Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോടികളുടെ ലാഭത്തിൽ കുതിച്ച ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് നഷ്ടത്തിലായതോടെ അപ്രതീക്ഷിത പൂട്ടിക്കെട്ടൽ; ഒരു തൊഴിലാളി ജീവനൊടുക്കിയിട്ടും കോടികളുടെ ആസ്തികൾ തുരുമ്പെടുത്ത് നശിച്ചിട്ടും തിരിഞ്ഞു നോക്കാതെ കേന്ദ്രവും; ചുമപ്പുനാടയിൽ കുരുങ്ങിയ എച്ച്.എൻ.എൽ ഫാക്ടറി സംസ്ഥാന സർക്കാർ ഏറ്റെടുക്കാനൊരുങ്ങുമ്പോൾ വെട്ടം കാണുന്നത് 6450ലധികം തൊഴിലാളികളുടെ പ്രതീക്ഷയും

കോടികളുടെ ലാഭത്തിൽ കുതിച്ച ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് നഷ്ടത്തിലായതോടെ അപ്രതീക്ഷിത പൂട്ടിക്കെട്ടൽ; ഒരു തൊഴിലാളി ജീവനൊടുക്കിയിട്ടും കോടികളുടെ ആസ്തികൾ തുരുമ്പെടുത്ത് നശിച്ചിട്ടും തിരിഞ്ഞു നോക്കാതെ കേന്ദ്രവും; ചുമപ്പുനാടയിൽ കുരുങ്ങിയ എച്ച്.എൻ.എൽ ഫാക്ടറി സംസ്ഥാന സർക്കാർ ഏറ്റെടുക്കാനൊരുങ്ങുമ്പോൾ വെട്ടം കാണുന്നത് 6450ലധികം തൊഴിലാളികളുടെ പ്രതീക്ഷയും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഒരു വർഷമായി പൂട്ടിക്കിടക്കുന്ന വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് (എച്ച്എൻഎൽ) കമ്പനിയുടെ പുനരുജ്ജീവന് സഹായഹസ്തവുമായി സംസ്ഥാന സർക്കാർ. കമ്പനി സംസ്ഥാന സർക്കാർ ഏറ്റെടുക്കാനുള്ള സന്നദ്ധത ദേശീയ ലോ ട്രിബ്യൂണലിനെ അറിയിച്ചു. കാക്കനാട് വാഴക്കാലയിൽ പ്രവർത്തിക്കുന്ന ട്രിബ്യൂണലിന്റെ കേരള ബെഞ്ചിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. 

കമ്പനിയുടെ 420 കോടി രൂപ ബാധ്യതയും സർക്കാർ ഏറ്റെടുക്കും.കമ്പനിയുടെ ബാധ്യതയുടെ 30% ഒഴിവാക്കി ബാക്കി നൽകും. ജീവനക്കാർക്കു കൊടുക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും നൽകും. 25 കോടി രൂപ വിലമതിക്കുന്ന മുഴുവൻ ഓഹരിയും സർക്കാർ വാങ്ങും. കമ്പനി സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖകൾ സർക്കാർ ഹാജരാക്കി.

ഒരു വർഷമായി എച്ച്.എൻ.എൽ പൂട്ടിക്കിടന്നോതെടെ മനം നൊന്ത് ഒരു ജീവനക്കാരൻ ആത്മഹത്യ ചെയ്തതും ഏറെ വാർത്തയായിരുന്നു. വിൽപനയ്ക്കു കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയ ലിക്വിഡേറ്റർ ഭൂമി വിട്ടുനൽകാൻ തയാറാകാത്തതാണ് ഏറ്റെടുക്കലിനു പ്രധാന തടസ്സമായത്.എച്ച്എൻഎൽ സ്ഥാപിക്കാൻ 700 ഏക്കർ ഭൂമിയും അസംസ്‌കൃത വസ്തുക്കളുടെ പരിപാലനത്തിന് 5,000 ഏക്കർ പാട്ടഭൂമിയും സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ട്. ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന വ്യവസ്ഥയിലാണ് സ്ഥലം കൈമാറിയത്. 19നു ട്രിബ്യൂണൽ വാദം കേൾക്കും.

എച്ച്.എൻ.എലിന്റെ മാതൃകാസ്ഥാപനമായ എച്ച്.പി.സി (ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷൻ ) പൂട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതോടെ എച്ച്.എൻ.എല്ലിന്റെ വെള്ളൂരിലെ 700 ഏക്കർ ഭൂമി കൈമാറ്റം ചെയ്യാനാവാത്തസ്ഥിതിയായിരുന്നു നിലവിൽ. എന്നാൽ സംസ്ഥാന സർക്കാർ സജീവമായ ഇടപെടൽ നടത്താനൊരുങ്ങുന്നതോടെ വെളിച്ചം കാണുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികളും. ഫാക്ടറി സംസ്ഥാന സർക്കാർ ഏറ്റെടുത്താൽ സ്ഥിരം ജീവനക്കാരായ 1453 പേർക്കും 5,000 അനുബന്ധ തൊഴിലാളികൾക്കും ഇതിന്റെ ഗുണം ലഭിക്കും.

പ്രശ്‌ന പരിഹാരത്തിന് കൊൽക്കത്തയിലെ ലിക്വിഡേറ്ററുമായി സംസ്ഥാന സർക്കാർ ബന്ധപ്പെടാൻ കേന്ദ്രം നിർദ്ദേശിച്ചെങ്കിലും സാമ്പത്തിക ബാദ്ധ്യത താങ്ങാനാവാത്തതിനാൽ തീരുമാനം നീളുകയാണ്. മലിനീകരണ നിയന്ത്രണ ബോർഡ് വിലക്കിനെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് എച്ച്.എൻ.എൽ പൂട്ടിയത്.

മാലിന്യ സംസ്‌കരണ പ്ലാന്റ് നവീകരണത്തിന് തൊഴിലാളികൾ ഒന്നിച്ചിറങ്ങി ബോർഡിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങിയെടുത്തെങ്കിലും പ്രവർത്തനമൂലധനമില്ലാതായതും മാതൃസ്ഥാപനമായ എച്ച്.പി.സി ലിക്വിഡേഷനിലൂടെ ആസ്തികൾ മരവിപ്പിച്ചതും തിരിച്ചടിയായിയിരുന്നു. വേണ്ടത് 200 കോടി 200 കോടി അടിയന്തര സഹായം ലഭിച്ചാൽ എച്ച്.എൻ.എൽ തുറന്നു പ്രവർത്തിപ്പിക്കാനായേക്കുമെന്നാണ് തൊഴിലാളി സംഘടനാ നേതാക്കൾ പറയുന്നത്.

ഒരു വർഷമായി പ്ലാന്റ് പൂട്ടിക്കിടക്കുന്നതിനാൽ പുനരുദ്ധാരണ പ്രവർത്തനം ബുദ്ധിമുട്ടാകുമെന്നാണ് മാനേജ്‌മെന്റ് വാദം.ശമ്പളം പെൻഷൻ മറ്റ് കുടിശിക ഇനത്തിൽ 100 കോടിയോളം നൽകണം. അസംസ്‌കൃത വസ്തുക്കൾ എത്തിച്ചതിനു വനം വകുപ്പിനും വൈദ്യുതിക്കും മറ്റുമായി വേറെയും കോടികളുടെ ബാദ്ധ്യതയുണ്ട്.എച്ച്.എൻ.എൽ തുറന്നാലും മൂന്നു ദിവസം പ്രവർത്തിപ്പിക്കാനുള്ള അസംസ്‌കൃത വസ്തുക്കളേ ഉള്ളു. യന്ത്രങ്ങൾ തകരാറിലാണ്.

പ്രതിസന്ധികൾ പരിഹരിക്കാൻ കോടികൾ വേണം ഫാക്ടറി നടത്തിക്കൊണ്ടു പോവുക പ്രയാസകരമായിരിക്കുമെന്നാണ് മാനേജിങ് ഡയറക്ടർ ഗോപാൽ റാവുവിന്റെ വിശദീകരണം.1975-80 കാലഘട്ടത്തിൽ പേപ്പർ നിർമ്മിക്കാനായി മാത്രമാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് 700 ഏക്കറോളം വരുന്ന സ്ഥലം വിട്ടുനൽകിയത്.മിനി നവരത്‌ന ഗണത്തിൽ ഉൾപ്പെട്ടിരുന്ന എച്ച്.എൻ.എൽ വർഷങ്ങളോളം ലാഭത്തിലായിരുന്നു. ആധുനികവത്ക്കരണ നടപടികൾ സ്വീകരിക്കാതിരുന്നതും വിദേശ രാജ്യങ്ങളിൽ നിന്നുള്ള ന്യൂസ് പ്രിന്റ് ഇറക്കുമതിയും സ്വകാര്യവത്ക്കരണ നയങ്ങളും ഫാക്ടറിക്ക് ചരമഗീതമെഴുതി.

ലിക്വിഡേഷൻ ഒഴിവാക്കി എച്ച്.എൻ.എൽ ഏറ്റെടുക്കുംഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് എങ്ങനെയും ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ പരിശോധിക്കുകയാണ്. ഔദ്യോഗിക ലിക്വിഡേറ്ററെ സമീപിച്ചോ കോടതി മുഖാന്തിരമോ ലിക്വിഡേഷൻ ഒഴിവാക്കാനാണ് ശ്രമനമെന്നും വ്യവസായ മന്ത്രി ഇ.പി ജയരാജൻ വ്യക്തമാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP