Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇടത്തരക്കാർക്ക് സന്തോഷ വാർത്തയുമായി മോദി സർക്കാർ; സ്വന്തമായൊരു വീടെന്ന സ്വപ്നം ഇനി അകലെയല്ല; മുടങ്ങിപ്പോയ ഭവന നിർമ്മാണ പദ്ധതികളെ വീണ്ടെടുത്ത് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് നവോന്മേഷം പകരാൻ 25,000 കോടിയുടെ ബദൽ നിക്ഷേപ ഫണ്ട് പ്രഖ്യാപിച്ചു; സർക്കാർ 10,000 കോടി നിക്ഷേപിക്കുമ്പോൾ എസ്‌ബിഐയും എൽഐസിയും ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നത് 15,000 കോടിയും; പുതുജീവൻ വയ്ക്കുന്നത് 4.58 ലക്ഷം വീടുകൾ അടങ്ങുന്ന 1600 പദ്ധതികൾക്കെന്ന് നിർമല സീതാരാമൻ

ഇടത്തരക്കാർക്ക് സന്തോഷ വാർത്തയുമായി മോദി സർക്കാർ; സ്വന്തമായൊരു വീടെന്ന സ്വപ്നം ഇനി അകലെയല്ല; മുടങ്ങിപ്പോയ ഭവന നിർമ്മാണ പദ്ധതികളെ വീണ്ടെടുത്ത് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് നവോന്മേഷം പകരാൻ 25,000 കോടിയുടെ ബദൽ നിക്ഷേപ ഫണ്ട് പ്രഖ്യാപിച്ചു; സർക്കാർ 10,000 കോടി നിക്ഷേപിക്കുമ്പോൾ എസ്‌ബിഐയും എൽഐസിയും ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നത് 15,000 കോടിയും; പുതുജീവൻ വയ്ക്കുന്നത് 4.58 ലക്ഷം വീടുകൾ അടങ്ങുന്ന 1600 പദ്ധതികൾക്കെന്ന് നിർമല സീതാരാമൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഒടുവിൽ ആ പ്രഖ്യാപനവും വന്നു. റിയൽ എസ്റ്റേറ്റ് മേഖലയെ കൈപിടിച്ച് ഉയർത്താൻ 25,000 കോടിയുടെ ബദൽ നിക്ഷേപ ഫണ്ട് പ്രഖ്യാപിച്ചു. വീട് വാങ്ങാൻ മോഹിക്കുന്നവരെ കൊതിപ്പിക്കുന്ന പ്രഖ്യാപനം. പാതി വഴിയിൽ മുടങ്ങിപ്പോയ 1,600 ഭവന നിർമ്മാണ പദ്ധതികൾക്ക് ഇത് പുതുജീവൻ പകരും.

സർക്കാർ ഫണ്ടിൽ 10,000 കോടി രൂപ ഫണ്ടിൽ നിക്ഷേപിക്കും. എസ്‌ബിഐയും എൽഐസിയും 15,000 കോടിയും നിക്ഷേപിക്കുന്നതോടെ ബദൽ നിക്ഷേപ പണട് 25,000 കോടിയായി ഉയരും. രാജ്യത്തെ 4.58 ലക്ഷം വീടുകൾ അടങ്ങുന്ന 1600 മുടങ്ങിപ്പോയ ഭവന നിർമ്മാണ പദ്ധതികൾ പൂർത്തിയാക്കാൻ ആയിരിക്കും ഫണ്ട് ഉപയോഗിക്കുക. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് പദ്ധതി പ്രഖ്യാപിച്ചത്.

സർക്കാർ ഒരു സ്‌പോൺസറെ പോലെയാകും പ്രവർത്തിക്കുക. കാറ്റഗറി-2 എഐഎഫ് ഫണ്ട് എന്ന പേരിൽ, സെബിയിൽ രജിസ്റ്റർ ചെയ്യും.. പെൻഷൻ ഫണ്ട് അടക്കമുള്ള ഫണ്ടുകൾ കൂടി നിക്ഷേപിക്കുന്നതോടെ ഫണ്ടിന്റെ വലിപ്പം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൊഴിൽ ഉത്പാദനമാണ് പുതിയ പ്രഖ്യാപനത്തിന്റെ മുഖ്യലക്ഷ്യം. ഒപ്പം സിമന്റ്, ഇരുമ്പ്, ഉരുക്ക് വ്യവസായങ്ങൾക്ക് ഡിമാൻഡ് കൂട്ടാനും ലക്ഷ്യമിടുന്നു. ഇതുവഴി സമ്പദ് വ്യവസ്ഥയിലെ മുഖ്യമേഖലകളിൽ അനുഭവപ്പെടുന്ന മാന്ദ്യം മാറി ഉഷാറാകുമെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ. 25,000 കോടിയുടെ നിക്ഷേപം റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് വരുന്നതോടെ, പൂർത്തിയാകാതെ കിടക്കുന്ന പ്രോജക്റ്റുകൾ സഫലമാക്കാനും ഇടത്തരക്കാർക്ക് വീടുകൾ കിട്ടുന്നുവെന്ന് ഉറപ്പാക്കാനും കഴിയും.

ഫണ്ടുകൾ ഘട്ടംഘട്ടമായിട്ടായിരിക്കും നിക്ഷേപിക്കുക. നിഷ്‌ക്രിയ ആസ്തികളായോ പാപ്പരായോ പ്രഖ്യാപിച്ച ഭവനനിർമ്മാണ പദ്ധതികൾക്ക് വേണ്ടിയും ഫണ്ട് ഉപയോഗിക്കാം. റിയൽ എസ്‌റ്റേറ്റ് ഡവലപ്പറായ എച്ച്ഡിഐഎല്ലിന്റെ ഭവന നിർമ്മാണ പദ്ധതിയിൽ അംഗങ്ങളായവർക്കും ഫണ്ട് ആശ്വാസമാകും.

രാജ്യത്ത് ദൃശ്യമാകുന്ന വളർച്ചാ മുരടിപ്പ് പരിഹരിക്കുക ലക്ഷ്യമിട്ടുള്ള പുതിയ പ്രഖ്യാപനങ്ങളാണ് നിർമല സീതാരാമൻ നടത്തുന്നത്. കയറ്റുമതി, ഭവന നിർമ്മാണം തുടങ്ങിയ മേഖലകൾക്ക് കൂടുതൽ പ്രധാന്യം നൽകിയുള്ള പ്രഖ്യാപച്ചത്. ബജറ്റ് വീടുകളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. റിസർവ് ബാങ്കിന്റെ റിപ്പോ നിരക്കുമായി ഭവന വായ്പകളെ ബന്ധിപ്പിക്കുന്നത് ഇതിന് വേണ്ടിയാണ്. എല്ലാ ബാങ്കുകളുടെയും ഭവന വായ്പ നിരക്കുകൾ ഈ രീതിയിലേക്ക് മാറ്റും. രാജ്യത്തെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളെയും ഹൗസിങ് ഫിനാൻസ് കോർപ്പറേഷനുകൾക്കുമുള്ള ധനസഹായവും ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി 1.95 കോടി വീടുകൾ രാജ്യത്ത് നിർമ്മിക്കുമെന്നതും മാന്ദ്യത്തെ മറികടക്കാനാണ്.

രാജ്യത്തെ ഹൗസിങ് ഫിനാൻസ് രംഗത്തെ ശക്തിപ്പെടുത്തി നിർമ്മാണമേഖലയുടെ തളർച്ച പരിഹരിക്കുകയെന്ന ലക്ഷ്യത്തെ മുൻനിർത്തിയുള്ള നയമാണ് കേന്ദ്ര സർക്കാർ പ്രഖ്യാപനങ്ങളിലൂടെ മുന്നോട്ടുവയ്ക്കുന്നത്. റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച് ഭവന വായ്പയുടെ പലിശ നിരക്കുകൾ കുറയ്ക്കുന്നതിലൂടെ രാജ്യത്തെ വായ്പ ലഭ്യത ഉയർത്തുകയാണ് സർക്കാർ ലക്ഷ്യം. നിർമ്മാണം പാതിയിലായ വീടുകൾ പൂർത്തിയാക്കാൻ വായ്പയ്ക്കു പ്രത്യേക സംവിധാനം കൊണ്ടുവരും. റിസർവ് ബാങ്കിന്റെ അനുമതിയോടെയാകും ഇതു നടപ്പാക്കുക. കയറ്റുമതിച്ചുങ്കത്തിനായി ജനുവരി മുതൽ പുതിയ സംവിധാനം ഏർപ്പെടുത്തും. കയറ്റുമതി മേഖലയിലെ വായ്പകൾക്ക് ഉയർന്ന ഇൻഷുറൻസ് പരിരക്ഷ നൽകും. കയറ്റുമതി രംഗത്തെ സാങ്കേതിക നിലവാരം ഉയർത്തും. കയറ്റുമതി വർധിപ്പിക്കുന്നതിനായി രാജ്യത്തെ തുറമുഖങ്ങളുടെ പരിഷ്‌കരണം കേന്ദ്രസർക്കാരിന്റെ അജൻഡയിലുണ്ട്. ആദായനികുതി ഘടന പരിഷ്‌കരിക്കുന്ന കാര്യവും പരിഗണിക്കും. 25 ലക്ഷം രൂപയിൽ താഴെയുള്ള ആദായ നികുതി പരാതികളിൽ നടപടിയെടുക്കണമെങ്കിൽ പ്രത്യേക അനുമതി ആവശ്യമാണെന്നും നിർമല സീതാരാമൻ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി പുറത്തറിയിച്ചത് വാഹന വിപണി

വാഹന മേഖലയിലെ പ്രശ്‌നങ്ങളാണ് ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി പുറത്തറിയുന്നതിന് കാരണമായത്. ധനമന്ത്രി നിർമലാ സീതാരാമൻ നേരത്തെ പ്രഖ്യാപിച്ച ഉത്തേജന പാക്കേജിൽ വാഹന മേഖലക്കും ഇളവുകൾ നൽകിയിരുന്നു.

നിലവിലുള്ള ബി.എസ് 4 വാഹനങ്ങൾ രജിസ്‌ട്രേഷൻ കാലാവധി കഴിയുന്നത് വരെ ഉപയോഗിക്കാമെന്ന് നിർമലാ സീതാരാമൻ അറിയിച്ചിട്ടുണ്ട്. സ്വകാര്യ പാസഞ്ചർ വാഹനങ്ങൾക്ക് 15 വർഷവും അല്ലാത്തവക്ക് 10 വർഷവുമാണ് രജിസ്‌ട്രേഷൻ കാലാവധി. ഇതുവരെ വാഹനങ്ങൾ ഉപയോഗിക്കുന്നതിന് തടസമില്ല. വാഹനങ്ങളുടെ ഒറ്റത്തവണ രജിസ്‌ട്രേഷൻ ഫീസ് ഉയർത്താനുള്ള തീരുമാനം 2020 വരെ നടപ്പാക്കില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. സർക്കാർ വകുപ്പുകളിലെ പഴയ വാഹനങ്ങൾ മാറ്റി പുതിയതാക്കാനും ധനമന്ത്രി അനുമതി നൽകിയിട്ടുണ്ട്.

വൈദ്യുതി വാഹനങ്ങൾ വ്യാപിപ്പിക്കുന്നതിനായി അടിസ്ഥാനസൗകര്യ വികസനമേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുമെന്നും നിർമല വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കുകൾക്ക് അനുവദിച്ച 70,000 കോടി രൂപ വാഹന വായ്പക്കായും ധനകാര്യ സ്ഥാപനങ്ങൾ ഉപയോഗിക്കുമെന്നതിനാൽ അതും മേഖലക്കും ഗുണകരമാവും. അതേ സമയം, വാഹന നിർമ്മാതാക്കളുടെ സംഘടനയായ സിയാം ആവശ്യപ്പെട്ട ജി.എസ്.ടി ഇളവ് ഉത്തേജന പാക്കേജിൽ പ്രഖ്യാപിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP