Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചന്ദ്രയാൻ2 വിക്ഷേപണത്തിന് 100 മണിക്കൂർ മുമ്പ് ലഭിച്ചത് ഇസ്രോയ്‌ക്കെതിരെയുള്ള സൈബർ ആക്രമണത്തെ കുറിച്ചുള്ള സൂചനകൾ; ഹൈദരാബാദ് നാഷനൽ റിമോട്ട് സെൻസിങ് സെന്ററിലും ഝാർഖണ്ഡിലെ നാഷനൽ മെറ്റലർജിക്കൽ ലാബിലും നുഴഞ്ഞു കയറ്റ വൈറസുകൾ കണ്ടത് 2017ൽ; വാനാക്രൈയ്ക്ക് പിന്നിലെ കരങ്ങളാണ് ഇസ്രോയേയും ലക്ഷ്യം വയ്ക്കുന്നതെന്ന് സൂചന; സൈബർ സുരക്ഷയിൽ വിട്ടുവീഴ്ച ഇനി ഉണ്ടാകില്ല; കരുതലുകളെടുക്കാൻ ഇന്ത്യൻ ശാസ്ത്ര ലോകം

ചന്ദ്രയാൻ2 വിക്ഷേപണത്തിന് 100 മണിക്കൂർ മുമ്പ് ലഭിച്ചത് ഇസ്രോയ്‌ക്കെതിരെയുള്ള സൈബർ ആക്രമണത്തെ കുറിച്ചുള്ള സൂചനകൾ; ഹൈദരാബാദ് നാഷനൽ റിമോട്ട് സെൻസിങ് സെന്ററിലും ഝാർഖണ്ഡിലെ നാഷനൽ മെറ്റലർജിക്കൽ ലാബിലും നുഴഞ്ഞു കയറ്റ വൈറസുകൾ കണ്ടത് 2017ൽ; വാനാക്രൈയ്ക്ക് പിന്നിലെ കരങ്ങളാണ് ഇസ്രോയേയും ലക്ഷ്യം വയ്ക്കുന്നതെന്ന് സൂചന; സൈബർ സുരക്ഷയിൽ വിട്ടുവീഴ്ച ഇനി ഉണ്ടാകില്ല; കരുതലുകളെടുക്കാൻ ഇന്ത്യൻ ശാസ്ത്ര ലോകം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന(ഇസ്‌റോ)യ്ക്കു നേരെയും സൈബർ ആക്രമണമുണ്ടായെന്ന് റിപ്പോർട്ടുകൾ. ഇതിന്റെ വിവരങ്ങൾ പുറത്തെത്തിയിട്ടും മൗനം പാലിക്കുകയാണ് കേന്ദ്ര സർക്കാർ. ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കൂടംകുളം ആണവനിലയത്തിലെ കംപ്യൂട്ടർ ശൃംഖലയിൽ സൈബർ ആക്രമണം നടന്നുവെന്ന മുന്നറിയിപ്പിനൊപ്പം തന്നെ ഇസ്‌റോ ശൃംഖലയിലെ ആക്രമണ വിവരവും കൈമാറിയിരുന്നതായാണു സൂചന. ഉത്തരകൊറിയയിലെ ലസാറസ് ഹാക്കിങ് സംഘം വികസിപ്പിച്ച 'ഡിട്രാക്ക്' വൈറസാണ് ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് സൂചന.

ചന്ദ്രയാൻ2 വിക്ഷേപണത്തിന് 100 മണിക്കൂർ മുൻപാണ് ആക്രമണ വിവരം ലഭിച്ചത്. ദേശീയ സൈബർ കോഓർഡിനേഷൻ സെന്ററിനു സെപ്റ്റംബർ മൂന്നിനാണ് ഇതു സംബന്ധിച്ച വിവരം യുഎസ് സൈബർ സുരക്ഷാ കമ്പനിയിൽ നിന്നു ലഭിച്ചത്. തൊട്ടടുത്ത ദിവസം ഇസ്‌റോ, ആണവോർജ വകുപ്പിനു കീഴിലെ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അധികൃതർക്കു വിവരം കൈമാറി. വാട്‌സാപ് വിവരച്ചോർച്ച വിവാദം കത്തിനിൽക്കെയുള്ള സൈബർ ആക്രമണ വെളിപ്പെടുത്തൽ കേന്ദ്ര സർക്കാരിന് ഏറെ തലവേദനയായിട്ടുണ്ട്.

ഇസ്‌റോയുടെ കീഴിലുള്ള ഹൈദരാബാദ് നാഷനൽ റിമോട്ട് സെൻസിങ് സെന്റർ, ഝാർഖണ്ഡിലെ നാഷനൽ മെറ്റലർജിക്കൽ ലാബ് എന്നിവയുടെ ശൃംഖലകളിൽ 2017ൽ ഉത്തരകൊറിയൻ സംഘങ്ങളുടെ നിരീക്ഷണമുണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. എന്നാൽ ശൃംഖല തകർക്കുകയോ നുഴഞ്ഞുകയറുകയോ ചെയ്തതായി കണ്ടെത്തിയിട്ടില്ല. യുഎസിലെ പ്രമുഖ സൈബർ സുരക്ഷാ സ്ഥാപനമായ റെക്കോർഡഡ് ഫ്യൂച്ചർ 2017ൽ ഉത്തരകൊറിയൻ സൈബർ ആക്രമണങ്ങളെക്കുറിച്ചു തയാറാക്കിയ ഗവേഷണ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

ലോകത്തെ നടുക്കിയ വാനാക്രൈ വൈറസ് വ്യാപിച്ച അതേ സമയത്താണു സംഭവം. വാനാക്രൈയുടെ പിന്നിൽ ഉത്തര കൊറിയയെന്ന് യുഎസും ബ്രിട്ടനും പിന്നീടു കണ്ടെത്തിയിരുന്നു. 2017 മെയ്‌, ജൂൺ മാസങ്ങളിൽ ഇന്ത്യയിലെ ചില ഐപി (ഇന്റർനെറ്റ് പ്രോട്ടോക്കോൾ) വിലാസങ്ങളിലേക്ക് ഉത്തര കൊറിയൻ ഐപികളിൽ നിന്നും തിരിച്ചും അസ്വാഭാവികമായ തരത്തിൽ ഇന്റർനെറ്റ് ട്രാഫിക് വർധിച്ചിരുന്നുവെന്നു റിപ്പോർട്ട് പറയുന്നു. ഇന്ത്യ, മലേഷ്യ, നേപ്പാൾ, കെനിയ ഉൾപ്പെടെ രാജ്യങ്ങളിലിരുന്നും ഉത്തരകൊറിയൻ ഹാക്കർമാർ പ്രവർത്തിക്കുന്നുണ്ടെന്നു റിപ്പോർട്ടിലുണ്ട്.

കൂടംകുളം ആണവനിലയത്തിൽ കണ്ടെത്തിയ പെഗസ്സസ് എന്ന മാൽവെയർ ഉത്തരകൊറിയൻ നിർമ്മിതമായ ഡി ട്രാക്ക് ആണെന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ ആണവരഹസ്യങ്ങൾ ചോർത്താൻ പദ്ധതിയിട്ടാണ് ഉത്തരകൊറിയ ഈ മെയിൽ ഹാക്കിങ് വഴി ആണവോർജ രഹസ്യങ്ങൾ ചോർത്താൻ പദ്ധതിയിട്ടതെന്നായിരുന്നു റിപ്പോർട്ട്. ഇന്ത്യൻ ആണവ മേഖലയിലെ ഉന്നതരിൽ നിന്നു രഹസ്യങ്ങൾ ചോർത്താൻ ഉത്തരകൊറിയൻ ഹാക്കിങ് സംഘങ്ങൾ വൈറസ് അടങ്ങിയ ഇമെയിലുകൾ അയച്ചിരുന്നതായി ദക്ഷിണ കൊറിയൻ സൈബർ സുരക്ഷാ കമ്പനി കണ്ടെത്തുകയായിരുന്നു. ഇത് കൂടംകുളത്തെ ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നില്ലെങ്കിലും അസ്വാഭവികമായി എന്തോ നടന്നുവെന്നാണ് സൂചന.

വിവരങ്ങൾ ചോർത്താനും ബാധിക്കപ്പെട്ട കംപ്യൂട്ടർ ശൃംഖലയുടെ നിയന്ത്രണം കൈക്കലാക്കാൻ ഹാക്കർമാരെ സഹായിക്കുകയും ചെയ്യുന്ന വൈറസ് ആണ് കൂടുകുളത്ത് കണ്ടെത്തിയതെന്നായിരുന്നു റിപ്പോർട്ട്. കൂടംകുളം ആണവനിലയത്തിലെ പദ്ധതി വിവരങ്ങൾ ചോർത്തുന്നതിനുള്ള ശ്രമമായിരുന്നു സൈബർ ആക്രമണം. ഇതോടെ ഐഎസ്ആർഒയും ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയും ജാഗ്രതയിലായി. ഭീഷണി മുന്നിൽ കണ്ട് ഐഎസ്ആർഒ ഒരു മൾടി-ആക്ഷൻ ടീമിന് തുടക്കമിട്ടുകഴിഞ്ഞുവെന്നാണ് സൂചന.

ആണവോർജ കമ്മിഷൻ മുൻ ചെയർമാൻ അനിൽ കക്കോദ്കർ, ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ മുൻ ടെക്‌നിക്കൽ ഡയറക്ടർ എസ്.എ. ഭരദ്വാജ് എന്നിവർക്ക്, കംപ്യൂട്ടറിലെ സകലവിവരവും ചോർത്താൻ കഴിയുന്ന മാൽവെയർ പ്രോഗ്രാമുകൾ ഇമെയിൽ അറ്റാച്ച്‌മെന്റായാണ് ഉത്തരകൊറിയ അയച്ചതെന്നായിരുന്നു ദക്ഷിണ കൊറിയ വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷം അവസാനവും ഈ വർഷം ആദ്യവുമായാണ് മെയിലുകൾ എത്തിയതെന്ന് ഇഷ്യുമേക്കേഴ്‌സ് ലാബ് കമ്പനി വെളിപ്പെടുത്തുന്നു.

ഇമെയിലിന്റെ സ്‌ക്രീൻ ഷോട്ടും പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയുടെ ആണവ രഹസ്യങ്ങൾ ചോർത്താൻ ഉത്തരകൊറിയ ലക്ഷ്യമിട്ടിരുന്നതായി ദക്ഷിണ കൊറിയൻ സുരക്ഷാ കമ്പനി ഏപ്രിൽ 30ന് മുന്നറിയിപ്പ് നൽകിയിരുന്നു. ആണവനിലയങ്ങളുടെ രഹസ്യങ്ങൾ മോഷ്ടിക്കാനാണ് ശ്രമമെന്ന് ഇഷ്യുമേക്കേഴ്‌സ് ലാബ് പ്രതികരിക്കുന്നത്. തോറിയം ഇന്ധനമായി ഉപയോഗിക്കുന്ന ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകളെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തുകയാണു ലക്ഷ്യം. കൂടംകുളത്ത് കഴിഞ്ഞ ദിവസം കണ്ടെത്തിയ ഡിട്രാക് വൈറസ് തന്നെയാണ് 2016 ൽ ദക്ഷിണ കൊറിയയുടെ സൈനിക ശൃംഖലയിൽ നുഴഞ്ഞുകയറിയതെന്നും ഇവർ കണ്ടെത്തി.

2007 മുതൽ ഇതേ പ്രോഗ്രാം വിവിധ സൈബർ ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. ഉത്തരകൊറിയയിൽ നിർമ്മിച്ച കംപ്യൂട്ടർ ഉപയോഗിച്ചായിരുന്നു ആക്രമണം. തലസ്ഥാനമായ പ്യോങ്യാങ്ങിലേതാണ് ഐപി (ഇന്റർനെറ്റ് പ്രോട്ടോക്കോൾ) വിലാസം. 2014 ൽ ഞങ്ങളുടെ ദക്ഷിണ കൊറിയ ആണവനിലയങ്ങളെ തകർക്കാനായി ഉത്തര കൊറിയ ഉപയോഗിച്ച അതേ വൈറസാണ് ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കുന്നത്. ഏപ്രിൽ 30ന് ഇതുസംബന്ധിച്ച് ഞങ്ങൾ മുന്നറിയിപ്പ് നൽകിയെങ്കിലും ആരും ശ്രദ്ധിച്ചില്ല. അതുകൊണ്ടാണ് മെയിൽ ലഭിച്ച ഉന്നതരുടെ പേരുൾപ്പെടെ പുറത്തുവിട്ടതെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കുന്നു.

2008 മുതൽ ദക്ഷിണകൊറിയൻ സുരക്ഷാ കമ്പനി ഉത്തര കൊറിയൻ സംഘങ്ങളെ ട്രാക്ക് ചെയ്യുന്നുണ്ട്. ഇമെയിൽ കണ്ടെത്തിയ രീതി പുറത്തുവിടാൻ കഴിയില്ലെന്നാണ് ഇവർ പറയുന്നത്. ടീം ബി,സി എന്നിങ്ങനെ 2 സംഘങ്ങളാണ് ഉത്തരകൊറിയയിലുള്ളത്. ആദ്യഘട്ട അക്രമം നടത്തിയശേഷം ടീം സി അത് ടീം ബിക്ക് നൽകും. മെയിൽ അയച്ചത് ടീം സി'യും രണ്ടാം ഘട്ടമായി ഡിട്രാക് വൈറസ് കടത്തിവിട്ടത് ടീം ബിയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP