Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭൂമി മൂന്നായി വിഭജിച്ച് ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും വൈഷ്ണവർക്കും കൊടുക്കാൻ രണ്ട് ജഡ്ജിമാർ തീരുമാനിച്ചപ്പോൾ മുഴുവൻ ഭൂമിയും ഹിന്ദുക്കൾക്കെന്ന് ഒരു ജഡ്ജി; വിധി പ്രകാരം രാമവിഗ്രഹമുള്ള ഭാഗം ഹിന്ദുക്കൾക്കും സീതയുടെ അടുക്കള ഉള്ള ഭാഗം വൈഷ്ണവർക്കും; ഇന്ന് സുപ്രീംകോടതി തീർപ്പ് കൽപ്പിക്കുന്നത് ഒൻപതുകൊല്ലം മുമ്പ് അലഹബാദ് ഹൈക്കോടതി പ്രഖ്യാപിച്ച ഭൂരിപക്ഷ വിധിയുടെ അപ്പീൽ; ചരിത്രവിധി കേൾക്കാൻ കാതോർത്ത് രാജ്യം; കാസർഗോട്ടും നിരോധനാജ്ഞ

ഭൂമി മൂന്നായി വിഭജിച്ച് ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും വൈഷ്ണവർക്കും കൊടുക്കാൻ രണ്ട് ജഡ്ജിമാർ തീരുമാനിച്ചപ്പോൾ മുഴുവൻ ഭൂമിയും ഹിന്ദുക്കൾക്കെന്ന് ഒരു ജഡ്ജി; വിധി പ്രകാരം രാമവിഗ്രഹമുള്ള ഭാഗം ഹിന്ദുക്കൾക്കും സീതയുടെ അടുക്കള ഉള്ള ഭാഗം വൈഷ്ണവർക്കും; ഇന്ന് സുപ്രീംകോടതി തീർപ്പ് കൽപ്പിക്കുന്നത് ഒൻപതുകൊല്ലം മുമ്പ് അലഹബാദ് ഹൈക്കോടതി പ്രഖ്യാപിച്ച ഭൂരിപക്ഷ വിധിയുടെ അപ്പീൽ; ചരിത്രവിധി കേൾക്കാൻ കാതോർത്ത് രാജ്യം; കാസർഗോട്ടും നിരോധനാജ്ഞ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അയോധ്യ ഭൂമിതർക്കകേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയുമ്പോൾ ആകാംഷയിലാണ് രാജ്യം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് രാവിലെ പത്തരയോടെ വിധി പറയുക. അയോധ്യയിലെ ക്രമസമാധാനനില നേരിട്ടു വിലയിരുത്തിയശേഷമാണ് വിധി പറയുന്നത്. അവധി ദിവസമായ ശനിയാഴ്ച വിധിപറയുന്നതും മറ്റ് പ്രശ്‌നങ്ങളുണ്ടായാൽ സർക്കാരുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കൂടിയാണ്. വെള്ളിയാഴ്ച രാത്രി ഒമ്പതുമണി കഴിഞ്ഞാണ് വിധി സംബന്ധിച്ച അറിയിപ്പ് സുപ്രീംകോടതി രജിസ്ട്രിയുടെ ഭാഗത്തുനിന്ന് വന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, അബ്ദുൾ നസീർ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിക്കുക.

തർക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകളിലാണ് നാളെ വിധി പറയുക. തുടർച്ചയായി 40 ദിവസം വാദം കേട്ടതിന് ശേഷമാണ് വിധി പറയാൻ പോകുന്നത്. 1885 മുതലുള്ള നിയമ വ്യവഹാരത്തിലാണ് വിധി വരുന്നത്. 2010 ൽ അലഹബാദ് ഹൈക്കോടതി 2.77 ഏക്കർ തർക്കഭൂമി മൂന്ന് കക്ഷികൾക്കുമായി തുല്യമായി വിഭജിച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് നിരവധി അപ്പീലുകളാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് മുന്നിലെത്തിയത്. സുപ്രീംകോടതിയിൽനിന്നു വിരമിച്ച ജസ്റ്റിസ് എഫ്.എം.ഐ. ഖലീഫുള്ളയുടെ അധ്യക്ഷതയിൽ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗസമിതി ഫൈസാബാദിൽ നടത്തിയ മധ്യസ്ഥചർച്ചകൾ ഫലം കണ്ടിരുന്നില്ല. ഇതിനെ തുടർന്നാണ് ഓഗസ്റ്റ് ആറു മുതൽ ഭരണഘടനാ ബെഞ്ചിനു മുമ്പാകെ പ്രതിദിനാടിസ്ഥാനത്തിൽ വാദം തുടങ്ങിയത്. ഒടുവിൽ കോടതി അന്തിമ തീരുമാനവും എടുക്കുകയാണ്.

അയോധ്യ ഭൂമി കേസിൽ അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിലെ ജഡ്ജിമാരായ സിഗ്ബത്തുല്ല ഖാൻ, സുധീർ അഗർവാൾ, ധരംവീർ ശർമ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് 2010 സെപ്റ്റംബർ 30ന് വിധി പറഞ്ഞത്. മൂന്നു പേരും എഴുതിയതു വെവ്വേറെ വിധി ആയിരുന്നു. ഭൂമി മൂന്നായി വിഭജിക്കണമെന്നു ജഡ്ജിമാരായ സിഗ്ബത്തുല്ല ഖാൻ, സുധീർ അഗർവാളും വിധിച്ചു. എന്നാൽ ഭൂമി മുഴുവനും ഹിന്ദുക്കൾക്ക് അവകാശപ്പെട്ടതെന്നു ജസ്റ്റിസ് ധരംവീർ ശർമയുടെ നിലപാട്. ഭൂമി വിഭജിക്കണമെന്നതു ഭൂരിപക്ഷ വിധിയായി. വിഭജനം നടത്തുമ്പോൾ, ഇപ്പോൾ താൽക്കാലിക ക്ഷേത്രമുള്ളതും വിഗ്രഹങ്ങൾ സ്ഥാപിച്ചിട്ടുള്ളതുമായ സ്ഥലം ഹിന്ദുക്കൾക്കും രാമ ഛബൂത്ര, സീതയുടെ അടുക്കള (സീത രസോയി) തുടങ്ങിയവ നിർമോഹി അഖാഡയ്ക്കും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. വൈഷ്ണവ സമ്പ്രദായം പിന്തുടരുന്ന സന്യാസി വിഭാഗമാണു നിർമോഹി അഖാഡ.

പട്ടയ അവകാശം സ്ഥാപിക്കാൻ ഇരുകൂട്ടർക്കും സാധിച്ചിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. രേഖകളുടെ അടിസ്ഥാനത്തിലല്ല, രേഖകളില്ലായ്മയുടെ പേരിലാണു ഭൂമി മൂന്നായി വിഭജിക്കാൻ നിർദ്ദേശിക്കുന്നതെന്നും കോടതി സൂചിപ്പിച്ചു. മസ്ജിദിന്റെ ചുറ്റുമതിലിനുള്ളിൽ ഹൈന്ദവ ആരാധനാ സ്ഥലവും നിലനിന്നുവെന്നതും രണ്ടിടത്തും പ്രാർത്ഥന നടന്നുവെന്നതും സവിശേഷവും അപൂർവവുമായ സ്ഥിതിവിശേഷമാണെന്നു ബെഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് ഖാൻ നിരീക്ഷിച്ചിരുന്നു. വിഗ്രഹങ്ങൾ ഇപ്പോഴത്തെ സ്ഥാനത്തു നിന്നു മാറ്റരുതെന്ന് ഇദ്ദേഹവും ജസ്റ്റിസ് അഗർവാളും വ്യക്തമാക്കി. മധ്യതാഴികക്കുടം നിലനിന്നിടം ശ്രീരാമ ജന്മസ്ഥാനമെന്നതു ഹൈന്ദവ വിശ്വാസമാണെന്നും ഇടപെടൽ പാടില്ലെന്നും ജസ്റ്റിസ് അഗർവാൾ വ്യക്തമാക്കിയിരുന്നു. ഈ സ്ഥാനത്തു തന്നെയാണു രാമന്റെ ജന്മമെന്നു മസ്ജിദ് നിർമ്മാണശേഷം ഹിന്ദുക്കൾ വിശ്വസിക്കുന്നുവെന്നു ജസ്റ്റിസ് ഖാൻ വ്യക്തമാക്കിയപ്പോൾ, ഇതുതന്നെയാണു ജന്മസ്ഥാനമെന്നു ജസ്റ്റിസ് ശർമ തീർത്തുപറഞ്ഞു.

മസ്ജിദ് നിർമ്മിച്ചതു മുഗൾ ചക്രവർത്തി ബാബറാണെന്നു ജഡ്ജിമാരായ ഖാനും ശർമയും വിശദീകരിച്ചു. ക്ഷേത്രം തകർത്തിട്ടല്ല, ക്ഷേത്രാവശിഷ്ടങ്ങൾക്കു മുകളിലാണു പള്ളി നിർമ്മിച്ചതെന്നു ജസ്റ്റിസ് ഖാൻ വ്യക്തമാക്കി. എന്നാൽ ക്ഷേത്രം തകർത്തായിരുന്നു നിർമ്മാണമെന്നു മറ്റു രണ്ടു പേരും വിലയിരുത്തി. മാലാഖമാർ വിഹരിക്കാൻ ഭയപ്പെടുന്നതും കുഴിബോംബുകൾ നിറഞ്ഞതുമായ ഒരു തുണ്ടു ഭൂമിയെ ശുദ്ധീകരിക്കാനാണു തങ്ങളുടെ ശ്രമമെന്നാണു വിധിന്യായത്തിന്റെ ആമുഖത്തിൽ ജസ്റ്റിസ് ഖാൻ എഴുതിയത്. രമ്യതയുടെ പാതയിലേക്കു വഴി നടത്താനുള്ളതാണ് കോടതിയുടെ ശ്രമമെന്നും ജസ്റ്റിസ് ഖാൻ സൂചിപ്പിച്ചിരുന്നു. തർക്കഭൂമിയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) നടത്തിയ ഉത്ഖനനം സുപ്രീം കോടതിയിലെ വാദത്തിനിടെ ഏറെ ചർച്ച ചെയ്തിരുന്നു. എന്നാൽ, ഹൈക്കോടതിയിൽ ജസ്റ്റിസ് ശർമ മാത്രമാണ് എഎസ്‌ഐയുടെ റിപ്പോർട്ട് പരിഗണിച്ചത്.

അയോധ്യ കേസിൽ സുപ്രീം കോടതി തീർപ്പു കൽപ്പിക്കുമ്പോൾ ആറു നൂറ്റാണ്ട് നീണ്ട തർക്കത്തിനാണ് പൂർണ വിരാമമാവുന്നത്. സംഘർഷഭരിതമായ ചരിത്രമാണ് സരയൂ നദിക്കരയിലെ അയോധ്യ തർക്കത്തിനുള്ളത്. കാബൂൾ വഴി ഇന്ത്യയിലെത്തിയ മുഗൾ ചക്രവർത്തി ബാബർ 1528 ൽ നിർമ്മിച്ചെന്നു കരുതുന്ന ബാബറി മസ്ജിദ് രാമജന്മഭൂമിയെന്ന അവകാശവാദമുയർന്നതോടെ 1859 ൽ തർക്ക പരിഹാരത്തിനായി ബ്രിട്ടീഷ് ഭരണകൂടം ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കുമായി പ്രത്യേകം ആരാധനാ സ്ഥലങ്ങൾ വേലികെട്ടിതിരിച്ചു. മസ്ജിദിന്റെ അകത്തളം മുസ്ലീങ്ങൾക്കും പുറംഭാഗം ഹിന്ദുക്കൾക്കും അനുവദിച്ചു. 1885 ൽ മഹന്ത് രഘുവർദാസ് ക്ഷേത്ര നിർമ്മാണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് വ്യവഹാരങ്ങളുടെ തുടക്കം. ഹർജി ഫൈസാബാദ് കോടതി തള്ളി. അപ്പീലുകൾ 1886 മാർച്ച് 18 ന് ജില്ലാ കോടതിയും നവംബറിലും ജ്യുഡീഷ്യൽ കമ്മീഷ്ണറും തള്ളിയതോടെ ബ്രിട്ടീഷ് കാലത്തെ കോടതി വ്യവഹാരങ്ങൾക്ക് അന്ത്യം. 1949 ഡിസംബർ 22ന് രാത്രി ബാബറി മസ്ജിദിൽ രാമവിഗ്രഹം കാണപ്പെട്ടു. ഇരുപക്ഷവും കേസുകൊടുത്തതോടെ തർക്കഭൂമിയായി പ്രഖ്യാപിച്ച് പ്രധാനകവാടം താഴിട്ടുപൂട്ടി. 1950 - ഗോപാൽ സിങ് വിശാരദ്, മഹന്ത് പരംഹന്ത് രാമചന്ദ്ര എന്നിവർ ആരാധന നടത്താൻ അനുവാദം ചോദിച്ച് ഫൈസാബാദ് കോടതിയെ സമീപിച്ചു. മുസ്ലീങ്ങൾക്കും ഹിന്ദുക്കൾക്കും പ്രത്യേകം ആരാധനാ സമയം കോടതി അനുവദിച്ചു. 1959 ൽ തർക്കസ്ഥലം രാമജന്മഭൂമിയാണെന്ന് അവകാശമുന്നയിച്ച് നിർമോഹി അഖാഢ വീണ്ടും കോടതിയെ സമീപിച്ചു.

1961 - മസ്ജിദിന് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് സുന്നി സെൻട്രൽ ബോർഡ് ഓഫ് വഖഫ് ഹർജി നൽകി. 1984 രാമജന്മഭൂമിയിൽ രാമക്ഷേത്രം പണിയാനായി ഹിന്ദുസംഘടനകൾ ചേർന്ന് സമിതി രൂപീകരിച്ചു. 1986 മസ്ജിദിൽ പൂജനടത്താൻ ഹിന്ദുക്കൾക്ക് അയോധ്യാ ജില്ലാ ജഡ്ജിയുടെ അനുമതി ലഭിച്ചു. ഇതിൽ പ്രതിഷേധിച്ച് മുസ്ലീങ്ങൾ ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. 1989 ൽ തർക്കഭൂമിയിൽ വി.എച്ച്.പിയുടെ നേതൃത്വത്തിൽ ശിലാന്യാസം. മസ്ജിദ് മറ്റെങ്ങോട്ടെങ്കിലും മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി. 1990 ൽ വി.എച്ച്.പിയുടെ നേതൃത്വത്തിൽ മസ്ജിദ് തകർക്കാൻ ശ്രമം. 1990 സെപ്റ്റംബറിൽ എൽ.കെ അദ്വാനി രാമക്ഷേത്രം പണിയാൻ പിന്തുണ നേടാനായി രഥയാത്ര നടത്തി.അയോധ്യയിലെത്തുന്നതിനു മുമ്പെ അദ്വാനിയെ അറസ്റ്റുചെയ്തു. 1991 - ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിലെത്തി. രാമക്ഷേത്ര നിർമ്മാണാവശ്യം കുടുതൽ കരുത്താർജ്ജിച്ചു. 1992 ഡിസംബർ 6 ന് കർസേവകർ ബാബ്‌റി മസ്ജിദ് തകർത്തു. പിന്നീടും നിയമ പോരാട്ടം തുടർന്നു.

വിധി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ചീഫ് ജസ്റ്റിസ് വിളിച്ചുവരുത്തി സ്ഥിതിഗതികൾ ആരാഞ്ഞിരുന്നു. രാജ്യത്തെങ്ങും കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമ അക്കൗണ്ടുകൾ പൊലീസ് നിരീക്ഷണത്തിലാണ്. വിധി പറയുന്ന ജഡ്ജിമാരുടെ സുരക്ഷയും വർധിപ്പിച്ചു. അയോധ്യയിലടക്കം ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. യുപിയിലേയും മധ്യപ്രദേശിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. യുപിയിൽ തിങ്കളാഴ്ച വരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. ഡൽഹിയിലും ബെംഗളൂരുവിലും ഭോപ്പാലിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബെംഗളൂരുവിൽ രാവിലെ ഏഴ് മുതൽ അർദ്ധരാത്രി 12 വരെയാണ് നിരോധനാജ്ഞ.

കാസർകോഡ് ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷൻ പരിധികളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മഞ്ചേശ്വരം കുമ്പള, ചന്ദേര, ഹൊസ്ദുർഗ്,കാസർകോഡ് എന്നീ പൊലീസ് സ്റ്റേഷന്റെ പരിധികളിലാണ് നിരോധനാജ്ഞ. 11-ാം തിയതി രാത്രി 12 വരെ നിരോധനാജ്ഞ തുടരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP