Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തെ പണ്ടേ നോട്ടമിട്ട് ഉത്തരകൊറിയൻ ഹാക്കർമാർ; കേരളത്തിന്റെ ബാങ്കുകളിൽ നിന്നും കടത്താൻ ശ്രമിച്ചത് ആയിരം കോടി; പട്ടിണിമാറ്റാൻ ഹാക്കാർമാരെ ഉപയോഗിച്ച് കൊള്ളയടിക്കുന്ന ഒരു രാജ്യത്തിന്റെ കഥ

കേരളത്തെ പണ്ടേ നോട്ടമിട്ട് ഉത്തരകൊറിയൻ ഹാക്കർമാർ; കേരളത്തിന്റെ ബാങ്കുകളിൽ നിന്നും കടത്താൻ ശ്രമിച്ചത് ആയിരം കോടി; പട്ടിണിമാറ്റാൻ ഹാക്കാർമാരെ ഉപയോഗിച്ച് കൊള്ളയടിക്കുന്ന ഒരു രാജ്യത്തിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കൂടംകുളം ആണവായുധ നിലയത്തിൽ നടന്ന സൈബർ ആറ്റാക്കിന് പിന്നിൽ ഉത്തരകൊറിയയാണെന്ന ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഉത്തരകൊറിയൻ ഹാക്കർമാരുടെ തട്ടിപ്പിന്റെ പുതിയ കഥകൾ കൂടി പുറത്ത്. 

പട്ടിണി മറികടക്കാൻ വേണ്ടി സാങ്കേതിക വിദ്യയെ കൂട്ടിപിടിച്ചുള്ള ഉത്തരകൊറിയൻ ഹാക്കർമാരുടെ പകൽകൊള്ളയുടെ ഞെട്ടിപ്പിക്കുന്ന കഥകളാമ് ദക്ഷിണ കൊറിയൻ സുരക്ഷാ ഏജൻസി പുറത്തുവിടുന്നത്. ഇന്ത്യയിലെ രണ്ട് പ്രമുഖ ബാങ്കുകളിൽ നിന്ന് 2016 ൽ 1000 കോടിയിലേറെ രൂപ കടത്താനുള്ള ശ്രമത്തിനു പിന്നിലും ഉത്തര കൊറിയൻ ഹാക്കർമാരെന്നു ദക്ഷിണ കൊറിയൻ സൈബർ സുരക്ഷാ കമ്പനി വെളിപ്പെടുത്തുന്നു.

ഇന്ത്യയിലെ ആണവോർജ രംഗത്തെ ഉന്നതരിൽ നിന്നു രഹസ്യങ്ങൾ ചോർത്താൻ ഉത്തര കൊറിയൻ സംഘങ്ങൾ വൈറസ് അടങ്ങിയ ഇമെയിലുകൾ അയച്ചിരുന്നുവെന്നു കണ്ടെത്തിയ ഇഷ്യുമേക്കേഴ്‌സ് ലാബ് തന്നെയാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്. ഉത്തരകൊറിയൻ ഹാക്കേഴ്‌സ് ഇന്ത്യൻ ഒഫിഷ്യൽ വെബ്‌സൈറ്റുകളും രാജ്യരഹസ്യങ്ങളും ചോർത്താൻ പദ്ധതിയിട്ട വിവരം മുൻപ് ദക്ഷിണ കൊറിയൻ സുരക്ഷാ ഏജൻസി വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് അടുത്ത വെളിപ്പെടുത്തൽ എത്തുന്നത്. ഉത്തര കൊറിയയുടെ പങ്ക് സംഭവത്തിനു പിന്നിലുണ്ടെന്ന് അന്നു മുതൽ അഭ്യൂഹമുണ്ടായിരുന്നു. 2011 മുതൽ ലോകത്തെ മുപ്പതിലേറെ ബാങ്കുകൾക്കു നേരെയാണ് പ്യോങ്യാങിലെ ഐപി വിലാസങ്ങളിൽ നിന്നു സൈബർ ആക്രമണമുണ്ടായത്.

സൈബർ കൊള്ളയുടെ നീക്കം തടഞ്ഞത് സമർത്ഥമായി


2016 ഫെബ്രുവരിയിലും ജൂലൈയിലുമായാണ് ഇന്ത്യയിലെ രണ്ട് പ്രമുഖ ബാങ്കുകൾക്കു നേരെ സൈബർ ആക്രമണമുണ്ടായത്. ജൂലൈയിൽ ആക്രമിക്കപ്പെട്ട ബാങ്കിൽ നിന്നു ന്യൂയോർക്കിലെ സിറ്റി ബാങ്കിലേക്ക് സ്വിഫ്റ്റ് ഇടപാടിലൂടെ 1,100 കോടി രൂപയാണു കടത്താൻ ശ്രമിച്ചത്. രാജ്യാന്തരതലത്തിൽ വൻ തുകകൾ കൈമാറാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് സംവിധാനമാണിത്. എന്നാൽ നീക്കം യഥാസമയംകണ്ടെത്തിയതിനെത്തുടർന്നു പണം നഷ്ടമായില്ല. ഉത്തരകൊറിയൻ ഹാക്കേഴ്‌സിന്റെ നീക്കം കൃത്യമായി ദക്ഷിണ കൊറിയൻ സുരക്ഷാ ഏജൻസിയുടെ നിരീക്ഷണത്തിലാണ്. 2011 ജൂലൈയിലും ഡൽഹി കേന്ദ്രീകരിച്ചു സൈബർ ആക്രമണം നടന്നതായി ഇഷ്യുമേക്കേഴ്‌സ് ചൂണ്ടിക്കാട്ടുന്നു. യുഎൻ രക്ഷാസമിതിയുടെ കണക്കുപ്രകാരം സൈബർ ആക്രമണത്തിലൂടെ പ്യോങ്യാങിലെ ഹാക്കർമാർ ഏകദേശം 67 കോടി ഡോളറാണ് (4739 കോടി രൂപ) ഇതുവരെ തട്ടിയെടുത്തത്.

ഏകാതിപത്യരാജ്യത്തെ തൊഴിലില്ലായ്മയും പ്രശ്‌നങ്ങളും തന്നെയാണ് സൈബർ ആക്രമണം വഴിയുള്ള സാമ്പത്തിക തട്ടിപ്പിലേക്ക് തിരിയുന്നതെന്ന് ഇന്ത്യൻ സുരക്ഷാ ഏജൻസികളും നിരീക്ഷിക്കുന്നത്. ഉത്തരകൊറിയൻ നീക്കത്തെ രണ്ടുതവണ ഇന്ത്യയുടെ സുരക്ഷാ ടീം തകർത്തെറിഞ്ഞതോടെ ഈ മെയിൽ ഹാക്കിങ്ങിന് പകരം മറ്റ് പല വൈറസ് സംവിധാനങ്ങളെയും ഹാക്കേഴ്‌സ് വികസിപ്പിക്കുകയാണ്. മുൻപ് ദക്ഷിണകൊറിയക്ക് നേരെ സമാനമായ രീതിയിൽ ഹാക്കേഴ്‌സിനെ ഉപയോഗപ്പെടുത്തി സൈബർ ആക്രമണങ്ങൾ നടത്തിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ ബംഗ്ലാദേശ് സെൻട്രൽ ബാങ്കിൽ നിന്ന് 530 കോടി രൂപ കടത്തിയ രീതിയിലാണ് 2016 ജൂലൈയിൽ ഇന്ത്യയിലെ പ്രമുഖ ബാങ്കിൽനിന്നു പണം കടത്താൻ ശ്രമിച്ചത്. ബംഗ്ലാദേശിലെ ആക്രമണത്തിനു പിന്നിലും ഉത്തര കൊറിയയാണെന്ന് ഇഷ്യുമേക്കേഴ്‌സ് വ്യക്തമാക്കി. യുഎസ് നടത്തിയ അന്വേഷണത്തിലും ഉത്തര കൊറിയൻ ബന്ധങ്ങൾ കണ്ടെത്തിയിരുന്നു. പുണെ കോസ്‌മോസ് സഹകരണ ബാങ്കിലെ ഹാക്കിങ്ങിനു പിന്നിൽ ഉത്തര കൊറിയയുടെ കരങ്ങളുണ്ടെന്ന് യുഎൻ പാനൽ കണ്ടെത്തിയതു മാർച്ചിലാണ്.

ആണവ രഹസ്യങ്ങൾ ചോർത്തിയതും ഉത്തരകൊറിയ


ഇന്ത്യയുടെ ആണവരഹസ്യങ്ങൾ ചോർത്താൻ പദ്ധതിയിട്ടാണ് ഉത്തരകൊറിയ ഈ മെയിൽ ഹാക്കിങ് വഴി ആണവോർജ രഹസ്യങ്ങൾ ചോർത്താൻ പദ്ധതിയിട്ടത് കഴിഞ്ഞ ദിവസമാണ് വലിയ വാർത്തയായത്. ഉത്തരകൊറിയൻ സൈബർ ആക്രമണ നീക്കങ്ങൾ മുൻകൂട്ടി പ്രവചിച്ചിട്ടും ഇന്ത്യ ഈ നിർദ്ദേശങ്ങൾ ഉൾകൊള്ളാൻ തയ്യാറായില്ല എന്നായിരുന്നു സുരക്ഷാ ഏജൻസി ചൂണ്ടിക്കാട്ടിയത്. ഇന്ത്യൻ ആണവ മേഖലയിലെ ഉന്നതരിൽ നിന്നു രഹസ്യങ്ങൾ ചോർത്താൻ ഉത്തരകൊറിയൻ ഹാക്കിങ് സംഘങ്ങൾ വൈറസ് അടങ്ങിയ ഇമെയിലുകൾ അയച്ചിരുന്നതായി ദക്ഷിണ കൊറിയൻ സൈബർ സുരക്ഷാ കമ്പനി കണ്ടെത്തി.

ഇന്ത്യയിലെ ആണവ രംഗത്തെ പ്രമുഖരുടെ ഇമെയിൽ അക്കൗണ്ടുകളിലേക്ക് 2 വർഷമായി വൈറസുകൾ അയച്ചിരുന്നത് ആണവോർജ സ്ഥാപനങ്ങളിലെ ജീവനക്കാരെന്ന വ്യാജേന. അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ്, ഭാഭാ അറ്റോമിക് റിസർച് സെന്റർ ജീവനക്കാരുടേതെന്നു തോന്നിപ്പിക്കുന്ന മെയിൽ വിലാസങ്ങൾ സൃഷ്ടിച്ചാണു ഹാക്കിങ്ങ് ശ്രമം നടത്തിയത്.കംപ്യൂട്ടറിലെ സകലവിവരവും ചോർത്താൻ കഴിയുന്ന മാൽവെയർ പ്രോഗ്രാമുകൾ ഇമെയിൽ അറ്റാച്ച്മെന്റായാണ് കഴിഞ്ഞ ദിവസം അയച്ചത്. എന്നാൽ സൈബർ ആക്രമണം നടന്നതായി അധികൃതർ പിന്നാലെ സ്ഥീരികരിക്കുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് ദക്ഷിണകൊറിയാൻ സൈബർ സുരക്ഷാ കമ്പനി വെളിപ്പെടുത്തൽ നടത്തുന്നത്. കഴിഞ്ഞ വർഷം അവസാനവും ഈ വർഷം ആദ്യവുമായാണ് മെയിലുകൾ എത്തിയതെന്ന് ഇഷ്യുമേക്കേഴ്സ് ലാബ് കമ്പനി വെളിപ്പെടുത്തുന്നു. ഇമെയിലിന്റെ സ്‌ക്രീൻ ഷോട്ടും പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയുടെ ആണവ രഹസ്യങ്ങൾ ചോർത്താൻ ഉത്തരകൊറിയ ലക്ഷ്യമിട്ടിരുന്നതായി ദക്ഷിണ കൊറിയൻ സുരക്ഷാ കമ്പനി ഏപ്രിൽ 30ന് മുന്നറിയിപ്പ് നൽകിയിരുന്നു.

ആണവനിലയങ്ങളുടെ രഹസ്യങ്ങൾ മോഷ്ടിക്കാനാണ് ശ്രമമെന്ന് ഇഷ്യുമേക്കേഴ്സ് ലാബ് പ്രതികരിക്കുന്നത്.. തോറിയം ഇന്ധനമായി ഉപയോഗിക്കുന്ന ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകളെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തുകയാണു ലക്ഷ്യം. കൂടംകുളത്ത് കഴിഞ്ഞ ദിവസം കണ്ടെത്തിയ ഡിട്രാക് വൈറസ് തന്നെയാണ് 2016 ൽ ദക്ഷിണ കൊറിയയുടെ സൈനിക ശൃംഖലയിൽ നുഴഞ്ഞുകയറിയതെന്നും ഇവർ കണ്ടെത്തി.

2007 മുതൽ ഇതേ പ്രോഗ്രാം വിവിധ സൈബർ ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. ഉത്തരകൊറിയയിൽ നിർമ്മിച്ച കംപ്യൂട്ടർ ഉപയോഗിച്ചായിരുന്നു ആക്രമണം. തലസ്ഥാനമായ പ്യോങ്യാങ്ങിലേതാണ് ഐപി (ഇന്റർനെറ്റ് പ്രോട്ടോക്കോൾ) വിലാസം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP