ടത്തിൽ കൂടുതൽ പൊലീസിനെ എത്തിക്കാനാണിത്. അങ്ങനെ രാജ്യം ഇതുവരെ സ്വീകരിക്കാത്ത മുന്നൊരുക്കങ്ങളാണ് വിധി പ്രഖ്യാപനത്തിനായി രാജ്യത്തെങ്ങും ഏർപ്പെടുത്തിയത്. കേസിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഓഗസ്ത് ഏഴ് മുതൽ ഒക്ടോബർ ഏഴ് വരെ 40 പ്രവർത്തി ദിനങ്ങളിൽ തുടർച്ചയായി വാദം കേട്ടു. മധ്യസ്ഥശ്രമത്തിലൂടെ അയോധ്യ തർക്കം തീർക്കാൻ ആദ്യം ഭരണഘടന ബെഞ്ച് ശ്രമിച്ചെങ്കിലും ഒത്തുതീർപ്പിൽ എത്താൻ സാധിച്ചില്ല. അതിനായി റിട്ട. ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിക്ക് രൂപ നൽകി. മധ്യസ്ഥ ശ്രമം പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി സുന്നി വഖഫ് ബോർഡ് ഒഴികെയുള്ള കക്ഷികൾ കോടതിയിലെത്തിയതോടെയാണ് കേസിൽ വാദം കേൾക്കാനുള്ള തീരുമാനം ചീഫ് ജസ്റ്റിസ് എടുത്തത്.

അയോധ്യ വിധി പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തിൽ സുപ്രീംകോടതിയിലും സുരക്ഷ ശക്തമാക്കിയിരുന്നു. സുപ്രധാന വിധി വരുന്നതിന് മുന്നോടിയായി എന്തെങ്കിലും തരത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങൾക്കുള്ള സാധ്യത പൂർണ്ണമായും ഒഴിവാക്കാൻ മുൻകരുതൽ നടപടി എന്ന നിലയിൽ കോടതിയിലേക്കുള്ള റോഡുകൾ അടച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ഡൽഹിയിലെ വസതിക്ക് മുന്നിലും പൊലീസ് സുരക്ഷ കൂട്ടിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അടക്കം ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാരുടെ സുരക്ഷാ സംവിധാനങ്ങൾ കഴിഞ്ഞ ദിവസം തന്നെ കൂട്ടിയിരുന്നു. ഉത്തർപ്രദേശിലും ജമ്മു കശ്മീരിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിർത്തികളിൽ കർശന പരിശോധനയോടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്.

ബസ് സ്റ്റാൻകുളും റെയിൽവേ സ്റ്റേഷനുകളും നിരീക്ഷണത്തിലാണ്. കനത്ത ജാഗ്രത പാലിക്കാൻ സേനയ്ക്ക് നിർദ്ദേശം നൽകി. പ്രശ്‌നസാധ്യത മേഖലകളിൽ ആവശ്യമെങ്കിൽ ആളുകളെ കരുതൽ തടങ്കലിൽ പാർപ്പിക്കാനും നിർദ്ദേശം ഉണ്ട്. നവ മാധ്യമങ്ങളും നിരീക്ഷണത്തിലാണ്. മതസ്പർധയ്ക്കും സാമുദായിക സംഘർഷങ്ങൾക്കും ഇടയാക്കുന്ന തരത്തിൽ സന്ദേശം തയ്യാറാക്കുന്നവർക്കെതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തി നടപടിയെടുക്കും.

അയോധ്യകേസിൽ വിധി വരുമ്പോൾ അന്തിമചിത്രം ഇങ്ങനെയാണ്...

തർക്കഭൂമിയുടെ ഉടമസ്ഥാവകാശം കേന്ദ്രസർക്കാരിന്. ക്ഷേത്രനിർമ്മാണത്തിനും നടത്തിപ്പിനുമായി ഈ ഭൂമി ട്രസ്റ്റിന് കൈമാറുമ്പോൾ മുസ്ലീങ്ങൾക്ക് അയോധ്യയിൽ തന്നെ ഏറ്റവും അനുയോജ്യമായതും സുപ്രധാനവുമായ ഭാ?ഗത്ത് ഭൂമി ലഭിക്കും. ഈ നടപടികളുടെ മേൽനോട്ടം കേന്ദ്രസർക്കാരോ യുപി സർക്കാരോ വഹിക്കണം.

1993-ലെ അയോധ്യ ആക്ട് പ്രകാരമായിരിക്കണം ഭൂമികൈമാറ്റം. മൂന്ന് മാസത്തിനകം ഇതിനായി പദ്ധതി കേന്ദ്രം തയ്യാറാക്കണം. തർക്കഭൂമിയിലെ നിർമ്മിതിയുടെ അകത്തേയും പുറത്തേയും സ്ഥലം ക്ഷേത്രനിർമ്മാണത്തിന്റെ നടത്തിപ്പ് ചുമതലയ്ക്കായി ട്രസ്റ്റിന് കൈമാറണം. ഇതിനു ശേഷം കാലക്രമേണ മറ്റു ഭൂമിയും ട്രസ്റ്റിന് കൈമാറണം. ഭൂമിയുടെ ഉടമസ്ഥാവകാശം കേസിലെ കക്ഷികൾക്കൊന്നും പൂർണമായി തെളിയിക്കാനായിട്ടില്ല. അതിനാൽ തന്നെ തർക്കഭൂമിയിലാണ് നിർമ്മിതി നിലനിൽക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP