Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

35ഉം 17 ചേർന്നാൽ 52! സിപിഎമ്മിനുള്ളത് 37 പേർ മാത്രം; സ്വതന്ത്രനെ പൊതു സമ്മതനാക്കി തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാനുള്ള കോൺഗ്രസ് നീക്കത്തിന് ബിജെപി പാര; വട്ടിയൂർക്കാവിൽ ബിജെപി-സിപിഎം സംഘർഷം തുടരുമ്പോഴും മേയറെ തിരഞ്ഞെടുക്കാൻ ഇരു കൂട്ടരും ഒരുമിക്കുമെന്ന ഭയപ്പാടിൽ കോൺഗ്രസ്; മെഡിക്കൽ കോഴയിലെ 'വില്ലനെ' സംശയത്തോടെ കണ്ട് യുഡിഎഫ്; തിരുവനന്തപുരം കോർപ്പറേഷനിൽ സർവ്വത്ര അനിശ്ചിത്വം; പുതിയ മേയറെ നിശ്ചിയിക്കുക ബിജെപി നിലപാട് തന്നെ

35ഉം 17 ചേർന്നാൽ 52! സിപിഎമ്മിനുള്ളത് 37 പേർ മാത്രം; സ്വതന്ത്രനെ പൊതു സമ്മതനാക്കി തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാനുള്ള കോൺഗ്രസ് നീക്കത്തിന് ബിജെപി പാര; വട്ടിയൂർക്കാവിൽ ബിജെപി-സിപിഎം സംഘർഷം തുടരുമ്പോഴും മേയറെ തിരഞ്ഞെടുക്കാൻ ഇരു കൂട്ടരും ഒരുമിക്കുമെന്ന ഭയപ്പാടിൽ കോൺഗ്രസ്; മെഡിക്കൽ കോഴയിലെ 'വില്ലനെ' സംശയത്തോടെ കണ്ട് യുഡിഎഫ്; തിരുവനന്തപുരം കോർപ്പറേഷനിൽ സർവ്വത്ര അനിശ്ചിത്വം; പുതിയ മേയറെ നിശ്ചിയിക്കുക ബിജെപി നിലപാട് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ബിജെപി-സിപിഎം സംഘർഷം തുടരുമ്പോഴും മേയറെ തിരഞ്ഞെടുക്കാൻ ഇരു കൂട്ടരും ഒരുമിക്കുമെന്ന സൂചനകൾ പുറത്ത്. വട്ടിയൂർക്കാവിൽ സംഘർഷം ഒഴിവാക്കുന്നതിനുവേണ്ടി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശക്തമായ ഇടപെടൽ നടത്തുന്നുണ്ടെങ്കിലും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടരുകയാണ്. ഇതിനിടെയാണ് സിപിഎമ്മിന് വേണ്ടി ബിജെപി ഒത്തുകളിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നത്. 30 കൊല്ലമായി തിരുവനന്തപുരം കോർപ്പറേഷൻ ഭരിക്കുന്നത് സിപിഎമ്മാണ്. ഇത്തവണ ബിജെപിക്ക് 35 അംഗങ്ങളുടെ പിന്തുണയുണ്ട്. കോൺഗ്രസും ബിജെപിയും ചേർന്നാൽ സിപിഎമ്മിന് ഭരണം നഷ്ടമാകും. എന്നാൽ പ്രശാന്ത് മേയർ സ്ഥാനം രാജിവച്ച് നിയമസഭയിലെത്തുമ്പോഴും ബിജെപിക്ക് സിപിഎമ്മിനോട് താൽപ്പര്യമുണ്ടെന്നാണ് കോൺഗ്രസ് ആരോപണം.

വട്ടിയൂർകാവിൽ ബിജെപി വോട്ടുകളെല്ലാം പോയത് സിപിഎമ്മിനാണ്. അതിന് ശേഷം രണ്ട് പേരും വട്ടിയൂർകാവിൽ തമ്മിൽ അടിക്കുന്നു. ഇതെല്ലാം അണികളെ തെറ്റിധരിപ്പിക്കാനാണ്. തിരുവനന്തപുരത്ത് കോർപ്പറേഷൻ സിപിഎം ഭരിക്കുന്നത് ബിജെപി കാരണമാണ്. അടുത്ത മേയർ തെരഞ്ഞെടുപ്പിലും സിപിഎമ്മിനെ സഹായിക്കാനാണ് ശ്രമം. ബിജെപിയിലെ സംസ്ഥാന നേതാവിന്റെ പിന്തുണയോടെയാണ് ഈ നീക്കമെന്നാണ് കോൺഗ്രസ് പറയുന്നത്. പ്രശാന്ത് ജയിച്ചതിന് പിന്നാലെ മേയർ സ്ഥാനത്തേക്ക് പൊതു സ്ഥാനാർത്ഥിയെ നിർത്താൻ ബിജെപിയും കോൺഗ്രസും തമ്മിൽ ധാരണയുണ്ടായിരുന്നു. സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ച ഒരാളെ നിർത്താനായിരുന്നു പദ്ധതി. ഇതിലൂടെ തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഎം ഭരണം അവസാനിപ്പിക്കാമെന്നും കരുതി. എന്നാൽ പ്രശാന്തിനെ ജയിപ്പിച്ച ബിജെപി സിപിഎമ്മിനൊപ്പം നിൽക്കുകയാണെന്നാണ് ഉയരുന്ന ആരോപണം.

മെഡിക്കൽ കോഴയിൽ കുറ്റാരോപിതനായ സംസ്ഥാന നേതാവിനൊപ്പമാണ് തിരുവനന്തപുരത്തെ ബിജെപി നേതൃത്വം. ഈ നേതാവിന്റെ നേതൃത്വത്തിലാണ് കോർപ്പറേഷനിൽ പൊതു സ്ഥാനാർത്ഥിയെ നിർത്താമെന്ന ധാരണയിലേക്ക് കാര്യങ്ങളെത്തിയത്. പിന്നീട് ഈ നേതാവ് തന്നെ പിന്നോട്ട് പോയി. ഇപ്പോൾ പൊതു സ്ഥാനാർത്ഥിയെന്ന ചർച്ച നടക്കുന്നില്ല. ഇങ്ങനെ പോയാൽ സിപിഎം നേതാവ് തന്നെ വീണ്ടും മേയറാകും. അല്ലാത്ത പക്ഷം ഇടത് നേതാവും. ഇതിന് പിന്നിൽ വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരന് സീറ്റി നിഷേധിക്കാൻ കരുക്കൾ നീക്കിയ നേതാവാണ്. ഇതിലൂടെയാണ് സിപിഎമ്മിന് വിജയം ഉറപ്പിച്ചത്. വർക്കല മെഡിക്കൽ കോളേജിലെ കോഴ വിവാദവുമായി ഇതിന് ബന്ധമുണ്ട്. ഈ കേസിൽ വിജിലൻസ് അന്വേഷണം അട്ടിമറിച്ചു കൊടുത്ത സിപിഎം സർക്കാരിനോട് നേതാവ് നന്ദികാട്ടുകയാണെന്നാണ് ഉയരുന്ന ആക്ഷേപം.

വട്ടിയൂർകാവിൽ ബിജെപി സിപിഎം സംഘർഷം അതിശക്തമാണ്. മാമ്പഴക്കുന്ന് ചെറുപാലോട് ഭാഗത്ത് സിപിഎം പ്രവർത്തകന്റെ വീട് ആക്രമിക്കപ്പെട്ടു. അയോധ്യ നഗർ ഭാഗത്ത് താമസിക്കുന്ന യു. ശശിയുടെ വീടിന് നേരെയായിരുന്നു ആക്രമണം. പുലർച്ചെ ഒന്നോടെയാണ് സംഭവമുണ്ടായത്. വീടിനു നേരെ ഒരു സംഘം ആൾക്കാർ കല്ലെറിയുകയും സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് അടിച്ചു തകർക്കുകയും ചെയ്തു. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് സൂചനയുണ്ട്. ആക്രമണത്തിൽ വീടിന്റെ ജനാല ചില്ലുകളും തകർന്നിട്ടുണ്ട്. സംഭവമറിഞ്ഞ് പൊലീസ് എത്തിയെങ്കിലും അക്രമികൾ രക്ഷപ്പെട്ടു. ബിജെപി പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് സിപിഎം ആരോപിച്ചു. ബിജെപിക്കാരുടെ വീട്ടിലും ആക്രമണം നടക്കുന്നു.

അതിനിടെ സംഘർഷ സാധ്യത നിലനിൽക്കുന്ന വട്ടിയൂർക്കാവിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ പുറപ്പെടുവിച്ചു. സിറ്റി പൊലീസ് കമ്മീഷണറാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ പ്രദേശങ്ങളിൽ സംഘംചേരൽ, പ്രകടനങ്ങൾ നടത്തൽ, പൊതുയോഗങ്ങൾ സംഘടിപ്പിക്കൽ എന്നിവ പാടില്ല. വട്ടിയൂർക്കാവ് സ്റ്റേഷൻ പരിധിയിലെ 20 ഓളം പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ പൊലീസ് ശക്തമായ നിരീക്ഷണം നടത്തി വരുന്നുണ്ട്. വട്ടിയൂർക്കാവ്, നെട്ടയം, മണികണ്‌ഠേശ്വരം, മണ്ണറക്കോണം, കാഞ്ഞിരംപാറ, തൊഴുവൻകോട്, കുണ്ടമൺഭാഗം, കുലശേഖരം തുടങ്ങിയ ഭാഗങ്ങളിലാണ് പൊലീസ് പ്രത്യേക നിരീക്ഷണം നടത്തി വരുന്നത്.

ദിവസങ്ങൾക്കു മുമ്പ് നെട്ടയം ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന കൊടിമരങ്ങൾ ഡിവൈഎഫ്‌ഐ പ്രവർത്തകരും ബിജെപി പ്രവർത്തകരും പരസ്പരം തകർത്തതുമായി ബന്ധപ്പെട്ടാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. എന്നാൽ അണികൾ തമ്മിൽ തല്ലുമ്പോഴും സിപിഎമ്മിന് കോർപ്പറേഷൻ ഭരണം നിലനിർത്താൻ എല്ലാ സഹായവും ബിജെപി നേതാക്കൾ ചെയ്തു കൊടുക്കുന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. മേയർ വി കെ പ്രശാന്ത് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടതോടെ പുതിയ നഗരപിതാവിനായി തിരുവനന്തപുരം നഗരസഭയിൽ കരുനീക്കങ്ങൾ ശക്തമാണ്. ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത നഗരസഭയിൽ മൂന്ന് മുന്നണികളും സാധ്യതയുണ്ട്്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരു മുന്നണിയും സ്ഥാനാർത്ഥി ആരാണെന്ന് തീരുമാനിച്ചിട്ടില്ല.

കേവല ഭൂരിപക്ഷമില്ലാഞ്ഞിട്ടും കഴിഞ്ഞ നാല് വർഷം കാര്യമായ വെല്ലുവിളികളില്ലാതെയാണ് എൽഡിഎഫ് നഗരസഭ ഭരിച്ചത്. അതുകൊണ്ട് തന്നെ അവസാന ഒരു വർഷത്തേക്കെങ്കിലും എൽഡിഎഫിനെ പുറത്താക്കാനുള്ള പതിനെട്ടടവും പയറ്റാനൊരുങ്ങുകയാണ് കോൺഗ്രസ്. സ്വതന്ത്രനെ അവതരിപ്പിച്ച് പിന്തുണ നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ബിജെപിയുടെ സഹായം സ്വീകരിക്കാനുള്ള സാധ്യത പോലും കോൺഗ്രസ് തള്ളിക്കളഞ്ഞിരുന്നില്ല. ഇതിനിടെയാണ് സിപിഎമ്മിന് അനുകൂലമായ നിലപാട് ബിജെപി എടുക്കുന്നുവെന്ന സംശയം കോൺഗ്രസിനുണ്ടാകുന്നത്. മുൻ മേയർ വികെ പ്രശാന്ത് വട്ടിയൂർക്കാവിൽ നിന്ന് നിയമസഭയിലേക്ക് വിജയിച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

തെരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള നിർദ്ദേശം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വരണാധികാരിക്ക് നൽകി. തിരുവനന്തപുരം ജില്ലാ കലക്ടറാണ് വരണാധികാരി. വികെ പ്രശാന്തിന് പകരം ആരെന്നുള്ള ചർച്ചകൾ സിപിഎം ക്യാമ്പുകളിൽ ചർച്ച സജീവമാക്കിയിട്ടുണ്ട്. സിപിഎമ്മിന്റെ യുവ നേതാവും കൗൺസിലറുമായ ഐപി ബിനുവിന്റെത് ഉൾപ്പെടെ പേരുകൾ ഉയർന്നുകേൾക്കുന്നുണ്ട്. നിലവിൽ കോർപ്പറേഷനിൽ എൽഡിഎഫ് 37, ബിജെപി 35, യുഡിഎഫ് 17 എന്നിങ്ങനെയാണ് കക്ഷിനില.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP