Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൊലീസ് കളിച്ചത് കള്ളക്കളി; കള്ളം ന്യായീകരിക്കാൻ മെനഞ്ഞുണ്ടാക്കുന്നത് കൂടുതൽ കള്ളക്കഥകൾ; പൊലീസ് നടപടി കാട്ടാളത്തമെന്ന് പന്ന്യൻ രവീന്ദ്രൻ; അറസ്റ്റിലായ വിദ്യാർത്ഥികളുടെ വീടുകളിൽ സന്ദർശനം; മാവോയിസ്റ്റ് ബന്ധമാരോപിച്ചുള്ള അറസ്റ്റിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി സിപിഐ

പൊലീസ് കളിച്ചത് കള്ളക്കളി; കള്ളം ന്യായീകരിക്കാൻ മെനഞ്ഞുണ്ടാക്കുന്നത് കൂടുതൽ കള്ളക്കഥകൾ; പൊലീസ് നടപടി കാട്ടാളത്തമെന്ന് പന്ന്യൻ രവീന്ദ്രൻ;  അറസ്റ്റിലായ വിദ്യാർത്ഥികളുടെ വീടുകളിൽ സന്ദർശനം; മാവോയിസ്റ്റ് ബന്ധമാരോപിച്ചുള്ള അറസ്റ്റിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി സിപിഐ

കെ വി നിരഞ്ജൻ

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് സി പി എം പ്രവർത്തകർ അറസ്റ്റിലായതോടെ പ്രതിരോധത്തിലായിരിക്കുകയാണ് സിപിഎം. നേതാക്കൾ വീട് സന്ദർശിക്കുകയും നിയമപരമായി നേരിടുമെന്നെല്ലാം പറയുമ്പോഴും മുഖ്യമന്ത്രിയുടെ ഇക്കാര്യത്തിലുള്ള ഉറച്ച നിലപാട് പ്രാദേശിക നേതൃത്വത്തെ പ്രതിസന്ധിയിലാക്കുകയാണ്. ഈ സമയത്ത് വിഷയത്തിൽ പരമാവധി ഇടപെടൽ നടത്താനാണ് സിപിഐ തീരുമാനം. സിപിഐ നേതാക്കളെല്ലാം അറസ്റ്റിലായ വിദ്യാർത്ഥികളുടെ വീടുകളിൽ സന്ദർശനം നടത്തുകയും പൊലീസ് നടപടിയെ ശക്തമായി എതിർക്കുകയും ചെയ്യുകയാണ്.

പൊതുപ്രവർത്തകരായ വിദ്യാർത്ഥികളെ യു എ പി എ ചുമത്തി അറസ്റ്റു ചെയ്ത പൊലീസ് നടപടി കാട്ടാളത്തരമാണെന്ന് സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പൊലീസ് കളിച്ചത് കള്ളക്കളിയാണ്. അത് ന്യായീകരിക്കാനായി കൂടുതൽ കള്ളക്കഥകൾ മെനഞ്ഞുണ്ടാക്കുകയാണ് പൊലീസിപ്പോൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു എ പി എ പ്രകാരം അറസ്റ്റിലായ വിദ്യാർത്ഥികളുടെ വീടുകളിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു പന്ന്യൻ രവീന്ദ്രൻ.

മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റിലായ തിരുവണ്ണൂർ പാലാട്ട് നഗർ മണിപ്പൂരി വീട്ടിൽ അലൻ ഷുഹൈബ്, പന്തീരാങ്കാവ് മൂർക്കനാട് കോട്ടുമ്മൽ താഹ ഫസൽ എന്നിവരുടെ വീടുകളിലെത്തിയ പന്ന്യൻ രവീന്ദ്രൻ കുടുംബാംഗങ്ങളുമായി സംസാരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

മാവോയിസ്റ്റുകളുമായി ചെറുപ്പക്കാർക്ക് യാതൊരു ബന്ധവുമില്ല. രണ്ടുപേരും പൊതുപ്രവർത്തകരും വിദ്യാർത്ഥികളുമാണ്. എന്തിന്റെ പേരിലാണ് യു എ പി എ ചുമത്തിയത് എന്നറിയില്ല. ആലോചിച്ചുറപ്പിച്ച കാര്യം പൊലീസ് ബോധപൂർവ്വം നടപ്പിലാക്കിയതായാണ് തോന്നിയതെന്നും പന്ന്യൻ പറഞ്ഞു. നടപടി ക്രമങ്ങളൊന്നും പാലിക്കാതെയാണ് പുലർച്ചെ നാലിന് അലന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയത്. ചോദിച്ചതെല്ലാം ബന്ധമില്ലാത്ത കാര്യങ്ങളാണെന്നാണ് ബന്ധുക്കൾ പറഞ്ഞത്. കുറേ ഭാഗം ഒഴിച്ചിട്ട ഒരു പേപ്പറിൽ ഒപ്പിടാനാണ് പൊലീസ് ആവശ്യപ്പെട്ടത്. ഒഴിച്ചിട്ടത് എന്തിനാണെന്ന് ചോദിച്ചപ്പോൾ അത് നിങ്ങൾ അറിയേണ്ട കാര്യമില്ലെന്നായിരുന്നു പൊലീസിന്റെ മറുപടിയെന്നായിരുന്നു ബന്ധുക്കൾ പറഞ്ഞത്. ബോധപൂർവ്വം കേസ് ചുമത്തി കുടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു അതെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. താഹയുടെ ജ്യേഷ്ഠന്റെ മുമ്പിൽ വച്ചാണ് മുദ്രാവാക്യം വിളിക്കാൻ പറഞ്ഞത്. അത് വീഡിയോയിൽ ചിത്രീകരിച്ച പൊലീസ് തങ്ങൾ ചെയ്ത തെറ്റിനെ ന്യായീകരിക്കാനായി ബോധപൂർവ്വം പുതിയ കഥകൾ ഉണ്ടാക്കുകയാണ്.

വിദ്യാർത്ഥികൾക്കെതിരെ യു എ പി എ ചുമത്തിയതിന് ന്യായീകരണമില്ല. ഇത് ഇടതു മുന്നണിയുടെ നയമല്ല. കേരളത്തിലെ ജനങ്ങൾ നന്നായി കാര്യങ്ങൾ മനസ്സിലാക്കുന്നവരും എല്ലാതരം പുസ്തകങ്ങൾ വായിക്കുന്നവരുമാണ്. അതുകൊണ്ട് തന്നെ എന്തെങ്കിലും പുസ്തകം വായിച്ചതിന്റെ പേരിൽ ആരെയെങ്കിലും പിടികൂടുന്നത് കാട്ടാളത്തരമാണെന്നും അദ്ദേഹം വ്യക്തമാക്കി. അലന്റെ പിതാവ് ഷുഹൈബ്, മാതാവ് സബിത, മാതൃസഹോദരിയും നടിയുമായ സജിത മഠത്തിൽ, താഹ ഫസലിന്റെ ജ്യേഷ്ഠൻ, മാതാവ് എന്നിവരോട് പന്ന്യൻ രവീന്ദ്രൻ വിവരങ്ങൾ ചോദിച്ചറിഞ്ഞു. എ ഐ വൈ എഫ് നേതാക്കളായ അഡ്വ. പി ഗവാസ്, അഡ്വ. കെ പി ബിനൂപ്, അഷ്‌റഫ് കുരുവട്ടൂർ, അനു എൻ എന്നിവരും വീടുകളിലെത്തി കുടുംബാഗംങ്ങളുമായി സംസാരിച്ചു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി എൻ ചന്ദ്രനും കഴിഞ്ഞ ദിവസം വിദ്യാർത്ഥികളുടെ വീട് സന്ദർശിച്ചിരുന്നു. നിരപരാധികളായ വിദ്യാർത്ഥികൾക്കെതിരെ യു എ പി എ ചുമത്തിയതിന് ന്യായീകരണമില്ലെന്നായിരുന്നു സി എൻ ചന്ദ്രൻ പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP