Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പെങ്ങളൂട്ടി' പോയതോടെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് തിരിഞ്ഞുനോക്കാതെ നേതാക്കൾ; രമ്യ ഹരിദാസിന്റെ പ്രസിഡന്റ് സ്ഥാനം നിലനിർത്താൻ കൂടെ നിന്നവർ വിജി മുപ്രമ്മലിനൊപ്പമില്ല; വൈസ് പ്രസിഡന്റ് ശിവദാസൻ നായർ അടക്കം 10 പേർ അവിശ്വാസത്തിന് നോട്ടീസ് നൽകിയതോടെ കുന്ദമംഗലത്തെ കോൺഗ്രസിൽ ഭിന്നിപ്പ് മറ നീക്കി പുറത്ത്; ഭരണം പോകുമെന്ന ബേജാറിൽ യുഡിഎഫ്

'പെങ്ങളൂട്ടി' പോയതോടെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് തിരിഞ്ഞുനോക്കാതെ നേതാക്കൾ; രമ്യ ഹരിദാസിന്റെ പ്രസിഡന്റ് സ്ഥാനം നിലനിർത്താൻ കൂടെ നിന്നവർ വിജി മുപ്രമ്മലിനൊപ്പമില്ല; വൈസ് പ്രസിഡന്റ് ശിവദാസൻ നായർ അടക്കം 10 പേർ അവിശ്വാസത്തിന് നോട്ടീസ് നൽകിയതോടെ കുന്ദമംഗലത്തെ കോൺഗ്രസിൽ ഭിന്നിപ്പ് മറ നീക്കി പുറത്ത്; ഭരണം പോകുമെന്ന ബേജാറിൽ യുഡിഎഫ്

മറുനാടൻ മലയാളി ബ്യൂറോ

 കുന്ദമംഗലം: ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്തിയിരുന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ജെ.ഡി.യു അംഗമായിരുന്ന ശിവദാസൻ നായർ എൽ.ഡി.എഫിനൊപ്പം ചേർന്ന് അവിശ്വാസത്തിന് കത്ത് നൽകിയതോടെ യുഡിഎഫിന് ഭരണം നഷ്ടപ്പെടും. ജെ.ഡി.യു യുഡി.എഫ് വിട്ടപ്പോൾ ഭരണം നഷ്ടമാകുമെന്ന ഘട്ടം വന്നപ്പോൾ രമ്യ ഹരിദാസിന് വേണ്ടി രംഗത്ത് വന്ന കോൺഗ്രസ് നേതാക്കൾ വിജി മുപ്രമ്മലിന് വേണ്ടി രംഗത്ത് വന്നില്ലെന്നാണ് ആരോപണം. ഇതേ അവസ്ഥ രമ്യ ഹരിദാസിന് വന്നപ്പോൾ പാർട്ടിയുടെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ രംഗത്ത് വരികയും ശിവദാസൻ നായരെ യു.ഡി.എഫ് പക്ഷത്ത് നിർത്തുകയും ചെയ്തിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് ശിവദാസൻ നായർക്ക് യു.ഡി.എഫ് സ്വീകരണം നൽകുകയും ചെയ്തിരുന്നു. എന്നാൽ വിജി പ്രസിഡണ്ട് പദവി ഏറ്റെടുത്തത് മുതൽ തന്നെ ശിവദാസൻ നായർ അവിശ്വാസം കൊണ്ടുവരുമെന്ന് ഭീഷണി മുഴക്കിയിരുന്നു.

വൈസ് പ്രസിഡണ്ട് ശിവദാസൻ നായർ അടക്കം പത്ത് അംഗങ്ങൾ അവിശ്വാസത്തിന് നോട്ടീസ് നൽകിയതോടെയാണ് ഭരണമാറ്റത്തിന് സാധ്യത തെളിഞ്ഞത്. 19 അംഗങ്ങളുള്ള ഭരണ സമിതിയിൽ സിപിഐഎമിന് 8 സീറ്റും എൻസിപിക്ക് 1 സീറ്റുമടക്കം എൽഡിഎഫിന് 9 സീറ്റും ഇന്ത്യൻ നാഷണൽ കോൺഗ്രസിന് 6 സീറ്റും മുസ്ലിം ലീഗിന് 3 സീറ്റുമടക്കം യുഡിഎഫിന് 9 സീറ്റുമാണ് നിലവിലുള്ളത്. ഇരു മുന്നണികൾക്കും തുല്യ സീറ്റുകളായതുകൊണ്ട് ആരു ഭരിക്കണമെന്ന് തീരുമാനിക്കാൻ കഴിയുന്ന ഏക സീറ്റ് നേരത്തെ യുഡിഎഫിനൊപ്പമുണ്ടായിരുന്ന ജെഡിയുവിന്റെ കൈയിലാണ്.

നേരത്തെ ഇവർ എൽഡിഎഫ് മുന്നണിയിൽ ചേർന്നിരുന്നെങ്കിലും ശിവദാസൻ നായർ രാജിവെക്കാൻ തയ്യാറാവാതെയിരുന്നതുകൊണ്ട് യുഡിഎഫ് ഭരണം നിലനിർത്തുകയായിരുന്നു. എന്നാൽ നേരത്തെ പ്രസിഡണ്ടായിരുന്ന രമ്യ ഹരിദാസ് എംപിയായതോടെ രാജി വെച്ചതുകൊണ്ട് പകരം പ്രസിഡണ്ടായി വന്ന വിജി മുപ്രമ്മലുമായി സഹകരിച്ച് പോകാൻ കഴിയാത്തതുകൊണ്ടാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയതെന്ന് ശിവദാസൻ നായർ പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് ശിവദാസൻ നായർ ജില്ല പഞ്ചായത്ത് സെക്രട്ടറിക്ക് അവിശ്വാസത്തിന് കത്തു നൽകിയത്.

രമ്യക്ക് വേണ്ടി ശക്തമായി രംഗത്ത് വന്ന പല നേതാക്കളും വിജിക്ക് വേണ്ടി രംഗത്ത് വന്നിരുന്നില്ല. പല നേതാക്കളും വിജി പ്രസിഡണ്ടായതോടെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് തിരിഞ്ഞു നോക്കാറു പോലുമില്ലെന്നാണ് കോൺഗ്രസ് പ്രവർത്തകർ തന്നെ ആരോപിക്കുന്നത്. വിജിയെ ശിവദാസൻ നായർ നിരന്തരം ശല്യം ചെയ്തപ്പോൾ ഇക്കാര്യം ചൂണ്ടി വിജി ജില്ല കോൺഗ്രസ് പ്രസിഡണ്ടിന് രണ്ടാഴ്ച മുമ്പ് കത്ത് നൽകിയിരുന്നു. എന്നാൽ സ്വന്തം പാർട്ടിയിലെ ഒരു വനിത നേതാവിനെ സഹ മെമ്പർ നിരന്തരം ശല്യം ചെയ്യുന്നത് ശ്രദ്ധയിൽപെട്ടിട്ടും ജില്ല കോൺഗ്രസ് പ്രസിഡണ്ട് പൊലീസിൽ പരാതി നൽകാൻ തയ്യാറാവാത്തതും കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്യുന്നുണ്ട്.

ശിവദാസൻ നായർ അവിശ്വാസം നൽകിയതിന് ശേഷം ഇങ്ങനെയൊരു പരാതിയുമായി രംഗത്ത് വന്നാൽ അത് വിജിക്ക് തിരിച്ചടിയാകുമെന്നും പ്രവർത്തകർ പറയുന്നു. എൽ.ഡി.എഫിനും യു.ഡി.എഫിനും തുല്യ സീറ്റുകളായതിനാൽ കഴിഞ്ഞ ഭരണ സമിതിയുടെ ഭരണ കാലത്ത് നറുക്കെടുപ്പിലൂടെ പ്രസിഡണ്ട് സ്ഥാനം എൽ.ഡി.എഫിനും വൈസ് പ്രസിഡണ്ട് സ്ഥാനം യു.ഡിഎഫിനുമായിരുന്നു. എൽ.ഡി.എഫിലെ ബാലകൃഷ്ണൻ നായർ പ്രസിഡണ്ടും യു.ഡി.എഫിലെ വിനോദ് പടനിലം വൈസ് പ്രസിഡണ്ടുമായാണ് ഭരണം നടത്തിയിരുന്നത്. ഈ ഭരണ സമിതിയുടെ കാലത്ത് ബ്ലോക്ക് പഞ്ചായത്തിന്റെ കൈവശമുണ്ടായിരുന്ന സ്ഥലം മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കാൻ വിട്ടു നൽകിയിരുന്നു. ഇതിന്റെ പ്രവൃത്തി ഇപ്പോൾ അവസാന ഘട്ടത്തിലാണ്. മിനി സിവിൽ സ്റ്റേഷൻ പൂർത്തിയായാൽ ഒരു നില മുഴുവനായും ബ്ലോക്ക് പഞ്ചായത്തിന് വിട്ടു നൽകണം എന്നാവശ്യപ്പെട്ട് ഇപ്പോഴത്തെ ഭരണ സമിതി രംഗത്ത് വന്നിരുന്നു. ഇതോടെ ഏതൊക്കെ ഓഫീസുകൾക്ക് മുറികൾ അനുവദിച്ച് നൽകണമെന്ന കാര്യത്തിൽ തീരുമാനമായിരുന്നില്ല. ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് ലഭിക്കുന്നതോടെ മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനം നല്ല രീതിയിൽ നടത്താൻ കഴിയുമെന്ന ആശ്വാസത്തിലാണ് എൽ.ഡി.എഫ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP