Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചാത്തനും മറുതയും പോലെ ജാതിയും ഒരു അന്ധവിശ്വാസമാണ്; നിങ്ങൾ ഇന്ന ജാതിയാണെന്ന് അറിഞ്ഞതെങ്ങനെയാണ്; സ്വയം കണ്ടെത്തിയതോ, അതോ ശാസ്ത്രീയ പരിശോധനകൾ വഴി തിരിച്ചറിഞ്ഞതോ; ജനിതകമോ ശാരീരികമോ ആയ യാതൊരു തെളിവും ജാതി എന്ന നാലാംകിട കെട്ടുകഥയ്ക്കില്ല; കേരളത്തിൽ ഇന്ന് ജാതി പറയൽ എന്ന പേരിൽ നടക്കുന്ന വിധ്വംസകപ്രവർത്തനം ജാതിപോഷണ പ്രവർത്തനമാണ്; ജാതി പറയുന്നതും പറയാത്തതും; സി രവിചന്ദ്രൻ എഴുതുന്നു

ചാത്തനും മറുതയും പോലെ ജാതിയും ഒരു അന്ധവിശ്വാസമാണ്; നിങ്ങൾ ഇന്ന ജാതിയാണെന്ന് അറിഞ്ഞതെങ്ങനെയാണ്; സ്വയം കണ്ടെത്തിയതോ, അതോ ശാസ്ത്രീയ പരിശോധനകൾ വഴി തിരിച്ചറിഞ്ഞതോ; ജനിതകമോ ശാരീരികമോ ആയ യാതൊരു തെളിവും ജാതി എന്ന നാലാംകിട കെട്ടുകഥയ്ക്കില്ല; കേരളത്തിൽ ഇന്ന് ജാതി പറയൽ എന്ന പേരിൽ നടക്കുന്ന വിധ്വംസകപ്രവർത്തനം ജാതിപോഷണ പ്രവർത്തനമാണ്; ജാതി പറയുന്നതും പറയാത്തതും; സി രവിചന്ദ്രൻ എഴുതുന്നു

സി രവിചന്ദ്രൻ

 ജാതി പറയുന്നതും പറയാത്തതും

(1) 'ജാതി പറയാതിരിക്കുക' എന്നാൽ എന്താണ് അർത്ഥം? ''ദേ അങ്ങേര് സമൂഹത്തിൽ ജാതി കുറച്ചൊക്കെ ഉണ്ടെന്ന് സമ്മതിച്ച് കേട്ടോ. പുരോഗതിയുണ്ട്, വൈകാതെ മൊത്തം ജാതിയാണെന്ന് സമ്മതിച്ചുകൊള്ളൂം''-എന്നൊക്കെ തട്ടിവിടുന്നവരെ കണ്ടിട്ടുണ്ട് :) സംവരണസാഹിത്യം ബൈനറിപായസമാണ്. നമ്മളും അവരും(We and They) പീഡകരും പീഡിതരും(The Oppressed and the Oppressor) ഉള്ളവനും ഇല്ലാത്തവനും(The Haves and Have nots)... തുടങ്ങി സമൂഹത്തെ പൊതുവിൽ വിഭജിക്കാൻ ഇരവാദി രാഷ്ട്രീയ കുറുക്കനെ സഹായിക്കുന്നതെല്ലാം ജാതിവാദി സംവരണസാഹിത്യത്തിലുണ്ട്. സംവരണം എന്നു കേൾക്കുമ്പോഴേ 80 ശതമാനം നുകരുന്ന സംവരേണ്യരെ വിട്ട് കേവലം ഇരുപത് ശതമാനത്തിന്റെ ഉടമകളായ എസ്ഇ എസടികളുടെ ഇടയിലേക്ക് ഓടി 'മാനവികതാപ്രകാശനവും' 'എമ്പതിപ്രകടനവും' നടത്തുന്നതിന്റെ കാരണവും ഇത്തരം ബൈനറി ഉടായിപ്പുകളുടെ സ്വാധീനമാണ്. ഇതിന് വിധേയമാകുന്ന, സ്വന്തമായി ചിന്തിക്കാൻ വിസമ്മതിക്കുന്നവർക്ക് പെട്ടന്ന് ഇതല്ലേ ശരിയെന്ന് തോന്നുന്നതിൽ തെറ്റുപറയാനാവില്ല. (Our brain is a lazy mechanism :) ''ജാതി പറയാതിരുന്നാൽ ജാതി ഇല്ലാതാകും എന്നാണ് ലോ ലവര് പറയുന്നത്... ലവരൊക്കെ എന്തോരം മണ്ടരാ... '' എന്ന് പറഞ്ഞു തുടങ്ങുന്ന സംവരണസാഹിത്യം കാണുമ്പോൾ സദയം ക്ഷമിക്കുക. പരിശീലനം കിട്ടിയ രീതിയിൽ ചിന്തിക്കുന്നവരാണ് ഭൂരിപക്ഷവും. സംവരണ സാഹിത്യജീവികളും ഇത്തരം വൈക്കോൽ കൊട്ടാരങ്ങളിലിരുന്ന് പുകവലിക്കാൻ കൊതിക്കുന്നവരാണ്..

(2) മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിൽ (1922) ''അല്ലല്ലെന്തു കഥയിതു കഷ്ടമേ! അല്ലലാലങ്ങു ജാതി മറന്നിതോ'' എന്ന് മാതംഗി എന്ന 'ചണ്ഡാലസ്ത്രീ' ചോദിക്കുമ്പോൾ 'ബുദ്ധഭിക്ഷു'വിന്റെ മറുപടി ''ജാതി ചോദിക്കുന്നില്ല ഞാൻ സോദരി, ചോദിക്കുന്നു നീർ നാവുവരണ്ടഹോ!'' എന്നാണ്. ഇതാണോ ജാതി പറയുന്നില്ല എന്നതുകൊണ്ട് അർത്ഥമാക്കുന്നത്? തീർച്ചയായും അല്ല. ഇവിടെ ഇരുകൂട്ടരും ജാതി പറയുന്നു, അംഗീകരിക്കുന്നു. ജാതി കെട്ടുകഥയാണെന്ന് പറയുകയോ ജാതിക്കെതിരെ സംസാരിക്കുകയോ ചെയ്യുന്നില്ല. അവിടെ ഒരു പരസ്പര ധാരണ (mutual agreement) കടന്നുവരുന്നുണ്ട്. ദാഹം മൂർച്ഛിച്ചതിനാൽ ജാതി പറയുന്നില്ല എന്ന നിലപാടാണ് ബുദ്ധഭിക്ഷു സ്വീകരിക്കുന്നത്. ദാഹത്തിന് മുന്നിൽ 'ജാതിപോലും മറക്കേണ്ടിവരും' എന്ന സാരം. ഇത് ജാതിവിരുദ്ധ പ്രസ്താവമല്ല. വിശപ്പ് സഹിക്കാതെ വന്നപ്പോൾ മോഷ്ടിക്കേണ്ടിവന്നു എന്നു പറയുന്നതുപോലൊരു ജാതിക്കനുകൂലമായ ക്ഷമാപണ പ്രസ്താവന മാത്രം. It is an apology for caste system.

(3) 'ജാതി പറയാതിരിക്കുക' എന്നാൽ വാക്കിലും പ്രവർത്തിയിലും ചിന്തയിലും ജാതിയെ നിരാകരിക്കുക എന്നാണർത്ഥം. ജാതി സ്‌കാനറുമായി നടക്കുന്നതും സഹജീവികളെ ജാതിയധിക്ഷേപത്തിൽ കുളിപ്പിക്കുന്നതും അതിന്റെ വിപരീത പ്രവർത്തികളാണ്. ജാതി പറയരുത് എന്ന് പറയുന്നതിൽ ''പറയരുത്''എന്ന വാച്യാർത്ഥവും പ്രധാനമാണ്. കാരണം ജാതി പറഞ്ഞുണ്ടാക്കുന്ന ഒന്നാണ്. അങ്ങനെയേ അതുണ്ടാവൂ. പറഞ്ഞും പ്രചരിപ്പിച്ചുമാണ് അതിനെ സ്ഥാപനവൽക്കരിക്കുന്നത്, തലമുറകളിലൂടെ കൈമാറുന്നത്. പറഞ്ഞില്ലെങ്കിൽ അറിയില്ല. നിങ്ങൾ ഇന്ന ജാതിയാണെന്ന് അറിഞ്ഞതെങ്ങനെയാണ്? സ്വയം കണ്ടെത്തിയതോ, അതോ ശാസ്ത്രീയ പരിശോധനകൾ വഴി തിരിച്ചറിഞ്ഞതോ? അല്ല നിങ്ങളോട് ആരോ പറഞ്ഞതാണ്, മാതാപിതാക്കാളാകാം, സുഹൃത്തുക്കളാകാം....നിങ്ങൾ ഇല്ലെന്ന് പറഞ്ഞപ്പോഴും നിങ്ങളെ ബോധ്യപ്പെടുത്തിയതാണത്. ജനിതകമോ ശാരീരകമോ ആയ യാതൊരു തെളിവും ജാതി എന്ന നാലാംകിട കെട്ടുകഥയ്ക്കില്ല. ചാത്തനും മറുതയുംപോലെ അതൊരു അന്ധവിശ്വാസമാണ്. സമൂഹത്തെ ശ്രേണിവൽക്കരിക്കാൻ പലതരം നുണകൾ ഉപയോഗിക്കാം. ജാതി അത്തരത്തിലൊന്നാണ്.

(4) എല്ലാ അന്ധവിശ്വാസങ്ങളും പറഞ്ഞുപരത്തുവയാണ്. വിശ്വാസികൾ ഇല്ലെങ്കിൽ ദൈവം ചത്തുപോകുമെന്ന് പറയുന്നതുപോലെ ജാതി പറയാൻ ആളില്ലെങ്കിൽ ജാതി ഉണ്ടാകില്ല. ഇനി ജാതിപറച്ചിൽ എന്നാൽ സനാതനസത്യം തുരീയത്തിലൂടെ മനസ്സിലാക്കിയെന്ന ഭാവത്തിൽ ''ജാതി സമൂഹത്തിൽ ഉണ്ട് '' എന്നൊരു ടെക്‌സറ്റ് മെസേജ് ജാതിമന്ത്രകാര്യലയത്തിലേക്ക് അയക്കലാണോ? അല്ല. അതൊരു ജാതിപോഷണ പ്രവർത്തനമാണ്. ജാതിസമൂഹത്തിൽ ഉള്ളതുകൊണ്ടാണ് ജാതിപറയരുത് എന്ന് പറയുന്നത്. മതം ഉള്ളതുകൊണ്ടാണ് മതം പറയരുതെന്ന് പറയുന്നത്. ഉണ്ടെങ്കിലേ അരുതെന്ന് പറയേണ്ടതുള്ളൂ. അല്ലെങ്കിൽ അതിന്റെ ആവശ്യമില്ല. ജാതിയുടെ പ്രഭാവം കുറയുമ്പോൾ അതാഘോഷിക്കണമെന്ന് പറയുന്നത് അതുകൊണ്ടാണ്. അതല്ലാതെ ജാതിയില്ലെന്ന പറഞ്ഞാൽ ജാതിപൊക്കോളും എന്നാണ് ലവര് പറയുന്നത് എന്ന രീതിയിലുള്ള വൈക്കോൽപ്പുരദഹനമല്ല.

(5).''അയ്യോ ഞങ്ങൾ ജാതിയുടെ ദൂഷ്യവശങ്ങൾ ചൂണ്ടിക്കാട്ടി ഉദ്ധരിക്കുകയല്ലേ..?'' എന്ന നിഷ്‌കു ചോദ്യം ചോദിക്കുന്നവർ സമൂഹത്തെ കബളിപ്പിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ട്. എന്തുകൊണ്ട് ഈ 'ജാതിപറയൽ' പ്രതിലോമകരവും റിഗ്രസീവുമാണെന്ന് പറയുന്നതെന്ന് മനസ്സിലാക്കാൻ ഇക്കാലത്ത് വിശേഷിച്ചും യുക്തിവാദികളും മറ്റ് ജാതിവാദികളും നടത്തുന്ന ജാതി പറയൽ പ്രവർത്തനം എന്താണെന്ന് പരിശോധിച്ചാൽ മതിയാകും:

a. എല്ലാത്തിലും ജാതികലർത്തി പൊരിച്ചെടുക്കുക. സംവിധായകൻ-നടൻ വിഷയം പോലെ ഇല്ലാത്ത കാര്യങ്ങളിൽ പോലും ജാതി ആരോപിച്ച് ജാതിയധിക്ഷേപവും വംശീയവെറിയുമായി പൊതുവിടങ്ങളിൽ കുത്തിമറിയുക, പൊങ്കാല നടത്തുക. ജാതി അനുഭവങ്ങളുടെ വ്യാജനിർമ്മിതികൾ പടച്ചുവിടുക. ജാതിമാനങ്ങളില്ലാത്തിടത്തൊക്കെ ജാതി കുത്തിതിരുക. എന്ത് കുറ്റത്തിലും ജാതി കുത്തിതിരുകി കേസെടുക്കുക. ചരിത്രം വാറ്റിയെടുത്ത് 'മതംമിഥ്യ ജാതിസത്യം'സിദ്ധാന്തം ചമയ്ക്കുക. സംവരണസാഹിത്യനായകരുടെ നിർലജ്ജമായ വ്യക്തിപൂജയിൽ അതിരറ്റ് അഭിമാനിക്കുക.....

b. സഹജീവികളുടെ പിറകെ നടന്ന് ജാതിയധിക്ഷേപവും വംശീയവെറിയും ചൊരിയുക. ജാതിവാദം പെരുപ്പിച്ച ചരിത്രം വിളമ്പിവെക്കുക. കുറെ മനുഷ്യർ മുൻകാലചെയ്തികളുടെ പേരിൽ അപകർഷതയും അധമബോധവുമായി ജീവിക്കണമെന്ന് സമർത്ഥിക്കുക. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അവർക്കൊന്നും സാമൂഹ്യബോധമില്ലെന്നോ എമ്പതിയില്ലെന്നോ ജാതി ഉള്ളിൽ കൊണ്ടു നടക്കുന്നവരാണെന്നോ അധിക്ഷേപിക്കുക, പ്രചരിപ്പിക്കുക....ജാതി അന്ധവിശ്വാസമാണെന്ന് പറയാൻ ജാതിയിൽ ഉയർന്നവനാകണം എന്ന നിബന്ധന വെക്കുക.

c. നങ്ങേലിക്കഥകൾപോലെ യുക്തിവിരുദ്ധവും ചരിത്രവിരുദ്ധവുമായ വ്യാജ നരേറ്റീവുകൾ സൃഷ്ടിച്ച് സദാ സമൂഹമധ്യത്തിലേക്ക് ഒഴുക്കിവിടുക...എല്ലാത്തരം സോഷ്യൽ ഡിസ്‌കോഴ്‌സുകളും ജാതിയടിസ്ഥാനത്തിലാക്കി വിലക്ഷണമാക്കുക.സമൂഹത്തിൽ നടക്കുന്ന എന്തിലും മുൻപിൻനോക്കാതെ ജാതി പൊടിച്ചിട്ട് കാളയുംകയറും കളിക്കുക, പ്രതികളെ നിർമ്മിച്ച് ആസുരമായി വേട്ടയാടുക..

d. പ്രതികാരരാഷ്ട്രീയത്തിന്റെ (revenge politics) സമൃദ്ധമായ ഉപയോഗം. ''പണ്ട് കുറെ സുഖിച്ചതല്ലേ ഇപ്പോൾ കുറച്ച നുഭവിക്കാം, കുഴപ്പമൊന്നുമില്ല..'' എന്ന നിലപാട്. ജാതിവികാരം കുത്തിയിളക്കുന്ന പ്രസംഗം, പോസ്റ്റുകൾ, കമന്റുകൾ, സ്‌ക്രീൻ ഷോട്ട് മോഷണം, കേസ്, മഞ്ഞ...ജാതിയുമായി പുലബന്ധമില്ലാത്ത വിഷയളിൽപോലും ജാതികയറ്റി പൊതുവിടങ്ങളെ മലീമസമാക്കുക..

e. ചെന്നായ് നീതി, ശത്രുവിനെ കണ്ടെത്തൽ- ''നീ കുഴപ്പമില്ലായിരിക്കാം. പക്ഷെ നിന്റെ പൂർവികർ എന്റെ പൂർവികരെ ദ്രോഹിച്ചിട്ടുണ്ട് ...''എന്ന നരേറ്റീവ്. ഹിറ്റ്‌ലർ യഹൂദരെയും മുസ്സോളിനി ബോൾഷെവിക്കുകളേയും ശത്രുക്കളായി കണ്ട് സമൂഹത്തെ കറുപ്പിച്ചതുപോലെ തങ്ങളുടെ എല്ലാ ശോച്യാവസ്ഥയ്ക്കും കാരണമായി കുറെ മനുഷ്യരണ്ടായിരുന്നുവെന്നും അവരുടെ പിൻഗാമികൾ ആക്രമിക്കപ്പെടണമെന്നും അധിക്ഷേപിക്കപ്പെടണമെന്നും പ്രത്യക്ഷത്തിലും പരോക്ഷത്തിലും പറഞ്ഞുവെക്കുക...

f. ജാതിയിൽ നിന്ന് മുക്തമാകാൻ ശ്രമിക്കുന്നവരോട് പോലും ''അതൊന്നും നടക്കില്ല, ജാതി ഇല്ലെന്ന് പറയുന്നതുകൊണ്ട് മാത്രം ജാതി ഇല്ലാതാകില്ല, അത് നിങ്ങൾക്ക് മറ്റുള്ളവർ കൽപ്പിച്ച് തരുന്നതാണ്. നിങ്ങൾക്ക് നിങ്ങളെയോ മറ്റുള്ളവരെയോ നിർമ്മിക്കാനാവില്ല. ഉള്ളതുവെച്ച് ഓടിച്ചുപോകണം, ജാതിചാരിത്ര്യം നശിപ്പിക്കരുത്. നിങ്ങൾ ജാതി നിഷേധിച്ചാലും സമർത്ഥിച്ചാലും ജാതി ഉണ്ടാകും, ഈ സമൂഹത്തിന് അത് വിധിക്കപ്പെട്ടിരിക്കുന്നു...''എന്ന രീതിയിലുള്ള വിലക്ഷണമായ അഭിപ്രായപ്രകടനങ്ങളും നരേറ്റീവുകളും സൃഷ്ടിച്ച് സമൂഹത്തിൽ വിധിവിശ്വാസവും ആത്മവിശ്വാമില്ലായ്മയും അപകർഷതാബോധവും വളർത്തുക.

g. ജാതിചരിത്രം സമൂഹത്തിൽ കാലുഷ്യവും കറുപ്പും വളർത്താൻ ഉപയോഗിക്കുക. പകയും വെറുപ്പും വിദ്വേഷവും കുത്തിയിളക്കുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന രീതിയിൽ എഴുത്ത്, പ്രഭാഷണം, കുത്തിത്തിരിപ്പ്...ജാതിപരമായ നിർലജ്ജമായ വിലപേശലുകളും ജാതിയടിസ്ഥാനത്തിള്ള കക്ഷിരാഷ്ട്രീയവും ജാതിനിർമ്മാർജ്ജനപ്രവർത്തനമായി വളച്ചൊടിക്കുക.

h. മതംചെയ്യുന്നതുപോലെ സമൂഹത്തെ നല്ലവരും കെട്ടവരുമായി വിഭജിക്കുക. എല്ലാ തിന്മകളുടെയും വിളനിലമായി ഒരു കൂട്ടരുണ്ടെന്നും അവരെ വാചികമായും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും അപഹസിക്കുകയും ചെയ്യുന്നത് പുണ്യംകിട്ടുന്ന പ്രവർത്തിയാണെന്ന് കരുതി സൈബർലിഞ്ചിങ് മുതൽ പൊലീസ് കേസും അക്രമവും നീളുന്ന പീഡനമുറ രൂപപെടുത്തുക.

i. ജാതിയും മതവും ഉപേക്ഷിച്ചവരെ പോലും ജാതിപരമായി അധിക്ഷേപിക്കുക. അവരെ കിട്ടിയില്ലെങ്കിൽ അവരുടെ ബന്ധുക്കളുടെയോ നാട്ടുകാരുടെയോ പേര് പറഞ്ഞ് പിറകെ നടന്ന് കൂക്കി വിളിക്കുക, കൊട്ടിപാടുക, ജാതിയധിക്ഷേപം നടത്തുക.

j. ജാതിനിർമ്മാർജ്ജനമെന്ന രൂപേണ ജാതിയുടെ സൂചന പേരിലുണ്ടെന്ന് വാദിച്ച് മനുഷ്യരെ പിറകെ ചെന്ന് ആക്രമിക്കുക. ജാതിപറയാതിരുന്നാൽ ജാതിപോകുമോ എന്ന ഓട്ട ചോദ്യം ചോദിക്കുന്നവർ തന്നെ ജാതിവാൽ പോയാൽ ജാതി പോകും എന്ന് സമർത്ഥിക്കുക.

ജാതിവാലുള്ളവരെ അതിന്റെ പേരിലും (ഇം.എം.എസ്, പി കൃഷ്ണപിള്ള) അതില്ലാത്തവരെ ജാതിവാൽ മാറ്റിയെന്ന് കരുതി ജാതിപോകുമോ (എ.കെ.ജി, മന്നം) എന്നും ചോദിച്ച് ജാതിയധിക്ഷേപം നടത്തുക. ജാതിവാൽ വച്ചാൽ കുറ്റം, വെച്ചില്ലെങ്കിൽ കുറ്റം! മതം മാറിയാൽ ജാതി പോകില്ലെന്നും ജാതിയിൽനിന്ന് രക്ഷപെടാൻ മതംമാറണമെന്നും തിരിച്ചുംമറിച്ചും പറയുക

(6) ഈ പട്ടിക അനന്തമാണ്. ഇവയിൽ ഒന്നുപോലും നിഷേധിക്കാനാവില്ല. പത്ത് മിനിറ്റ് കൂടി കിട്ടിയാൽ പത്തെണ്ണം കൂടി എഴുതാം. കേരളത്തിൽ ഇന്ന് ജാതി പറയൽ എന്ന പേരിൽ നടക്കുന്ന വിധ്വംസകപ്രവർത്തനം ഇതാണ്. ഇവയെല്ലാം ജാതിപോഷണപ്രവർത്തനമാണ്. ജാതി പോകണമെന്ന നേരിയ ചിന്തപോലും ഇവയ്ക്ക് പിന്നിലില്ല. ഇത് ജാതിനിർമ്മാജനത്തിനോ ഈ സമൂഹത്തെ മെച്ചപ്പെടുത്താനോ ഒട്ടും സഹായകരമല്ലെന്നു മാത്രമല്ല ഈ സമൂഹം അർഹിക്കാത്ത റിഗ്രസീവ് പ്രവർത്തനമാണ്. അത് മനുഷ്യത്വവിരുദ്ധം കൂടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP