Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാവോയിസ്റ്റ് ബന്ധത്തിൽ അറസ്റ്റിലായ അലന്റേയും താഹയുടേയും ജാമ്യാപേക്ഷ തള്ളി; യുഎപിഎ നിലനിൽക്കുന്ന സാഹചര്യത്തിൽ ജാമ്യം നൽകാൻ സാധിക്കില്ലെന്ന് കോടതി; കേസിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രതികൾ പുറത്തുപോകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചു ജില്ലാ സെഷൻസ് കോടതി; ജാമ്യത്തിനായും എഫ്‌ഐആർ റദ്ദാക്കാനും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതികളുടെ ബന്ധുക്കൾ

മാവോയിസ്റ്റ് ബന്ധത്തിൽ അറസ്റ്റിലായ അലന്റേയും താഹയുടേയും ജാമ്യാപേക്ഷ തള്ളി; യുഎപിഎ നിലനിൽക്കുന്ന സാഹചര്യത്തിൽ ജാമ്യം നൽകാൻ സാധിക്കില്ലെന്ന് കോടതി; കേസിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രതികൾ പുറത്തുപോകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചു ജില്ലാ സെഷൻസ് കോടതി; ജാമ്യത്തിനായും എഫ്‌ഐആർ റദ്ദാക്കാനും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതികളുടെ ബന്ധുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ചു യുഎപിഎ ചുമത്തി സിപിഎം പ്രവർത്തകരെ അറസ്റ്റു ചെയത് കേസിൽ പ്രതികൾക്ക് ജാമ്യമില്ല. അലൻ, താഹ എന്നിവർക്കാണ് ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചത്. യുഎപിഎ നിലനിൽക്കുന്ന സാഹചര്യത്തിൽ ജാമ്യം നൽകേണ്ടതില്ലെന്ന് കോടതി പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രതികൾ പുറത്തുപോകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന എന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. ഈ നിലപാട് അംഗീകരിക്കുകയാണ് കോടതി ചെയ്തത്.

പ്രതിഭാഗം അഭിഭാഷകർ പലതരം വാദം ഉന്നയിച്ചെങ്കിലും കോടതി ഇതൊന്നും മുഖവിലയ്ക്കെടുത്തിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസമായി നടന്ന വാദത്തിനൊടുവിലാണ് കോടതിയുടെ ഉത്തരവ്. ഒന്നാം തിയതി വൈകീട്ടാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ നിയമത്തിലെ സെക്ഷൻ 20, 38, 39 വകുപ്പുകളായിരുന്നു ചുമത്തിയത്. കേസിൽ പിടിച്ചെടുത്ത തെളിവുകൾ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. യു.എ.പി.എ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും ഇരുവരിൽ നിന്നും പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. യു.എ.പി.എ വകുപ്പുകൾ ചുമത്തിയത് തെളിവുകളാടെയാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.

അതേസമയം പ്രതികളെ കാണാൻ അഭിഭാഷകർക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കണം കൂടിക്കാഴ്ച.കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും, പ്രതികൾ പുറത്തിറങ്ങിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.യു.എ.പി.എയുടെ കാര്യത്തിൽ തീരുമാനമാകാതെ മകൻ പുറത്തിറങ്ങിയിട്ട് കാര്യമില്ലെന്ന് അലന്റെ അമ്മ സബിത പ്രതികരിച്ചു. മേൽക്കോടതിയെ സമീപിക്കുമെന്ന് താഹയുടെ കുടുംബാംഗങ്ങൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നിരോധിത പ്രസ്ഥാനങ്ങളിൽ അംഗമാവുക അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുക തുടങ്ങി കുറ്റങ്ങളാണ് അറസ്റ്റിലായ അലനും, താഹയ്ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. പന്തീരാങ്കാവിൽ ഇവർക്കൊപ്പം ഉണ്ടായിരുന്ന മൂന്നാമന് വേണ്ടി തിരച്ചിൽ തുടരുകയാണ്. കോടതി സ്വമേധയാ യു.എ.പി.എ വകുപ്പ് ഒഴിവാക്കണമെന്ന ആവശ്യമാണ് പ്രതികൾക്കു വേണ്ടി ഹാജരായ അഡ്വ.എം.കെ.ദിനേശ് തിങ്കളാഴ്ച ഉന്നയിച്ചതെങ്കിൽ, ഇരുവർക്കും ജാമ്യം അനുവദിക്കണമെന്ന ആവശ്യം മാത്രമാണ് ഇന്നലെ അദ്ദേഹം ഉന്നയിച്ചത്. അലൻ ഷുഹൈബ് (20), താഹ ഫസൽ (24) എന്നിവർക്ക് നിയമപരമായും മാനുഷികപരിഗണനയിലും ജാമ്യം ലഭിക്കാൻ അർഹതയുണ്ടെന്ന് അദ്ദേഹം വാദിച്ചു.

അതേസമയം കേസിൽ ശക്തമായ നിലപാടുമായി മുന്നോട്ടു പോകാനാണ് പൊലീസ് ഒരുങ്ങുന്നത്. യുഎപിഎയിൽ ഉറച്ചു നിൽക്കാനും കേസിൽ നിന്നും പിന്നോട്ടു പോകേണ്ടതില്ലെന്നുമാണ് പൊലീസിന്റെ നിലപാട്. അതുകൊണ്ട് യുഎപിഎയെ പിന്തുണകകുന്ന വിധത്തിൽ തെളിവുകൾ ഉണ്ടാക്കാനാണ് ശ്രമം നടക്കുന്നത്.അലന്റെയും താഹയുടെയും മൊബൈലും ലാപ്ടോപ്പും അടക്കം വിശദമായി പരിശോധിക്കേണ്ട സാഹചര്യം ഉണ്ടെന്നും പൊലീസ് പറയുന്നു. ഇവയിൽ നിന്നും 'ഡിജിറ്റൽ' തെളിവുകൾ ശേഖരിച്ച ശേഷം കോടതിയെ സമീപിക്കാനാണ് നീക്കം.

ഇരുവരും യാത്രകളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ലെന്നും ഇത് ട്രാക്ക് ചെയ്യാതിരിക്കാനുള്ള മുൻകരുതലാകാമെന്നും പൊലീസ് പറയുന്നു. വീട്ടിൽനിന്നു കണ്ടെടുത്തതായി പറയുന്ന മാവോയിസ്റ്റ് പ്രവർത്തന രൂപരേഖയാണ് താഹയ്ക്കെരായ പ്രധാനതെളിവ്. സായുധ സമരത്തിന് ആഹ്വാനം ചെയ്യുന്ന ലഘുലേഖ ഓരോ ഘട്ടത്തിലും എങ്ങനെ പ്രവർത്തിക്കണമെന്നു കൃത്യമായി പറയുന്നു. തീവ്രസംഘടനകളുടെ യോഗങ്ങളിൽ അലൻ മുൻപ് പങ്കെടുത്തതിന്റെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടതും ബോധപൂർവം.

അതിനിടെ, അലനും താഹയ്ക്കുമൊപ്പമുണ്ടായിരുന്ന മൂന്നാമനെ കണ്ടെത്താൻ വ്യാപക തിരച്ചിൽ തുടരുകയാണ്. നഗരത്തിൽ പെരുമണ്ണ ടൗണിലെ സ്പോർട്സ് ടർഫിലെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് ഇയാളെ തിരിച്ചറിയാനാകുമെന്നാണ് പ്രതീക്ഷ. ടർഫിനു സമീപം കടത്തിണ്ണയിൽ ഇയാളുമായി സംസാരിച്ചു നിൽക്കവെയാണ് അലനെയും താഹയെയും പൊലീസ് പിടികൂടിയത്. നഗരം കേന്ദ്രീകരിച്ചു മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഉണ്ണിയാണ് മൂന്നാമനെന്നും ഇയാൾ വലയിലാണെന്നുമുള്ള അഭ്യൂഹങ്ങൾ പൊലീസ് തള്ളി.

നേരത്തെ വിദ്യാർത്ഥികൾ തങ്ങൾ മാവോയിസ്റ്റുകളാണെന്ന് സമ്മതിച്ചതായി പൊലീസ് എഫ്.ഐ.ആറിൽ പറഞ്ഞിരുന്നു. തങ്ങൾ സിപിഐ മാവോയിസ്റ്റ് സംഘടനയിൽ പ്രവർത്തിക്കുന്നവരാണെന്ന് സമ്മതിച്ചിട്ടുണ്ട്. ത്വാഹയുടെ പക്കൽനിന്ന് പിടിച്ചെടുത്ത ചുവന്ന പ്ലാസ്റ്റിക് ഫയലിൽ ഇന്ത്യയിലെ ജാതിപ്രശ്നം നമ്മുടെ കാഴ്ചപ്പാട് സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി എന്നെഴുതിയ പുസ്തകം, കേന്ദ്ര സർക്കാർ നിരോധിച്ച പുസ്തകം, സിപിഐ മാവോയിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി ഇറക്കിയ പുസ്തകം തുടങ്ങിയ കണ്ടെടുത്തിട്ടുണ്ട്.

അലന്റെ ബാഗിൽ മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുക എന്ന് അച്ചടിച്ച നോട്ടീസും, മാവോയിസ്റ്റ് വേട്ടക്കെതിരെ ജനങ്ങൾ രംഗത്തിറങ്ങുക എന്ന തലക്കെട്ടോടു കൂടിയതും സിപിഐ (മാവോയിസ്റ്റ്) വക്താവ് പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റി എന്ന് അവസാനിക്കുന്നതുമായ അച്ചടിച്ച നോട്ടീസ്, പുതിയ മുന്നേറ്റങ്ങൾക്കായി തയ്യാറെടുക്കുക, ഒക്ടോബർ 28, 29, 30 വയനാട് കലക്ടറേറ്റിൽ രാപ്പകൽ മഹാധർണ എന്ന തലക്കെട്ടോടു കൂടിയ മറ്റൊരു നോട്ടീസും കണ്ടെത്തി. കോഡ് ഭാഷയിൽ എഴുതിയ പാഡും ഉണ്ടായിരുന്നു. പന്തീരാങ്കാവ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വി എം. ജയന്റെ നേതൃത്വത്തിലെ പൊലീസുകാകർ പെട്രോളിങ് നടത്തുമ്പോഴാണ് ഇവരെ കാണുന്നതെന്നും പിന്തുടർന്നെങ്കിലും ഒരാൾ ഓടി രക്ഷപ്പെട്ടെന്നും എഫ്.ഐ.ആറിൽ പറയുന്നു.

ഈ മൂന്നാമൻ ഉണ്ണിയാണെന്നാണ് പൊലീസ് റിപ്പോർട്ട്. ഇയാളുടെ സിസി ടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണട്. ഇയാൾ മാവോയിസ്റ്റാണെന്നാണ് പൊലീസ് വാദം. കേസിൽ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെ അറസ്റ്റു ചെയ്ത സ്ഥലത്തിന് തൊട്ടടുത്ത് ഫുട്‌ബോൾ ടെർഫിലെ സിസിടിവി ദൃശ്യമാണ് ലഭിച്ചത്. അലനും താഹയ്ക്കുമൊപ്പം മൂന്നാമൻ ബൈക്കിൽ സഞ്ചരിക്കുന്ന ദൃശ്യമാണ് കിട്ടിയത്. ഇയാൾ കോഴിക്കോട് സ്വദേശിയാണെന്നും പൊലീസ് പറഞ്ഞു. പൊലീസെത്തിയപ്പോൾ ഓടി രക്ഷപെട്ടത് ഇയാൾക്ക് മാവോവാദി ബന്ധം സംശയിക്കുന്നുണ്ട്.

സിപിഎം പ്രവർത്തകരായ യുവാക്കൾക്കൊപ്പമുണ്ടായിരുന്നത് മാവോയിസ്റ്റ് നേതാവായ ഉണ്ണിയെന്നാണ് അറിയുന്നത്. ഇയാളാണ് നഗരം കേന്ദ്രീകരിച്ചുള്ള മാവോയിസ്റ്റുകളുടെ പ്രവർത്തനങ്ങൾക്ക് നിർദ്ദേശം നൽകുന്നതെന്നാണ് വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് ലഭിച്ച വിവരം. ഉണ്ണിയെന്ന പേര് യഥാർത്ഥ പേരല്ലെന്നും അർബൺ മേഖലയുമായി ബന്ധപ്പെട്ടുള്ള യുവാക്കൾക്കിടയിൽ അറിയപ്പെടുന്ന പേരാണിതെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. പൊലീസ് പിടിയിലായ അലൻഷുഹൈബും താഹഫസലും ഉണ്ണിയെന്ന പേരിലുള്ളയാളെ കുറിച്ച് വിവരം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP