Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പെറ്റമ്മയ്ക്കില്ലാത്ത ആശങ്ക വളർത്തമ്മയ്ക്ക് വേണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി; ഭരണഘടനാ ബാധ്യതക്കുള്ളിൽ നിന്നേ സർക്കാരിന് പ്രവർത്തിക്കാനാകൂ എന്ന് എസ് രാമചന്ദ്രൻ പിള്ളയും; മോദിയെ പോലെ കേരള സർക്കാർ പ്രവർത്തിക്കരുത് എന്ന മുന്നറിയിപ്പിന് പിന്നാലെ സിപിഎമ്മിന്റെ രൂപീകരണം മുതലുള്ള നിലപാടുകൾ ഓർമ്മപ്പെടുത്തി കാനം രാജേന്ദ്രന്റെ ഫേസ്‌ബുക്ക് കുറിപ്പ്; ഗോഡ്സെയുടെ പോലും വധശിക്ഷ നടപ്പിലാക്കിയത് കോടതി വിചാരണ നടത്തി കുറ്റവാളിയെന്നു കണ്ടെത്തിയതിനു ശേഷമെന്നും ഓർമ്മപ്പെടുത്തൽ

പെറ്റമ്മയ്ക്കില്ലാത്ത ആശങ്ക വളർത്തമ്മയ്ക്ക് വേണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി; ഭരണഘടനാ ബാധ്യതക്കുള്ളിൽ നിന്നേ സർക്കാരിന് പ്രവർത്തിക്കാനാകൂ എന്ന് എസ് രാമചന്ദ്രൻ പിള്ളയും; മോദിയെ പോലെ കേരള സർക്കാർ പ്രവർത്തിക്കരുത് എന്ന മുന്നറിയിപ്പിന് പിന്നാലെ സിപിഎമ്മിന്റെ രൂപീകരണം മുതലുള്ള നിലപാടുകൾ ഓർമ്മപ്പെടുത്തി കാനം രാജേന്ദ്രന്റെ ഫേസ്‌ബുക്ക് കുറിപ്പ്; ഗോഡ്സെയുടെ പോലും വധശിക്ഷ നടപ്പിലാക്കിയത് കോടതി വിചാരണ നടത്തി കുറ്റവാളിയെന്നു കണ്ടെത്തിയതിനു ശേഷമെന്നും ഓർമ്മപ്പെടുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് കൊലപാതകത്തിന്റെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തിൽ ഇടത് മുന്നണിയിൽ തർക്കം രൂക്ഷമാകുന്നു. പൊലീസ് ചെയ്തതെല്ലാം ശരിയെന്ന നിലപാടിൽ സിപിഎമ്മിലെ പ്രബല വിഭാഗം ഉറച്ചു നിൽക്കുമ്പോൾ സിപിഐയും ഒട്ടും വിട്ടുവീഴ്‌ച്ചക്ക് തയ്യാറല്ല. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട പ്രതികൾക്കെതിരെ പാർട്ടി നടപടി ഉടനില്ല എന്ന് വ്യക്തമാക്കിയ കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ സിപിഐക്കിട്ട് കൊട്ടാനും മറന്നില്ല. ഇക്കാര്യത്തിൽ പെറ്റമ്മയ്ക്കില്ലാത്ത ആശങ്ക വളർത്തമ്മയ്ക്ക് വേണ്ടെന്നായിരുന്നു പി.മോഹനന്റെ പരിഹാസം.

സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ളയും പൊലീസിനെയും സിപിഎം സംസ്ഥാന നേതൃത്വത്തെയും ന്യായീകരിക്കുകയാണ്. യുഎപിഎ ചുമത്തരുത് എന്ന് തന്നെയാണ് സിപിഎം നിലപാട്. എന്നാൽ സർക്കാരിന് ഭരണഘടനാ ബാധ്യതയുണ്ട്. ആ ചട്ടക്കൂടിനകത്ത് നിന്നേ പ്രവർത്തിക്കാനാകൂവെന്നും എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു.

താഹയ്ക്കും അലനും മാവോയിസ്റ്റ് ബന്ധമുണ്ടെന്നും സ്ഥിതി ഗുരുതരമാണെന്നുമാണ് ജില്ലാ കമ്മിറ്റി റിപ്പോർട്ട്. എന്നാൽ ഇരുവർക്കുമെതിരായ പാർട്ടി നടപടി ഉടനുണ്ടാകില്ല. ഇടതുസർക്കാരുകളെ അട്ടിമറിക്കാനാണ് എല്ലാക്കാലത്തും മാവോയിസ്റ്റുകൾ ശ്രമിച്ചിട്ടുള്ളതെന്നാരോപിച്ച് സിപിഎം സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. യുഎപിഎ ഫെഡറൽ കാഴ്ചപ്പാടിന് എതിരും പൗരാവകാശത്തിനുനേരെയുള്ള കടന്നാക്രമണവുമാണെന്ന് വിശദീകരിച്ച സിപിഎം ജനാധിപത്യകാഴ്ചപ്പാടോടെ നിയമത്തെ സമീപിക്കാനാണ് ശ്രമമെന്നും പറയുന്നു. നാല് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ യുഎപിഎയ്‌ക്കെതിരാണ് പാർട്ടി നിലപാട് എന്ന് ചൂണ്ടിക്കാണിച്ചിട്ടും സംസ്ഥാന നേതൃത്വം വഴങ്ങാത്ത അസാധാരണ സാഹചര്യമാണിത്.

കോഴിക്കോട് പന്തീരങ്കാവിൽ രണ്ട് പാർട്ടി അംഗങ്ങൾക്കെതിരെ യുഎപിഎ ചുമത്തിയതിൽ സിപിഎം ഇടപെടില്ല. താഹയ്ക്കും അലനും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന കോഴിക്കോട് ജില്ലാകമ്മിറ്റി റിപ്പോർട്ട് പരിഗണിച്ചാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിലപാടുമാറ്റം. മാവോയിസ്റ്റ് പാർട്ടി ഭീകരസംഘടനമാത്രമാണെന്നും യുഎപിഎ കേസിൽ സത്യസന്ധമായ അന്വേഷണം സർക്കാർ ഉറപ്പുനൽകിയിട്ടുണ്ടെന്നും സിപിഎം വാർത്താക്കുറിപ്പിറക്കി.

സിപിഎം പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തരുതെന്ന മുൻ നിലപാടിൽ നിന്ന് മലക്കംമറിഞ്ഞാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പൊലീസിനെ പിന്തുണയ്ക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പം എത്തിയത്. യുഎപിഎയിൽ തൽക്കാലം പാർട്ടി ഇടപെടില്ല. യുഎപിഎ സമിതി ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതുവരെ കാത്തുനിൽക്കാനാണ് ധാരണ. കോഴിക്കോട് ജില്ലാ കമ്മിറ്റി റിപ്പോർട്ടും മുഖ്യമന്ത്രിയുടെ വിശദീകരണവും പരിഗണിച്ചാണ് നിലപാടുമാറ്റം. യുഎപിഎയിൽ അന്വേഷണം സത്യസന്ധമായിരിക്കുമെന്ന് മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ഉറപ്പ് നൽകി.

അതേസമയം, മോദി സർക്കാർ പോലെ കേരളസർക്കാർ പ്രവർത്തിക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുറന്നടിച്ചിരുന്നു. മാവോയിസ്റ്റുകളോട് സ്വീകരിക്കേണ്ട സമീപനവും യുഎപിഎ യോടുള്ള നിലപാടും കൃത്യമായി പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഫേസ്‌ബുക്കിലും കുറിച്ചു. മാവോയിസ്റ്റ് കൊലപാതകങ്ങളുടെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തതിലും സിപിഐ-സിപിഎം നിലപാട് തർക്കം രൂക്ഷമാകവെയാണ് സിപിഎമ്മിന്റെ രൂപീകരണം മുതൽ വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ യുഎപിഎ നിയമത്തിനെതിരായി സ്വീകരിച്ച നിലപാട് വരെ എണ്ണിപ്പറഞ്ഞ് കാനം രാജേന്ദ്രൻ രംഗത്തെത്തിയത്. അറസ്റ്റിലായ ചെറുപ്പക്കാർ മാവോയിസ്റ്റുകൾ തന്നെയാണ് എന്നും മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിൽ ആണെന്നുമുള്ള സിപിഎം നിലപാട് അംഗീകരിക്കാൻ കഴിയില്ല എന്ന വ്യക്തമായ സന്ദേശമാണ് സിപിഐ സംസ്ഥാന സെക്രട്ടറി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ നൽകുന്നത്.

കാനത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ശിക്ഷ വിധിക്കേണ്ടത് കോടതിയാണ്

1925 ഡിസംബർ 26 ന് കാൺപൂരിൽ വച്ചു നടന്ന പാർട്ടി സമ്മേളനത്തിൽ വച്ച് ഇന്ത്യൻ കമ്മ്യൂണിസ്റ്റു പാർട്ടി രൂപീകൃതമായതിനു ശേഷം പല കാലഘട്ടങ്ങളിലും കമ്മ്യൂണിസ്റ്റു ഗ്രൂപ്പുകൾ
സിപിഐ യിൽ നിന്നും വിഘടിച്ചു പോവുകയും സ്വന്തമായി കമ്മ്യൂണിസ്റ്റു പാർട്ടികൾ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.

1964 ൽ പാർട്ടി വിട്ടുപോയ സഖാക്കൾ രൂപീകരിച്ച പാർട്ടിയാണ് സിപിഐ (എം). പിന്നീട് ചൈനയിൽ ചെയർമാൻ മാവോ സെതുങ്ങ് നയിച്ച സായുധ വിപ്ലവത്തിൽ ആകൃഷ്ടരായ ചില ചെറുപ്പക്കാർ 1967 ൽ പശ്ചിമ ബംഗാളിലെ നക്സൽ ബാരി എന്ന ഗ്രാമത്തിൽ സംഘടിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്ലെനിനിസ്റ്റ്) രൂപീകരിച്ചു. സായുധവിപ്ലവത്തിൽ വിശ്വസിച്ച അവർക്ക് നക്സലുകൾ എന്ന വിളിപ്പേരുണ്ടായി.

ഏതാണ്ടിതേ കാലത്തു തന്നെ 1966 ൽ പശ്ചിമ ബംഗാളിൽ മാവോ സെ തുങ്ങിന്റെ ആശയങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റർ രൂപീകരിച്ചു. തെലുങ്കാനയിൽ രൂപീകൃതമായ പീപ്പിൾസ് വാർ ഗ്രൂപ്പും, ഇതേ ആശയം തന്നെ പിന്തുടർന്നു.

പിന്നീട് ചില നക്സലൈറ്റ് ഗ്രൂപ്പുകൾ പാർലമെന്ററി ജനാധിപത്യ രീതി അംഗീകരിച്ചുകൊണ്ട് പൊതുധാരയിലേക്ക് തിരിച്ചു വന്നു. സിപിഐ (എം.എൽ) പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. അവർ നിയമസഭകളിലും പാർലമെന്റിലും എത്തി. 1989 ൽ ബീഹാറിലെ ആര മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രാമേശ്വർ പ്രസാദാണ് ഇന്ത്യൻ പാർലമെന്റിലെ ആദ്യ സിപിഐ (എം എൽ) അംഗം. അതേസമയം മാവോയിസ്റ്റുകളും പീപ്പിൾസ് വാർ ഗ്രൂപ്പും ഇപ്പോഴും സായുധ സമരത്തിന്റെ പാത പിന്തുടരുന്നു,

കേരളത്തെ സംബന്ധിച്ചിടത്തോളം ബംഗാളിൽ നക്സലൈറ്റ് പ്രസ്ഥാനം രൂപീകൃതമായ അറുപതുകളിൽ തന്നെ അതിന്റെ അലയൊലികൾ എത്തിച്ചേർന്നിരുന്നു. 'വസന്തത്തിന്റെ ഇടിമുഴക്കം'' എന്ന പേരിൽ ചെറുപ്പക്കാർ നക്സലിസത്തിൽ ആകൃഷ്ടരാവുകയും ചെയ്തു.

1970 ൽ തിരുനെല്ലിയിൽ വച്ച് നക്സലൈറ്റ് നേതാവ് വർഗീസ് പൊലീസ് വെടിയേറ്റു കൊല്ലപ്പെട്ടു. വർഷങ്ങൾക്കിപ്പുറം അത് ഒരു വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന് വെടിയുതിർത്ത പൊലീസുകാരൻ തന്നെ പരസ്യമായി സമ്മതിക്കുകയും ചെയ്തു.

നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ തകർച്ചയ്ക്കുശേഷം കേരളത്തിൽ വേരുറപ്പിക്കാൻ സായുധ വിപ്ലവത്തിൽ വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾക്കൊന്നും സാധിച്ചിട്ടില്ല. ഇന്ത്യയുടെ ചില ഭാഗങ്ങളിൽ വളർന്നു വന്ന മാവോയിസ്റ്റ് ഗ്രൂപ്പുകളുടെ സാന്നിദ്ധ്യം കേരളത്തിലെ പശ്ചിമഘട്ട വനമേഖലകളിൽ ഉണ്ടെന്നും അവർ വനമേഖലകളിൽ പ്രവർത്തിക്കുന്ന ക്വാറികളിലും റിസോർട്ടുകളിലും മറ്റും ചെന്ന് ഭീഷണിപ്പെടുത്തിയെന്നുമൊക്കെയുള്ള ചില വാർത്തകളും വന്നിരുന്നു. പക്ഷെ അവർ സാധാരണ പൗരന്മാരെ ആക്രമിച്ചതായി റിപ്പോർട്ട് ചെയ്തതായി കണ്ടിട്ടില്ല.

2016 നവംബറിൽ നിലമ്പൂരിലെ കരുളായി വന മേഖലയിൽ കുപ്പുസ്വാമി, അജിത, വയനാട് ലക്കിടിയിൽ 2019 മാർച്ചിൽ സി പി ജലീൽ, ഈ വർഷം ഒക്ടോബർ 27 ന് അട്ടപ്പാടി വനമേഖലയിൽ കാർത്തി, രമ, അരവിന്ദ്, മണിവാസകം എന്നിവരും മാവോയിസ്റ്റുകൾ എന്ന് വിശേഷിക്കപ്പെട്ട് തണ്ടർ ബോൾട്ടിന്റെ വെടിയുണ്ടക്കിരയായി. ഈ ഏഴുപേരിൽ ഭൂരിഭാഗം പേരും പുറകിൽ നിന്നും വെടിയേറ്റാണ് കൊല്ലപ്പെട്ടിരിക്കുന്നത്. വധിക്കുക എന്ന ഉദ്ദേശത്തോടെ ക്ലോസ് റേഞ്ചിൽ ഏറ്റ വെടിയുണ്ടകളാണ് മരണകാരണമായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും സൂചിപ്പിച്ചിരിക്കുന്നത്.

മാവോയിസ്റ്റുകൾ പോലുള്ള തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളെ വെടിയുണ്ടകളിലൂടെ ഉന്മൂലനം ചെയ്യാം എന്ന ധാരണ ബാലിശമാണ്. ഗ്രാമീണ ജനത കൊടിയ ദാരിദ്ര്യവും ചൂഷണവും വിവേചനവും അനുഭവിക്കുന്ന അവസ്ഥ മാറാത്തിടത്തോളം കാലം ഇത്തരം സംഘടനകളെ ഇല്ലാതാക്കുക ദുഷ്‌കരമാണ്

. മാവോയിസ്റ്റുകൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്കുള്ള രാഷ്ട്രീയ പരിഹാരത്തിലൂടെ മാത്രമേ ഇത്തരം പ്രസ്ഥാനങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കാനാവുകയുള്ളു എന്നാണ് ഇക്കാര്യത്തിൽ സിപിഐ യുടെ സുവ്യക്തമായ നിലപാട്. തീവ്രവാദത്തെയും, രാജ്യവിരുദ്ധ പ്രവർത്തനങ്ങളെയും പാർട്ടി ഒരിക്കലും അംഗീകരിക്കുന്നുമില്ല. പഞ്ചാബിൽ ഖലിസ്ഥാൻ വിഘടനവാദികൾക്കെതിരെ ഏറ്റവും ശക്തമായി പോരാടിയത് സിപിഐ ആണ്.

2015 മാർച്ച് 25 മുതൽ 29 വരെ പുതുച്ചേരിയിൽ നടന്ന സിപിഐ 22ാം പാർട്ടി കോൺഗ്രസ്സ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം കാശ്മീരിലും, നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലും എ എഫ് എസ് പി എ യുടെ ദുരുപയോഗം മനുഷ്യാവകാശ ലംഘനത്തിനിടയാക്കുന്നുവെന്നും അത് പിൻവലിക്കണമെന്നും ആവശ്യപ്പെടുന്നു.

തീവ്രവാദത്തിനെതിരെ എന്ന പേരിൽ മറ്റ് ജനവിരുദ്ധ നിയമങ്ങളിലൂടെ ജനങ്ങളുടെ പൗരസ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെയും രാഷ്ട്രീയ പ്രമേയം വിരൽ ചൂണ്ടുന്നു.

ഇടത് ഐക്യവും എല്ലാ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും ഏകീകരണവും ഉണ്ടാവണമെന്നും 22ാം സിപിഐ പാർട്ടി കോൺഗ്രസ്സ് തീരുമാനിച്ചു. കൂടാതെ ഒരു വിശാല ഇടത് ജനാധിപത്യ ഐക്യനിര, മതനിരപേക്ഷത, ജനാധിപത്യം, ജനപക്ഷ സാമ്പത്തിക നയങ്ങൾ എന്നീ മിനിമം പരിപാടികളുടെ അടിസ്ഥാനത്തിൽ രൂപീകരിക്കേണ്ടതുണ്ടെന്നും പാർട്ടി തീരുമാനിച്ചു.

വിശാഖപട്ടണത്ത് 2015 ഏപ്രിൽ 14 മുതൽ 19 വരെ നടന്ന 21ാം സിപിഐ (എം) പാർട്ടി കോൺഗ്രസ്സ് സ്വീകരിച്ച പ്രമേയത്തിൽ ജനാധിപത്യ അവകാശങ്ങൾ അടിച്ചമർത്തുന്നതുമായി ബന്ധപ്പെട്ട് ജമ്മുകാശ്മീരിലും മണിപ്പൂരിലും എ എഫ് എസ് പി എ, കൂടാതെ യു എ പി എ ഇവയെല്ലാ ജനാധിപത്യ അവകാശങ്ങളെ അടിച്ചമർത്തുന്ന പൈശാചിക നിയമങ്ങളാണെന്നും ജനാധിപത്യ ശക്തികളെയും, പൗരസംഘങ്ങളെയും ജനാധിപത്യാവകാശങ്ങളും, പൗരസ്വാതന്ത്ര്യവും സംരക്ഷിക്കാൻ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അടിവരയിട്ടു പറയുന്നു.

അതുപോലെ തന്നെ ഇടതുപക്ഷ ഐക്യനിരയിൽ കൂടുതൽ കമ്മ്യൂണിസ്റ്റു പാർട്ടികളെയും ഗ്രൂപ്പുകളെയും വ്യക്തികളെയും ഉൾപ്പെടുത്തി വിശാലമായ ഒരു ഇടത് പ്ലാറ്റ് ഫോം രൂപീകരിക്കുവാനുള്ള ശ്രമം മുന്നോട്ട് കൊണ്ടുപോകണം എന്നും പറയുന്നു.

കോഴിക്കോട് കഴിഞ്ഞദിവസം വിദ്യാർത്ഥികളെ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ യു എ പി എ ഒരു ജനാധിപത്യ വിരുദ്ധ കരിനിയമമാണെന്നും രണ്ടു യുവാക്കൾക്കെതിരെ പൊലീസ് അത് ചുമത്തരുതായിരുന്നുവന്നും സിപിഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പൊലീസ് വിദ്യാർത്ഥികൾക്കെതിരെ യു എ പി എ ചുമത്തിയത് ന്യായീകരിക്കാവുന്നതല്ല. പൊലീസിനു തെറ്റുപറ്റി എന്നും മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും പ്രതികരിച്ചത് ഈ വിഷയത്തിൽ സിപിഐ (എം) നിലപാട് ഒരിക്കൽ കൂടി വ്യക്തമാക്കുന്നു.

സുപ്രീംകോടതി പൊലീസ് ഏറ്റുമുട്ടലുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഭവങ്ങളിൽ മരണമോ മാരകമായ പരുക്കോ ഏൽക്കുമ്പോൾ അന്വേഷണത്തിന് സ്വീകരിക്കേണ്ട 16 മാർഗ്ഗ നിർദ്ദേശങ്ങൾ പി യു സി എൽ V/S സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര എന്ന കേസിൽ 2014 ൽ തന്നെ പുറപ്പടുവിച്ചിട്ടുണ്ട്. അവ രാജ്യത്ത് നിലനിൽക്കുന്ന നിയമമാണ്. അവ പാലിക്കപ്പെടണം. 2013 മാർച്ചിൽ ജസ്റ്റിസ് മാർക്കണ്ഠേയ കഡ്ജൂ, ജസ്റ്റിസ് ജ്ഞാൻസുധ മിശ്ര എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് ബോംബെ ഹൈക്കോടതി വ്യാജ ഏറ്റുമുട്ടലിൽ ഒരാളെ വധിച്ച പൊലീസുകാരുടെ ജാമ്യം റദ്ദാക്കിയ കേസിലെ അപ്പീലിൽ ഇങ്ങനെ നിരീക്ഷിച്ചു.

If an encounter was proved fake, the case should bet ൃലated as a rarest of rare case and the policemen guitly of the offence of murder must be awarded death punishment . Fake encounters are nothing but cold blooded, brutal murder by the persons who are supposed to uphold the law.

വയനാട്ടിലെ നിരവിൽ പുഴയിലെ ശ്യാം ബാലകൃഷ്ണനെന്ന ചെറുപ്പക്കാരനെ പൊലീസ് മാവോയിസ്റ്റ് എന്ന പേരിൽ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അറസ്റ്റ് ചെയ്യുകയും, സെർച്ച് വാറന്റില്ലാതെ വീട് പരിശോധിച്ച് ലാപ്ടോപ്പടക്കം കസ്റ്റഡിയിലെടുക്കുകയും കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയും ചെയ്തതിനെതിരായി ശ്യാം കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത റിട്ട് ഹർജിയിൽ 2015 മെയ് 22 ന് ജസ്റ്റിസ് മുഹമ്മദ് മുഷ്ത്താക്ക് പരാതിക്കാരന് ഒരുലക്ഷം രൂപ നഷ്ടപരിഹാരമായും, പതിനായിരം രൂപ കോടതി ചെലവും സർക്കാർ നൽകുവാൻ വിധിച്ച കാര്യവും ഈ സന്ദർഭത്തിൽ പ്രസക്തമാണ്.

Libetry is one of the cardinal principles , etched in any civilised socitey governed by law. The constitution only declared the inherent right of a person to hold such libetry against the whole world without interference unless authorised by law. .എന്നാണ് ഈ കേസിൽ കേരള ഹൈക്കോടതി നിരീക്ഷിച്ചത്.

ഒരു കുറ്റവാളിയെയും നിയമം അനുശാസിക്കുന്ന വിചാരണക്ക് ശേഷമല്ലാതെ ശിക്ഷിക്കുവാൻ ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നില്ല. മഹാത്മജിയെ വധിച്ച നാഥുറാം ഗോഡ്സെയെപ്പോലും കോടതി വിചാരണ നടത്തി കുറ്റവാളിയെന്നു കണ്ടെത്തിയതിനു ശേഷമാണ് വധശിക്ഷ നടപ്പിലാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP