Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മണിയാശാൻ കട്ടക്കലിപ്പിലാണെങ്കിലും കളി ഇ.ചന്ദ്രശേഖരനോട് വേണ്ട! സിപിഎം മന്ത്രിയുടെ മരുമകന്റെ ബാങ്കിന് കെഎസ്ഇബിയുടെ ഭൂമി കൈമാറിയത് നിയമവിരുദ്ധമായി; സർക്കാർ പുറമ്പോക്കെന്ന് ഇടുക്കി കളക്ടറുടെ റിപ്പോർട്ട്; 21 ഏക്കറിന്റെ കൈമാറ്റത്തിൽ കർശന നടപടിക്ക് നിർദ്ദേശമെന്നും റവന്യുമന്ത്രി പറയുമ്പോൾ ക്രമക്കേടില്ലെന്നും റവന്യുവകുപ്പിന്റെ അനുമതി വേണ്ടെന്നും എം.എം.മണി നിയമസഭയിൽ; പരസ്പരവിരുദ്ധ മറുപടികൾ കേട്ട് കണ്ണുതള്ളി പ്രതിപക്ഷം

മണിയാശാൻ കട്ടക്കലിപ്പിലാണെങ്കിലും കളി ഇ.ചന്ദ്രശേഖരനോട് വേണ്ട! സിപിഎം മന്ത്രിയുടെ മരുമകന്റെ ബാങ്കിന് കെഎസ്ഇബിയുടെ ഭൂമി കൈമാറിയത് നിയമവിരുദ്ധമായി; സർക്കാർ പുറമ്പോക്കെന്ന് ഇടുക്കി കളക്ടറുടെ റിപ്പോർട്ട്; 21 ഏക്കറിന്റെ കൈമാറ്റത്തിൽ കർശന നടപടിക്ക് നിർദ്ദേശമെന്നും റവന്യുമന്ത്രി പറയുമ്പോൾ ക്രമക്കേടില്ലെന്നും റവന്യുവകുപ്പിന്റെ അനുമതി വേണ്ടെന്നും എം.എം.മണി നിയമസഭയിൽ; പരസ്പരവിരുദ്ധ മറുപടികൾ കേട്ട് കണ്ണുതള്ളി പ്രതിപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: ആരാണ് സത്യം പറയുന്നത് സിപിഎമ്മിന്റെ മണിയാശാൻ എന്ന സാക്ഷാൽ എം.എം.മണിയോ? അതോ സിപിഐയുടെ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനോ? കാരണം പിണറായി സർക്കാരിനെ വെട്ടിലാക്കുന്ന വിധം പരസ്പര വിരുദ്ധമായിരുന്നു രണ്ടുമന്ത്രിമാരുടെയും നിയമസഭയിലെ മറുപടികൾ. വിഷയം പൊന്മുടി അണക്കെട്ട് പരിസരത്തെ കെഎസ്ഇബി കൈവശ ഭൂമി രാജാക്കാട് ബാങ്കിന് പാട്ടത്തിന് നൽകിയത്.

ബാങ്കിന് കെഎസ്ഇബി കൈവശഭൂമി പാട്ടത്തിന് നൽകിയത് നിയമവിധേയമല്ലെന്നാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ വെള്ളിയാഴ്ച നിയമസഭയിൽ വ്യക്തമാക്കിയത്. മന്ത്രി എംഎം മണിയുടെ മരുമകൻ പ്രസിഡന്റായ ബാങ്കിന് കൈമാറിയത് സർക്കാരിന്റെ പുറമ്പോക്ക് ഭൂമിയാണ്. കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി നിയമസഭയെ അറിയിച്ചു.ഡാം പരിസരത്തെ 21 ഏക്കർ ഭൂമിയാണ് കെഎസ്ഇബി രാജാക്കാട് സഹകരണ ബാങ്കിന് ക്രമവിരുദ്ധമായി പാട്ടത്തിന് നൽകിയത്. ഇത് നിമയവിധേയമല്ലെന്നാണ് മന്ത്രി ഇ ചന്ദ്രശേഖരൻ നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കിയത്. കൈമാറിയ ഭൂമി സർക്കാർ പുറമ്പോക്കാണെന്ന് ജില്ലാ കളക്ടർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

എന്നാൽ, വിഷയത്തിൽ മന്ത്രി എം.എം.മണി നേരത്തെ മറുപടി നൽകിയത് ഭൂമി പാട്ടത്തിന് നൽകിയതിൽ ക്രമക്കേടില്ല എന്നാണ്. ഭൂമി കൈമാറ്റത്തിന് റവന്യൂ വകുപ്പിന്റെ അനുമതി നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ചോദ്യം ബാധകമല്ലെന്നും മന്ത്രി മറുപടി നൽകിയിരുന്നു. എന്നാൽ മന്ത്രി മണിയുടെഈ വാദങ്ങൾക്ക് കടകവിരുദ്ധമാണ് റവന്യൂ മന്ത്രി നിയമസഭയിൽ നൽകിയ മറുപടി. ഇതോടെ, ഈ വിഷയത്തിൽ മന്ത്രിസഭയിലെ രണ്ടംഗങ്ങൾ വ്യത്യസ്ത മറുപടി പറഞ്ഞതോടെ മുന്നണിയിലെ രണ്ടുപാർട്ടികൾ തമ്മിലെ പോര് നിയമസഭയിലേക്കും വലിച്ചിഴച്ചിരിക്കുകയാണ്. കെഎസ്ഇബിയുടെ ഭൂമി രാജാക്കാട് സഹകരണ ബാങ്കിന് കൈമാറിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടാൻ റവന്യു മന്ത്രിക്ക് അവകാശമില്ലെന്നാണ് എം എം മണിയുടെ നിലപാട്.

അനുമതിക്കായി സമീപിച്ചത് തന്റെ മരുമകനല്ലെന്നും രാജാക്കാട് സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റാണ് അനുമതി തേടിയതെന്നും മണി പറഞ്ഞിരുന്നു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ബാങ്കായതിനാലാണ് അനുമതി നൽകിയതെന്നും മന്ത്രി വ്യക്തമാക്കി. ഇടുക്കി ജില്ലാ കളക്ടർക്കാണ് അദ്ദേഹം നിർദ്ദേശം നൽകിയത്. അന്വേഷണം നടക്കട്ടെ. ബാക്കി കാര്യങ്ങളെല്ലാം താൻ നോക്കിക്കോളാമെന്നും മണി പറഞ്ഞിരുന്നു. ഏതായാലും ഇക്കാര്യത്തിൽ മുന്നണിയിലെ ഘടകക്ഷികൾ തമ്മിലെ പോര് രൂക്ഷമാക്കും വിധത്തിലാണ് മണിയാശാന്റെയും ഇ.ചന്ദ്രശേഖരന്റെയും പ്രതികരണങ്ങൾ.

മന്ത്രി എം.എം. മണി അധ്യക്ഷനായിരുന്ന യോഗങ്ങളിലായിരുന്നു സർക്കാർ ഭൂമി പാട്ടത്തിനു നൽകുന്നതു സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്. സിപിഎം നിയന്ത്രണത്തിലുള്ള രാജാക്കാട് സർവീസ് സഹകരണ ബാങ്കിനാണു പൊന്മുടി അണക്കെട്ടിനു സമീപത്തെ സർക്കാർ ഭൂമി പാട്ടത്തിനു നൽകിയത്. ഫെബ്രുവരി 28 നു ചേർന്ന കെഎസ്ഇബിയുടെ ഫുൾ ബോർഡ് യോഗമാണ് തീരുമാനം എടുത്തത്. കെഎസ്ഇബിക്കു കീഴിലുള്ള ഹൈഡൽ ടൂറിസത്തിന്റെ റിപ്പോർട്ട് പ്രകാരമാണ് നടപടി. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കൂടിയായ വി.എ. കുഞ്ഞുമോനാണ് ബാങ്ക് പ്രസിഡന്റ്. മന്ത്രി എം.എം. മണിയുടെ മകളും രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റുമായ സതിയുടെ ഭർത്താവാണു കുഞ്ഞുമോൻ.

വൈദ്യുതി ബോർഡിന്റെ കൈവശമുള്ള ഭൂമി രാജാക്കാട് സർവീസ് സഹകരണ ബാങ്കിന് പാട്ടത്തിന് നൽകിയതിൽ ക്രമക്കേടില്ലെന്ന് മന്ത്രി എം.എം മണി നേരത്തെ പ്രതികരിച്ചിരുന്നു. വ്യക്തികൾ ലാഭമുണ്ടാകാതിരിക്കാൻ വേണ്ടിയാണ് സഹകരണ സംഘങ്ങൾക്ക് ഭൂമി നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.മണിയുടെ മകളുടെ ഭർത്താവ് ബി.എ. കുഞ്ഞുമോനാണ് ബാങ്കിന്റെ പ്രസിഡന്റ്. 21 ഏക്കർ ഭൂമിയാണ് ബാങ്കിന് പാട്ടത്തിന് നൽകിയത്. ഇത് ക്രമവിരുദ്ധമാണെന്നും വൻ അഴിമതി നടന്നിട്ടുണ്ടെന്നും മുൻ ഡിസിസി പ്രസിഡന്റ് റോയ് കെ പൗലോസ് ആരോപിച്ചിരുന്നു.

'ഹൈഡൽ ടൂറിസം പദ്ധതിയുടെ ചെയർമാൻ ഞാനാണ്. വ്യക്തികൾ ലാഭമുണ്ടാക്കാതിരിക്കാനാണ് സഹകരണ സംഘങ്ങൾക്ക് നൽകാൻ തീരുമാനിച്ചത്. നാട്ടിൽ ആർക്കെങ്കിലും ജോലി കിട്ടാനും അത് സഹായിക്കും. ടെൻഡറൊക്കെ വിളിച്ചാണ് ഇതൊക്കെ ചെയ്തത്. ഇത്ര ശതമാനം ഹൈഡൽ ടൂറിസത്തിനും ഇത്ര ശതമാനം വൈദുതി വകുപ്പിനും പണം നൽകണമെന്നും വ്യവസ്ഥയുണ്ട്': മന്ത്രി എം.എം മണി നേരത്തെ പറഞ്ഞു. ഉടുമ്പൻചോല താലൂക്ക് ഓഫീസിലെയും ബേസിക് ടാക്‌സ് രജിസ്റ്ററിലെയും രേഖകൾ പ്രകാരം സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വൈദ്യുതി ബോർഡ് ഉപപാട്ടത്തിനു നൽകിയതിൽ അപാകമുണ്ടെന്നാണ് ആക്ഷേപം. സർക്കാർ ഭൂമി എന്താവശ്യത്തിനായി കൈമാറിയോ അതിനു മാത്രമേ ഉപയോഗിക്കാവൂ എന്നാണു വ്യവസ്ഥ. ഇതു നിലനിൽക്കെയാണ് അമ്യൂസ്മെന്റ് പാർക്ക് നിർമ്മാണത്തിനായി 15 വർഷത്തേക്ക് ഭൂമി വിട്ടുനൽകിയത്.

ഇടുക്കിയിലെ പൊന്മുടി അണക്കെട്ടിനു സമീപം വൈദ്യുതിബോർഡിന്റെ കൈവശം 76 ഏക്കർ സ്ഥലമുണ്ടെന്നും അതിൽ ഉൾപ്പെട്ട 21 ഏക്കറിൽ അമ്യൂസ്മെന്റ് പാർക്ക് തുടങ്ങാനാവുമെന്നും ഹൈഡൽ ടൂറിസം സെന്റർ റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതനുസരിച്ചാണ് അഞ്ചുമുതൽ പത്തുവരെ കോടിരൂപ ചെലവ് വരുന്ന പദ്ധതിക്കായി ടെൻഡർ ക്ഷണിക്കാൻ തീരുമാനിച്ചത്. ടെൻഡറിൽ പങ്കെടുത്ത മൂന്നു സഹകരണ സംഘങ്ങളിൽനിന്നാണ് രാജാക്കാട് സഹകരണസംഘത്തെ പദ്ധതിക്കായി തിരഞ്ഞെടുത്തത്. 20 ശതമാനം വരുമാനം പങ്കിടാമെന്നായിരുന്നു വ്യവസ്ഥ. ഇതിനായി ഹൈഡൽ ടൂറിസം സെന്ററിന്റെ ആവശ്യപ്രകാരം വൈദ്യുതി ബോർഡ് ഭൂമി അവർക്കു കൈമാറുകയായിരുന്നു. എന്നാൽ ടെൻഡറിന്റെ വിശദാംശങ്ങളൊന്നും പുറത്തുവിട്ടതുമില്ല.

കെഎസ്ഇബിക്കു കീഴിൽ, വിനോദസഞ്ചാര സാധ്യതയുള്ള കേന്ദ്രങ്ങളുടെ സംരക്ഷണം ഹൈഡൽ ടൂറിസത്തിന്റെ നിയന്ത്രണത്തിലാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇത്തരം കേന്ദ്രങ്ങളുടെ പരിപാലനത്തിനായി സാമ്പത്തിക ഭദ്രതയുള്ള സഹകരണ സ്ഥാപനങ്ങളെ വിനോദസഞ്ചാര വികസനത്തിൽ പങ്കാളികൾ ആക്കണമെന്നു കഴിഞ്ഞ വർഷം മെയ് 5 നു ചേർന്ന ഹൈഡൽ ടൂറിസത്തിന്റെ ഗവേണിങ് ബോഡി തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജാക്കാട് സഹകരണ ബാങ്കിനു ഭൂമി കൈമാറിയത്.

രാജാക്കാട് സർവീസ് സഹകരണ ബാങ്കാണ് ഏറ്റവും കൂടുതൽ ലാഭവിഹിതം വാഗ്ദാനം ചെയ്തതെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. വിവിധ സഹകരണ സ്ഥാപനങ്ങൾ ടെൻഡർ സമർപ്പിച്ചു എന്നും ഇതു സംബന്ധിച്ച് പുറത്തുവിട്ട ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ ടെൻഡർ സമർപ്പിച്ചത് ഏതൊക്കെ സ്ഥാപനങ്ങൾ ആണെന്നോ ക്വോട്ട് ചെയ്ത തുക എത്രയാണെന്നോ ഉള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.ആകെ വരുമാനത്തിന്റെ 20 ശതമാനം ഹൈഡൽ ടൂറിസത്തിനു നൽകാമെന്നാണ് രാജാക്കാട് സഹകരണ ബാങ്കിന്റെ വാഗ്ദാനം. ടെൻഡർ ഈ സഹകരണ ബാങ്കിനു തന്നെ നൽകാൻ തീരുമാനിച്ചത് മന്ത്രി കൂടി അധ്യക്ഷനായി പങ്കെടുത്ത ഫെബ്രുവരി രണ്ടിനു നടന്ന യോഗത്തിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP