Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു വർഷം മുമ്പു കൂട്ടു വന്ന മരണം ഇത്തവണയെത്തിയത് ഫാ വിത്സൺ ഉറങ്ങുമ്പോൾ; കേരളത്തിൽ വിവരമെത്തിയത് സോഷ്യൽ മീഡിയ വഴി; ആരോടും യാത്ര പറയാൻ നിൽക്കാതെ വിത്സൺ മടങ്ങിയത് 15 സഹോദരങ്ങളെ തനിച്ചാക്കി; വിടവാങ്ങിയത് കെറ്ററിങ് കാത്തലിക് മിഷൻ സജീവമാക്കാൻ പ്രവർത്തിച്ച വൈദികൻ

ഒരു വർഷം മുമ്പു കൂട്ടു വന്ന മരണം ഇത്തവണയെത്തിയത് ഫാ വിത്സൺ ഉറങ്ങുമ്പോൾ; കേരളത്തിൽ വിവരമെത്തിയത് സോഷ്യൽ മീഡിയ വഴി; ആരോടും യാത്ര പറയാൻ നിൽക്കാതെ വിത്സൺ മടങ്ങിയത് 15 സഹോദരങ്ങളെ തനിച്ചാക്കി; വിടവാങ്ങിയത് കെറ്ററിങ് കാത്തലിക് മിഷൻ സജീവമാക്കാൻ പ്രവർത്തിച്ച വൈദികൻ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഒരു വർഷം മുൻപ് മരണത്തിന്റെ തണുത്ത കരങ്ങൾ ഫാ. വിത്സൺ കൊറ്റത്തിലിനെ ഒന്ന് തലോടാൻ എത്തിയതാണ്. അന്ന് ഭാഗ്യം പക്ഷെ അദ്ദേഹത്തിന് ഒപ്പം നിന്നു. ഗുരുതരമായ ഉദര രോഗം ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചപ്പോൾ മരണത്തിനും ജീവിതത്തിനും ഇടയിൽ ഉള്ള നൂൽപ്പാലത്തിലൂടെ ആഴ്ചകൾ അദ്ദേഹം രോഗക്കിടക്കയിൽ കഴിഞ്ഞ ശേഷമാണു സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്.

സാവധാനം ആരോഗ്യ നില വീണ്ടെടുത്ത ഫാ. വിത്സൺ ബ്രിട്ടീഷ് സമൂഹത്തിനൊപ്പം മലയാളികൾക്ക് വേണ്ടിയും കേറ്ററിങ്ങിൽ ആധ്യാത്മിക സേവനം നടത്തി വരവേ യാതൊരു സൂചനയും നൽകാതെ മരണം പതുങ്ങിയെത്തി അദ്ദേഹത്തെ തട്ടിയെടുക്കുക ആയിരുന്നു. കഴിഞ്ഞ ദിവസവും അദ്ദേഹത്തെ കെറ്ററിങ് ടൗണിൽ വച്ച് കണ്ടവർ കുശാലാന്വേഷണം നടത്തുമ്പോഴും യാതൊരു അവശതയും പ്രകടമായിരുന്നില്ല. രോഗം പൂർണമായും ഭേദമായെന്നു കരുതിയ അവസരത്തിൽ ഉറക്കത്തിൽ എത്തിയ മരണത്തെ തടഞ്ഞു നിർത്താൻ ഇത്തവണ ഭാഗ്യം അദ്ദേഹത്തിന് ഒപ്പം ഉണ്ടായില്ല എന്നതാണ് സത്യം.

ഇന്നലെ രാവിലെ പള്ളിയിൽ കുർബാന അർപ്പിക്കുന്നതിനു ഒരുക്കം നടക്കവെയാണ് അച്ചന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് പള്ളി സഹായികൾ താമസ സ്ഥലത്ത് എത്തിയപ്പോൾ ചലനമറ്റ നിലയിൽ കിടക്കുന്ന വൈദികനെയാണ് കണ്ടെത്തിയത്. പാരാ മെഡിക്കൽ ടീം എത്തി മരണം സ്ഥിരീകരിച്ചതോടെ പൊലീസ് എത്തി നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുക ആയിരുന്നു. അസ്വാഭാവിക മരണം എന്ന നിലയിൽ പൊലീസ് കേസെടുത്തിരിക്കുന്നതിനാൽ പോസ്റ്റ്‌മോർട്ടം ഉൾപ്പെടയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം ആയിരിക്കും മൃതദേഹം വിട്ടു നൽകുക.

നോർത്താംപ്ടൺ രൂപതയുടെ കീഴിൽ വൈദിക സേവനത്തിനെത്തിയ ഫാ. വിത്സൺ കെറ്ററിങ് ആസ്ഥാനമായാണ് പ്രവർത്തിച്ചിരുന്നത്. മലയാളി സമൂഹത്തിന്റെ ആധ്യാല്മിക പ്രവർത്തനങ്ങളിൽ സദാ അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെട്ടിരുന്നതായി ഇടവക അംഗങ്ങൾ ഓർമ്മിക്കുന്നു. രണ്ടര വർഷം മുൻപ് സ്‌കോട്‌ലന്റിൽ ഫാ. മാർട്ടിൻ വാഴേച്ചിറയും അസ്വാഭാവിക സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ശേഷം യുകെ മലയാളികളെ തേടിയെത്തുന്ന രണ്ടാമത്തെ വൈദികന്റെ മരണമാണ് കെറ്ററിങ്ങിലേത്.

ഇക്കാരണത്താൽ തന്നെ കഴിഞ്ഞ രണ്ടാഴ്ചയായി യുകെ മലയാളികൾ കേൾക്കുന്ന തുടർ മരണ പരമ്പരയിൽ ഒന്ന് കൂടി എന്ന നിലയിൽ ഏറെ ഞടുക്കത്തോടെയാണ് 51 വയസ് മാത്രം പ്രായമുള്ള ഫാ വിത്സന്റെ മരണവും സാധാരണക്കാർ ശ്രവിച്ചത്. ഒരാഴ്ച മരണ വാർത്തകൾ മാറി നിന്ന ശേഷമാണു മൂന്നാഴ്ചയായി തുടരുന്ന മരണങ്ങളിൽ എട്ടാമത്തേതായി ഫാ വിത്സൺ ഇന്നലെ മാറിയിരിക്കുന്നത്. പക്ഷെ ദീർഘകാലമായി രോഗത്തിന്റെ പിടിയിലായിരുന്നു വൈദികൻ എന്ന വിവരം പുറത്തു വന്നതോടെ മരണത്തിലെ ദുരൂഹത ഏറെക്കുറെ ഒഴിവാകുകയാണ്. എന്നാൽ പൊലീസ് നടപടികൾ ഒഴിവാക്കാൻ സാധിക്കാത്തതിനാൽ മൃതദേഹം നാട്ടിൽ എത്തിക്കുന്നത് ഉൾപ്പെടയുള്ള കാര്യങ്ങളിൽ സ്വാഭാവികമായ കാലതാമസവും ഉണ്ടാകും.

അതിനിടെ ഫാ. വിത്സന്റെ മരണ വിവരം നൊടിയിടയിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത് കേരളത്തിലെ ബന്ധുക്കൾക്കും ആഘാതമായി. കൃത്യമായ വിവരം നൽകാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നവർക്കു സാധിക്കാത്തതിനാൽ ബന്ധുക്കളിൽ പലരും ഉടനെ അന്വേഷണമായി. വൈദികന്റെ ഓസ്ട്രേലിയയിലും യൂറോപ്പിലുമുള്ള ബന്ധുക്കളും തുടർന്ന് യുകെ മലയാളികളെ ബന്ധപ്പെടുക ആയിരുന്നു. അദ്ദേഹത്തിന്റെ സൗത്താംപ്ടണിൽ ഉള്ള ബന്ധുവും അൽപം വൈകിയാണ് വിവരം അറിഞ്ഞത്.

കോട്ടയം അയർക്കുന്നം ആറുമാനൂർ കൊറ്റത്തിൽ കുടുംബത്തിലെ പതിനാറു മക്കളിൽ ഒരാളാണ് ഫാ വിത്സൺ. സഹോദരങ്ങൾ എല്ലാവരും ജീവിച്ചിരിപ്പുണ്ടെന്നാണ് നാട്ടിലെ ബന്ധുക്കൾ അറിയിക്കുന്നത്. അതിനാൽ സംസ്‌കാരം നാട്ടിൽ തന്നെ നടത്താൻ ഉള്ള സാധ്യതയാണ് നിലനിൽക്കുന്നത്. രണ്ടു വർഷം മുൻപ് ഉണ്ടായ അസുഖം ശമനം കണ്ടതോടെ ഏതാനും മാസം മുൻപ് അദ്ദേഹം നാട്ടിൽ എത്തി മാസങ്ങളോളം ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒക്കെ സന്ദർശിച്ചു അടുത്തിടെയാണ് തിരികെ യുകെയിൽ എത്തിയത്.

ചങ്ങനാശേരി രൂപത നടത്തുന്ന ജേണലിസം കോളേജിന്റെ പ്രിൻസിപ്പൽ ആയി സേവനം ചെയ്തിരുന്ന ഫാ. വിൽസണ്‌ന് വൈദികർക്കിടയിൽ മികച്ച ബന്ധങ്ങൾ ആണ് ഉണ്ടായിരുന്നത്. കഴിഞ്ഞ നാലു വർഷമായി ഇദ്ദേഹം യുകെയിൽ വൈദികനായി സേവനം ചെയ്യുകയാണ്.

മരണം അറിഞ്ഞു ബിഷപ്പ് ജോസഫ് സ്രാമ്പിക്കൽ അടക്കം ഉള്ളവർ എത്തി ആദരാഞ്ജലി അർപ്പിച്ചിരുന്നു. ഇന്നലെ വൈകുന്നേരം നോർത്താംപ്ടൺ, കേറ്ററിങ്, കോർബി, മറ്റു സമീപപ്രദേശങ്ങൾ എന്നിവിടങ്ങളിൽനിന്നായി നിരവധിപേർ അദ്ദേഹം സേവനം ചെയ്യുകയായിരുന്ന സെന്റ് എഡ്വേർഡ് ദൈവാലയത്തിൽ ഒത്തുചേർന്നു. 4. 30നു നടന്ന വി. കുർബാനയ്ക്കും ഒപ്പീസു പ്രാർത്ഥനയ്ക്കും ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകി. വികാരി ജനറാൾമാരായ ഫാ. ജോർജ്ജ് ചേലക്കലും ഫാ. ജിനോ അരീക്കാട്ടും ചാൻസിലർ ഫാ. മാത്യു പിണക്കാട്ടും സെക്രട്ടറി ഫാ. ഫാൻസുവ പത്തിലും എംഎസ്എഫ്എസ് സഭാംഗങ്ങളായ വൈദികരും സമീപ പ്രദേശങ്ങളിൽ നിന്നുള്ള മറ്റു നിരവധി വൈദികരും വിശ്വാസസമൂഹവും പ്രാർത്ഥനാശുശ്രൂഷകളിൽ പങ്കുചേർന്നു.

നേരത്തെ മാർ ജോസഫ് സ്രാമ്പിക്കൽ, ഫാ. വിൽണിൻെ ഭൗതികശരീരം സൂക്ഷിച്ചിരുന്ന കെറ്ററിങ് ജെനെറൽ ആശുപത്രിയിലെത്തി ഒപ്പീസുപ്രാർത്ഥന നടത്തി. ഇന്നലെ മൂന്നു മണി മുതൽ നാല് മണി വരെ പൊതുദർശനത്തിന് ഹോസ്പിറ്റലിൽ സൗകര്യമൊരുക്കിയിരുന്നു. തുടർനടപടികൾക്കായി കെറ്ററിങ് ജനറൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികദേഹം, നടപടികൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോയി സംസ്‌കരിക്കുമെന്ന്, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവഹിക്കാനായി എംഎസ്എഫ്എസ് സന്യാസസഭ നിയമിച്ചിരിക്കുന്ന ഫാ. ബെന്നി വലിയവീട്ടിൽ എംഎസ്എഫ്എസ് അറിയിച്ചു. നടപടികൾ പൂർത്തിയാകാൻ രണ്ടാഴ്ചയെങ്കിലും കാലതാമസം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഹൃദ്യമായ പെരുമാറ്റം കൊണ്ടും ആഴമേറിയ പാണ്ഡിത്യവും ജീവിതവിശുദ്ധിയും കൊണ്ടും ഇടവക ജനങ്ങൾക്കെല്ലാം അദ്ദേഹം പ്രിയങ്കരനായിരുന്നെന്ന് വിശ്വാസികൾ അനുസ്മരിച്ചു. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ എല്ലാ വി. കുർബാന കേന്ദ്രങ്ങളിലും ഫാ. വിൽസണിനുവേണ്ടി അനുസ്മരണപ്രാർത്ഥന നടത്തണമെന്ന് ഗ്രേറ്റ് ബ്രിട്ടൺ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഡോ. ആന്റണി ചുണ്ടെലിക്കാട്ട് അഭ്യർത്ഥിച്ചു. ഫാ. വിൽസൺ കൊറ്റത്തിലിന്റെ ആകസ്മിക വേർപാടിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയ്ക്കുള്ള അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെയും വിശ്വാസി സമൂഹത്തെയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP