Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പിറവം പള്ളിക്ക് പിന്നാലെ വിശ്വാസികൾ പരസ്പരം കൊമ്പുകോർക്കൽ കൂത്താട്ടുകുളത്തും; ചോരക്കുഴി മാർ സ്‌തേഫാനോസ് സുറിയാനി പള്ളിയിൽ പ്രവേശിക്കാനുള്ള ഓർത്തഡോക്‌സ് വിഭാഗത്തിന്റെ നീക്കം യാക്കോബായ വിഭാഗം തടഞ്ഞു; സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി പ്രാർത്ഥനയോടെ യാക്കോബായ വിഭാഗം പ്രതിരോധിച്ചതോടെ പിൻവാങ്ങി ഓർത്തഡോക്‌സ് നേതൃത്വം

പിറവം പള്ളിക്ക് പിന്നാലെ വിശ്വാസികൾ പരസ്പരം കൊമ്പുകോർക്കൽ കൂത്താട്ടുകുളത്തും; ചോരക്കുഴി മാർ സ്‌തേഫാനോസ് സുറിയാനി പള്ളിയിൽ പ്രവേശിക്കാനുള്ള ഓർത്തഡോക്‌സ് വിഭാഗത്തിന്റെ നീക്കം യാക്കോബായ വിഭാഗം തടഞ്ഞു; സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി പ്രാർത്ഥനയോടെ യാക്കോബായ വിഭാഗം പ്രതിരോധിച്ചതോടെ പിൻവാങ്ങി ഓർത്തഡോക്‌സ് നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

കൂത്താട്ടുകുളം:പിറവം പള്ളിത്തർക്കത്തിന് പിന്നാലെ സമാന സാഹചര്യം കൂത്താട്ടുകുളത്തും. പിറവം പള്ളിയുടേതിന് സമാനമായ രീതിയിൽ ഓർത്തഡോക്‌സ്-യാക്കോബായ വിഭാഗമാണ് പരസ്പരം കൊമ്പു കോർക്കുന്നത്. നൂറുകണക്കിന് യാക്കോബായ വിശ്വാസികളുടെ ഒരുമയിൽ കൂത്താട്ടുകുളം ചോരക്കുഴി മാർ സ്‌തേഫാനോസ് സുറിയാനി പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗം പ്രവേശിക്കാനായി കഴിഞ്ഞദിവസം ശ്രമം നടത്തിയെങ്കിലും യാക്കോബായ വിഭാഗം സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിതോടെ പള്ളിയിൽ പ്രവേശിക്കാനാകാതെ ഓർത്തഡോക്‌സ് വിശ്വാസികൾ മടങ്ങി.

ഐസക് മാർ ഒസ്താത്തിയോസ് മെത്രാപ്പൊലീത്തയുടെയും വികാരി ഫാ. മാത്യു ചാലപ്പുറത്തിന്റെയും നേതൃത്വത്തിലാണ് യാക്കോബായ വിശ്വാസി സംഘം പള്ളിയുടെ സംരക്ഷണത്തിനായി പ്രാർത്ഥനയോടെ അണിനിരന്നത്.പുലർച്ചെ അഞ്ചു മണിയോടെ യാക്കോബായ വിഭാഗത്തിൽപ്പെട്ട മുന്നൂറിലധികം വിശ്വാസികൾ പള്ളിയിലെത്തിയിരുന്നു. ഐസക് മാർ ഒസ്താത്തിയോസ് മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിൽ കുർബാന നടന്നു.

വികാരി ഫാ. മാത്യൂസ് ചാലപ്പുറം, മുൻ വികാരിയും വനിതാ സമാജം മേഖലാ പ്രസിഡന്റുമായ ഫാ. മനോജ് വർഗീസ്, ഫാ. ബോബി തറയാനിയിൽ, ഭദ്രാസന വൈദിക സെക്രട്ടറി ഫാ. തോമസ് കൊച്ചുപറമ്പിൽ, ഫാ. ജോയി ആനിക്കുഴി, ഭദ്രാസന വനിതാ സമാജം വൈസ് പ്രസിഡന്റ് ഫാ. ജിബി സി. പോൾ, ഫാ. ബേബി മണ്ടോളിൽ, ഫാ. കുര്യാക്കോസ് പുതിയപറമ്പത്ത് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.ട്രസ്റ്റിമാരായ സി.വി. സണ്ണി, ബെന്നി പതിലകം, സൺഡേ സ്‌കൂൾ പ്രധാനാധ്യാപകൻ പി.ജെ. ഫിലിപ്പോസ്, കുടുംബ യൂണിറ്റ് കോ-ഓർഡിനേറ്റർ തങ്കച്ചൻ പന്നപുറത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിശ്വാസി സംഘം പള്ളിമുറ്റത്ത് പ്രാർത്ഥനാഗീതം ആലപിച്ച് നിലയുറപ്പിച്ചത്.

ഫാ. ഗീവർഗീസ് കൊച്ചുപറമ്പിൽ റമ്പാന്റെ നേതൃത്വത്തിൽ ഓർത്തഡോക്‌സ് വിഭാഗം ബുധനാഴ്ച രാവിലെ പള്ളിക്കു മുന്നിലെത്തി. ഫാ. രാജൻ, മലങ്കര ഓർത്തഡോക്‌സ് മാനേജിങ് കമ്മിറ്റിയംഗങ്ങളായ മോനിച്ചൻ തലക്കുളം, അലക്‌സ് കെ.പോൾ എന്നിവരുൾപ്പെട്ട സംഘം പള്ളിയുടെ ഗെയിറ്റിനു മുന്നിലെത്തിയെങ്കിലും പ്രവേശനം അസാധ്യമായിരുന്നു.

പെരുമ്പാവൂർ ഡിവൈ.എസ്‌പി. കെ. ബിജുമോൻ, തഹസിൽദാർ മധുസൂദനൻ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഗെയിറ്റിന് സമീപമുണ്ടായിരുന്നു.ഓർത്തഡോക്‌സ് വിഭാഗം ഗെയ്റ്റിനു മുന്നിൽ പ്രാർത്ഥന ആരംഭിച്ചു. ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാകാതിരിക്കാൻ പൊലീസ് പ്രത്യേകം ശ്രദ്ധ പുലർത്തി.200 പൊലീസ് ഉദ്യോഗസ്ഥരെ പള്ളിക്ക് ചുറ്റും വിന്യസിച്ചിരുന്നു. അഗ്‌നിരക്ഷാ സേനാ സംഘവും സ്ഥലത്തെത്തിയിരുന്നു.

രക്തം കൊടുത്തും ചോരക്കുഴി മാർ സ്‌തേഫാനോസ് പള്ളി സംരക്ഷിക്കുമെന്ന് ഐസക് മാർ ഒസ്താത്തിയോസ് മെത്രാപ്പൊലീത്തയുടെ പ്രതികരണം.'ഞങ്ങളുടെ കാരണവന്മാർ ഉണ്ടാക്കിയതാണ് ഈ പള്ളി. ഈ സെമിത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുന്നവരെ ഞങ്ങൾക്ക് ധിക്കരിക്കാൻ പറ്റില്ല. അവർ ഒരു വിശ്വാസം ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. ആ പാരമ്പര്യത്തിലും വിശ്വാസത്തിലും ഞങ്ങൾ മരണം വരെയും നിലകൊള്ളും...'ഓർത്തഡോക്‌സ് വിഭാഗത്തിന്റെ നടപടിയിൽ പ്രതിഷേധിക്കുന്നുവെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP