Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂർ ജയിലിലെ തടവുകാർക്കും ഉദ്യോഗസ്ഥർക്കും ഇയാൾ 'അനന്തേട്ടൻ'! പരോളിന്റെ കാര്യത്തിൽ പിന്നിലാണെങ്കിലും മൊബൈൽ ഫോണിലൂടെ ക്വട്ടേഷനുകൾ നടപ്പാക്കാൻ കൊടി സുനിക്കും സ്വാതന്ത്ര്യം! ഇടത് സർക്കാർ അധികാരത്തിൽ വന്നശേഷം ടിപി വധക്കേസ് പ്രതികൾ കൂടുതലും പുറത്തു തന്നെ; ലഘുലേഖ സൂക്ഷിച്ചതിന് എസ് എഫ് ഐക്കാരെ യുഎപിഎ ചുമത്തി അകത്തിടുന്ന സർക്കാരിന് ടിപിയെ കൊന്നവരോടുള്ളത് മമത മാത്രം; കുഞ്ഞനന്തനും കൂട്ടുകാരും എന്നും പുറത്തു തന്നെ

കണ്ണൂർ ജയിലിലെ തടവുകാർക്കും ഉദ്യോഗസ്ഥർക്കും ഇയാൾ 'അനന്തേട്ടൻ'! പരോളിന്റെ കാര്യത്തിൽ പിന്നിലാണെങ്കിലും മൊബൈൽ ഫോണിലൂടെ ക്വട്ടേഷനുകൾ നടപ്പാക്കാൻ കൊടി സുനിക്കും സ്വാതന്ത്ര്യം! ഇടത് സർക്കാർ അധികാരത്തിൽ വന്നശേഷം ടിപി വധക്കേസ് പ്രതികൾ കൂടുതലും പുറത്തു തന്നെ; ലഘുലേഖ സൂക്ഷിച്ചതിന് എസ് എഫ് ഐക്കാരെ യുഎപിഎ ചുമത്തി അകത്തിടുന്ന സർക്കാരിന് ടിപിയെ കൊന്നവരോടുള്ളത് മമത മാത്രം; കുഞ്ഞനന്തനും കൂട്ടുകാരും എന്നും പുറത്തു തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ കൂടുതലും പുറത്തു തന്നെ. എപ്പോൾ ചോദിച്ചാലും അവർക്ക് പരോൾ ലഭിക്കും. ടി.പി വധക്കേസ് പ്രതികളോട് എൽ.ഡി.എഫ് സർക്കാർ കാണിക്കുന്ന വിശാലമനസ്‌കത നേരത്തേ തന്നെ വിവാദമായതാണ്. പി കെ കുഞ്ഞനന്തന് വഴിവിട്ട് പരോൾ അനുവദിക്കുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോൾ പുറത്തു വന്ന രേഖ. പരോളിൽ കഴിയുമ്പോഴും ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ട്, ജയിലിലെ തടവുകാരുടെ കാര്യങ്ങളിൽ കുഞ്ഞനന്തൻ ഇടപെടുന്നുണ്ട്. കണ്ണൂർ ജയിലിലെ തടവുകാർക്കും ഉദ്യോഗസ്ഥർക്കും ഇയാൾ 'അനന്തേട്ട'നാണ്.

ഈ സർക്കാറിന്റെ കാലത്ത് സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന് ലഭിച്ചത് 257 ദിവസത്തെ പരോളാണ്. 135 ദിവസത്തെ സാധാരണ പരോളും 122 ദിവസത്തെ അടിയന്തര പരോളും. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് കുഞ്ഞനന്തൻ. പരോളിന്റെ കാര്യത്തിൽ രണ്ടാംസ്ഥാനം കെ.സി. രാമചന്ദ്രനാണ് -205. 185 ദിവസത്തെ സാധാരണ പരോളും 20 ദിവസത്തെ അടിയന്തര പരോളും. ആറാം പ്രതി സിജിത്തിനാണ് ഏറ്റവും കൂടുതൽ അടിയന്തര പരോൾ അനുവദിച്ചത്. 135 അടിയന്തര പരോളടക്കം 186 ദിവസം സിജിത്ത് പുറത്തുണ്ടായിരുന്നു.

അനൂപ് -120, ഷിനോജ് -105, മുഹമ്മദ് ഷാഫി -135, കിർമാണി മനോജ് -120, റഫീക്ക് -125, ടി.കെ. രജീഷ് -90, സി. മനോജ് -117ഉം പരോളുകൾ ലഭിച്ചു. ഒന്നാം പ്രതി കൊടി സുനിയെന്ന സുനിൽ കുമാറാണ് പരോളുകളിൽ പിന്നിൽ. -60 ദിവസം. കൊടി സുനിക്കും ഷിനോജിനും ടി.കെ. രജീഷിനും അടിയന്തര പരോൾ നൽകിയിട്ടില്ല. കഴിഞ്ഞ ജൂണിൽ ചേർന്ന നിയമസഭ സമ്മേളനത്തിൽ ഐ.സി. ബാലകൃഷ്ണൻ ഉന്നയിച്ച ചോദ്യത്തിന് ഇന്നലെയാണ് മറുപടി നൽകിയത്. പരോളിലിറങ്ങിയ കൊടി സുനി എന്ന സുനിൽ കുമാർ മറ്റൊരു കേസിൽ അറസ്റ്റിലാവുകയും മറ്റൊരു പ്രതി മുഹമ്മദ് ഷാഫി ചികിത്സക്ക് അടിയന്തിര പരോളിലിറങ്ങി യുവതികൾക്കൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തിരുന്നു.

കൊടി സുനിക്കും ഷിനോജിനും രജീഷിനും അടിയന്തര പരോൾ നൽകാത്തിന് കാരണം പൊലീസ് റിപ്പോർട്ട് അനുകൂലമാകാത്തതാണ്. കഴിഞ്ഞ ജൂണിലെ നിയമസഭാ സമ്മേളനത്തിൽ ഉന്നയിച്ച ചോദ്യത്തിനാണു മുഖ്യമന്ത്രി ഇന്നലെ മറുപടി നൽകിയത്. ടി.പി. വധക്കേസ് പ്രതികൾക്കു പിണറായി സർക്കാർ കൈയയച്ച് പരോൾ നൽകിയതിന്റെ തെളിവുകൾ മുമ്പും പുറത്തുവന്നിരുന്നു. ഇതേച്ചൊല്ലി വിവാദങ്ങളുയർന്നിട്ടും സർക്കാർ മുഖവിലയ്ക്കെടുത്തില്ലെന്നു മുഖ്യമന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നു. കുഞ്ഞനന്തനു ശിക്ഷായിളവ് നൽകി ജയിൽ മോചിതനാക്കാൻ നടത്തിയ ശ്രമം പാളിയതിനേത്തുടർന്നാണ് യഥേഷ്ടം പരോൾ തുടരുന്നത്.

പരോളിന്റെ കാര്യത്തിൽ പിന്നിലാണെങ്കിലും മൊബൈൽ ഫോണിലൂടെ നിർദ്ദേശം നൽകി ക്വട്ടേഷനുകൾ നടപ്പാക്കാനുള്ള സ്വാതന്ത്ര്യം വരെ കൊടി സുനിക്കു ജയിലിൽ ലഭിച്ചിരുന്നു. 10 ദിവസത്തേക്കു പുറത്തിറങ്ങിയ പ്രതികൾക്കു പലപ്പോഴും പരോൾ നീട്ടിനൽകുയായിരുന്നു. ജയിൽ വകുപ്പിൽ അടുത്തിടെ ഡി.ജി.പി. ഋഷിരാജ് സിങ് ശുദ്ധീകരണത്തിനു തുടക്കമിട്ടെങ്കിലും ജയിൽ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്നതിൽ മാത്രം ഒതുങ്ങി. അതിന് അപ്പുറത്തേക്ക് ഋഷിരാജ് സിങിനും പ്രവർത്തിക്കാൻ അനുമതിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP