Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡൽഹിയിലെ വായുമലിനീകരണത്തിന് ഒരു ന്യായവും കേൾക്കേണ്ടെന്നും വേണ്ടത് നടപടിയെന്നും സുപ്രീംകോടതി; സർക്കാരുകൾ എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്? മലിനീകരണം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട ഭരണാധികാരികൾ ജനങ്ങളെ മരിക്കാൻ വിട്ടുകൊടുത്തെന്നും കോടതി; വിളകളുടെ അവശിഷ്ടം കത്തിക്കുന്നത് തടയാൻ സാധ്യമായതെല്ലാം ചെയ്യാനും നിർദ്ദേശം

ഡൽഹിയിലെ വായുമലിനീകരണത്തിന് ഒരു ന്യായവും കേൾക്കേണ്ടെന്നും വേണ്ടത് നടപടിയെന്നും സുപ്രീംകോടതി; സർക്കാരുകൾ എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്? മലിനീകരണം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട ഭരണാധികാരികൾ ജനങ്ങളെ മരിക്കാൻ വിട്ടുകൊടുത്തെന്നും കോടതി; വിളകളുടെ അവശിഷ്ടം കത്തിക്കുന്നത് തടയാൻ സാധ്യമായതെല്ലാം ചെയ്യാനും നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: രാജ്യ തലസ്ഥാനത്തെ വായു മലിനീകരണത്തിന് ഒരു ന്യായവും കേൾക്കേണ്ടെന്നും വേണ്ടത് നടപടിയാണെന്നും സുപ്രീംകോടതി. പരിഷ്‌കൃത രാജ്യത്തിന് ചേർന്ന കാര്യങ്ങളല്ല നടക്കുന്നതെന്നും ഡൽഹിയിലെ ജനങ്ങൾക്ക് വായുമലിനീകരണം മൂലം അവരുടെ ജീവിതത്തിലെ വിലയേറിയ വർഷങ്ങൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ചാണ് ഡൽഹിയിലെ വായുമലിനീകരണ വിഷയം പരിഗണിക്കവേ സർക്കാരുകൾക്കെതിര രൂക്ഷ വിമർശനം ഉയർത്തിയത്.

ഡൽഹിയിലെ സ്ഥിതി ഭയാനകമാണ്. കേന്ദ്രവും ഡൽഹിയുമെന്ന നിലയിൽ എന്തു ചെയ്യാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എന്നും കോടതി സർക്കാരുകളോട് ചോദിച്ചു. ഈ മലിനീകരണം കുറയ്ക്കാൻ എന്ത് ചെയ്യാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എന്നും കോടതി ആരാഞ്ഞു. ഇത്തരമൊരു അന്തരീക്ഷത്തിൽ നമുക്ക് അതിജീവിക്കാനാകുമോ? ഇങ്ങനെയല്ല നാം അതിജീവിക്കേണ്ടത്. മുറികൾക്കുള്ളിൽ പോലും ആരും സുരക്ഷിതരല്ല- ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

മലിനീകരണം നിയന്ത്രിക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടു. അവർ ജനങ്ങളെ മരിക്കാൻ വിട്ടുവെന്നും കോടതി വിമർശിച്ചു. ഡൽഹിക്ക് എല്ലാ വർഷവും ശ്വാസം മുട്ടുകയാണ്. നമുക്ക് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. എല്ലാ വർഷവും ഇത് സംഭവിക്കുന്നു. 10-15 ദിവസത്തേക്ക് ഇത് തുടരുകയും ചെയ്യുന്നു. പരിഷ്‌കൃത രാജ്യങ്ങളിൽ ഇങ്ങനെ നടക്കാൻ പാടില്ല. ജീവിക്കാനുള്ള അവകാശം ഏറ്റവും പ്രധാനപ്പെട്ടതാണ് എന്നും കോടതി പറഞ്ഞു. പഞ്ചാബ് ഹരിയാണ സംസ്ഥാനങ്ങളോട് വിള അവശിഷ്ടങ്ങൾ കത്തിക്കുന്നത് കുറയ്ക്കണമെന്ന് കോടതി നിർദ്ദേശിക്കുകയും ചെയ്തു.

പഞ്ചാബ്, ഹരിയാണ, പടിഞ്ഞാറൻ ഉത്തർ പ്രദേശ് എന്നിവിടങ്ങളിലെ വിള അവശിഷ്ടങ്ങൾ കത്തിക്കൽ വിഷയം പരിഗണിച്ച കോടതി, മുപ്പത് മിനുട്ടിനകം ഐഐടിയിൽനിന്ന് ഉൾപ്പെടെയുള്ള പരിസ്ഥിതി വിദഗ്ധരെ വിളിച്ചു വരുത്താൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വിളയുടെ അവശിഷ്ടങ്ങൾ കത്തിക്കുന്നത് അവസാനിപ്പിക്കാൻ ആളുകൾക്ക് സാധിക്കുന്നില്ലെങ്കിൽ, മറ്റ് അവകാശവാദം ഉന്നയിക്കാനും പാടില്ലെന്നും കോടതി പറഞ്ഞു. വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കുന്നത് ഉടൻ നിർത്തണം. ഇത് നിർത്തലാക്കാൻ എല്ലാ സംസ്ഥാനങ്ങളും സാധ്യമായ മുഴുവൻ നടപടി കൈക്കൊള്ളണമെന്നും കോടതി നിർദ്ദേശിച്ചു.

പുക മഞ്ഞ് രൂക്ഷമായതിനെ തുടർന്ന് ഡൽഹിയിൽ മലിനീകരണ നിയന്ത്രണ അഥോറിറ്റി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓഫീസ് സമയം ഒമ്പതര മുതൽ 6 വരെയും പത്തര മുതൽ 7 വരെയും ക്രമീകരിച്ചു. ഡൽഹി നഗരത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഈ മാസം 5 വരെ നിരോധനം ഏർപ്പെടുത്തിട്ടുണ്ട്. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തരവുകൾ പാലിക്കുന്നുണ്ടോയെന്ന് കർശനമായാണ് സർക്കാർ നിരീക്ഷിക്കുന്നത്. മലിനീകരണം നിയന്ത്രിക്കാൻ സർക്കാർ വിവിധ പ്രദേശങ്ങളിൽ ജലം തളിക്കുന്നുണ്ട്. മഴ പെയ്താൽ മാത്രമേ വായു ഗുണനിലവാരം മെച്ചപ്പെടുകയുള്ളുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഡൽഹിയിൽ കഴിഞ്ഞ ദിവസം ചെറിയ തോതിൽ വീശിയ കാറ്റും മഴയും വിശിയെങ്കിലും വായു ഗുണ നിലവാരസൂചിക ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ്. ദ്വാരക, ജവഹർലാൽ നെഹ്റു സ്റ്റേഡിയം എന്നിവടങ്ങളിലാണ് ഏറ്റവും കൂടുതൽ വായുമലിനീകരണം രേഖപ്പെടുത്തിയത്. അസുഖം മൂലം ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിലും വർധനവ് ഉണ്ടായി. മൂടൽ മഞ്ഞ് കാരണം പലയിടങ്ങളിലും കാഴ്‌ച്ച പരിധി കുറയുന്ന സാഹചര്യവുമുണ്ട്. ആരോഗ്യ അടിയന്തരാവസ്ഥയുടെ ഭാഗമായി മലിനീകരണ തോത് കുറക്കാൻ നടപടികൾ തുടങ്ങിയെങ്കിലും ഫലം കാണാൻ ദിവസങ്ങൾ എടുക്കുമെന്നാണ് വിദഗ്ദാഭിപ്രായം.

ഒറ്റ ഇരട്ട നമ്പർ പദ്ധതി നിലവിൽ വന്നു

അതേസമയം, ഡൽഹിയിൽ മലിനീകരണം കുറക്കുന്നതിന് വാഹനങ്ങളെ നിയന്ത്രിക്കുന്ന ഒറ്റ ഇരട്ട നമ്പർ പദ്ധതി നിലവിൽ വന്നു. ദിവസവും രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് നിയമം നടപ്പിലാക്കുന്നത്. വായു മലിനീകരണം രൂക്ഷമായ പശ്ചാത്തലത്തിൽ കാർബൺ പുറംന്തള്ളൽ കുറക്കുന്നത് ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നത്. നിയന്ത്രണത്തിന്റെ ആദ്യദിനമായ ഇന്ന് സ്വകാര്യ വാഹനങ്ങളിൽ ഇരട്ട അക്കത്തിൽ നമ്പർ അവസാനിക്കുന്നവ മാത്രമാണ് കടത്തിവിടുന്നത്. നാളെ ഒറ്റ നമ്പറിൽ അവസാനിക്കുന്നവ കടത്തി വിടും. ഇരുചക്ര വാഹനങ്ങൾക്കും, അത്യാഹിത വാഹനങ്ങൾക്കും ഇളവുണ്ട്. അതേസമയം നിയമം ലംഘിച്ചവർക്ക് പിഴ ചുമത്തി.

മുൻ വർഷങ്ങളിലും മലിനീകരണം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ ഒറ്റ ഇരട്ട പദ്ധതി നടപ്പിലാക്കിയിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ഇരട്ട അക്കത്തിൽ അവസാനിക്കുന്ന വാഹനത്തിലാണ് ഓഫീസിൽ എത്തിയത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ യാത്ര സൈക്കിളിലായിരുന്നു. 300 സംഘങ്ങളെയാണ് മലിനീകരണം കുറക്കാനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചത്.

ഡൽഹിയക്ക് പുറമെ ഉത്തർപ്രദേശിലേയും രാജസ്ഥാനിലേയും ചില നഗരങ്ങളിൽ വായു ഗുണനിലവാരം അപകടകരമായ അവസ്ഥയിലെത്തി.ഉത്തർപ്രദേശിലെ കൺപൂരിലും, ലക്നൗവിലും അന്തരീക്ഷ മലിനീകരണം അപകടകരമായ അവസ്ഥയിലെത്തി. വായു മലിനീകരണം രാജസ്ഥാനിലേക്ക് നീങ്ങുകയാണെന്നും കേന്ദ്ര സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി അശോക് ഖേലോട്ട് പറഞ്ഞു. ഡൽഹിയിൽ വായു മലിനീകരണം കുറക്കാൻ നടപ്പിലാക്കിയ നടപടികൾ കേന്ദ്ര സർക്കാർ നിരന്തരം വിലയിരുത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP