Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അധോലോക സ്വർണ്ണക്കടത്തുകാരെ മടയിൽ കയറി കുടുക്കിയ അച്ഛന്റെ മകൾ; ചെറുപ്പത്തിലേ ബ്ലാക്ക് ബെൽറ്റ് എടുത്ത ശാന്തസ്വഭാവക്കാരി; മനോരമക്കാരനെ വിരട്ടിയും തലശ്ശേരിയിൽ പാർട്ടി ഗുണ്ടകളെ അടിച്ചമർത്തിയും കാട്ടിയത് ശൗര്യം; തിരുവനന്തപുരത്തെ സിപിഎം ഓഫീസ് റെയ്ഡിലും നിറച്ചത് തന്റേടം; ആന്റി നക്സൽ ടെറർ സ്‌ക്വാഡിനെ നയിച്ചെത്തിയത് മഞ്ചക്കണ്ടിയിലെ മാവോയിസ്റ്റ് താവളത്തിൽ; ഇത് ശത്രുവിനെ മടയിൽ ചെന്ന് നേരിടുന്ന 'വനിതാ സിങ്കം'; അട്ടപ്പാടി ഓപ്പറേഷൻ ചുക്കാൻ പിടിച്ച ചൈത്ര തെരേസ ജോണിന്റെ കഥ

അധോലോക സ്വർണ്ണക്കടത്തുകാരെ മടയിൽ കയറി കുടുക്കിയ അച്ഛന്റെ മകൾ; ചെറുപ്പത്തിലേ ബ്ലാക്ക് ബെൽറ്റ് എടുത്ത ശാന്തസ്വഭാവക്കാരി; മനോരമക്കാരനെ വിരട്ടിയും തലശ്ശേരിയിൽ പാർട്ടി ഗുണ്ടകളെ അടിച്ചമർത്തിയും കാട്ടിയത് ശൗര്യം; തിരുവനന്തപുരത്തെ സിപിഎം ഓഫീസ് റെയ്ഡിലും നിറച്ചത് തന്റേടം; ആന്റി നക്സൽ ടെറർ സ്‌ക്വാഡിനെ നയിച്ചെത്തിയത് മഞ്ചക്കണ്ടിയിലെ മാവോയിസ്റ്റ് താവളത്തിൽ; ഇത് ശത്രുവിനെ മടയിൽ ചെന്ന് നേരിടുന്ന 'വനിതാ സിങ്കം'; അട്ടപ്പാടി ഓപ്പറേഷൻ ചുക്കാൻ പിടിച്ച ചൈത്ര തെരേസ ജോണിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾക്കെതിരായ നടപടിക്കു നേതൃത്വം നൽകിയത് വനിതാ സിങ്കമാണ്. പുലിമടയിൽ കയറി ഏതുകൊലകൊമ്പനേയും പിടികൂടുന്ന പൊലീസ് ഓഫീസർ. മാവോയിസ്റ്റ് വേട്ടയിലും ചർച്ചയാകുന്നത് വനിതാ ഐപിഎസ് ഉദ്യോഗസ്ഥ ചൈത്ര തെരേസാ ജോൺ എന്ന ധൈര്യശാലിയുടെ പേരാണ്. ''ഞങ്ങൾ ഞങ്ങളുടെ ജോലിയാണ് ചെയ്യുന്നത്, ഈ ആരോപണങ്ങൾക്കു പിന്നാലെ പോയി മറുപടി പറയാൻ ഞങ്ങളില്ല''-രാജ്യം ചർച്ച ചെയ്യുന്ന മാവോയിസ്റ്റ് വേട്ടയെ കുറിച്ച് ചൈത്രാ തെരേസാ ജോണിന് പറയാനുള്ളത് ഇത്രമാത്രം. ജോലി ഫലപ്രദമായി ചെയ്യാനായതിൽ സന്തോഷമാണുള്ളതെന്നും ചൈത്ര പറഞ്ഞു.

2016 ബാച്ചിലെ ഐപിഎസ് ഓഫിസറായ ചൈത്രയാണ് സംസ്ഥാനത്ത് നക്സൽ വിരുദ്ധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. ആന്റി നക്സൽ ടെറർ സ്‌ക്വാഡിന്റെ മേധാവിയായി ജൂലൈയിലാണ് ചൈത്ര സ്ഥാനമേറ്റത്. ആദ്യമായാണ് ഒരു വനിത ഈ പദവിയിൽ എത്തുന്നത്. മൂന്നു മാസമായി മാവോയിസ്റ്റുകളെ നിരീക്ഷിക്കുകയായിരുന്നു ചൈത്രയും സംഘവും. തമിഴ്‌നാട്ടിലും ആന്ധ്രയിലും കർണാടകയിലും സർക്കാരുകൾ നടപടി ശക്തമാക്കിയതോടെ മാവോയിസ്റ്റുകൾ താവളം കേരളത്തിലേക്കു മാറ്റിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഒരുക്കങ്ങൾ. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ കാടുകളിൽ മാവോയിസ്റ്റുകൾ താവളമുറപ്പിക്കുന്നതായി ആയിരുന്നു റിപ്പോർട്ടുകൾ.

''ഇതു ഞങ്ങളുടെ ജോലിയാണ്, ആരോപണങ്ങൾക്കു പിന്നാലെ പോയി മറുപടി പറയാനില്ല.'' ചൈത്ര പറഞ്ഞു. ഒരു കാര്യം കൂടി ഈ യുവ ഐപിഎസ് ഉദ്യോഗസ്ഥ കൂട്ടിച്ചേർക്കുന്നു, '' കാട്ടിൽ തിരച്ചിൽ നടത്തുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, തണ്ടർബോൾട്ട് അത് കഴിയുന്നത്ര നന്നായി ചെയ്തു'' കോഴിക്കോട് ഈസ്റ്റ്ഹിൽ സ്വദേശിയായ ചൈത്ര ഐപിഎസ് പരിശീലനത്തിനിടെ മികവിന് അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. സിപിഎമ്മിനും മുമ്പ് ഈ ഉദ്യോഗസ്ഥ തലവേദനായി. സിപിഎമ്മിന്റെ ജില്ലാ കമ്മറ്റി ഓഫീസിൽ കയറി റെയ്ഡ് നടത്തിയ മിടുമിടുക്കിയാണ് ചൈത്ര. ഇതിന്റെ പേരിൽ സ്ഥലം മാറ്റവും നേരിടേണ്ടി വന്നു. ഈ നടപടികൾക്കൊടുവിലാണ് പുതിയ പദവിയിൽ എത്തിയത്. അവിടെ പുലിമടയിൽ കയറി നക്‌സലുകളെ വകവരുത്തുകയായിരുന്നു ചൈത്ര.

തീക്കട്ടയിൽ ഉറുമ്പരിക്കുമോ..? പൊലീസ് സ്റ്റേഷൻ ആക്രമിച്ച പ്രതികളെ തേടി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ ഡിസിപി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം റെയ്ഡ് നടത്തിയെന്ന് വാർത്ത പുറത്തുവന്നപ്പോൾ എല്ലാവരും ഉന്നയിച്ചത് ഈ ചോദ്യമായിരുന്നു. സിപിഎം ഭരിക്കുമ്പോൾ പൊലീസ് സ്റ്റേഷൻ ഭരിക്കുന്നത് സഖാക്കളാണെന്ന ആക്ഷേപം നിലനിൽക്കെ തന്നെയാണ് മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയുള്ള സിപിഎം ഓഫീസിൽ പൊലീസ് പരിശോധന നടന്നത്. അക്രമികളെ പിടിക്കാൻ വേണ്ടി ചൈത്ര നടത്തി ശ്രമം പരാജയപ്പെട്ടത് കൂടെ ഒറ്റുകാർ ഉണ്ടായിരുന്നതു കൊണ്ടാണ്. ഈ സംഭവത്തിന്റെ പേരിൽ മുഖ്യമന്ത്രി നേരിട്ട് വിളിപ്പിക്കുകയും ഡിജിപി വിശദീകരണം തേടുകയും ചെയ്തതോടെ സൈബർ ലോകത്തിന്റെ പിന്തുണ ഈ കോഴിക്കോട്ടുകാരിയായ ഐപിഎസുകാരിക്ക് ലഭിച്ചു. അങ്ങനെ താരമായ പൊലീസ് ഉദ്യോഗസ്ഥയാണ് ചൈത്ര.

1983 ഐ.ആർ.എസ് ബാച്ചുകാരനായ ഡോ.ജോൺ ജോസഫിന്റെ മകളാണ് ചൈത്ര തെരേസ ജോൺ. കസ്റ്റംസിലും ഡി.ആർ.ഐയിലും ദീർഘകാലം പ്രവർത്തിച്ച ജോൺ ജോസഫ് ഒരുകാലത്ത് സ്വർണക്കടത്തുകാരുടെ പേടിസ്വപ്നമായിരുന്നു. മലബാർ കേന്ദ്രീകരിച്ചാണ് സ്വർണക്കടത്ത് സജീവമായത് എന്നതു കൊണ്ട് തന്നെ പല കള്ളക്കടത്തുകാരെയും അനായാസം കൈകാര്യം ചെയ്തിട്ടുണ്ട് ജോൺ ജോസഫ്. മലബാർ കേന്ദ്രീകരിച്ചു നടത്തിയ സ്വർക്കടത്ത് നിരവധി തവണ പിടികൂടിയ വ്യക്തിയാണ് അദ്ദേഹം. നിലവിൽ ഡൽഹി സ്പെഷൽ സെക്രട്ടറി, ബജറ്റ് ഇൻവെസ്റ്റിഗേഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുക്കുന്ന അദ്ദേഹം ഡി.ആർ.ഐയുടെ രാജ്യത്തെ ഉയർന്ന ഉദ്യോഗസ്ഥനായി പ്രവർത്തിച്ചിട്ടുണ്ട്. പിതാവിന്റെ പാതയിൽ സിവിൽ സർവീസ് ആഗ്രഹിച്ചു കൊണ്ടാണ് ചൈത്ര ഈ മേഖലയിലേക്ക് കടന്നുവന്നത്.

മകളെ കരുത്തരാക്കി തന്നെയാണ് ജോൺ ജോസഫ് വളർത്തിയത്. കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു സ്‌കൂൾ പഠനം. കരാട്ടെയിൽ ബ്ലാക് ബെൽറ്റ് നേടിയിട്ടുണ്ട് ചൈത്ര. മാനസികമായ ആരോഗ്യവു കരുത്തും നേടാൻ വേണ്ടിയായിരുന്നു ചൈത്രയുടെ കരാട്ടെ പഠനം. ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസിൽ സുഖമായി ഇരിക്കാമായിരുന്നിട്ടും വീണ്ടു പരിശ്രമിച്ചാണ് അവർ പൊലീസ് സർവീസിലേക്ക് എത്തിയത്. അഞ്ചു തവണ സിവിൽ സർവീസ് പരീക്ഷയും മൂന്നു തവണ അഭിമുഖവും കടന്നാണ് അവർ പൊലീസ് സർവീസിൽ എത്തിയത്. അതായത് പൊലീസ് സർവീസ് അവർ ആഗ്രച്ചു നേടിയതാണെന്ന് വ്യക്തം. സിവിൽ സർവീസിൽ 111 ആയിരുന്നു റാങ്ക്. ഐ.പി.എസ്. ലിസ്റ്റിൽ ഒന്നാമതായിരുന്നു. കേരള കാഡർ ഉദ്യോഗസ്ഥയയായ ചൈത്ര തെരേസ ജോണിന് വയനാട്ടിലായിരുന്നു ട്രെയിനിങ്ങിന്റെ തുടക്കം. പിന്നെ, തലശേരി എ.എസ്‌പിയായി. ദീർഘകാലം തലശേരിയിൽ ജോലി ചെയ്തപ്പോഴും കണ്ണൂരിലെ സിപിഎമ്മുമായി ഉടക്കി. തലശ്ശേരിയിലെ പാർട്ടി ഗുണ്ടകൾക്കെതിരെ അതിശക്തമായ നടപടി എടുത്തു.

ആരോടും കോംപ്രമൈസ് ചെയ്യുന്ന പ്രകൃതക്കാരില്ല തെരേസ. കോട്ടയത്ത് ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറുടെ ചുമതല വഹിക്കവേ മനോരമക്കാരനെയും വിറപ്പിച്ചിരുന്നു അവർ. മദ്യപിച്ചു വാഹനം ഓടിച്ച മലയാള മനോരമയുടെ ഉന്നത ഉദ്യോഗസ്ഥനെതിരെ കേസെടുത്തതിന്റെ പേരിൽ ചൈത്രയുടെ പഴ്സണൽ സ്റ്റാഫിലുണ്ടായിരുന്ന രണ്ടു പൊലീസുകാരെ ജില്ലാ പൊലീസ് മേധാവി എ.ആർ ക്യാംപിലേയ്ക്കു സ്ഥലം മാറ്റിയിരുന്നു. ഇതിനു പിന്നാലെ തന്റെ ഒപ്പമുണ്ടായിരുന്ന പൊലീസുകാർക്കെതിരെയല്ല, തനിക്കെതിരെയാണ് നടപടിയെടുക്കേണ്ടതെന്നു ചൈത്ര ജില്ലാ പൊലീസ് മേധാവിയോടു പൊട്ടിത്തെറിച്ചിരുന്നു. മദ്യപിച്ചു പിടിക്കപ്പെട്ടപ്പോൾ മലയാള മനോരമയുടെ ജീവനക്കാരനാണെന്നു പറഞ്ഞ ഉദ്യോഗസ്ഥൻ തന്റെ തിരിച്ചറിയൽ കാർഡ് എഎസ്‌പിയെ കാണിക്കുയും ചെയ്തു. എന്നാൽ, ഇയാൾക്കെതിരെ കേസെടുക്കണമെന്ന നിർദ്ദേശം ഒപ്പമുണ്ടായിരുന്ന പൊലീസുകാർക്കു എഎസ്‌പി നൽകുകയായിരുന്നു. കേസെടുത്ത ശേഷമാണ് ചൈത്ര പിന്മാറിയത്. മനോരമ ജീവനക്കാരനാണെന്നു പറഞ്ഞിട്ടും സംഭവത്തിൽ കേസെടുത്ത ചൈത്രയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് മലയാള മനോരമയിൽ നിന്നു ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചത്. ഇതോടെ എസ്‌പി രക്ഷിക്കാൻ രംഗത്തെത്തുകയും ഇങ്ങനെ സംഭവം ഉണ്ടായിട്ടില്ലെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവം റിപ്പോർട്ടു ചെയ്ത മറുനാടനെതിരെ അന്ന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. എന്നാൽ, തുടർഭരണം ഉണ്ടായില്ല.

മനോരമയ്ക്കു മുന്നിൽ മുട്ടിടിച്ചു നിൽക്കുന്ന ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ ചൈത്ര വ്യത്യസ്തയായതിനെ കയ്യടിച്ചാണ് ജില്ലയിലെ സാധാരണക്കാർ സ്വീകരിച്ചിരുന്നു. അന്ന് കാണിച്ച അതേധൈര്യമാണ് ഇപ്പോൾ ചൈത്ര സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡിന് എത്തിയപ്പോൾ ചൈത്ര കാണിച്ചത്. റെയ്ഡിനു പിന്നാലെ ആഭ്യന്തര വകുപ്പ് വിശദീകരണം തേടിയിരുന്നു. പിന്നീട് നടപടിയും വന്നു. തിരുവനന്തപുരത്ത് ക്രമസമാധാനപാലന ഡിസിപിയുടെ താൽക്കാലിക ചുമതല വഹിച്ച ചൈത്ര തെരേസ ജോണിനെയാണു വനിതാ സെൽ എസ്‌പിയുടെ കസേരയിലേക്കു മടക്കിയത്. അവിടെ നിന്നും എത്തിയത് തീവ്രവാദ വിരു്ദ്ധ സ്‌ക്വാഡിലേക്കും. തിരുവനന്തപുരത്തെ റെയ്ഡിൽ എസ്‌പിക്കെതിരെ നടപടിയാവശ്യപ്പെട്ട് ജില്ലാനേതൃത്വം ഭരണനേതൃത്വത്തേയും പാർട്ടിനേതൃത്വത്തേയും സമീപിച്ചിരുന്നു. രാത്രിയാണ് അൻപതോളം പേരടങ്ങിയ ഡിവൈഎഫ്ഐ സംഘം തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞത്. പോക്സോ കേസിൽ അറസ്റ്റിലായ രണ്ട് പ്രവർത്തകരെ കാണാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു അതിക്രമം. മുതിർന്ന നേതാവുൾപ്പെടെ അൻപതോളം ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

ഇതിൽ ചിലർ സിപിഎം ജില്ലാകമ്മിറ്റി ഓഫിസിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിസിപി പാർട്ടി ഓഫിസിൽ അർധരാത്രി റെയ്ഡിനെത്തിയത്. കീഴുദ്യോഗസ്ഥരിൽ പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഡിസിപി ചൈത്ര തെരേസ ജോൺ നിലപാടിൽ ഉറച്ചുനിന്നതോടെ സഹപ്രവർത്തകരും ഒപ്പം ചേർന്നു. ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയ പൊലീസ് സംഘത്തെ കടത്തിവിടാൻ നേതാക്കൾ തയാറായില്ല. ഒടുവിൽ റെയ്ഡിന് സമ്മതിക്കുകയായിരുന്നു. അങ്ങനെ സിപിഎമ്മിനെ ചൈത്ര വിറപ്പിച്ചു. ഇപ്പോൾ നക്‌സലുകളേയും. അങ്ങനെ കേരളാ പൊലീസിലെ വനിതാ സിങ്കമാവുകയാണ് ചൈത്ര തെരേസാ ജോൺ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP