Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീൻസിട്ട് വന്നാൽ ചേട്ടന്മാർക്ക് ഹാലിളകും; ഹോസ്റ്റലിൽ ടീഷർട്ടിട്ട് നടന്നാൽ ഇടി ഉറപ്പ്; വസ്ത്രത്തിനടിയിൽ ജട്ടി ഇടാമെന്ന് സ്വപ്‌നം പോലും കാണരുത്; മീശയും താടിയും നോട്ട് അലൗഡ്; മെസിൽ പോകുമ്പോൾ ഇന്നർവെയറില്ലാതെ കൈലി മാത്രം; സോപ്പിടാൻ വേണ്ടി സീനിയേഴ്‌സിനെ ചിരിച്ചുകാണിച്ചാലും അടി റെഡി; എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ റാംഗിങ് വീരന്മാർ ദേശീയ പവർ ലിഫ്റ്റിങ് ചാമ്പ്യനായ വിദ്യാർത്ഥിയുടെ തോളെല്ല് തകർത്തപ്പോൾ പുറത്തറിഞ്ഞ കഥ ഇങ്ങനെ

ജീൻസിട്ട് വന്നാൽ ചേട്ടന്മാർക്ക് ഹാലിളകും; ഹോസ്റ്റലിൽ ടീഷർട്ടിട്ട് നടന്നാൽ ഇടി ഉറപ്പ്; വസ്ത്രത്തിനടിയിൽ ജട്ടി ഇടാമെന്ന് സ്വപ്‌നം പോലും കാണരുത്; മീശയും താടിയും നോട്ട് അലൗഡ്; മെസിൽ പോകുമ്പോൾ ഇന്നർവെയറില്ലാതെ കൈലി മാത്രം; സോപ്പിടാൻ വേണ്ടി സീനിയേഴ്‌സിനെ ചിരിച്ചുകാണിച്ചാലും അടി റെഡി; എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ റാംഗിങ് വീരന്മാർ ദേശീയ പവർ ലിഫ്റ്റിങ് ചാമ്പ്യനായ വിദ്യാർത്ഥിയുടെ തോളെല്ല് തകർത്തപ്പോൾ പുറത്തറിഞ്ഞ കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: റംഗിങ് മനുഷ്യത്വരഹിതമായ ക്രൂരവിനോദമാണെന്ന് ആർക്കും അറിയാത്തതല്ല. അറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളജിലെ ക്രൂരമായ റാഗിങ് തന്നെ നോക്കൂ. സീനിയർ വിദ്യാർത്ഥികളും ഹൗസ് സർജന്മാരുമടങ്ങുന്ന സംഘത്തിന്റെ മർദനത്തിൽ ദേശീയ പവർലിഫ്റ്റിങ് ചാമ്പ്യന് ഗുരുതര പരിക്ക് ഏറ്റിരിക്കുകയാണ്. ഒന്നാം വർഷ വിദ്യാർത്ഥി അനെക്‌സ് റോൺ ഫിലിപ്പിനാണ് മർദനമേറ്റത്. വലതുകൈയുടെ തോളെല്ലിന് പൊട്ടലുണ്ടായി. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനെക്‌സിന് ഒരു മാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്.

സ്വരക്ഷയ്ക്കായി തിരിച്ച് ആക്രമിച്ചപ്പോഴാണ് അനെക്‌സിന്റെ തോളെല്ലിന് പൊട്ടലുണ്ടായത്. പവർ ലിഫ്റ്റിങ് ചാമ്പ്യനായ അനെക്‌സിനെ സീനിയേഴ്‌സ് നോക്കി വച്ചിരിക്കുകയായിരുന്നു. ഒറ്റയ്ക്ക് കിട്ടുമ്പോൾ കൈകാര്യം ചെയ്യാൻ. കഴിഞ്ഞ ദിവസം ആർട്‌സ് ഡേ ആയതിനാൽ ഹോസ്റ്റലിലേക്കു മടങ്ങാൻ വൈകിയിരുന്നു. ഈ സമയത്താണ് ഒന്നാം വർഷ വിദ്യാർത്ഥിയായ അനെക്‌സിനെ ഒറ്റയ്ക്കു കിട്ടിയപ്പോൾ സീനിയേഴ്‌സ് ആക്രമണം അഴിച്ചുവിട്ടത്. നേരത്തെയും പലവട്ടം ഇവർ റാഗിംഗിന് ശ്രമിച്ചിരുന്നെങ്കിലും അനെക്‌സിന്റെ കായികശേഷിയെ ഭയന്ന് പിന്മാറുകയായിരുന്നുവെന്ന് കൂട്ടുകാർ പറയുന്നു.

പരിശീലനം മുടങ്ങുന്നതുമൂലം ജനുവരിയിൽ മുംബൈയിൽ നടക്കുന്ന ദേശീയ പവർ ലിഫ്റ്റിങ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നുള്ളതാണ് അനെക്‌സിന്റെ വിഷമം. റാഗിങ്ങിന്റെ ഭാഗമായാണ് തന്നെ സീനിയർ വിദ്യാർത്ഥികൾ മർദിച്ചതെന്ന് അനെക്‌സ് പ്രിൻസിപ്പലിനു നൽകിയ പരാതിയിൽ പറയുന്നു. ബുധനാഴ്ച രാത്രി 12ന് കോളജ് ഗ്രൗണ്ടിൽ ആർട്‌സ് ഫെസ്റ്റിവൽ നടക്കുന്നതിനിടയിലായിരുന്നു അനെക്‌സിനെ സംഘം ചേർന്ന് ആക്രമിച്ചത്.വിദ്യാർത്ഥിയുടെ പരാതി പൊലീസിന് കൈമാറുമെന്നും അന്വേഷണത്തിനായി വകുപ്പു മേധാവികൾ അടങ്ങുന്ന മൂന്നംഗ സമിതിയെ നിയോഗിക്കുമെന്നും വൈസ് പ്രിൻസിപ്പൽ ഡോ.പി. അനിൽകുമാർ അറിയിച്ചു. 2017 ലും 2018 ലും ദേശീയ ചാമ്പ്യനായിരുന്നു അനെക്‌സ്. കഴിഞ്ഞ വർഷം ലോക സബ്ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അഞ്ചാം സ്ഥാനം നേടിയിരുന്നു.

അനെക്‌സിന്റേത് ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതരുത്. റാഗിംഗിന്റെ പേരിലുള്ള പീഡനം ഇവിടെ പതിവാണ്. കോളേജ് അധികൃതർ പൊല്ലാപ്പ് ഭയന്ന് ഇടപെടാറുമില്ല. പരാതിപ്പെടുന്നവർക്കാണ് പണി കിട്ടുകയെന്ന് ജൂനിയർ വിദ്യാർത്ഥികൾ പറയുന്നു. റംഗിങ് ക്യാമ്പസിലും, ഹോസ്റ്റലിലുമൊക്കെ നിരോധിച്ചിട്ടുണ്ടെങ്കിലും, ഇവിടെ അതൊക്കെ ആരുപാലിക്കാൻ? ജൂനിയേഴ്‌സിനെ തെറി പറയുന്നത് റാഗിംഗിന്റെ ഭാഗമായി വരും. രാത്രി വരെ ചിലപ്പോൾ ഗ്രൗണ്ടിൽ പോയി നിൽക്കടാ എന്നാക്രോശിക്കും. സീനിയേഴ്‌സ് കളിക്കുമ്പോൾ ജൂനിയേഴ്‌സ് വെറും പന്തുപെറുക്കികൾ മാത്രം.

ജീൻസ് വലിയ സംഭവമാണെന്നാണ് സീനിയേഴ്‌സിന്റെ പക്ഷം. അത് ധരിച്ചാൽ വല്യകേമമാണെന്ന് ധരിച്ച് വശായതുകൊണ്ടോ എന്തോ, അതിട്ടുവന്നാൽ പിന്നെ പൊടിപൂരമാണ് കാര്യം. ജീൻസിട്ടു വന്ന കുട്ടിക്ക് നേരേ ആദ്യം തെറിവിളിയായിരുന്നു. പിന്നെ അടിക്കാനായി ശ്രമം. അപ്പോൾ കൈയിൽ കയറിപിടിച്ച് തടഞ്ഞുവെന്ന് പറഞ്ഞ് ആ വിദ്യാർത്ഥിയെ മർദ്ദിച്ച് അവശനാക്കി. ആ പരാതിക്ക് ഇപ്പോഴും തീർപ്പായിട്ടില്ല. ഹോസ്റ്റലിൽ ആണെങ്കിൽ ടീ ഷർട്ടിട്ട് നടന്നാൽ ശിക്ഷ വേറെ. മീശയും താടിയുമൊക്കെ അങ്ങ് കാമ്പസിന് പുറത്തുമതി. പിന്നെ പ്രധാനപ്പെട്ട കാര്യം ജട്ടിയോ പാന്റീസോ വസ്ത്രത്തിനടിയിൽ ഇടരുത്. ഇട്ടാൽ ചേട്ടന്മാർക്ക് പിടിക്കില്ല. ഇട്ടിട്ടുണ്ടോന്ന് തപ്പി നോക്കും. അറിയാതെ എങ്ങാനും ഇട്ടുപോയാൽ അന്നത്തെ ദിവസം കാര്യം കഴിഞ്ഞു. മെസ്സിൽ പോകുമ്പോൾ ആൺകുട്ടികൾ കൈലി മാത്രം ധരിക്കണം. ജട്ടി ഇടാൻ പാടില്ല. സീനിയേഴ്‌സിനെ സോപ്പിടാൻ വേണ്ടി ചിരിക്കാനൊന്നും പോകരുത്. അറിയാതെ ചിരിച്ചുപോയാൽ നീയാരാടാ ചിരിച്ചുകാണിക്കാൻ എന്ന് ചോദിച്ച് തറപറ്റിക്കും. ഏതായാലും അനെക്‌സിനുണ്ടായ ദുരനുഭവത്തോടെ റാഗിങ് വിരുദ്ധ സ്‌ക്വാഡ് ഇടപെടുമെന്നും ഈ തോന്ന്യാസത്തിന് അറുതി വരുത്തുമെന്നുമൊക്കെയാണ് പാവം വിദ്യാർത്ഥികളുടെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP