Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പരിശോധനക്കിടെ വീട്ടിൽ വെച്ച് താഹ ഫസൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടു പൊലീസ്; മുറിയിൽ നിന്നും കണ്ടെടുക്കുന്നത് 'മാർക്‌സിസം, സാമ്രാജ്യത്വം, തീവ്രവാദം' എന്ന പുസ്തകവും; മകനെ കൊണ്ട് മനപ്പൂർവ്വം മുദ്രാവാക്യം വിളിപ്പിച്ചെന്ന് താഹയുടെ മാതാവ്; ഉമ്മാ ഇവർ എന്നെക്കൊണ്ട് വിളിപ്പിക്കുകയാണെന്നു താഹ പറഞ്ഞപ്പോൾ പൊലീസുകാർ അവന്റെ വാ പൊത്തിയെന്നും ജമീല; ഇരുവരുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്‌ച്ചയിലേക്ക് മാറ്റിവെച്ചു; ശക്തമായ തെളിവുണ്ടെന്ന് പൊലീസ്

പരിശോധനക്കിടെ വീട്ടിൽ വെച്ച് താഹ ഫസൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടു പൊലീസ്;  മുറിയിൽ നിന്നും കണ്ടെടുക്കുന്നത്  'മാർക്‌സിസം, സാമ്രാജ്യത്വം, തീവ്രവാദം' എന്ന പുസ്തകവും; മകനെ കൊണ്ട് മനപ്പൂർവ്വം മുദ്രാവാക്യം വിളിപ്പിച്ചെന്ന് താഹയുടെ മാതാവ്; ഉമ്മാ ഇവർ എന്നെക്കൊണ്ട് വിളിപ്പിക്കുകയാണെന്നു താഹ പറഞ്ഞപ്പോൾ പൊലീസുകാർ അവന്റെ വാ പൊത്തിയെന്നും ജമീല; ഇരുവരുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്‌ച്ചയിലേക്ക് മാറ്റിവെച്ചു; ശക്തമായ തെളിവുണ്ടെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റുചെയ്ത യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയതിൽ സർക്കാറിനെതിരെ ആരോപണം ശക്തമായതിനിടെ താഹ ഫസലിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പുസ്തകങ്ങളും ലഘുലേഖകളും പൊലീസ് പിടിച്ചെടുക്കുന്നതിന്റെയും താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങളിൽ പുസ്തകങ്ങളും മറ്റും പരിശോദിക്കുന്നത് കാണാൻ സാധിക്കും.

'മാർക്‌സിസം, സാമ്രാജ്യത്വം, തീവ്രവാദം' എന്ന പുസ്തകവും മറ്റു ചില പുസ്തകങ്ങളും ലഘുലേഖകളുമൊക്കെയാണ് പൊലീസ് താഹയുടെ മുറിയിൽ നിന്ന് കണ്ടെടുക്കുന്നതായി ദൃശ്യങ്ങളിലുള്ളത്. പൊലീസ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതിനിടെ മാവോയിസം സിന്ദാബാദ് മുദ്രാവാക്യം മുഴക്കുന്ന ശബ്ദവും കേൾക്കാം. അതേസമയം പൊലീസ് നിർബന്ധിച്ച് തന്നെ മുദ്രാവാക്യം വിളിപ്പിച്ചതാണെന്ന് താഹ പറഞ്ഞതായാണ് അമ്മ ജമീല പറഞ്ഞു.

വീട്ടിൽനിന്ന് പൊലീസിന് തെളിവൊന്നും ലഭിച്ചിട്ടില്ല. തെളിവെടുപ്പിനെത്തിച്ചപ്പോൾ മകനെക്കൊണ്ട് പൊലീസ് നിർബന്ധിപ്പിച്ച് മുദ്രാവാക്യം വിളിപ്പിക്കുകയും അത് വിഡിയോയിൽ പകർത്തുകയും ചെയ്‌തെന്നും ജമീല പറഞ്ഞു. മുദ്രാവാക്യം വിളിക്കുന്നത് കേട്ട് തങ്ങൾ അവന്റെ മുറിയിലേക്ക് ചെന്നു. നീ എന്നെ പറ്റിച്ചല്ലോടാ എന്നു താൻ പറഞ്ഞപ്പോൾ, ഉമ്മാ ഇവർ എന്നെക്കൊണ്ട് വിളിപ്പിക്കുകയാണെന്നു താഹ പറഞ്ഞു. ഉടനെ പൊലീസുകാർ ആരോക്കെയോ അവന്റെ വാ പൊത്തുകയും ചെയ്തു. വീട്ടിൽ താഹയ്ക്കായി പ്രത്യേക മുറിയില്ല. എല്ലാവരും ഉപയോഗിക്കുന്ന മുറി തന്നെയാണ് അവനും ഉപയോഗിക്കുന്നത്. മുറിയിൽ നിന്നും എന്തൊക്കെയോ പൊലീസ് എടുത്തിട്ടുണ്ട്. താഹയുടെ പിതാവിനെക്കൊണ്ട് കടലാസിൽ ഒപ്പിടുവിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും മാതാവ് പറഞ്ഞു

അതേസമയം താഹയെ രക്ഷപ്പെടുത്തുമെന്ന് സിപിഎം ഉറപ്പ് നൽകിയെന്ന് മാതാവ് ജമീല. നിയമസഹായം നൽകുന്നത് സിപിഎമ്മാണ്. പ്രധാനനേതാക്കളെല്ലാം വീട്ടിലെത്തി ആശ്വസിപ്പിച്ചു. തന്റെ രണ്ടു മക്കളും പാർട്ടിയിൽ അടിയുറച്ചു വിശ്വസിക്കുന്നവരാണെന്നും അവർ പറഞ്ഞു. എന്നാൽ, വീട്ടിൽ പരിശോധന നടത്തുന്നതിന് മുമ്പ് തന്നെ താഹയുടെ പേരിൽ യു.എ.പി.എ ചുമത്തിയെന്ന് സഹോദരൻ ഇജാസ് പ്രതികരിച്ചു. മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങളും ലഘുലേഖകളും കണ്ടെത്തിയെന്ന് പറയുന്നത് അതിന് ശേഷമാണെന്നും ഇതുകൊണ്ടുവന്നത് പൊലീസാണെന്ന് സംശയിക്കുന്നതായും ഇജാസ് പറഞ്ഞു.

ഞാനും താഹയും സജീവ സിപിഎം പാർട്ടി പ്രവർത്തകരാണ്. ഞങ്ങളുടേത് പാർട്ടി കുടുംബമാണ്. വീട്ടിൽ ഞങ്ങളെല്ലാവരും ഉപയോഗിക്കുന്ന റൂമാണത്. അതിൽ ഒന്നും ഒളിച്ചുവയ്ക്കാൻ സാധിക്കില്ല. താഹയെക്കുറിച്ച് നാട്ടുകാർക്ക് അറിയാം. പ്രളയത്തിന്റെ സമയത്ത് നന്നായി പ്രവർത്തിച്ചിട്ടുണ്ട്. നിരപരാധിയാണെന്ന് പൊലീസിനും ബോധ്യമുള്ളതുകൊണ്ടാണല്ലോ വീട്ടിൽ പരിശോധനയുടെ സമയത്ത് അവനെ ഒറ്റക്ക് റൂമിലേക്ക് വിട്ടത്. ഓടി രക്ഷപ്പെടാനുള്ള സാഹചര്യമുണ്ടായിരുന്നു. പകുതി വിലങ്ങിട്ട രീതിയിലായിരുന്നു. നാലോ, അഞ്ചോ പൊലീസുകാർ ഒരു ബൊലീറോയിലാണ് എത്തിയത്. മാവോയിസ്റ്റ് എന്ന് മുദ്ര കുത്തുന്ന ആളുകളെ പൊലീസ് ഇത്ര അലക്ഷ്യമായിട്ട് കൊണ്ടുവരുമോ? ഇജാസ് ചോദിക്കുന്നു.

ശക്തമായ തെളിവുണ്ടെന്ന് പൊലീസ്, ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു

അതേസമയം അറസ്റ്റിലായ രണ്ട് പ്രതികൾക്കെതിരെ യുഎപിഎ നിലനിൽക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. പ്രതികൾ വിദ്യാർത്ഥികളും സിപിഎം പ്രവർത്തകരുമെന്ന് പ്രതിഭാഗം വാദിച്ചു. ഇരുവർക്കും ക്രിമിനൽ പശ്ചാത്തലമില്ലെന്നും ചൂണ്ടിക്കാട്ടി. പൊലീസ് റിപ്പോർട്ടിൽ മാവോയിസ്റ്റെന്നു പറയുന്നുണ്ടെന്നു കോടതി വ്യക്തമാക്കി. പ്രതികളുടെ ജാമ്യാപേക്ഷ കോഴിക്കോട് കോടതി മറ്റന്നാൾ പരിഗണിക്കും. യുഎപിഎയുടെ കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ സമയം വേണമെന്ന് പൊലീസും ആവശ്യപ്പെടുകയായിരുന്നു.

സിപിഎം പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയതിനോട് വിയോജിച്ചും അറസ്റ്റിനെ ന്യായീകരിച്ചും മുഖ്യമന്ത്രി നിയമസഭയിൽ പ്രതികരണം നടത്തി. യുഎപിഎ നിയമം ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്ന് പിണറായി പറഞ്ഞു. യുഎപിഎ ദുരുപയോഗം ചെയ്താൽ ഉദ്യോഗസ്ഥരെ ന്യായീകരിക്കില്ല. കോഴിക്കോട് കേസിൽ വിശദമായ പരിശോധന നടത്തും. എന്നാൽ മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങളും ലഘുലേഖകളും പിടിച്ചെടുത്തതിനെത്തുടർന്നാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്.

പിടിയിലായ താഹ ഫസൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കി. മാവോയിസ്റ്റുകളെ ആട്ടിൻകുട്ടികളായി ചിത്രീകരിക്കേണ്ട. ഇവർ കീഴടങ്ങാൻ വന്നതല്ല. പൊലീസിനു നേരെ വെടിവച്ചു. കോൺഗ്രസുകാർ ഇവരെ ന്യായീകരിക്കുന്നത് ഞെട്ടിക്കുന്നു. സിആർപിഎഫിനെ രാജ്യമെമ്പാടും വെടിവച്ചവരെ പരിശുദ്ധാത്മാക്കളാക്കേണ്ട. ഈ സ്ഥിതി കേരളത്തിലും വരണമെന്നാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. മാവോയിസ്റ്റുകളെ ഇന്നും നാളെയും കോൺഗ്രസ് ന്യായീകരിക്കില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP