Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിഎസ്എൻഎല്ലിന് നഷ്ടപ്പെട്ടത് ലോകത്തെ മികച്ച വിവരവിനിമയ ശൃംഖലകളിലൊന്നെന്ന ഖ്യാതി; ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തുടങ്ങി ഏറെ നാളായെങ്കിലും സാമ്പത്തികമായി കൂപ്പുകുത്തിയത് ചുരുങ്ങിയ വർഷങ്ങളിൽ; ശമ്പളമില്ലാതെ ഇനിയും തുടരുന്നത് അനേകം താൽക്കാലിക ജീവനക്കാർ; സ്ഥിര ജീവനക്കാർക്ക് വിആർഎസ് നടപ്പാക്കുമ്പോൾ ബാക്കി വരുന്ന 80000ത്തോളം കരാർ തൊഴിലാളികൾക്ക് അവേശഷിക്കുന്നത് പ്രതീക്ഷകൾ മാത്രം; അത് അവസാനിക്കുമ്പോൾ ഇനിയും രാമകൃഷ്ണന്മാർ ഉണ്ടായേക്കാം

ബിഎസ്എൻഎല്ലിന് നഷ്ടപ്പെട്ടത് ലോകത്തെ മികച്ച വിവരവിനിമയ ശൃംഖലകളിലൊന്നെന്ന ഖ്യാതി; ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തുടങ്ങി ഏറെ നാളായെങ്കിലും സാമ്പത്തികമായി കൂപ്പുകുത്തിയത് ചുരുങ്ങിയ വർഷങ്ങളിൽ; ശമ്പളമില്ലാതെ ഇനിയും തുടരുന്നത് അനേകം താൽക്കാലിക ജീവനക്കാർ; സ്ഥിര ജീവനക്കാർക്ക് വിആർഎസ് നടപ്പാക്കുമ്പോൾ ബാക്കി വരുന്ന 80000ത്തോളം കരാർ തൊഴിലാളികൾക്ക് അവേശഷിക്കുന്നത് പ്രതീക്ഷകൾ മാത്രം; അത് അവസാനിക്കുമ്പോൾ ഇനിയും രാമകൃഷ്ണന്മാർ ഉണ്ടായേക്കാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ലോകത്തെ മികച്ച വിവരവിനിമയ ശൃംഖലകളിലൊന്നായിരുന്ന ബിഎസ്എൻഎല്ലിന്റെ പതനം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. സാങ്കേതികമായ പിന്നോക്കാവസ്ഥയും ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കും തുടങ്ങിയിട്ട് കാലമേറെയായെങ്കിലും സാമ്പത്തികമായി പിടിച്ചുനിൽക്കാനാകാത്ത സ്ഥിതിയിൽ എത്തിയത് ചുരുങ്ങിയ വർഷങ്ങളിലായിരുന്നു. ഇന്ത്യയുടെ അഭിമാന സ്ഥാപനങ്ങളിലൊന്നായ ബിഎസ്എൻഎൽ, ജീവനക്കാർക്ക് ശമ്പളം നൽകാൻപോലും സാധിക്കാത്ത നിലയിൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. ജനറൽ മാനേജർ (ബജറ്റ് ആൻഡ് ബാങ്കിങ്) പുരൺ ചന്ദ്ര കേന്ദ്രസർക്കാരിന് നൽകിയ റിപ്പോർട്ട് പ്രകാരം കടഭാരം12,786 കോടിയാണ്.ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ബിഎസ്എൻഎല്ലിന്റെ പ്രവർത്തനം മെച്ചപ്പെട്ടതായിരുന്നു. എങ്കിലും കാലം കഴിയും തോറും നില പരിതാപകരമായി വന്നു. ഇതിന്റെ പ്രതിഫലനമായിരുന്നു കരാർ തൊഴിലാളികൾക്ക് അവേശഷിക്കുന്ന ശമ്പള കുടിശ്ശിക. 10 മാസത്തോളമായി ഇതിൽ താഴേക്കിടയിൽ നിന്നുള്ള ജീവനക്കാർക്ക് മുതൽ തുച്ഛമായ ശമ്പളം.

അതിന്റെ അവസാന ഉദാഹരണമായി മാറി നിലമ്പൂർ സ്വദേശി രാമകൃഷ്ണൻ. മാസങ്ങളായി ശമ്പളം മുടങ്ങി ജീവിതം വഴിമുട്ടിയ രാമകൃഷ്ണൻ ടെലിഫോൺ എക്‌സ്‌ചേഞ്ചിൽ ജീവനൊടുക്കുകയായിരുന്നു. നിലമ്പൂർ കാഞ്ഞിരമ്പാടം മച്ചിങ്ങാപൊയിലിലെ കുന്നത്ത് രാമകൃഷ്ണൻ (52) ആണ് പാർട്ട് ടൈം സ്വീപ്പറായി ജോലി ചെയ്യുന്ന നിലമ്പൂർ ടെലിഫോൺ എക്‌സ്‌ചേഞ്ചിലെ സ്വിച്ച് റൂമിൽ തൂങ്ങിമരിച്ചത്. പതിവുപോലെ ജോലിക്കെത്തി ഓഫിസ് വൃത്തിയാക്കിയ ശേഷമായിരുന്നു രാമകൃഷ്ണന്റെ ആത്മഹത്യ.

ഭിന്നശേഷിക്കാരനായ രാമകൃഷ്ണൻ നിലമ്പൂർ എക്‌സ്‌ചേഞ്ചിൽ 30 വർഷമായി ജോലി ചെയ്യുന്നു. 6000 രൂപയായിരുന്നു വേതനം. മാസങ്ങളായി വേതനം കുടിശികയാണ്. ജീവനക്കാരെ കുറയ്ക്കുന്നതിന്റെ ഭാഗമായി ഈ മാസം മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്കെത്തിയാൽ മതിയെന്ന് ഉത്തരവുണ്ടായിരുന്നു. വേതനം മണിക്കൂറിനു 90 രൂപയാക്കി കുറയ്ക്കുകയും ചെയ്തതോടെ രാമകൃഷ്ണൻ അസ്വസ്ഥനായിരുന്നെന്ന് സഹപ്രവർത്തകരും ബന്ധുക്കളും പറഞ്ഞു. ഇതിനു പിന്നാലെയായിരുന്നു കടുംകയ്യ്. ബിഎസ്എൻഎല്ലിൽ ഏകദേശം ഒരു ലക്ഷത്തോളം വരുന്ന കരാർ തൊഴിലാളികൾ ജോലിയെടുക്കുന്നുണ്ട്. ഇതിൽ മിക്കവർക്കും വേതനം കിട്ടാക്കനിയാണ്. വർഷങ്ങളായി ഇവിടെ തന്നെ തൊഴിലെടുക്കുന്നവർ നിർത്തി പോകാത്തത് അവരുടെ നല്ല പ്രായവും ആരോഗ്യവും ഇവിടെ തന്നെ ക്ഷയിച്ച് തീർന്നതിനാലാണ്. ഇപ്പോഴും അവർക്ക് ബാക്കിയുള്ള എന്നെങ്കിലും കിട്ടുമെന്നുള്ള വേതനിന്റെ പ്രതീക്ഷകൾ മാത്രമാണ്.

പത്തുമാസമായി 10 പൈസപോലും ശമ്പളംകിട്ടാതെ ജീവിതം വഴിമുട്ടിയ എണ്ണായിരം കരാർ തൊഴിലാളികൾ വെറുംകൈയോടെ ബിഎസ്എൻഎല്ലിന്റെ പടിയിറങ്ങേണ്ടി വരും. 30 വർഷംവരെ തുച്ഛമായ കൂലിക്ക് പണിയെടുത്തവരാണ് പെരുവഴിയിലായത്. കരാർ തൊഴിലാളികൾക്ക് മാർച്ച് മുതലുള്ള ശമ്പളം കുടിശ്ശികയാണ്. സ്ഥിരം ജീവനക്കാർ സ്വയം വിരമിക്കലിന് ഒരുങ്ങുമ്പോൾ കരാർ ജീവനക്കാർക്ക് ശമ്പളകുടിശ്ശിക കിട്ടുമെന്നുപോലും ഉറപ്പില്ല. ഇപിഎഫ്, ഇഎസ്‌ഐ പിടുത്തങ്ങൾക്കുശേഷം 376 രൂപ ദിവസവേതനം വാങ്ങിയവരാണിവർ. 2019 ജനുവരി മുതൽ രണ്ടായിരത്തിലധികം കരാർ തൊഴിലാളികളെയാണ് ബിഎസ്എൻഎൽ പുറത്താക്കിയത്. 60 വയസ്സായവരെ ആദ്യം പിരിച്ചുവിട്ടു. പിന്നീട് 58 കാരെയും 56 കാരെയും പുറത്താക്കി. ഇപ്പോൾ 52 കഴിഞ്ഞവരുടെ പട്ടിക തയ്യാറാക്കുകയാണ്.മാസം മുഴുവൻ ജോലി ചെയ്ത ഇവരോട് ഇനി 15 ദിവസംമാത്രം മതിയെന്നും ദിവസം ഒമ്പത് മണിക്കൂറുണ്ടായിരുന്ന ജോലി മൂന്ന് മണിക്കൂർമാത്രം മതിയെന്നും ഉത്തരവിറങ്ങി.

ബിഎസ്എൻഎൽ സ്വയം വിരമിക്കൽ പദ്ധതിക്ക് രണ്ട് ദിവസത്തിനകം അപേക്ഷിച്ചത് 17,433 ജീവനക്കാർ. ബുധനാഴ്ച മുതലാണ് ഓൺലൈനായി വിആർഎസിന് അപേക്ഷ തുടങ്ങിയത്. ആകെ ജീവനക്കാരുടെ 20 ശതമാനത്തോളം പേരാണിത്.കേരളത്തിൽനിന്ന് മുന്നൂറിലധികം ജീവനക്കാരും അപേക്ഷിച്ചിട്ടുണ്ട്. കേരളത്തിലാകെ 9545 ജീവനക്കാരാണുള്ളത്. ഇതിൽ 6700 പേർ വിആർഎസ് പരിധിയിൽപെടും.ഡിസംബർ 3 വരെ അപേക്ഷിക്കാം. ജനുവരി 31ന് വിആർഎസ് പ്രാബല്യത്തിൽ വരും. 50 വയസ്സിനു മുകളിലുള്ള സ്ഥിരം ജീവനക്കാർക്കും മറ്റു സ്ഥാപനങ്ങളിൽനിന്ന് ഡെപ്യൂട്ടേഷനിൽ വന്നവർക്കും അപേക്ഷിക്കാം. 80,000 പേർ വിആർഎസ് എടുക്കുമെന്നാണ് കണക്കുകൂട്ടുന്നതെങ്കിലും ആദ്യ രണ്ട് ദിവസത്തെ കണക്കുകൾ സൂചിപ്പിക്കുന്നത് ഒരു ലക്ഷത്തിലധികമാളുകൾ വിആർഎസ് എടുക്കുമെന്നതാണ്

50 വയസ്സിനു മുകളിലുള്ള 1,09,208 ജീവനക്കാരാണ് ബിഎസ്എൻഎല്ലിലുള്ളത്. കഴിഞ്ഞ മൂന്നുമാസമായി ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചും ആനുകൂല്യങ്ങൾ തടഞ്ഞുവച്ചുമാണ് ജീവനക്കാരെ നിർബന്ധിത വിആർഎസിന് കേന്ദ്രം മാനസികമായി തയ്യാറെടുപ്പിച്ചത്. വിആർഎസ് തുകയിൽ 30 ശതമാനം ആദായനികുതി നൽകണമെന്ന വ്യവസ്ഥയുണ്ടായിട്ടുപോലും ജീവനക്കാർ കൂട്ടത്തോടെ വിആർഎസിന് തയ്യാറായതും ഈ കാരണത്താലാണ്.

സ്വകാര്യ ടെലിഫോൺ കമ്പനികൾക്ക് തഴച്ചുവളരാൻ അവസരമൊരുക്കുന്ന കേന്ദ്ര സർക്കാരിന്റെ നയമാണ് പൊതുമേഖലയുടെ തകർച്ചയ്ക്ക് ആധാരം. ഇന്ത്യൻ ബഹിരാകാശ സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ ഉപയോഗപ്പെടുത്തിയാണ് സ്വകാര്യ ടെലിഫോൺ സംരംഭകർ കൊഴുക്കുന്നത്. വൻ മുതൽമുടക്ക് ആവശ്യമുള്ള ടെലിഫോൺ മേഖലയിൽ പൊതുമേഖലാ ബാങ്കുകളടക്കം വാരിക്കോരി വായ്പ നൽകുന്നു. സ്വകാര്യകമ്പനികൾ അഞ്ചാം തലമുറ മൊബൈൽ സാങ്കേതികവിദ്യയിലേക്ക് കടന്നിരിക്കുകയാണ്. ഇന്റർനെറ്റ്, ജിപിഎസ്, ഭരണനിർവഹണ, ആരോഗ്യമേഖലകളിൽ വൻ കുതിച്ചുചാട്ടത്തിന് 5 ജി സംവിധാനം വഴിവയ്ക്കും. 10 ജിബിപിഎസ് വരെ സ്പീഡ് ആണ് സ്വകാര്യ കമ്പനികൾ വാഗ്ദാനം ചെയ്യുന്നത്. ഇവരുമായി മത്സരിക്കുന്ന ബിഎസ്എൻഎൽ ആകട്ടെ ഇനിയും 4 ജി പോലും ഭാഗികമായേ നടപ്പാക്കിയിട്ടുള്ളൂ. 3ജി യിൽ നൂറിൽ താഴെ എംബിപിഎസ് ഡാറ്റ സ്പീഡ് മാത്രമാണ് ബഹുഭൂരിപക്ഷം ഉപയോക്താക്കൾക്കും ബിഎസ്എൻഎൽ നൽകുന്നത്.

എന്തുകൊണ്ടാണ് ഈ ദുരവസ്ഥ എന്ന് പരിശോധിച്ചാൽ കേന്ദ്ര സർക്കാരിൽനിന്നുള്ള മൂലധനസഹായം ബിഎസ്എൻഎല്ലിന് ഇല്ല എന്നതാണ് ഉത്തരം. സർക്കാർ നേരിട്ട് മൂലധനപിന്തുണ നൽകുന്നില്ലെന്നതോ പോകട്ടെ, ബാങ്കുകളിൽനിന്ന് വായ്പ ലഭിക്കുന്നതിന് ആവശ്യമായ സർക്കാർ ഗ്യാരന്റി നൽകുന്നുമില്ല. പുതിയ സാങ്കേതികവിദ്യ ആർജിക്കുന്നതിലും നെറ്റ്‌വർ്ക്ക് വിപുലപ്പെടുത്തുന്നതിലും ബിഎസ്എൻഎൽ വർഷങ്ങളായ സ്തംഭനാവസ്ഥയിലാണ്. ബിഎസ്എൻഎൽ ഉപയോഗിക്കുന്ന ടവറുകളിൽ നല്ലൊരുപങ്കും സ്വകാര്യ കമ്പനികളുടേതാണ് എന്നറിയുമ്പോഴാണ് പതനത്തിന്റെ ആഴം വ്യക്തമാവുക.

ഇന്ത്യയിൽ ആകെയുള്ള

ബിഎസ്എൻഎൽ ജീവനക്കാർ 1,57,427
50 മുതൽ 55 വയസ്സ് വരെയുള്ളവർ: 32,932
55 മുതൽ 58 വയസ്സ് വരെയുള്ളവർ: 43176
58നും 60നും ഇടയിൽ ഉള്ളവർ: 33100
ആകെ: 1,09,208
ബാക്കിയുള്ള ജീവനക്കാർ: 48,219
(ഓഗസ്റ്റിലെ കണക്ക് അനുസരിച്ച്) 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP